1. News

തൊഴിൽതീരം പദ്ധതി ജില്ലയിൽ വൈപ്പിനിലും കൊച്ചിയിലും വോളന്റിയർ പരിശീലനം പൂർത്തിയായി

തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന-തൊഴിൽ മേഖലയിൽ അവസരമൊരുക്കുന്ന തൊഴിൽ തീരം പദ്ധതിക്ക് ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളിൽ തുടക്കമായി.

Meera Sandeep
തൊഴിൽതീരം പദ്ധതി ജില്ലയിൽ വൈപ്പിനിലും കൊച്ചിയിലും വോളന്റിയർ പരിശീലനം പൂർത്തിയായി
തൊഴിൽതീരം പദ്ധതി ജില്ലയിൽ വൈപ്പിനിലും കൊച്ചിയിലും വോളന്റിയർ പരിശീലനം പൂർത്തിയായി

എറണാകുളം: തീരമേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന-തൊഴിൽ മേഖലയിൽ അവസരമൊരുക്കുന്ന തൊഴിൽ തീരം പദ്ധതിക്ക് ജില്ലയിലെ രണ്ട് നിയോജക മണ്ഡലങ്ങളിൽ തുടക്കമായി. 

വൈപ്പിൻ, കൊച്ചി മണ്ഡലങ്ങളിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ടവർക്കായി നടത്തുന്ന വൈജ്ഞാനിക തൊഴിൽ പദ്ധതി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ  ഭാഗമായി വോളന്റിയർമാർക്കുള്ള ഫീൽഡ്തല പരിശീലനങ്ങൾ പൂർത്തിയായി. രണ്ടു നിയോജകമണ്ഡലങ്ങളിൽ നിന്നുമായി 1628 പേർ പദ്ധതിക്കു കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പദ്ധതിയുടെ നിർവഹണത്തിനായി അതത് നിയോജക മണ്ഡലങ്ങളിലെ എം എൽ എ മാർ അധ്യക്ഷരായുള്ള സംഘാടക സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ 46 തീരദേശ മണ്ഡലങ്ങളും  ഉൾനാടൻ മത്സ്യബന്ധന ഗ്രാമങ്ങളുമാണ് പദ്ധതി പ്രദേശങ്ങൾ. മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വരുമാന വർധനവും സാംസ്കാരിക - വിദ്യാഭ്യാസ ഉയർച്ചയുമാണ് പദ്ധതിയുടെ ലക്ഷ്യം. നോളെജ് മിഷന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമായ ഡി ഡബ്ല്യു എം എസിൽ രജിസ്റ്റർ ചെയ്ത 18 നും 40 നും ഇടയിൽ പ്രായമുള്ള പ്ലസ്ടുവോ അതിനുമുകളിലോ വിദ്യാഭ്യാസയോഗ്യതയുള്ള മത്സ്യത്തൊഴിലാളി സമൂഹത്തിലെ ഉദ്യോഗാർഥികളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ.

ഉദ്യോഗാർഥികളുടെ  അഭിരുചിയും ആഭിമുഖ്യവും മനസ്സിലാക്കി ആവശ്യാനുസരണം സൈക്കോമെട്രിക് ടെസ്റ്റ് , കരിയർ കൗൺസിലിങ്, പേഴ്സണാലിറ്റി ഡെവലപ്മെന്റ് ട്രെയിനിങ്, വർക്ക് റെഡിനസ്  പ്രോഗ്രാം, റോബോട്ടിക് ഇന്റർവ്യൂ, ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിനുള്ള ഇംഗ്ലീഷ് സ്കോർ ടെസ്റ്റ് തുടങ്ങിയ സേവനങ്ങൾ ഉപയോഗപ്പെടുത്താം.

റിമോർട്ട് വർക്കുകൾ, ഫ്രീലാൻസ് ജോലികൾ, വർക്ക് ഓൺ ഡിമാൻഡ് ജോലികൾ, പാർട്ട് ടൈം ജോലികൾ, സമുദ്ര - മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വൈജ്ഞാനിക തൊഴിലുകൾ  ഉൾപ്പെടെ നവലോക തൊഴിലുകൾ കണ്ടെത്തി അവ നേടുന്നതിനാവശ്യമായ പരിശീലനങ്ങൾ നൽകി  തൊഴിലന്വേഷകരെ തൊഴിൽ സജ്ജരാക്കുന്നു. തുടർന്ന് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രത്യേക ജില്ലാതല തൊഴിൽ മേളയിൽ പങ്കെടുക്കാം. എണാകുളം ജില്ലയിൽ 2024 ജനുവരി 14 നാണ് തൊഴിൽമേള.

ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുള്ള ചെയർപേഴ്സണും നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല കൺവീനറുമായി സംസ്ഥാനതല കോ-ഓർഡിനേഷൻ കമ്മിറ്റി പദ്ധതിയുടെ പുരോഗതി വിലയിരുത്തും. 

തൊഴിലന്വേഷകരെ ഉൾപ്പെടുത്തി പ്രാദേശിക സംഗമങ്ങൾ, തൊഴിൽ ക്ലബ്ബുകൾ, മിഷൻ പ്രവർത്തനങ്ങളെക്കുറിച്ച് പഞ്ചായത്ത് - പ്രാദേശികതല ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കും. പദ്ധതിയുടെ തുടർപ്രവർത്തനങ്ങൾക്കും തൊഴിൽമേള സംഘടിപ്പിക്കുന്നതിനുമായി സാഫ് ഫെസിലിറ്റേറ്റർമാർ, പുനർഗേഹം മോട്ടിവേറ്റർമാർ, മത്സ്യഫെഡ് പ്രോജക്ട് ഓഫീസർമാർ, സാഗർ മിത്രമാർ എന്നിവരെയാണ് വോളന്റിയർമാരായി നിയമിച്ചിട്ടുള്ളത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർമാർക്കായിരിക്കും ഓരോ നിയോജക മണ്ഡലത്തിന്റെയും ചുമതല.

English Summary: Thozhitheeram: Volunteer training completed in Vypin and Kochi district

Like this article?

Hey! I am Meera Sandeep. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds