1. News

2 വർഷത്തിനുള്ളിൽ പട്ടയം നൽകിയത് ഒരു ലക്ഷത്തി ഇരുപത്തിമൂവായിരം പേർക്ക്; മന്ത്രി കെ രാജൻ

വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികളില്‍ നിന്നും വില്ലേജ് തല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്‌നങ്ങളാണ് പട്ടയ അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്.

Saranya Sasidharan
Within 2 years, 123,000 people were granted Land deed; Minister K Rajan
Within 2 years, 123,000 people were granted Land deed; Minister K Rajan

സംസ്ഥാനത്ത് അർഹരായ എല്ലാവർക്കും ഭൂമി നൽകുമെന്നും ഇതിന് മനുഷ്യ നിർമിതമായ ഏതെങ്കിലും നിയമങ്ങൾ തടസം നിൽക്കുന്നുവെങ്കിൽ അവയിൽ സർക്കാർ മാറ്റം വരുത്തുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കും അര്‍ഹരായ ഭൂരഹിതര്‍ക്കും ഭൂമി നല്‍കാനായി ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായി എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ നടത്തുന്ന പട്ടയ അസംബ്ലിയുടെ സംസ്ഥാനതല ഉദ്ഘാടനവും നെടുമങ്ങാട് മണ്ഡലത്തിലെ പട്ടയ വിതരണത്തിന്റെ ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികളില്‍ നിന്നും വില്ലേജ് തല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്‌നങ്ങളാണ് പട്ടയ അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്. അതത് മണ്ഡലങ്ങളിലെ എം.എൽ.എമാർ അധ്യക്ഷനായും തഹസിൽദാർ റാങ്കിൽ കുറയാത്ത നോഡൽ ഓഫീസർ കൺവീനറും മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികളും അംഗങ്ങളുമായാണ് പട്ടയ അസംബ്ലികൾ രൂപീകരിക്കുന്നത്. പട്ടയവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള പ്രശ്നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരാൻ വാർഡ് മെമ്പർമാർ അടക്കുള്ള ജനപ്രതിനിധികൾക്കുള്ള അവസരമാണ് പട്ടയ അസംബ്ലികളെന്നും മന്ത്രി പറഞ്ഞു. രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് 1, 23,000 പേർ ഭൂമിയുടെ അവകാശികളായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെമ്പായം കൈരളി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങിൽ ഭക്ഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍ അധ്യക്ഷനായിരുന്നു. നെടുമങ്ങാട് മണ്ഡലത്തിലെ 127 പേർക്കുള്ള പട്ടയവും ചടങ്ങിൽ വിതരണം ചെയ്തു. രണ്ടു വർഷത്തിനിടെ മണ്ഡലത്തിൽ ആകെ 432 പേർക്ക് പട്ടയം വിതരണം ചെയ്തതായി മന്ത്രി ജി.ആർ അനിൽ പറഞ്ഞു. 30 പേരുടെ അപേക്ഷകളിൽ നടപടികൾ നടന്നുവരികയാണ്. ചുമതലയേറ്റെടുത്തതിന് ശേഷം തനിക്ക് നേരിട്ട് അപേക്ഷ നൽകിയതും ജനപ്രതിനിധികൾ ശ്രദ്ധയിൽപ്പെടുത്തിയതുമായ മുഴുവൻ പേർക്കും പട്ടയം നൽകാൻ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. അടുത്ത വർഷത്തോടെ മുഴുവൻ കുടുംബങ്ങൾക്കും പട്ടയം നൽകുന്ന സംസ്ഥാനത്തെ ആദ്യ മണ്ഡലമായി നെടുമങ്ങാടിനെ മാറ്റുമെന്നും അദ്ദേഹം കൂട്ടിചേർത്തു.

മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ എന്നിവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആദ്യ പട്ടയ അസംബ്ലിയും വെമ്പായത്ത് ചേർന്നു. മന്ത്രി ജി.ആർ. അനിൽ അധ്യക്ഷനും നെടുമങ്ങാട് ആർ.ഡി.ഒ കെ.പി.ജയകുമാർ കൺവീനറും മണ്ഡലത്തിലെ മുഴുവൻ ജനപ്രതിനിധികൾ അംഗങ്ങളുമാണ്. ആഗസ്റ്റ് 20നു മുമ്പ് സംസ്ഥാനത്തെ മുഴുവന്‍ പട്ടയ അസംബ്ലികളും യോഗം ചേരും. വാര്‍ഡ് മെമ്പര്‍മാര്‍ മുതല്‍ നിയമസഭാ സമാജികര്‍ വരെയുളള ജനപ്രതിനിധികളുടെ സഹകരണത്തോടെ അര്‍ഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷനെന്ന ദൗത്യം വിജയിപ്പിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ചടങ്ങിൽ ത്രിതല പഞ്ചായത്ത് പ്രതിനിധികൾ , ലാന്റ് റവന്യൂ കമ്മിഷണർ ഡോ. എ. കൗശികൻ, ജില്ലാ കളക്ടർ ജെറോമിക് ജോർജ്, രാഷ്ട്രീയ - സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും സംബന്ധിച്ചു.

English Summary: Within 2 years, 123,000 people were granted Land deed; Minister K Rajan

Like this article?

Hey! I am Saranya Sasidharan. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds