News

വയനാടിനെ കാര്‍ബണ്‍ തുലിതമാക്കി കാപ്പിയും തേയിലയും ഉല്പാദിപ്പിച്ച് ബ്രാന്‍ഡ് ചെയ്യും

carbon balanced
വയനാട് ജില്ലയിലെ കാപ്പികര്‍ഷകര്‍ക്ക് പ്രതീക്ഷയേകി കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന് തുടക്കമായി. കല്‍പ്പറ്റക്കടുത്ത് മുട്ടില്‍ ഗ്രാമപഞ്ചായത്തില്‍ വാര്യാട് എസ്റ്റേറ്റിലാണ് വ്യവസായ വകുപ്പ് കിന്‍ഫ്രയുടെ നേതൃത്വത്തില്‍ കാപ്പികര്‍ഷകരെ സഹായിക്കുന്നതിന് പാര്‍ക്ക് സ്ഥാപിക്കുന്നത്. കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കിന്റെ ഉദ്ഘാടനം കല്‍പ്പറ്റ വിജയ പമ്പ് പരിസരത്ത് മന്ത്രി ഇ.പി ജയരാജന്‍ നിര്‍വ്വഹിച്ചു. വാര്യാട് എസ്റ്റേറ്റിലെ കിന്‍ഫ്ര മെഗാ ഫുഡ് പാര്‍ക്കിനോടനുബന്ധിച്ച് നൂറ് ഏക്കര്‍ സ്ഥലം ഇതിനായി കണ്ടെത്തിയിട്ടുണ്ട്. ഇവിടെ ഫാക്ടറിയും പ്രത്യേകം കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയും ഒരുക്കും. കിന്‍ഫ്രയുടെ മേല്‍നോട്ടത്തില്‍ ഒരുക്കുന്ന മാതൃക കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയില്‍ 1.5 ലക്ഷം കാപ്പി ചെടികളാണ് നട്ടുപിടിപ്പിക്കുക. വിളവെടുക്കുന്നത് വരെയുളള ചെടികളുടെ പരിപാലത്തിന് പ്രത്യേകം സാമ്പത്തിക സഹായവും നല്‍കും. മൂന്ന് വര്‍ഷം കൊണ്ട് വിളവെടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം കര്‍ഷകരില്‍ നിന്ന് കാപ്പിക്കുരു മാന്യമായ വില നല്‍കി കോഫീ പാര്‍ക്കില്‍ ശേഖരിക്കും. പാര്‍ക്കില്‍ നിന്നുല്‍പാദിപ്പിക്കുന്ന കാപ്പി മലബാര്‍ കാപ്പി എന്ന പേരില്‍ ബ്രാന്റ് ചെയ്ത് വിപണിയിലെത്തിക്കും.

കാര്‍ബണ്‍ ന്യൂട്രല്‍ മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് വിപണിയില്‍ വന്‍ ഡിമാന്റും ഉയര്‍ന്ന വിലയുമാണ് ലഭിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉല്പാദിപ്പിക്കുന്ന ജില്ലകളിലൊന്നായ വയനാട്ടിലെ കാപ്പി കര്‍ഷകരെ പദ്ധതിയുമായി സഹകരിപ്പിക്കാനാണ് വ്യവസായ വകുപ്പും കിന്‍ഫ്രയും ലക്ഷ്യമിടുന്നത്. കര്‍ഷകര്‍ക്ക് കാര്‍ബണ്‍ ന്യൂട്രല്‍ മേഖല ഒരുക്കുന്നതിനുളള സാങ്കേതിക സഹായം കിന്‍ഫ്ര നല്‍കും. സംസ്ഥാനത്തെ ഏക കാര്‍ബണ്‍ ന്യൂട്രല്‍ വില്ലേജ് കോഫീ പാര്‍ക്കാണ് വയനാട്ടില്‍ തുടങ്ങിയത്. കാപ്പി ബ്രാന്റ് ചെയ്യുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കല്‍പ്പറ്റയില്‍ സ്‌പെഷ്യല്‍ ഓഫീസ് തുടങ്ങും. ഇതിനായി സ്‌പെഷ്യല്‍ ഓഫീസര്‍,രണ്ട് കണ്‍സള്‍ട്ടന്റ്മാര്‍ എന്നിവരെ വ്യവസായ വകുപ്പ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന കാപ്പി മലബാര്‍ കാപ്പിയെന്ന പേരില്‍ ബ്രാന്റ് ചെയ്ത് വില്‍പന നടത്തുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. കാപ്പി കൃഷി പ്രോത്സാഹനത്തിനായി 150 കോടി രൂപയും ബജറ്റില്‍ നീക്കിവെച്ചിട്ടുണ്ട്.
 

വയനാടന്‍ തേയില എന്ന ബ്രാന്‍ഡില്‍ തേയില വിപണനം ചെയ്യുന്നതിന് മാനന്തവാടിയില്‍ ഇരുന്നൂറേക്കര്‍ സ്ഥലത്ത് പ്രത്യേക കാര്‍ബണ്‍ തുലിത മേഖലയൊരുക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍ പറഞ്ഞു. കല്‍പ്പറ്റയില്‍ പൊതു, സ്വകാര്യ പങ്കാളിത്തോടെയാണ് തേയിലകൃഷി തുടങ്ങുക. ഇരുപത്തിയാറ് ശതമാനം സര്‍ക്കാര്‍ ഓഹരി ഇതിനായി നല്‍കും. സഹകരണ സംഘങ്ങള്‍, കര്‍ഷകര്‍, വ്യക്തികള്‍, ബാങ്കുകള്‍, സ്വകാര്യ സംരംഭകര്‍ തുടങ്ങിയവരെയും ഇതില്‍ പങ്കാളികളാക്കും. കാര്‍ബണ്‍ തുലിത മേഖലയില്‍ വിവിധ തരത്തില്‍പ്പെട്ട തേയിലകള്‍ കൃഷി ചെയ്തു ലോക വിപണിയില്‍ വില്‍പന നടത്താനാണ് ലക്ഷ്യമിടുന്നത്. വയനാടന്‍ കാര്‍ഷിക മേഖലയെ വീണ്ടെടുക്കാന്‍ ആവശ്യമായ വിവിധ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണ്. തോട്ടം മേഖലയെ പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാന്‍ പ്രത്യേക പഠനം നടത്തുമെന്നും മന്ത്രി പറഞ്ഞു. ജില്ലയില്‍ പൂട്ടികിടക്കുന്ന തേയില ഫാക്ടറികള്‍ പുനരുജ്ജീവിപ്പിക്കാനുളള നടപടികളും സ്വീകരിക്കും.  

സംസ്ഥാനത്ത് ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും ന്യായ വില നല്‍കി സര്‍ക്കാര്‍ സംഭരിക്കും. ഇതിനായി തൃശൂര്‍, പാലക്കാട്ട്, കുട്ടനാട് എന്നിവടങ്ങളില്‍ നെല്ലറകള്‍ ഒരുക്കും. സംഭരിക്കുന്ന നെല്ലില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉണ്ടാക്കും. സിവില്‍ സപ്ലൈസ് ,കണ്‍സൂമര്‍ ഫെഡ് തുടങ്ങിയ സ്ഥാപനങ്ങളിലൂടെ വില്‍പന നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വയനാട്ടിലെ ഔഷധ മൂല്യമുളള നെല്ലുകളും സര്‍ക്കാര്‍ പ്രത്യേകം ശേഖരിക്കുമെന്നും മന്ത്രി പറഞ്ഞു.   


Share your comments