മഴയും ചൂടും ഇടവിട്ട് ലഭ്യമാകുന്ന ഇക്കാലയളവിൽ നമ്മുടെ കൃഷിയിടങ്ങളിൽ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് ചുവടെ നൽകുന്നു.
1. പയർ, വെള്ളരി, കക്കിരി, ചുരയ്ക്ക പീച്ചിൽ തുടങ്ങിയ വിളകൾ മാസവും കൃഷിചെയ്യാം. കണിക ജലസേചന രീതി, പുതയിടൽ തുടങ്ങിയവ അനുവർത്തിക്കുന്നത് നല്ലതാണ്. പച്ചക്കറി വിളകളിൽ നീരൂറ്റി കുടിക്കുന്ന കീടങ്ങൾ ആയ ഇലപ്പേൻ, പച്ചത്തുള്ളൻ, മുഞ്ഞ തുടങ്ങിയവയുടെ ആക്രമണം രൂക്ഷമായി വരുന്ന സാഹചര്യങ്ങളിൽ ആഴ്ചയിലൊരിക്കൽ 2 ശതമാനം വീര്യത്തിൽ വേപ്പെണ്ണ എമൽഷൻ തളിക്കാം. മണ്ഡരിബാധ കാണുകയാണെങ്കിൽ വെറ്റബിൾ സൾഫർ 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കാം.
ബന്ധപ്പെട്ട വാർത്തകൾ: വെള്ളരിക്ക കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക
2. താപനിലയിൽ ഉണ്ടാകുന്ന വ്യത്യാസം തക്കാളിയിൽ പൂവ് കൊഴിയാൻ കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ കുറഞ്ഞതോതിൽ തണൽ നൽകുന്നതും, ആഴത്തിൽ ജലസേചന നൽകുന്നതും നല്ലതാണ്.
Below is a list of things to do on our farms during the rainy and hot seasons.
3. കറിവേപ്പിലയിൽ ഈ കാലയളവിൽ മുഞ്ഞ ആക്രമണം ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഇവയുടെ ആക്രമണം നിയന്ത്രിക്കുവാൻ നീമസാൽ 4 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ച ശേഷം ബിവേറിയ ബാസിയാന 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കുകയും ചെയ്യുക. ആവശ്യാനുസരണം നനയും പുതയിടലും നൽകണം.
4. ചീര കൃഷി ചെയ്യുന്നവർ ഇലപ്പുള്ളി, ഇലകരിച്ചിൽ രോഗസാധ്യത കാണുമ്പോൾ ഒരു ലിറ്റർ വെള്ളത്തിൽ സ്യൂഡോമോണസ് 20 ഗ്രാമും പച്ചച്ചാണകം 20 ഗ്രാമും കലക്കി അതിന്റെ തെളിയെടുത്ത് തളിക്കുക. ഒരു ഗ്രാം സോഡാപ്പൊടിയും 5 ഗ്രാം മഞ്ഞപ്പൊടിയും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി എട്ട് ദിവസം ഇടവിട്ട് ഇലകളിൽ തളിക്കുന്നതും നല്ലതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ചീര കൃഷി ചെയ്യുന്ന തുടക്കക്കാര്‍ അറിയാൻ
5. ജാതിയിൽ കണ്ടുവരുന്ന കായ് ചുരുങ്ങി വീഴുന്ന പ്രവണത ഇല്ലാതാക്കുവാൻ ജാതിയുടെ ചുവട്ടിൽ പുതയിടൽ നൽകണം. കൂടാതെ സൾഫേറ്റ് ഓഫ് പൊട്ടാഷ് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ചു കൊടുക്കണം. ഇത് വരൾച്ചയെ പ്രതിരോധിക്കുവാനും മികച്ചതാണ്. ഇവയിൽ പ്രധാനമായും കണ്ടുവരുന്ന കായ കൊഴിച്ചിൽ, കൊമ്പ് ഉണക്കം തുടങ്ങിയവ ഇല്ലാതാക്കാൻ തോട്ടത്തിൽ ശുചിത്വം പാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ജാതിയിൽ കാണുന്ന കുമിൾ രോഗബാധ ഇല്ലാതാക്കുവാൻ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വീര്യത്തിൽ കായ്പിടിത്ത സമയത്ത് തളിച്ചു കൊടുക്കുക. 20 ഗ്രാം ചാണകം ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ലായനിയുടെ തെളിയിൽ 20% സ്യൂഡോമോണസ് ചേർത്ത് തളിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
6. ഈ സമയത്ത് വാഴയിൽ കാണുന്ന മാണ വണ്ടിന്റെ ഉപദ്രവം ഇല്ലാതാക്കുവാൻ വാഴക്കന്ന് നടുന്നതിന് മുൻപ് കന്നിൻറെ അടിഭാഗത്ത് ചുറ്റും ചെത്തി വൃത്തിയാക്കി ചാണകം ലായനിയും ചാരവും കലർന്ന മിശ്രിതത്തിൽ മുക്കി 3-4 ദിവസം വെയിലത്തുണക്കി നടുക. കൂടാതെ വാഴക്കന്ന് ഒന്നിന് ഒരു കിലോഗ്രാം വേപ്പിൻപിണ്ണാക്ക് എന്നതോതിൽ നടുമ്പോൾ ഇട്ടുകൊടുക്കണം. നേത്ര വാഴക്കന്ന് നടുന്നത് തുടരുക. ഒരു നനയ്ക്ക് 40 ലിറ്റർ വെള്ളം വേണ്ടിവരുന്നു. അഞ്ചുമാസം പ്രായമായ വാഴയ്ക്ക് 65 ഗ്രാം യൂറിയയും 400 ഗ്രാം പൊട്ടാഷും ചേർക്കണം. വാഴയുടെ ചുവട്ടിൽ മുളയ്ക്കുന്ന കന്നുകളും ഉണങ്ങിയ ഇലകളും വെട്ടിമാറ്റി നശിപ്പിക്കണം.
കാർഷിക പ്രവർത്തനങ്ങൾ നടത്തുമ്പോൾ എല്ലാവരും പകൽ 12 മുതൽ 3 വരെയുള്ള സമയം ഒഴിവാക്കുക. രാസകീടനാശിനികൾ ഒരു കാരണവശാലും ഈ സമയത്ത് ഉപയോഗിക്കാൻ പാടുള്ളതല്ല. ഭൂമിക്ക് ആവരണം എന്ന നിലയ്ക്ക് പുതയിടൽ ഏറ്റവും ആവശ്യമാണ്. ഇത് ബാഷ്പീകരണം മൂലം ജലം നഷ്ടമാകുന്ന അവസ്ഥ ഇല്ലാതാക്കുന്നു.
ബന്ധപ്പെട്ട വാർത്തകൾ: എല്ലാ വിളകളിലെയും കീടങ്ങളെ അകറ്റാന്‍ ഒരു മിശ്രിതം
Share your comments