Farm Tips

വാഴയില്‍ നിമാവിര - കരുതിയിരിക്കുക

plantain

വാഴയുടെ വേരിനെയും മാണത്തെയും നശിപ്പിക്കുന്ന നിമാവിരകളുടെ സാന്നിദ്ധ്യം മനസ്സിലാക്കാന്‍ വളരെ ബുദ്ധിമുട്ടാണ്.
വേരുബന്ധക നിമാവിരകളും വേരുതുരപ്പന്‍ - വേരുചീയല്‍ നിമാവിരകളുമാണ് കേരളത്തില്‍ വാഴകൃഷിയ്ക്ക് എന്നും ഭീഷണി.
(എ) വേരുബന്ധക നിമാവിര
ഈ നിമാവിരകള്‍ ആക്രമിക്കുന്നതുമൂലം വേരുകളില്‍ മുഴകള്‍ ഉണ്ടാകും. വേരിന്റെ വളര്‍ച്ച കുറയും. വേരുകള്‍ ചീയുന്നതായി കാണാറില്ലെങ്കിലും ചിലപ്പോള്‍ വിളളലുകള്‍ വീഴാറുണ്ട്. വേരുബന്ധക നിമാവിരകളുടെ ആക്രമണം വേരുകളില്‍ അതിരൂക്ഷമാകുമ്പോള്‍ മുഴകളുടെ താഴെനിന്ന് ധാരാളം പൊടിവേരുകള്‍ ഉണ്ടാകുന്നതായും, അവയെയും ഈ നിമാവിരകള്‍ പിന്നീട് ആക്രമിക്കുന്നതായും കാണാം. ഇവയുടെ ആക്രമണം രൂക്ഷമാകുമ്പോള്‍ നല്ല വളക്കൂറുളള - ജലാംശമുളള മണ്ണിലും ഇലകള്‍ മഞ്ഞളിച്ച് വാടി നില്‍ക്കും.
(ബി) വേരുചീയല്‍ നിമാവിര
ഇവ വ്രണങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ആക്രമണ ഫലമായി വേരുകള്‍ പൊളളയായിത്തീരും. ഇവ വേരിനുളളില്‍ കടന്നാണ് ആക്രമിക്കുന്നത്. എന്നാല്‍ ആക്രമണം രൂക്ഷമാകുമ്പോള്‍ നല്ല വളക്കൂറുളള - ജലാംശമുളള മണ്ണിലും ഇലകള്‍ മഞ്ഞളിച്ച് വാടി നില്‍ക്കുന്നത് കാണാം. എന്നാല്‍ ആക്രമണം രൂക്ഷമാകുമ്പോള്‍ വേരുകളില്‍ കൂടി നിമാ വിരകള്‍ മാണത്തിലേക്ക് കടന്നു കൂടുതല്‍ ഉപദ്രവം ഉണ്ടാക്കുന്നു. ആക്രമണ വിധേയമയായ വേര് പൊളളയായിത്തീരും. ഈ വേരുകള്‍ ജീര്‍ണിച്ച് ആഹാരയോഗ്യമല്ലാത്ത അവസ്ഥയില്‍ നിമാവിരകള്‍ മണ്ണിലേക്ക് വീണ്ടുമിറങ്ങി പുതിയ വേരുകളെ ആക്രമിക്കും. വേരുചീയല്‍ നിമാവിര ആക്രമിച്ച വേരുകളില്‍ നീളത്തിലുളള ചുവപ്പുപാടുകള്‍ ധാരാളം ഒത്തു കൂടി വേര് വണ്ണം കുറഞ്ഞ് ചുവപ്പു നിറത്തോടെയുളള വ്രണങ്ങളുണ്ടാക്കും. ക്രമേണ ജീര്‍ണിച്ച് നശിക്കുകയും ചെയ്യും. തന്മൂലം വാഴയുടെ വിളവിനെ സാരമായി ബാധിക്കും. നിമാവിരയുണ്ടാക്കിയ മുറിവിലൂടെ ഫ്യൂസേറിയം പോലുളള ശത്രുകുമിളുകള്‍ക്ക് വാഴയെ പെട്ടെന്ന് ആക്രമിച്ച് രോഗത്തിന്റെ തീവ്രത കൂട്ടാനും കഴിയും.
(സി) വേരുതുരപ്പന്‍ നിമാവിര
വേരിനുളളില്‍ പ്രവേശിച്ച് വേരിന്റെ എല്ലാഭാഗത്തും സഞ്ചരിച്ച് വേരുകളെ പൊളളയാക്കി തീര്‍ക്കുന്നതാണ്. ഇവയുടെ പ്രത്യേകത. മണ്ണില്‍ കാണുന്ന എല്ലാ ദശയിലുമുളള വേരുതുരപ്പന്‍ നിമാവിരകള്‍ വേര് തുരന്ന് ഉളളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ വേരിലെ ആ ഭാഗത്ത് കറുത്തതോ അല്ലെങ്കില്‍ തവിട്ടു നിറത്തിലുളളതോ ആയ പാടുകള്‍ ഉണ്ടായിരിക്കും. ആക്രമണം അധികരിക്കുന്നതിനനുസരിച്ച് ഇവ വലുതായി കറുത്ത വ്രണമായി ജീര്‍ണിക്കും. ഈ അവസ്ഥയില്‍ നൈട്രജന്‍ - പൊട്ടാഷ് വളങ്ങളുടെ അപര്യാപ്തത ലക്ഷണങ്ങളായ ഇലമഞ്ഞളിപ്പും ഇലകളുടെ അരികുകള്‍ കരിഞ്ഞുണങ്ങുന്നതും ദൃശ്യമാകും. ഒരിക്കല്‍ വേരിനുളളില്‍ പ്രവേശിച്ചാല്‍ ആ വേര് നശിപ്പിച്ചു കഴിയുമ്പോള്‍ ഈ നിമാവിരകള്‍ അടുത്ത വേരിനെ അന്വേഷിച്ചു ആക്രമിച്ച് നശിപ്പിക്കും. അതിരൂക്ഷമായ ആക്രമണ സമയത്ത് വാഴയുടെ വേരുകള്‍ ഇപ്രകാരം നശിച്ച് മഴക്കാലത്ത് ചെറിയ കാറ്റില്‍ പോലും വാഴ കടപുഴകി വീഴുന്നതാണ്. ഈ സമയങ്ങളില്‍ വാഴയുടെ മാണഭാഗം പരിശോധിക്കുകയാണെങ്കില്‍ കറുത്ത് ദ്രവിച്ച പാടുകള്‍ കാണാന്‍ സാധിക്കുന്നതാണ്. ഇപ്രകാരം ലക്ഷണങ്ങളുളള വാഴയുടെ വേരുകള്‍ നല്ല മൂര്‍ച്ചയുളള കത്തി കൊണ്ട് നെടുകെ ഛേദിച്ചു നോക്കിയാല്‍ വേരുകളുടെ ഇരുവശത്തും അങ്ങിങ്ങായി കടുത്ത തവിട്ടോ കടും ചുവപ്പു നിറത്തിലോ പാടുകള്‍ കാണാം. ഈ നിമാവിരകളുടെ തൊലി കയ്യുറപോലെ വലിച്ചൂരിയെടുക്കാന്‍ സാധിക്കുകയും നടുഞരമ്പ് അവിടെതന്നെ നില്‍ക്കുകയും ചെയ്യും.
നിയന്ത്രണം
മണലിന്റെ അംശം കൂടിയ മണ്ണിലാണ് നിമാവിരകളുടെ ആക്രമണം കൂടുതല്‍. അതിനാല്‍ ജൈവാംശം കൂട്ടിയാല്‍ തന്നെ ഒരു പരിധിവരെ നിമാവിരകള്‍ പെറ്റുപെരുകുന്നത് തടയാം. കമ്മ്യൂണിസ്റ്റ് പച്ചയോ, ശീമക്കൊന്നയോ ചതച്ച് അടിവളമായും ആവശ്യാനുസരണവും മണ്ണോടുചേര്‍ത്ത് കൊടുക്കുന്നതോ നിമാവിരകളുടെ ശല്യം കുറയ്ക്കും. മിത്ര കുമിളായ പെസിലോമൈസസ് ലൈലാസിനസ് 20 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന തോതില്‍ കലക്കിയ ലായനി വാഴച്ചുവട്ടില്‍ ഒഴിച്ചു കൊടുക്കുന്നത് ഉത്തമമാണ്.
രണ്ടു വരി വാഴയ്ക്കിടെ ഒരു വരി ബന്ദിപ്പൂ (ചെണ്ടുമല്ലി) വളത്തുന്നത് നിമാവിരകളെ തുരത്തും.മാതൃവാഴയുടെ തെരഞ്ഞെടുത്ത കന്നുകള്‍ ഇളക്കിമാറ്റി നടാതെ, അവിടെത്തന്നെ വളരാന്‍ അനുവദിക്കുന്ന കുറ്റിവിളരീതിയില്‍, മാതൃവാഴയെ ബാധിച്ച നിമാവിരകള്‍ കന്നുകളെ രൂക്ഷമായി ആക്രമിക്കുമെന്ന സത്യം പലര്‍ക്കും അറിയില്ല.തെരെഞ്ഞെടുത്ത വാഴക്കന്നുകള്‍ സസൂക്ഷ്മം പരിശോധിച്ച് കറുത്ത പാടുകള്‍, നിമാവിര ബാധിച്ചു അഴുകിയ ഭാഗങ്ങള്‍ എന്നിവയുണ്ടെങ്കില്‍ കരിക്ക് ചെത്തുംപോലെ അവ ചെത്തി മാറ്റണം.ചെത്തി വൃത്തിയാക്കിയ കന്നുകാലി മാണം 50-55 ഡിഗ്രി സെന്റിഗ്രേഡ് ചൂടുവെളളത്തില്‍ (തിളച്ച വെളളവും സാധാരണ വെളളവും തുല്യ അളവില്‍ കൂട്ടിചേര്‍ത്തത്) 15-20 മിനിട്ട് മുക്കി വയ്ക്കുകയോ തിളയ്ക്കുന്ന വെളളത്തില്‍ 30 സെക്കന്റ് വയ്ക്കുകയോ ചെയ്യുന്നത് വഴി നിമാവിരകളെ നിശേഷം ഒഴിവാക്കാം.

മിത്രകുമിളായ പെസിലോമൈസസ് ലെലാസിനസും (പര്‍പ്യൂറിയോസില്ലം ലിലാസിനം) സ്യൂഡോമോണസ് ഫ്‌ളൂറസെന്‍സും വാഴ ഒന്നിന് 12.5 ഗ്രാം വീതം കടഭാഗത്ത് ചേര്‍ത്ത് കൊടുക്കുന്നത് ശല്യം കുറയ്ക്കും.മിത്രകുമിളായ പെസിലോമൈസിസ് ലൈലാസിനസ് 25 ഗ്രാം വീതം വാഴ ഒന്നിന് കടഭാഗത്തു ചേര്‍ക്കാം.നിമാവിരനാശിനിയായ കാര്‍ട്ടാപ്പ് - ഹൈഡ്രോക്ലോറൈഡ് 4 ജി (കാര്‍ട്ടോക്‌സ്, കാള്‍ഡാന്‍, റാഡോണ്‍) വാഴ ഒന്നിന് 20 ഗ്രാം വീതം വട്ടത്തില്‍ തടമെടുത്ത് ഇട്ട് കൊടുത്തതിനുശേഷം നനച്ചാല്‍ നിമാവിരകളെ പൂര്‍ണമായി ഒഴിവാക്കാം.

ഡോ ഗവാസ് രാഗേഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ (കീടശാസ്ത്രവിഭാഗം)
വാഴ ഗവേഷണ കേന്ദ്രം, കണ്ണാറ, തൃശ്ശൂര്‍.
ഫോണ്‍ : 9495756549


Share your comments