Technical

എന്താണ് ഫ്രീ സ്റ്റാള്‍ ഫാമിങ്: ഡോ. കെ മുരളീധരന്‍

Free Stall farmingവിദേശരാജ്യങ്ങളില്‍ ഫ്രീ സ്റ്റാള്‍ ഫാമിങ് സാധാരണമാണ്. അവിടത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഫാമിങ് രീതിയാണത്. ഞാനത് ഇവിടത്തെ കാലാവസ്ഥയ്ക്ക് അനുകൂലമായ രീതിയില്‍ മാറ്റി പരീക്ഷിച്ചു. ഫാമിങില്‍ സാധാരണയായി ഉപയോഗിക്കുന്നത് ടൈറ്റ് സ്റ്റാളാണ്. ആ രീതി ഒന്ന് മാറ്റി പരീക്ഷിക്കാനുള്ള ശ്രമമാണ് അയിരൂരിലെ ഫാമില്‍ നടത്തിയത്. ഇതിന്റെ ഗുണം എന്നുപറയുന്നത് ഒരു ഗ്രൂപ്പ് പശുക്കളെ ഒന്നിച്ച് വളര്‍ത്തിയാല്‍ അദ്ധ്വാനം കുറയ്ക്കാം എന്നുള്ളതാണ്. ഒരു പശുവിന് വേണ്ട ചെലവും സമയവും മതി പത്ത് പശുവിനെ നോക്കാനും. മാനേജ്‌മെന്റ് ഈസിയാണ്. ചെലവ് കുറയ്ക്കാം.


കാട്ടുജീവികള്‍ കുളിക്കുന്നില്ല. അവര്‍ അവയുടെ വിസര്‍ജ്ജനത്തില്‍ കിടക്കാറുമില്ല. അവയുടെ വിസര്‍ജ്യവും മറ്റും മണ്ണില്‍തന്നെ ലയിച്ചുചേരുന്നു. അതേ രീതിയാണ് ഫ്രീ സ്റ്റാള്‍ ഫാമിംഗിലും പിന്തുടരുന്നത്. മൃഗങ്ങള്‍ക്ക് കുളി ഒരു പ്രധാനഘടകമല്ല. മൃഗങ്ങളുടെ ശരീരത്തില്‍ പ്രകൃതിദത്തമായ എണ്ണ ഉല്പാദിപ്പിക്കപ്പെടും. ഈ എണ്ണ മൃഗങ്ങള്‍ക്ക് രോഗപ്രതിരോധശേഷി ഉണ്ടാക്കുന്നതാണ്. കുളിപ്പിക്കുമ്പോള്‍ എണ്ണ അവയുടെ ശരീരത്തില്‍നിന്ന് നഷ്ടമാവുകയും രോഗം വരാന്‍ സാധ്യത കൂടുകയുമാണ്. അതുകൊണ്ട് പശുവിനെ കറക്കുന്നതിനു മുന്‍പ് വെള്ളമുപയോഗിച്ച് അകിട് നന്നായി വൃത്തിയാക്കിയാല്‍ മാത്രം മതി.


അതുപോലെ അവയുടെ ഭക്ഷണകാര്യത്തിലും ഏറെ കൃത്യത പാലിക്കണം. ശരിയായ ആഹാരം കൃത്യമായ അളവില്‍ എന്നതാണ് പ്രധാനം. പശുവിന്റെ വയറുനിറയ്ക്കാന്‍ വേണ്ടി വലിച്ചുവാരി കൊടുക്കേണ്ട കാര്യമില്ല. പശുവിന്റെ പ്രായം, വളര്‍ച്ച, ഭാരം, ശരീരഘടന, പാലുല്‍പാദനം, ദഹനശേഷി തുടങ്ങി പലവിധ കാര്യങ്ങള്‍ വിലയിരുത്തിവേണം അവയ്ക്ക് ഭക്ഷണം കൊടുക്കാന്‍.


പശുവളര്‍ത്തലില്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് നാലുകാര്യങ്ങളാണ്. ഭക്ഷണം, കറവ, ശുചീകരണം, കുട്ടികളെ വളര്‍ത്തല്‍. നാലാമത്തെ കാര്യത്തില്‍ ആദ്യം മുതലേ ശ്രദ്ധിക്കണം. ഫാമിങിന്റെ അടിസ്ഥാനശ്രദ്ധ തുടങ്ങേണ്ടതും പശുക്കുട്ടികളില്‍ നിന്നാണ്. ഈ സമയം മുതല്‍ ശ്രദ്ധിച്ചാല്‍ പാലിന്റെ ഉല്പാദനം കൂട്ടാം. കേരളത്തില്‍ ആരും ഇത് ശ്രദ്ധിക്കുന്നില്ല. ഇതാണ് നമ്മുടെ രാജ്യവും വിദേശരാജ്യങ്ങളും തമ്മിലുള്ള വ്യത്യാസം. അവര്‍ പശു കുട്ടിയാകുമ്പോഴേ വേണ്ട പരിചരണവും ശ്രദ്ധയും കൊടുക്കുന്നു. അതിനനുസരിച്ച് അവര്‍ക്ക് ഉല്പാദനം കൂടുതല്‍ കിട്ടുന്നു. ലഭിക്കുന്ന പാലിന്റെ അളവില്‍ വളരെ കൂടുതല്‍ വര്‍ദ്ധനയുണ്ടാകും. ഒരു പശുവിനെ വാങ്ങുമ്പോള്‍ എത്ര ലിറ്റര്‍ പാല്‍ കിട്ടും എന്നല്ല നോക്കേണ്ടത്. നമുക്ക് വരുന്ന ചെലവും പാലിന്റെ അളവും കഴിഞ്ഞ് കിട്ടുന്ന ലാഭം എത്രയുണ്ടെന്നാണ് നോക്കേണ്ടത്.


ഇപ്പോള്‍ ടൈറ്റ് സ്റ്റാളിലും പുതിയ പരീക്ഷണങ്ങള്‍ ഞാന്‍ നത്തുന്നുണ്ട്. ഇന്ത്യമൊത്തം ഫാമിങിനെ കുറിച്ച് ക്ലാസ്സുകളും സെമിനാറുകളും എടുക്കാറുണ്ട്. വിദേശങ്ങളിലെ ഫാമിങ് ആശയം കേരളത്തിന്റെ കാലാവസ്ഥയ്ക്കും രീതിയ്ക്കും അനുസരിച്ച് മാറ്റിയെടുത്ത് കേരളത്തില്‍ അതിന് വേരോട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ചെയ്യുന്നത്.
(ഡോ: കെ. മുരളീധരന്‍ - 8547640019)
(തയ്യാറാക്കിയത്- ധന്യ. എംടി.)


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox