Farm Tips

പച്ചക്കറിത്തോട്ടത്തിന് ചില വേനല്‍ക്കാല പരിരക്ഷകള്‍

വേനല്‍ക്കാലം വരുകയാണ്. വേനൽക്കാലത്തു അടുക്കള തോട്ടത്തിനു ചില പ്രത്യേക പരിചരണം ആവശ്യമാണ് ശരിയായ രീതിയിൽ പരിചരിച്ചാൽ  വേനലിലും അടുക്കളത്തോട്ടത്തില്‍ നിന്നു നല്ല വിളവ് സ്വന്തമാക്കാം. അതിനുള്ള ചില മാര്‍ഗങ്ങള്‍ പരിശോധിക്കാം.
1. പുതയിടല്‍

വേനല്‍ക്കാലത്ത് പച്ചക്കറി തടത്തില്‍ പുതയിടുന്നത് വളരെ ഗുണം ചെയ്യും. തടത്തിലേയ്ക്ക് അടിക്കുന്ന സൂര്യപ്രകാശത്തെ ക്രമീകരിക്കാന്‍ പുതയിടല്‍ സഹായിക്കും. തടത്തിലെ ഈര്‍പ്പം ആവിയായി പോകാതിരിക്കാനും വേരുകള്‍ക്ക് ക്ഷീണം തട്ടാതിരിക്കാനും ഇതു നല്ലതാണ്. വിവിധയിനം പച്ചിലകള്‍, വൈക്കോല്‍, തെങ്ങിന്റെ ഓല, വിവിധയിനം കളകള്‍ എന്നിവയെല്ലാം പുതയായി ഉപയോഗിക്കാം.
2. ഗ്രീന്‍ നെറ്റ്

കഠിനമായ വേയ്യില്‍ നിന്നും ചെടികള്‍ക്ക് സംരക്ഷണം ലഭിക്കാന്‍ നിശ്ചിത ഉയരത്തില്‍ നെറ്റ് ഒരുക്കുന്നതും പ്രയോജനം ചെയ്യും. ടെറസ് കൃഷിയിലാണ് ഇതു നന്നായി ഗുണം ചെയ്യുക.ഗ്രോ ബാഗുകളും ചാക്കും ചട്ടിയുമെല്ലാം ശക്തമായ വെയില്‍ ലഭിക്കുന്ന സ്ഥലത്ത് നിന്നും മാറ്റിവയ്ക്കുക. ടെറസില്‍ കൃഷി ചെയ്യുന്നവര്‍ മറയൊരുക്കുന്നത് നല്ലതാണ്. ഉച്ച സമയത്തെ ശക്തമായ വെയിലില്‍ ചെടികള്‍ വാടുന്നത് ഒഴിവാക്കാന്‍ ഇതു സഹായിക്കും.

3 .ജലസേചനം

പച്ചക്കറി കൃഷിയില്‍ ജലസേചനത്തിന് മുഖ്യസ്ഥാനമാണുള്ളത്. അവിശ്യമുള്ള സമയത്ത് ജലസേചനം നടത്തുകയെന്നതാണ് പ്രധാനം.വേനലിൻ്റെ  കാഠിന്യമേറുന്നതു കൊണ്ട് ദിവസവും രണ്ടു നേരം നനയ്ക്കുന്നതാണ് ഈ കാലാവസ്ഥയില്‍ ഏറെ ഉചിതം. നനയ്ക്കുമ്പോള്‍ ഇലകള്‍ കൂടി നനയുന്ന രീതി വളരെ ഗുണം ചെയ്യും. വൈകുന്നേരങ്ങളിലെ നനയാണ് ചെടികള്‍ക്ക് കൂടുതല്‍ ഗുണം ചെയ്യുക

4 .തടത്തിലെ മണ്ണിളക്കല്‍ ശ്രദ്ധയോടെ

ശക്തമായ വേനലില്‍ പച്ചക്കറികളുടെ തടം തുറക്കുന്നതും കിളയ്ക്കുന്നതും പരമാവധി ഒഴിവാക്കുക. വേരുകള്‍ക്ക് കിട്ടുന്ന ഏതു ക്ഷതവും ചെടി പെട്ടന്ന് ഉണങ്ങിപ്പാക്കാന്‍ കാരണമാകും.

5 . വളപ്രയോഗത്തിലെ ശ്രദ്ധ

ശക്തമായ വേനലില്‍ വളം പ്രയോഗം നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. പച്ചച്ചാണകം പരമാവധി ഒഴിവാക്കി ഉണങ്ങിയ ചാണകപ്പൊടി, മണ്ണിര കമ്പോസ്റ്റ്, അടുക്കള മാലിന്യങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ കമ്പോസ്റ്റ് തുടങ്ങിയവ വളങ്ങളായി ഉപയോഗിക്കാന്‍ ശ്രമിക്കണം. വളപ്രയോഗം നടത്തുമ്പോള്‍ വെള്ളത്തില്‍ കലക്കി ദ്രാവക രൂപത്തില്‍ തടത്തിന് ചുറ്റും ഒഴിച്ച് കൊടുക്കുന്നതാണ് നല്ലത്. ഇതിലൂടെ വളം പെട്ടന്ന് വലിച്ചെടുക്കാന്‍ വേരുകള്‍ക്ക് സാധിക്കും.

6 . ജൈവ ലായനി

ഗ്രോബാഗിലും ചാക്കിലുമെല്ലാം വളര്‍ത്തുന്ന പച്ചക്കറികള്‍ വേനലിലും നല്ല പോലെ വിളവ് തരാന്‍ ജൈവ ലായനി തളിക്കുന്നത് സഹായിക്കും. 10 കിലോ പുതിയ പച്ച ചാണകം, ഒരു കിലോ കടലപ്പിണ്ണാക്കാക്ക്, ഒരു കിലോ വേപ്പിന്‍ പിണ്ണാക്ക്, അത്ര തന്നെ എല്ല് പൊടി എന്നിവ ചേര്‍ത്ത് ജൈവലായനി തയാറാക്കാം. ഇവയെല്ലാം കൂടി ഇരട്ടി വെള്ളം ചേര്‍ത്ത് അടച്ച് വെക്കണം. ഒരോ ദിവസവും നന്നായി ഇളക്കി അഞ്ച് ദിവസം കഴിഞ്ഞ് ഇതില്‍ പത്ത് ഇരട്ടി വെള്ളം ചേര്‍ത്ത് തടത്തില്‍ ഒഴിച്ച് കൊടുക്കാം.

7. പുതിയ തൈകള്‍ വൈകുന്നേരങ്ങളില്‍ മാത്രം മാറ്റി നടുക. കൂടാതെ തൈകള്‍ക്ക് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ വേരുപിടിക്കുന്ന വരെ തണല്‍ കെടുക്കുന്നത് ഏറെ ഗുണം ചെയ്യും.

8 . വളപ്രയോഗം, കീടനിയന്ത്രണം എന്നിവ വൈകുന്നേരം മാത്രം നടത്തുക.

മഴക്കാലത്തെ അപേക്ഷിച്ച് പച്ചക്കറി കൃഷിക്ക് ഉത്തമം വേനല്‍ കാലമാണ്. ദിവസേനയുള്ള പരിരക്ഷയും സൂഷ്മ നിരിഷണത്തിലൂടെയും തുടക്കത്തില്‍ തന്നെ പുഴുവിന്റെ കൂട് കൂട്ടല്‍, മുട്ടയിടല്‍ മറ്റ് കീടങ്ങളുടെ വരവ് എന്നിവ നമ്മുടെ കൃത്യമായ പരിചരണം കൊണ്ട് തടയാന്‍ സാധിക്കും.

Share your comments