1. News

ചെങ്ങാലിക്കോടൻ ഓണച്ചന്തയുമായി വരവൂർ ഗ്രാമപഞ്ചായത്ത്

ചെങ്ങാലിക്കോടൻ സ്പെഷ്യൽ ഓണച്ചന്തയുമായി വരവൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് ചെങ്ങാലിക്കോടൻ സ്പെഷ്യൽ ഓണച്ചന്ത സംഘടിപ്പിച്ചത്. സെപ്റ്റംബർ 6 വരെ ഓണച്ചന്ത തുടരും.

Darsana J

1. കർഷകർക്ക് ആശ്വാസമായി പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ 12-ാം ഗഡു സെപ്റ്റംബർ 5നകം ലഭിക്കും. ഇ-കെവൈസി പൂർത്തിയാക്കിയ കർഷകർക്ക് മാത്രമാണ് തുക ലഭിക്കുക. ഓഗസ്റ്റ് 31 വരെയായിരുന്നു ഇ-കെവൈസി പൂർത്തിയാക്കാനുള്ള സമയപരിധി. എന്നാൽ നിരവധി കർഷകർ ഇതുവരെ ഇ-കെവൈസി പൂർത്തിയാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട്.

10.92 കോടി കർഷകർക്കാണ് പതിനൊന്നാം ഗഡു ലഭിച്ചത്. 11.15 കോടി കർഷകർക്ക് പത്താം ഗഡുവും 11.19 കോടി പേർക്ക് ഒമ്പതാം ഗഡുവും ലഭിച്ചിരുന്നു. രാജ്യത്ത് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കർഷകരെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള ഒരു കേന്ദ്ര സർക്കാർ പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. 2019ലാണ് പദ്ധതി ആരംഭിച്ചത്. പദ്ധതിയനുസരിച്ച് വർഷംതോറും 6,000 രൂപയുടെ ധനസഹായമാണ് കർഷകർക്ക് ലഭിക്കുന്നത്.

2. കാർഷിക സംസ്കൃതി ഉണർത്തി തിരുനെല്ലി ഗ്രാമപഞ്ചായത്തിൽ കമ്പളനാട്ടി ഉത്സവം. കുടുംബശ്രീ ജില്ലാ മിഷൻ്റെ നേതൃത്വത്തിൽ ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായാണ് ഉത്സവം സംഘടിപ്പിച്ചത്. വയനാട് സബ് കളക്ടർ ആർ. ശ്രീലക്ഷ്മി പാടത്ത് ഞാറ് നട്ട് ഉത്സവത്തിന് തുടക്കം കുറിച്ചു. ജില്ലയിലെ അടിയ സമുദായത്തിൻ്റെ പാരമ്പര്യ കാർഷിക ആചാരമാണ് കമ്പള നാട്ടി. പരമ്പരാഗത നെൽ വിത്തിനമായ ചെറിയ തൊണ്ടിയാണ് പാടത്ത് നട്ടത്. 5 ഏക്കറോളമുള്ള പാടശേഖരത്താണ് കമ്പളനാട്ടി സംഘടിപ്പിച്ചത്.

ബന്ധപ്പെട്ട വാർത്തകൾ: ഓണം കോംബോ ബോക്സ്‌ അവതരിപ്പിച്ച് കേരള സർക്കാർ

3. മാലിന്യ സംസ്‌കരണത്തില്‍ മാതൃകയായി കോഴിക്കോട് ജില്ലയിലെ കട്ടിപ്പാറ പഞ്ചായത്ത്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ മാലിന്യ സംസ്‌കരണത്തില്‍ മികവുറ്റ പ്രവർത്തനമാണ് പഞ്ചായത്ത് നടപ്പിലാക്കുന്നത്. ഗ്രീന്‍ വേംസ് റീസൈക്ലിംഗ് യൂണിറ്റുകളിലാണ് മാലിന്യങ്ങൾ വേർതിരിക്കുന്നതും സംസ്‌കരിക്കുന്നതും. 13 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ മൂല്യവര്‍ധിത അസംസ്‌കൃത വസ്തുക്കളാക്കി മാറ്റുന്ന പ്രവർത്തനമാണ് ഇവിടെ നടക്കുന്നത്. 102 സ്ത്രീ തൊഴിലാളികളുടെ സഹകരണത്തോടെയാണ് പ്ലാന്റ് പ്രവർത്തിക്കുന്നത്.

4. കൊല്ലം ജില്ലയിലെ കുര്യോട്ട്മല ഹൈടെക് ഫാം വിനോദസഞ്ചാരികൾക്കായി തുറന്നു. ഹൈടെക് ഡയറി ഫാം ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ക്ഷീരവികസനമന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. കുര്യോട്ട്മലയിലെ വൈവിധ്യമാർന്ന പ്രകൃതിസൗന്ദര്യം, കാലാവസ്ഥ എന്നിവ വിനോദസഞ്ചാരികളിലേയ്ക്ക് എത്തിക്കുക, ഫാം ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഗാർഡൻ, ചിൽഡ്രൻസ് പാര്‍ക്ക്, ഹണിമൂൺ കോട്ടേജ്, ഹട്ടുകൾ എന്നിവയെല്ലാം ഹൈടെക് ഫാമിൽ ഒരുക്കിയിട്ടുണ്ട്.

5. ഓണം സീസണിൽ കാർഷിക ഉൽപന്നങ്ങളുടെ വില കൂടുന്നത് നിയന്ത്രിക്കാൻ കൃഷി വകുപ്പിന്റെ ഓണവിപണി. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന കാർഷിക ഉൽപന്നങ്ങൾ വിപണി വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ലഭ്യമാക്കാനാണ് ഓണ വിപണികൾ നടത്തുന്നത്. കൃഷിവകുപ്പിനൊപ്പം ഹോർട്ടി കോർപ്പും വി.എഫ്.പി.സി.കെയും സംയുക്തമായാണ് വിപണികൾ സംഘടിപ്പിക്കുന്നത്.

കൃഷിവകുപ്പിന്റെ 1,350 കർഷക ചന്തകളും ഹോർട്ടികോർപ്പിന്റെ 500 ചന്തകളും വി.എഫ്.പി.സി.കെയുടെ 160 ചന്തകളുമാണ് സംസ്ഥാനത്ത് നടത്തുന്നത്. കൂടാതെ കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന ഹോർട്ടി സ്റ്റോറും വിൽപന ആരംഭിച്ചു. 'കേരള ഫാം ഫ്രഷ് പഴം-പച്ചക്കറി' എന്ന പദ്ധതി പ്രകാരം 16 ഇനം പച്ചക്കറികൾക്ക് താങ്ങ് വില പ്രഖ്യാപിച്ചിട്ടുള്ള ഏക സംസ്ഥാനം കേരളമാണ്.

6. എറണാകുളം ചെങ്ങമനാട് ഗ്രാമപഞ്ചായത്തിലെ വിവിധ പാടശേഖര സമിതികളുടെ നേതൃത്വത്തിൽ 35 ഹെക്ടർ നെൽകൃഷി ഒരുങ്ങുന്നു . കപ്രശ്ശേരി , തുരുത്ത്, തേരാട്ടിക്കുന്ന് പാടശേഖരങ്ങളിലാണ് നെൽകൃഷി ആരംഭിക്കുന്നത്. കപ്രശ്ശേരി പാടശേഖര സമിതിയുടെ നേതൃത്വത്തിൽ 20 ഹെക്ടറിൽ വെള്ള പൊന്മണി ഇനത്തിലുള്ള വിത്ത് വിതച്ച് കഴിഞ്ഞു. നാല് മാസങ്ങൾക്കുള്ളിൽ വിളവെടുക്കാൻ സാധിക്കുന്ന വിത്താണിത്. കർഷകർക്ക് താങ്ങായി കൃഷി വകുപ്പും പഞ്ചായത്തും ഒപ്പമുണ്ട്. ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആറ് ലക്ഷം രൂപ പഞ്ചായത്തും, ഒന്നരലക്ഷം രൂപ ജില്ലാ പഞ്ചായത്തും കൃഷിക്കായി വകയിരുത്തിയിട്ടുണ്ട്.

7. ചെങ്ങാലിക്കോടൻ സ്പെഷ്യൽ ഓണച്ചന്തയുമായി വരവൂർ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തും കുടുംബശ്രീയും സംയുക്തമായാണ് ചെങ്ങാലിക്കോടൻ സ്പെഷ്യൽ ഓണച്ചന്ത സംഘടിപ്പിച്ചത്. സെപ്റ്റംബർ 6 വരെ ഓണച്ചന്ത തുടരും. വരവൂരിലെ സൂര്യ കുടുംബശ്രീയിലെ സൈനബ, ഫാത്തിമ, നബീസ, ഗീത എന്നീ സംരംഭകരാണ് ചന്തയിലേക്ക് വാഴക്കുലകൾ എത്തിക്കുന്നത്. രണ്ട് ഏക്കർ സ്ഥലത്ത് 2000 നേന്ത്രവാഴകളാണ് ഇവർ കൃഷി ചെയ്തത്. കൂടാതെ ചെങ്ങാലിക്കോടൻ പായസവും മേളയിൽ ലഭ്യമാണ്.

8. ഖാദി ബോര്‍ഡ് - മലബാര്‍ മില്‍മ വസ്ത്ര വിപണന പദ്ധതിയ്ക്ക് തുടക്കം. ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും മില്‍മയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. മലബാര്‍ മില്‍മയ്ക്ക് ആവശ്യമായ ഖാദി വസ്ത്രങ്ങള്‍ വാങ്ങാനുള്ള 53 ലക്ഷം രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ മില്‍മ ചെയര്‍മാന്‍ കെ.എസ് മണിയില്‍ നിന്നും പി. ജയരാജന്‍ ഏറ്റുവാങ്ങി.

9. ഇടുക്കിയിൽ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി മേള സംഘടിപ്പിച്ചു. ‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും, ശാന്തന്‍പാറ ഗ്രാമപഞ്ചായത്തും, ദേവികുളം താലൂക്ക് വ്യവസായ ഓഫീസും സംയുക്തമായാണ് മേള സംഘടിപ്പിച്ചത്. മേളയിൽ ലോണ്‍, ലൈസന്‍സ്, സബ്‌സിഡി വിതരണവും പുതിയ സംരംഭം തുടങ്ങുന്നതിനുള്ള ലോണ്‍ അപേക്ഷകൾ സ്വീകരിക്കുകയും ചെയ്തു. കൂടാതെ ആറ് സംരംഭകര്‍ക്ക് 24 ലക്ഷം രൂപയുടെ ലോണ്‍ അനുമതി പത്രം കൈമാറുകയും ചെയ്തു.

10. ആഗോളതലത്തിൽ നാളികേര ഉൽപാദനത്തിലും ഉൽപാദനക്ഷമതയിലും ഇന്ത്യയ്ക്ക് ഒന്നാംസ്ഥാനമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. ഗുജറാത്തിൽ 24-ാമത് ലോക നാളികേര ദിനത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിൽ 21.11 ദശലക്ഷം ഹെക്‌ടറിൽ നാളികേര കൃഷി ചെയ്യുന്നുണ്ടെന്നും 20,309 ദശലക്ഷം നാളികേരം പ്രതിവർഷം ഉത്പാദിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഇന്ത്യയിൽ 12 ദശലക്ഷം നാളികേര കർഷകരാണുള്ളത്. കേരളം, കർണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ നാളികേര ഉൽപാദനം നടക്കുന്നത്.

11. കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കു കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും സമീപത്തായി ചക്രവാതചുഴി രൂപം കൊണ്ടതിന്റെ ഫലമായാണ് മഴ ശക്തമാകുന്നത്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.

English Summary: Varavur Gram Panchayat with Chengalikodan Onachanta

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds