Technical

മണ്ണും വെള്ളവും സംരക്ഷിക്കുന്ന കൃഷി രീതികള്‍

മണ്ണും വെള്ളവും സംരക്ഷിച്ചു കൊണ്ട്  കൃഷി ചെയ്യുന്നതാണ്  നാളേക്ക് വേണ്ടി നമുക്ക് ചെയ്യാൻ സാധിക്കുന്ന കാര്യം. ശാസ്ത്രീയമായ കൃഷി രീതികളിലൂടെ പുരയിടത്തില്‍ നിന്നും മഴ വെള്ളം ഒഴുകി നഷ്ടപ്പെടാതെ സാവധാനം മണ്ണിലേക്ക് താഴ്ത്താം. അതിനുള്ള കൃഷി  രീതികൾ ഏതൊക്കെ ആണെന്ന് നോക്കാം. 
1. കോണ്ടൂര്‍ കൃഷി

 ഭുമിയുടെ ചരിവിനു കുറുകെ കോണ്ടൂര്‍ വരമ്പിന് സമാന്തരമായി കൃഷി ചെയ്യുന്നതിനെ കോണ്ടൂര്‍ കൃഷി എന്ന് പറയുന്നു. മഴ വെള്ളം പിടിച്ചു നിര്‍ത്തുകയും. ജലം മണ്ണിലേക്ക് ഊര്‍ന്നിറങ്ങി മണ്ണ് ഒലിപ്പ് കുറയ്ക്കുകയും ഭുമി കൂടുതല്‍ കൃഷി യോഗ്യമാക്കുകയും ചെയുന്നു.

2. ബഹുതല കൃഷി

ഉയരം കൂടിയതും കുറഞ്ഞതുമായ സസ്യങ്ങള്‍ നിശ്ചിത രീതിയില്‍ കൃഷി ചെയ്യുന്ന സമ്പ്രദായമാണിത്. സസ്യങ്ങള്‍ തമ്മില്‍ സൂര്യ പ്രകാശത്തിനോ വായുവിനോ വെള്ളത്തിനോ പോഷകങ്ങള്‍ക്കോ വേണ്ടിയുള്ള മത്സരം ഉണ്ടാകുന്നില്ല, മാത്രമല്ല രോഗ-കീടാക്രമണം കുറയ്ക്കുകയും പരിപാലനം. താരതമ്യേന എളുപ്പമാവുകയും ചെയുന്നു.

3. ഇടവരികൃഷി

മണ്ണ് ഒലിപ്പ് തടയുന്ന വിളകളും, മണ്ണിളക്കല്‍ ആവശ്യമുള്ള വിളകളും ഒന്നിടവിട്ടുള്ള വരികളില്‍ കൃഷി ചെയ്യുന്ന സമ്പ്രദായമാണ് ഇടവരികൃഷി. താരതമ്യേന ചരിവ് കുറഞ്ഞ പ്രദേശത്താണ് ഈ മാര്‍ഗം ഫലപ്രദം.

4. സമ്മിശ്ര കൃഷി

പ്രകൃതി വിഭവ സംരക്ഷണത്തിനും കര്‍ഷകന്‍റെ വരുമാനം വര്‍ധിപ്പിക്കാനും ഉതകുന്ന കൃഷി രീതിയാണിത്. ആഴത്തില്‍ വേരുകളുള്ള വിളകളോടൊപ്പം ഉപരിതലത്തില്‍ വ്യാപിക്കുന്ന വേരുകളുള്ള വിളകള്‍ ഒരുമിച്ചു കൃഷി ചെയ്യാം.

5. ഇടവിള കൃഷി

തെങ്ങിന്‍ തോപ്പുകളിലും മറ്റും വിളകള്‍ക്കിടയില്‍ ധാരാളം സ്ഥലം ലഭിക്കുന്നു . സൂര്യ പ്രകാശവും മണ്ണിലെ ഈര്‍പ്പവും ഉപയുക്തമാക്കി വിവിധ തരത്തിലുള്ള വിളകള്‍ കൃഷി ചെയ്യാവുന്നതാണ് . മണ്ണില്‍  കൂടുതല്‍ ആവരണം സൃഷ്ടിക്കുന്നതോടൊപ്പം കര്‍ഷകന്‍റെ വരുമാനവും വര്‍ധിക്കുന്നു.

6. പുതയിടല്‍

 കൃഷി ഭുമിയിലെ ചപ്പുചവറുകള്‍, പച്ചില വള ചെടികള്‍ എന്നിവ ഇട്ടു മണ്ണിനു ആവരണം സൃഷ്ടിക്കുന്നതാണ് പുതയിടല്‍. മണ്ണിലെ ജലാംശം നിലനിര്‍ത്തുകയും ജീര്‍ണിക്കുമ്പോള്‍ ജൈവാംശമായി മാറുകയും ചെയ്യുന്നു. അങ്ങനെ മണ്ണിലെ ജൈവ ഘടകങ്ങളും സൂക്ഷ്മ ജീവികളും വര്‍ധിച്ചു മണ്ണിനെ ഫലസംപുഷ്ടമാക്കുന്നു.

7. വിള പരിവര്‍ത്തനം

ഒരേ സ്ഥലത്ത് ഓരോ പ്രാവശ്യവും വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നത് മണ്ണിന്‍റെ ജലാഗിരണ ശേഷിയും വിഭവ സംരക്ഷണ ശേഷിയും വര്‍ധിപ്പിക്കുകയും രോഗ-കീടാക്രമണങ്ങള്‍ കുറയ്ക്കുകയും ചെയ്യും. വ്യതസ്ത കുടുംബത്തില്‍പ്പെട്ട വിളകള്‍ കൃഷി ചെയുന്നതാണ് ഉചിതം. 

8. പുല്‍കൃഷി

പുല്‍കൃഷി ചെലവു കുറഞ്ഞ ഒരു മണ്ണ് സംരക്ഷണ മാര്‍ഗമാണ്. മണ്ണിന്‍റെ ജലാഗിരണ ശേഷി വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല മണ്‍തരികളെ കൂട്ടിയോജിപ്പിച്ച് വേരുപടലങ്ങള്‍ മണ്ണൊലിപ്പ് തടയുന്നു. തീറ്റപ്പുല്‍ വച്ചു പിടിപ്പിച്ചാല്‍ കാലിത്തീറ്റയായി കൂടി ഉപയോഗിക്കാം

9. ആവരണവിളകള്‍

തോട്ടങ്ങളില്‍ ആവരണ വിളകള്‍ വളര്‍ത്തിയാല്‍ മഴത്തുള്ളികള്‍ നേരിട്ട് മണ്ണില്‍ പതിച്ചു മണ്ണ് ഒലിപ്പ് ഉണ്ടാകുന്നതു തടയാം. വിവിധ തരം പയര്‍ വര്‍ഗത്തില്‍പ്പെട്ട ചെടികളാണ് ഉപയോഗിക്കുന്നത് . ഇത് കര്‍ഷകന് അധിക വരുമാനം നേടികൊടുക്കുകയും മണ്ണിലെ നൈട്രജന്‍റെ അളവ് വര്‍ധിപ്പിക്കുകയും ചെയുന്നു.
10. ജൈവവേലികള്‍

 ചരിവുകള്‍ക്ക് കുറുകെ സസ്യങ്ങള്‍ വേലിപോലെ നിരയായി വച്ച് പിടിപ്പിക്കുന്നതാണ് ജൈവവേലികള്‍. ശീമക്കൊന്ന, സുബാബുള്‍, മുരിങ്ങ, ഔഷധ സസ്യങ്ങള്‍ തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. പച്ചിലവളമായും കാലിത്തീറ്റയായും, പുതയിടാനും മറ്റും ഇവ ഉപയോഗിക്കാമെന്നുമാത്രമല്ല , കര്‍ഷകന് വരുമാന മാര്‍ഗവുമാണ്‌.
11. തരിശ് നിരയിടല്‍

 ചരിവിനെതിരെ ഇടയ്ക്കിടെ കുറച്ചു സ്ഥലം കൃഷി ചെയ്യാതിരിക്കുക എന്ന രീതിയാണിത്. കൃഷി ചെയ്യാതെ തരിശിടുന്ന ഭാഗത്ത്‌ പുല്ലും മറ്റും യഥേഷ്ടം വളരാന്‍ അനുവദിക്കണം. ഇത് മണ്ണിന്‍റെ ഫലപുഷ്ടി വര്‍ധിപ്പിക്കുന്നതിനു കാരണമാകും. കൃഷി ചെയ്യുന്ന ഭാഗത്ത്‌ നിന്നും ഇളകിയ മണ്ണ് ഒലിച്ചു പോകാതെ ഈ സ്ഥലത്ത് നിക്ഷേപിക്കപ്പെടുന്നു.
12. സീറോ ടില്ലേജ്

വിളവെടുപ്പിനു ശേഷം ബാക്കി നില്‍ക്കുന്ന സസ്യാവശിഷ്ടങ്ങള്‍ നിലനിര്‍ത്തി, മണ്ണിളക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ചെയ്യാതെ വിത്തിടുന്ന ഒരു സംബ്രദായമാണിത് . മണ്ണിലെ ജലാംജലാംശം സംരക്ഷിക്കുന്നതിനും മണ്ണ്ഒലിപ്പു തടയാനും ഇത് സഹായിക്കും.
13. കാര്‍ഷിക വനവത്കരണം

അനുയോജ്യമായ ഇനം വൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുക വഴി മണ്ണിനെ ഉറപ്പിച്ചു സംരക്ഷിക്കുവാന്‍ കഴിയും. അധിക വരുമാനവും ലഭിക്കും. വിവിധ ഗുണങ്ങളുള്ളതും വിളകളെ പ്രതികൂലമായി ബാധിക്കാത്തതുമായ വൃക്ഷങ്ങള്‍ ഇതിനായി തെരഞ്ഞെടുക്കണം. 
SR

Share your comments