Farm Tips

കൊമ്പൻചെല്ലി

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി. തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു ഷഡ്പദമാണ്. ഒറിക്ടസ് റൈനോസിറസ് എന്നാണ് ശാസ്ത്രനാമം. ആകെ ആറുമാസക്കാലം മാത്രം ആയുസ്സുള്ള ഇവ തെങ്ങിന് വലിയനാശമാണ് വരുത്തിവെക്കുന്നത്. എളുപ്പം അഴുകുന്ന ജൈവവസ്തുക്ൾ, ചാണകം, കമ്പോസ്റ്റ് എിവയിലാണിത്‌ പെറ്റുപെരുകുന്നത്. ഈർച്ചപ്പൊടി, ചകിരിച്ചോറ്, അഴുകിയതെങ്ങിൻതടി എന്നിവയിലും ഇവപെരുകുന്നു.

കൊമ്പൻചെല്ലിയുടെ ആക്രമണത്തെ തിരിച്ചറിയാം
ചെറിയകൂമ്പോല ഒടിഞ്ഞുതൂങ്ങുന്നതും അതിൻ്റെ  ഓലമടലിന് കീഴെയായി ദ്വാരവുംചവച്ച്തുപ്പിയതുപോലെ അവശിഷ്ടവും കണ്ടാൽ കൊമ്പൻ ചെല്ലിയാണെന്നുറപ്പാക്കാം. കൂടാതെ ഓലകൾ വിരിഞ്ഞുവന്നാൽ ഓാലക്കണ്ണികൾ ഇംഗ്ലീഷ് അക്ഷരമാലയിലെ വി ആകൃതിയിൽ ഒടിഞ്ഞുതൂങ്ങിക്കിടക്കുന്നതും കണ്ടുവരുന്നു. തൈത്തെങ്ങുകളിലാണ് കീടത്തിൻ്റെ ആക്രമണമെങ്കിൽ കൂമ്പ് ശരിയായിവളർന്നു വരില്ല. കൂമ്പ് മുകളിലേക്കുവളരാതെ വശങ്ങളിലേക്കാണ് വളർന്നുവരിക.

മുൻകരുതലുകളെടുക്കാം

കൊമ്പൻചെല്ലിയെ തടയാനുള്ള ആദ്യമാർഗം തെങ്ങിൻ തോപ്പുകളും കൃഷിയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നതാണ് . അഴുകിയതെങ്ങിൻ തടികൾ ഒരു കാരണവശാലും അലക്ഷ്യമായി വലിച്ചെറിയരുത്. അവ ചീന്തിയുണക്കിക്കത്തിക്കുക. ജൈവാവശിഷ്ടങ്ങൾ ജീർണിച്ചു നാറി തോട്ടങ്ങളിൽ കിടക്കാൻ അനുവദിക്കരുത്. തോട്ടങ്ങളിൽ വളമായി ഉപയോഗിക്കാനുള്ള ചാണകം ഉണക്കിസൂക്ഷിക്കാൻ ശ്രദ്ധിക്കുക. ചാണകക്കുഴികൾ കമ്പോസ്റ്റ് കുഴികൾ അഴുകുന്ന ജൈവാവശിഷ്ടങ്ങൾ എന്നിവയിൽ പെരുവലച്ചെടി അപ്പാടെ ഇടുകയോ അത് ഇടിച്ചുപിഴിഞ്ഞ് സത്തെടുത്ത് തളിക്കുകയോചെയ്താൽ കൊമ്പൻചെല്ലി മുട്ടയിട്ട്‌പെരുകുന്നത് ഒഴിവാക്കാം. കൂടാതെ മെറ്റാറൈസ്യം എന്ന പച്ചക്കുമിൾ ഒരുക്യുബിക് മീറ്ററിന്  100ഗ്രാം  കൾച്ചർ അഞ്ചു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ചാലും ജൈവജീർണ വസ്തുക്കളിലെ കൊമ്പൻചെല്ലിയുടെ വളർച്ച തടയാവുന്നതാണ്.

കൊമ്പൻചെല്ലിയെ തുരത്താം

കൊമ്പൻചെല്ലി സംരക്ഷണം ചെറിയ പ്രായത്തിൽത്തന്നെ തുടങ്ങണം. തൈകൾ പറിച്ചു നടുന്നതുമുതൽ 
അതിന് ഏഴെട്ടുവർഷം പ്രായമെത്തുന്നതുവരെ ഓലക്കവിളുകളിൽ ജൈവകീടനാശിനികൾ തളിച്ചും വേപ്പിൻ പിണ്ണാക്കോ മരോട്ടിപ്പിണ്ടാക്കോ 300 ഗ്രാം അതേഅളവിൽ  പൂഴി(മണൽ)യുമായിചേർത്ത് വർഷത്തിൽ മൂന്നോ നാലോ തവണ ഇളം കൂമ്പിനു ചുറ്റും വിരിഞ്ഞുവരുന്ന നാല് ഓലക്കൂമ്പിൽ വരെ നിറച്ചുവെക്കാം ചെറിയതൈത്തെങ്ങുകളാണെങ്കിൽ പാറ്റഗുളിക ഇതുപോലെ വെച്ച് പൂഴികൊണ്ട്മൂടുന്നതും ഇവയെ തുരത്താൻ ഫലപ്രഥമാണ്.

ഇനി കൊമ്പൻചെല്ലിയുടെ ആക്രമണം തുടങ്ങിക്കഴിഞ്ഞിട്ടാണ് നാം കാണുന്നതെങ്കിൽ ചെല്ലിക്കോലുപയോഗിച്ച് കുത്തിയെടുത്ത് നശിപ്പിക്കാം. കൂമ്പിൽ വരുന്ന ദ്വാരങ്ങളിലൂടെയാണ് ഇവയെ കുത്തിപ്പുറത്തെടുക്കുക. അതിനുശേഷം മാങ്കോസെബ് എന്ന കുമിൾനാശിനി പൂഴിയുമായിചേർത്ത് (ഒരുതൈയ്ക്ക് 3-4 ഗ്രാം) ദ്വാരത്തിൽ വിതറി അടയ്ക്കാം.

വൈറസ് ഫിറമോൺ കെണികൾ

കൊമ്പൻചെല്ലിയെ കൂട്ടത്തോടെ നശിപ്പിക്കുന്ന വൈറസ് അസുഖം പരത്തിയ ചെല്ലികളെവിട്ടും ഇവയെ നശിപ്പിക്കാവുന്നതാണ്. ഒറിക്ടസ് റൈനോസൈറസ്‌വൈറസ് എന്ന ഒരിനം വൈറസാണിത്. ഇങ്ങനെ വൈറസ്ബാധയുള്ള ചെല്ലികൾ ഒരു ഹെക്ടറിന് 12-15 എന്നതോതിലാണ് വേണ്ടിവരിക. ഞങ്ങനെ വൈറസ് ബാധയേറ്റ ചെല്ലികൾ മറ്റുള്ളവയിൽ അസുഖം പരത്തി അവയെ 15-20 ദിവസത്തിനുള്ളിൽ കൊന്നൊടുക്കും. എന്നാൽ ചിലയിടങ്ങളിൽ വൈറസിനെതിരെ കൊമ്പൻചെല്ലികൾ പ്രതിരോധശേഷിനേടിയതായും കാണപ്പെടുന്നുണ്ട്.

കൊമ്പൻചെല്ലിയെ നിയന്ത്രിക്കാൻ  ചെയ്തുവരുന്ന ഒരു പ്രതിരോധമാർഗമാണ് ഫിറമോൺകെണി. തികച്ചും ഫലപ്രഥമായ ജൈവമിത്രകീടനിയന്ത്രണമാണിത്. ഒറിക്ടാ ലൂർ, ആർ.ബി. ലൂർ എന്നിങ്ങനെ കമ്പോളത്തിൽ കിട്ടുന്ന ഫിറമോണുകൾ കുഞ്ഞത് നാലിഞ്ച് വ്യാസമുള്ള പി.വി.സി. പൈപ്പിനകത്ത് നിക്ഷേപിച്ച് ചെല്ലികളെ കൂട്ടത്തോടെ ആകർഷിച്ച് നശിപ്പിക്കാം. അഞ്ച് ഹെക്ടർ തെങ്ങിൻതോപ്പിലേക്ക് ഇത്തരം രണ്ടു കെണികൾ ധാരാളമാണ്. കാർബറിൽ എന്ന കിടനാശിനി ഒരുഗ്രാം അഞ്ചു ലിറ്റർവെള്ളത്തിൽ കലക്കി  തളിച്ചും രാസകൃഷിയിൽ കൊമ്പൻചെല്ലിയെ നിയന്ത്രിക്കാവുന്നതാണ്.

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox