1. Organic Farming

നിത്യേന നമുക്ക് ആവശ്യമുള്ള പഴം-പച്ചക്കറികള്‍ വീട്ടുവളപ്പില്‍ കൃഷിചെയ്യേണ്ട രീതികൾ

കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ 10 സെന്‍റില്‍ കുറയാത്ത പുരയിടങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ 2-3 സെന്‍റ് വീടു നിര്‍മ്മാണത്തിനുപോയാലും 7-8 സെന്‍റ് വീട്ടുവളപ്പായി ലഭ്യമാണ്. ഇങ്ങനെ ലഭ്യമാകുന്ന സ്ഥലം 8-10 സ്ക്വയര്‍ 3200 സ്ക്വയര്‍ മീറ്റര്‍ ആണ്. ഇത്രയും സ്ഥലത്ത് ഒരു വീട്ടിലേക്ക് ആവശ്യമായ പഴം-പച്ചക്കറികള്‍ കാലാവസ്ഥക്കനുസൃതമായി എങ്ങനെ ആസൂത്രണം ചെയ്യാം എന്നത് പരിശോധിക്കാം.

Arun T
പച്ചക്കറികളോടൊപ്പം തന്നെ പഴവര്‍ഗ്ഗങ്ങളും
പച്ചക്കറികളോടൊപ്പം തന്നെ പഴവര്‍ഗ്ഗങ്ങളും

കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ 10 സെന്‍റില്‍ കുറയാത്ത പുരയിടങ്ങള്‍ ധാരാളമുണ്ട്. ഇതില്‍ 2-3 സെന്‍റ് വീടു നിര്‍മ്മാണത്തിനുപോയാലും 7-8 സെന്‍റ് വീട്ടുവളപ്പായി ലഭ്യമാണ്. ഇങ്ങനെ ലഭ്യമാകുന്ന സ്ഥലം 8-10 സ്ക്വയര്‍ 3200 സ്ക്വയര്‍ മീറ്റര്‍ ആണ്. ഇത്രയും സ്ഥലത്ത് ഒരു വീട്ടിലേക്ക് ആവശ്യമായ പഴം-പച്ചക്കറികള്‍ കാലാവസ്ഥക്കനുസൃതമായി എങ്ങനെ ആസൂത്രണം ചെയ്യാം എന്നത് പരിശോധിക്കാം.

കൃഷിക്ക് വേണ്ടി വീട്ടുവളപ്പ് ആസൂത്രണം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട മൂന്ന് കാര്യങ്ങള്‍ വെള്ളം, വെളിച്ചം, വളം എന്നിവയാണ്. ഇതില്‍ ജലലഭ്യതയും വളം ലഭ്യതയും നമുക്ക് ഉറപ്പു വരുത്താമെങ്കിലും സൂര്യപ്രകാശം പല വീട്ടുവളപ്പിലും ഇത് വൃക്ഷലതാദികളാല്‍ സമ്പന്നമായതിനാലും വ്യക്തമായ ആസൂത്രണം ചെയ്യാതെ വയ്ക്കുന്നതിനാലും അപര്യാപ്തമാണ്. ഏറ്റവും ചുരുങ്ങിയത് അരനേരമെങ്കിലും(6 മണിക്കൂര്‍} വെയില്‍ ലഭിക്കുന്ന സ്ഥലങ്ങളാണ് പഴം, പച്ചക്കറികള്‍ക്ക് ഉത്തമം. ഇഞ്ചി, മഞ്ഞള്‍ പോലുള്ളവയും ചേമ്പ്, കാച്ചില്‍ പോലുള്ള കിഴങ്ങുവര്‍ഗ്ഗങ്ങളും തണലിലും നിലനില്‍ക്കും.
മേല്‍പറഞ്ഞ മൂന്ന് ഘടകങ്ങള്‍ ഉറപ്പു വരുത്തിയാല്‍ പിന്നെ ഏതൊക്കെ വിളകള്‍ വേണം എന്നതാണ്. നിത്യേന നമുക്ക് ആവശ്യമുള്ള പഴം-പച്ചക്കറികള്‍ നിര്‍ബന്ധമായും വീട്ടുവളപ്പില്‍ കൃഷിചെയ്യണം.

നിത്യേന വേണ്ട രണ്ട് പ്രധാന ഭക്ഷ്യ ഉല്പന്നങ്ങളാണ് പച്ചമുളകും കറിവേപ്പിലയും. ഇതുരണ്ടും അടുക്കളയില്‍ നിന്നും പോകുന്ന വെള്ളം കിട്ടുന്ന ഭാഗത്ത് നടാവുന്നതാണ്.

മഴക്കാലത്ത് നടണമെങ്കില്‍ പച്ചമുളക്, വഴുതന തൈകള്‍ ഏപ്രില്‍-മെയ് മാസത്തില്‍ പാകി തൈ തയ്യാറാക്കാം. പച്ചമുളകിലും വഴുതനയിലും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ ഇന്ന് ലഭ്യമാണ്. ഇത് നമ്മുടെ താത്പര്യം അനുസരിച്ച് നട്ടുകൊടുക്കാം.

കൂടാതെ ഒരു ഇരുമ്പന്‍ പുളി മരം, ഒരു പ്ലാവ്, മാവ് എന്നിവയും പറമ്പില്‍ സൂര്യപ്രകാശത്തിന്‍റെ ലഭ്യതയ്ക്കനുസരിച്ച് വിഭാവനം ചെയ്യാം.

പപ്പായ മരങ്ങള്‍ പല ഘട്ടങ്ങളിലുള്ളവ വെള്ളം ലഭ്യമായ സ്ഥലങ്ങളില്‍ 5-10 എണ്ണം ഉണ്ടാകുന്നത് നല്ലതാണ്.

കൂടുതല്‍ ഫലഭൂയിഷ്ടമായ സ്ഥലങ്ങളില്‍ മഴ പെയ്യുന്നതോടെ, പയര്‍, വെണ്ട എന്നിവയും കൃഷി ചെയ്യാം.

തുടര്‍ന്ന് പന്തല്‍ സൗകര്യം തയ്യാറാക്കിയാല്‍ പാവല്‍, പടവലം എന്നിവയും ചുരയ്ക്ക, പീച്ചിങ്ങ പോലുള്ളവയും കൃഷി ചെയ്യാം

വീടിനോട് ചേര്‍ന്ന് തണല്‍ ആവശ്യമുള്ള സ്ഥലത്ത് ഒരു കോവലിന്‍റെ പന്തല്‍ തയ്യാറാക്കാം. ഇത് ദീര്‍ഘകാല വിളയായതിനാല്‍ അന്യസംസ്ഥാന പച്ചക്കറികളെ ആശ്രയിക്കാതെ അടുക്കള വിഭവസമൃദ്ധമാക്കുവാന്‍ സാധിക്കും.

സെപ്തംബര്‍-ഒക്ടോബര്‍ മാസത്തില്‍ ശീതകാല വിളകളായ കാബേജ്, കോളിഫ്ളവര്‍, ബീറ്റ്റൂട്ട്, ക്യാരറ്റ്, മല്ലിയില, പുതിന ഇല എന്നിവ ഗ്രോബാഗുകളില്‍ കൃഷി ചെയ്യാം.

അതിര്‍ത്തികളില്‍ ഇലക്കറി വര്‍ഗ്ഗങ്ങളായ വിവിധ ഇനം ചീരകള്‍ കൃഷി ചെയ്യാവുന്നതാണ്. ചുവന്ന ചീര മാത്രം മഴക്കാലത്ത് ഒഴിവാക്കുന്നതാണ് അഭികാമ്യം.

പച്ചക്കറികളോടൊപ്പം തന്നെ പഴവര്‍ഗ്ഗങ്ങളും ആസൂത്രണം ചെയ്യാം. ഇതില്‍ പ്രധാനി വാഴപ്പഴമാണ്. ഓണം കണക്കാക്കി ഒക്ടോബര്‍ മാസത്തില്‍ (കലണ്ടറില്‍ അടുത്ത ഓണത്തിന് 10 മാസം മുമ്പ്) വാഴക്കന്ന് നടാം. ഇത് നേന്ത്രനാണ് നടേണ്ടത്.

രണ്ട് വാഴക്കന്നുകള്‍ നേന്ത്രന്‍ നട്ടുകഴിഞ്ഞാല്‍ പിറ്റേ മാസം (നവംബറില്‍) 2 കന്ന് ഞാലിപ്പൂവന്‍ നടാം. തുടര്‍ന്നുള്ള മാസങ്ങളില്‍ 2 കന്ന് വീതം റോബസ്റ്റ, പാളയംകോടന്‍, പൂവന്‍, ചാരപ്പൂവന്‍, കദളി, ചെങ്കദളി, കാവേരി, സാന്‍സിബാര്‍, പോപ്പ്ലു തുടങ്ങി സ്വാദിലും രൂപത്തിലും വൈവിധ്യമാര്‍ന്ന ഇനങ്ങള്‍ നടാം. അങ്ങനെ നടുമ്പോല്‍ ആദ്യം നട്ട കന്ന് 10-ാം മാസം കുല സമ്മാനിക്കുമ്പോള്‍ തുടര്‍ന്നുള്ള എല്ലാ മാസങ്ങളിലും വീട്ടുവളപ്പില്‍ നിന്നും വൈവിധ്യമാര്‍ന്ന വാഴക്കുലകള്‍ ലഭ്യമാക്കാം. 2 കന്നുകള്‍ ഒരു മാസം നടുന്നത് 5-ാം തിയ്യതിയും 25-ാം തിയ്യതിയും ആയാല്‍ ഒരേ മാസത്തിന്‍റെ വ്യത്യസ്ത സമയത്ത് വാഴപ്പഴങ്ങള്‍ നമുക്ക് വീട്ടിലെ തീന്‍മേശയിലെത്തിക്കാം. വാഴപ്പഴങ്ങള്‍ പഴമായി ഉപയോഗിക്കുമ്പോള്‍ വാഴപ്പിണ്ടി, വാഴച്ചുണ്ട് തുടങ്ങിയ വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ വേറെയും നമുക്ക് ഉറപ്പിക്കാം. ഇങ്ങനെ നടുമ്പോള്‍ 12 മാസത്തിലായി വിവിധ ഇനങ്ങളുടെ രണ്ട് വാഴത്തൈ എന്ന കണക്കില്‍ 24 വാഴയാണ് വീട്ടുവളപ്പില്‍ ഉണ്ടാവുന്നത്. ഇത്രയും വാഴയ്ക്ക് നിലനില്‍ക്കാന്‍ 2.5 സെന്‍റ് സ്ഥലം ധാരാളം മതി.

മേല്‍പ്പറഞ്ഞ കൃഷികള്‍ക്ക് വളമായി ബയോഗ്യാസ് പ്ലാന്‍റുള്ളവര്‍ ബയോഗ്യാസ് സ്ലറി വെള്ളം ചേര്‍ത്ത് ഒഴിച്ചുകൊടുക്കാം. കൂടാതെ കപ്പലണ്ടി പിണ്ണാക്ക്, എല്ലുപൊടി ചേര്‍ത്ത് പുളിപ്പിച്ച് വെള്ളം ചേര്‍ത്ത് കടയില്‍ ഒഴിച്ചുകൊടുക്കാം. കാര്യമായ രാസവളപ്രയോഗമോ, മറ്റു രാസവസ്തുക്കളുടെ ഉപയോഗമോ ഇത്തരം കൃഷിക്ക് ആവശ്യമില്ല.

ചെറിയ തോതിലുള്ള കീടരോഗ ആക്രമണങ്ങള്‍ പ്രകൃതി തന്നെ മിത്രകീടങ്ങളെ ഉപയോഗിച്ച് നിയന്ത്രിക്കും. വാണിജ്യകൃഷി അല്ലാത്തതിനാല്‍ ലാഭം എന്നതിനേക്കാളും ഗുണമേന്മയുള്ള സുരക്ഷിതമായ ഭക്ഷ്യ ഉല്പന്നം എന്നതിലായിരിക്കണം നമ്മുടെ ശ്രദ്ധ.

മേല്‍പ്പറഞ്ഞ കൃഷികളെല്ലാം വിജയിച്ചു നടപ്പാക്കുന്ന ഒരു വീട്ടുവളപ്പ് സങ്കല്‍പ്പിച്ചുനോക്കുക. അവിടെ തൊടിയില്‍ ഏതു സമയത്തും എന്തെങ്കിലും പച്ചക്കറിയോ പഴവര്‍ഗ്ഗമോ വിളവെടുപ്പിനു തയ്യാറായി നില്‍ക്കുന്നുണ്ടാകും. മലയാളിയുടെ ഹര്‍ത്താലോ, തമിഴന്‍റെ പച്ചക്കറിവണ്ടി വരവോ നമ്മുടെ അടുക്കളയെ ബാധിക്കില്ല.

പോഷകദായകമായ നാടന്‍ പച്ചക്കറികള്‍ നമ്മുടെ അടുത്ത തലമുറയ്ക്ക് സീസണ്‍ അനുസരിച്ച് നമുക്ക് ലഭ്യമാക്കുകയും ചെയ്യാം. ആസൂത്രണം ചെയ്യുന്നതിന്‍റെ മറ്റൊരു ഗുണം ഒരേ ഇനം പച്ചക്കറി മാത്രം തൊടിയില്‍ ലഭ്യമായാലുള്ള ആവര്‍ത്തന വിരസത ഒഴിവാക്കുക കൂടിയാണ്. ഇങ്ങനെ ആസൂത്രണം ചെയ്താല്‍ എല്ലാ മാസവും വാഴപ്പഴം (വൈവിധ്യമാര്‍ന്നത്), പപ്പായ (പച്ചക്കറിയായും, പഴമായും), ഇരുമ്പന്‍ പുളി, ഏപ്രില്‍-മെയ് മാസത്തില്‍ ചക്ക, മാങ്ങ (പഴമായും, പച്ചക്കറിയായും) മഴക്കാലങ്ങളില്‍ വിവിധ പച്ചക്കറികള്‍, തണുപ്പുകാലത്ത് ശീതകാല പച്ചക്കറികള്‍ എന്നിങ്ങനെ തരുന്ന ഒരു അക്ഷയഖനിയായി നമ്മുടെ വീട്ടുവളപ്പിനെ മാറ്റാന്‍ നമുക്കു കഴിയുന്നു.

ഇതുകൂടാതെ സ്കൂള്‍കുട്ടികളേയും ഇതിന്‍റെ ഭാഗമാക്കിയാല്‍ കുട്ടികള്‍ക്ക് വ്യക്തിത്വ വികാസത്തിനും അത് ഗുണം ചെയ്യും.

ഏതു പ്രതിസന്ധി ഘട്ടത്തിലും ഒരു കിലോ കോവയ്ക്കയും അരക്കിലോ വഴുതനയും രണ്ട് പപ്പായയും ഒരു പടല പഴവും വിഷരഹിതമായ കറിവേപ്പിലയും പച്ചമുളകും നമ്മുടെ വീട്ടുവളപ്പില്‍ വിളവെടുപ്പിനു പാകമായി നില്‍ക്കുന്നുണ്ടെന്നത് ഏതൊരു വ്യക്തിയ്ക്കും ആത്മാഭിമാനത്തിനും ആത്മവിശ്വാസത്തിനും സര്‍വ്വോപരി ദീര്‍ഘകാല ആരോഗ്യസൗഖ്യത്തിനും അടിത്തറ പാകും.

കടപ്പാട് :
സുജിത് പി.ജി.
കൃഷി ഓഫീസര്‍ കുഴൂര്,

English Summary: steps to farming of fruits and vegetables at home

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds