നവീനാശയങ്ങൾ ഉത്‌പന്നങ്ങളായി വികസിപ്പിക്കാൻ സംരംഭകർക്ക് വഴിയൊരുക്കി റബ്ബർ ബോർഡിന് അഭിമാന നേട്ടം. വ്യാവസായികാടിസ്‌ഥാനത്തിൽ റബ്ബറധിഷ്ഠിത ഉത്‌പന്നങ്ങൾക്കായി സാങ്കേതിക സഹായമൊരുക്കാൻ റബ്ബർ ബോർഡ് തുടങ്ങിയ റബ്ബർ പ്രൊഡക്ട്‌സ് ഇൻക്യുബേഷൻ സെന്ററിന്റെ (ആർ.പി.ഐ.സി.) നേതൃത്വത്തിൽ രൂപം കൊണ്ടത് നാല് വ്യത്യസ്‌ത ഉത്പന്നങ്ങൾ.
കഴിഞ്ഞ പത്തുമാസത്തെ ആർ.പി.ഐ.സി.യുടെയും വിവിധ കമ്പനികളുടെയും ഗവേഷണഫലമാണ് ഈ നേട്ടം. 2020 ജൂണിലാണ് റബ്ബർഗവേഷണകേന്ദ്രത്തിൽ ഇൻക്യുബേഷൻ സെന്റർ ആരംഭിച്ചത്. എട്ട് കമ്പനികളാണ് അവരുടെ ആശയങ്ങൾ വികസിപ്പിച്ചെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. പൂർത്തിയായ പദ്ധതികൾ ഇവ:
റബ്ബർ കപ്പുകൾ
:നഴ്‌സറികളിൽ റബ്ബർ തൈകൾ വളർത്തിയെടുക്കുന്നതിന് ഉപയോഗിക്കുന്ന റൂട്ട് ട്രെയിനർ കപ്പുകളാണ് മറ്റൊന്ന്. പ്ലാസ്റ്റിക്കിനുപകരം റബ്ബർ ചേരുവകൾകൊണ്ടാണ് കപ്പ് നിർമിച്ചെടുത്തത്. ഇവ പ്ലാസ്‌റ്റിക് കപ്പുകളേക്കാൾ മികച്ചതാണ്.
ഓർത്തോട്ടിക് ഇൻസോളുകൾ
:കുഷ്ഠം, ഡയബെറ്റിസ് എന്നിവ ബാധിച്ചവർക്കുവേണ്ടിയുള്ള പാദരക്ഷകളിൽ ഉപയോഗിക്കുന്ന ഓർത്തോട്ടിക് ഇൻസോളുകൾ വികസിപ്പിച്ചെടുക്കുന്നതിനുള്ളതാണ് മറ്റൊരു പ്രധാന പ്രോജക്ട്. സംരംഭകന് ഏറെ സംതൃപ്തി നൽകിയ ഈ ഉത്പന്നം വൈദ്യശാസ്ത്രസംബന്ധമായ പരീക്ഷണങ്ങൾക്ക് സമർപ്പിച്ചിരിക്കുകയാണ്. ഈ ഉത്പന്നത്തിന്റെ പുതിയ രീതിയിലുള്ള നിർമാണത്തിലൂടെ, പഴയ രീതിയെ അപേക്ഷിച്ച് 50 ശതമാനത്തോളം കുറഞ്ഞ വിലയ്ക്ക് ഉത്പന്നം വിപണനം ചെയ്യാൻ കഴിയും.
റബ്ബർ തറയോടുകൾ
:ഉപയോഗശൂന്യമായി ഉപേക്ഷിക്കുന്ന നൈട്രൈൽ കൈയുറകളിൽനിന്ന് റബ്ബർ തറയോടുകൾ ഉണ്ടാക്കിയെടുക്കുന്നതിനായി രജിസ്റ്റർ ചെയ്ത പ്രോജക്ടാണ് മറ്റൊന്ന്. വീടുകൾക്കുള്ളിലും പുറത്തും ഉപയോഗസാധ്യമായ റബ്ബർ തറയോടുകൾ ആർ.പി.ഐ.സി.യിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയ്‌ക്ക് പുറമേ അസംസ്‌കൃത റബ്ബറിന്റെ ഗുണമേന്മ മെച്ചപ്പെടുത്തുന്നതിനുള്ള മറ്റൊരു പ്രോജക്ടിനും തുടക്കംകുറിച്ചിട്ടുണ്ട്. ഉത്പാദനപ്രക്രിയകളിൽ മാറ്റം വരുത്തിയാൽ ബ്ലോക്കുറബ്ബറിനെ ഷീറ്റുറബ്ബറിന്റെ സവിശേഷതകളുള്ള അസംസ്‌കൃത വസ്തുവാക്കാൻ കഴിയും. ആ വഴിക്കും ബോർഡ് ശ്രമം തുടരുന്നു.
കുറഞ്ഞ വിലയുള്ള റബ്ബർ കൈയുറകൾ
ചെലവുകുറഞ്ഞ കൈയുറകളാണ് ആർ.പി.ഐ.സി. രൂപം കൊടുത്ത പ്രധാന ഉത്‌പന്നം. ഇതിനായി രജിസ്‌റ്റർ ചെയ്‌ത കമ്പനിക്കായി പുതിയ ഘടകങ്ങൾ ഉപയോഗിച്ച് ഗാർഹികാവശ്യങ്ങൾക്കുള്ള ചെലവുകുറഞ്ഞ കൈയുറകൾ നിർമിക്കാനാവശ്യമായ ഫോർമുല തയ്യാറാക്കി.