വരള്‍ച്ചയെ പ്രതിരോധിക്കാന്‍

Wednesday, 19 September 2018 01:11 PM By KJ KERALA STAFF

 

കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് തോട്ടവിളകള്‍. പ്രത്യേകിച്ചും തെങ്ങും, കമുകും. മണ്ണിന്റെ ഘടന, കാലാവസ്ഥ എന്നിവയ്ക്കനുസൃതമായി 1000 മില്ലി മീറ്റര്‍ മുതല്‍ 4500 മില്ലി മീറ്റര്‍ വരെ വാര്‍ഷിക വര്‍ഷ പാതമുളള പ്രദേശങ്ങളില്‍ ഇവ കൃഷി ചെയ്യാം. ശാസ്ത്രീയ പരിപാലന മുറകളും ശരിയായ ജലസേചന മാര്‍ഗ്ഗങ്ങളും അവലംബിക്കുന്ന തെങ്ങിന്‍ തോട്ടങ്ങളില്‍ തെങ്ങൊന്നിന് 100 മുതല്‍ 150 വരെ നാളികേരം ലഭ്യമാകുന്നു. എന്നാല്‍ കേരളത്തിലെ ശരാശരി ഉത്പാദനം തെങ്ങൊന്നിന് 30 നാളികേരം മാത്രമാണ്.

വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ ആവശ്യമായ ജലം ലഭിക്കേണ്ടത് തെങ്ങിന്റെയും കമുകിന്റെയും ശരിയായ വളര്‍ച്ചയ്ക്കും ഉദ്പാദനത്തിനും അത്യന്താപേക്ഷിതമാണ്. രൂക്ഷമായ ജലക്ഷാമം, തെങ്ങോലകള്‍ ഒടിഞ്ഞു പോകുന്നതിനും കൂടുതല്‍ മച്ചിങ്ങ പൊഴിഞ്ഞു പോകാനും ഇടയാക്കുന്നു. വരള്‍ച്ചമൂലം തെങ്ങില്‍ പെണ്‍പൂക്കളുടെ എണ്ണം കുറയുന്നു. കൂടാതെ പെണ്‍പൂക്കള്‍ മിക്കതും പരാഗണശേഷിയില്ലാതെ വന്ധ്യവും ആയിത്തീരുന്നു. വെളളം ആവശ്യത്തിനില്ലാത്ത ഇടങ്ങളില്‍ വളരുന്ന തെങ്ങുകളില്‍ ഓലകളുടെ എണ്ണം താരതമ്യേന കുറവായിരിക്കും. തേങ്ങയുടെ സജീവമായ വളര്‍ച്ചാഘട്ടത്തിലുണ്ടാകുന്ന വരള്‍ച്ച, അതിന്റെ വലിപ്പത്തെയും കൊപ്രയുടെ ഗുണനിലവാരത്തെയും പ്രതികൂലമായി ബാധിക്കുന്നു. നനച്ചു വളര്‍ത്തുന്ന തെങ്ങുകള്‍ 6 മുതല്‍ 8 വരെ കുലകള്‍ കൂടുതല്‍ തരുന്നതായി കണ്ടുവരുന്നു. കൂടാതെ തെങ്ങിന്‍ തൈകള്‍ ശരിയാം വണ്ണം നനച്ച് വളര്‍ത്തിയാല്‍ അവ വേഗത്തില്‍ വളരുകയും പുഷ്പിക്കുകയും ചെയ്യും.

കേരളത്തില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം കോഴിക്കോട് ജില്ലകളില്‍ വ്യാപകമായി കൃഷിചെയ്യപ്പെടുന്ന ഒരു തോട്ടവിളയാണ് കമുക്. തെങ്ങിനെക്കാളേറെ വരള്‍ച്ചയോട് പ്രതികരിക്കുന്ന ഒരു വിളയാണിത്. വരള്‍ച്ച ബാധിച്ച കമുക് വീണ്ടും പൂര്‍വ്വ സ്ഥിതിയിലാകാന്‍ വര്‍ഷങ്ങളെടുത്തേക്കാം. തീവ്രമായ വരള്‍ച്ച കമുകിന്റെ നാശത്തിനും ഇടയാക്കിയേക്കാം.

രൂക്ഷമായ വരള്‍ച്ചയില്‍ നിന്നും തോട്ടവിളകളെ സംരക്ഷിക്കുന്നതിനും അതുവഴി ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും ജലസേചനം കൂടിയേ തീരൂ. തെങ്ങിനും കമുകിനും ജലസേചനം നടത്തുമ്പോള്‍ മൂന്നു കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം.

1. ജലസേചനത്തിന്റെ സമയം
2. ജലസേചനത്തിന്റെ അളവ്
3. വിളയ്ക്ക് ഏറ്റവും അനുയോജ്യവും ഗുണകരവുമായ ജലസേചനാരീതി.

അടിക്കടി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍, അതുമൂലമുണ്ടാകുന്ന മഴയുടെ ഏറ്റക്കുറച്ചിലുകള്‍, ഭൂപ്രകൃതി തുടങ്ങിയവയൊക്കെ ജലസേചനത്തെ ബാധിക്കുന്ന ഘടകങ്ങളാണ്. സാധാരണയായി ഒരു ചെടിയുടെ വളര്‍ച്ചയ്ക്കാവശ്യമായ വെളളത്തിന്റെ അളവ് അതിന്റെ ബാഷ്പീകരണം സ്വേദന തോതിന് അനുസൃതമായിരിക്കും. കാലവസ്ഥ, മണ്ണ്, സസ്യയിനം, ജലസേചനരീതി എന്നിവയൊക്കെ പരിഗണിച്ചാണ് ചെടിയുടെ ശരിയായ വളര്‍ച്ചയ്ക്കും ഉയര്‍ന്ന ഉത്പാദനത്തിനും ആവശ്യമായ വെളളത്തിന്റെ അളവ് കണക്കാക്കുന്നത്. പ്രായപൂര്‍ത്തിയായ ഒരു തെങ്ങില്‍ നിന്നുമുളള ശരാശരി ജലനഷ്ടം ദിനംപ്രതി 40 ലിറ്ററോളമാണെന്നും വരള്‍ച്ചാകാലത്തെ ജലാവശ്യകത പ്രതിദിനം 28 മുതല്‍ 45 ലിറ്റര്‍ വരെയാണെന്നും ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. അതേസമയം കമുകിന് പ്രതിദിനം ശരാശരി 15 മുതല്‍ 20 ലിറ്റര്‍ വരെയാണ് വെളളം വേണ്ടത്.

drip irrigation

ഇനം, വളര്‍ച്ചാഘട്ടം, മണ്ണ് തരം, ഭൂഘടന എന്നിവയൊക്കെ അനുസരിച്ച് കൊടുക്കേണ്ട വെളളത്തിന്റെ അളവില്‍ വ്യത്യാസമുണ്ടാകും. ഉദാഹരണത്തിന് പൂഴിമണലുളള ചരിഞ്ഞ പ്രദേശങ്ങളിലുളള സസ്യങ്ങള്‍ക്ക് കൂടുതല്‍ ജലം ആവശ്യമായി വരും.

പാകിയ വിത്തു തേങ്ങയ്ക്ക്

വിത്തു തേങ്ങ കുഴിച്ചിടുമ്പോള്‍ ചുറ്റും ഈര്‍പ്പമുണ്ടെങ്കില്‍ പെട്ടെന്ന് മുള പൊട്ടുന്നതിനും വളരുന്നതിനും സഹായകമാകുന്നു. ജൂണ്-ജൂലൈ മാസങ്ങളില്‍ പാകുന്ന വിത്തുതേങ്ങ മുളപൊട്ടി വളരുന്നതിനനുസരിച്ച് നവംബര്‍ മുതല്‍ മെയ് വരെയുളള മാസങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളിലോ മൂന്നു ദിവസത്തിലൊരിക്കലോ നനച്ചു കൊടുക്കേണ്ടതാണ്. നഴ്‌സറികളില്‍ ഹോസ് ഉപയോഗിച്ചുളള നനയോ സ്പ്രിഗ്ലര്‍ ജലസേചനരീതിയോ അനുവര്‍ത്തിക്കാവുന്നതാണ്.

തെങ്ങിന്‍ തൈകള്‍ക്ക്

ആഴ്ചയില്‍ രണ്ടു തവണയായി 40 ലിറ്റര്‍ വെളളം വീതം നല്‍കുന്നത് തെങ്ങിന്‍ തൈകളുടെ ദ്രുതഗതിയിലുളള വളര്‍ച്ചയ്ക്ക് അനുയോജ്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. പൂര്‍ണ വളര്‍ച്ചയെത്തിയ തെങ്ങിന് നവംബര്‍ മുതല്‍ മെയ് വരെയുളള കാലയളവിലാണ് നന ഏറ്റവും ആവശ്യം. 1.8 മുതല്‍ 2 മീറ്റര്‍ വരെ വ്യാസാര്‍ധമുളള തടങ്ങളില്‍ ഹോസ് ഉപയോഗിച്ചു നനയ്ക്കുന്ന രീതിയാണ് കൂടുതല്‍ കണ്ടുവരുന്നത്. മണ്ണ് തീരെ ഉണങ്ങുന്നതിനു മുമ്പ് നന തുടങ്ങണം. ചെങ്കല്‍ മണ്ണിലും പശിമരാശി മണ്ണിലും എട്ടോ പത്തോ ദിവസം കൂടുമ്പോള്‍ 900 മുതല്‍ 1000 ലിറ്റര്‍ വെളളം കൊടുക്കേണ്ടി വരുമ്പോള്‍ വീര്‍വാര്‍ച്ച കൂടിയ മണല്‍ മണ്ണില്‍ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ 400 മുതല്‍ 500 ലിറ്റര്‍ ജലമാണ് കൊടുക്കേണ്ടത്. വെളളത്തിന്റെ അളവിന് മാത്രമല്ല, ജലസേചനം നടത്തുന്ന തവണകള്‍ക്കും പ്രാധാന്യമുണ്ട്.

കൃഷിയ്ക്കും കൃഷിയിടത്തിനും ഗുണകരമായ ജലസേചന രീതി നടപ്പിലാക്കുന്നത് ജല ലഭ്യത, ഉറവിടം, ഭൂപ്രകൃതി, കര്‍ഷകന്റെ സാമ്പത്തിക നില തുടങ്ങി പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നു. തുറന്ന തോടുകളിലൂടെ വെളളം എത്തിച്ചുളള തടം നനയോ പരത്തി നനയോ ആയിരുന്നു പരമ്പരാഗതമായി തെങ്ങിന്‍ തോപ്പുകളിലും കമുക് തോട്ടങ്ങളിലും നടത്തിപ്പോന്നിരുന്നത്. പൈപ്പുകള്‍ ഉപയോഗിച്ചോ ഹോസ് ഉപയോഗിച്ചോ നനയ്ക്കുന്ന രീതിയാണ് ഇപ്പോള്‍ കൂടുതല്‍ കണ്ടുവരുന്നത്. പലവിധത്തിലുളള ജലനഷ്ടം കാരണം ഇത്തരം ജലസേചനസമ്പ്രദായങ്ങള്‍ക്ക് കൂടുതല്‍ വെളളം ആവശ്യമായി വരുന്നു. കൂടാതെ നിക്ഷാളനം അഥവാ ലീച്ചിംഗ് മൂലം പോഷകങ്ങളുടെ ഭാരിച്ച നഷ്ടവും അനുഭവപ്പെടുന്നു. മനുഷ്യധ്വാനവും കൂലിച്ചെലവും തരതമ്യേന കൂടുതലുമാണ്

സ്പ്രിഗ്ലര്‍ ജലസേചനം (തെളി നന )

സ്പ്രിഗ്ലര്‍ - പെര്‍ഫോ ജലസേചന സമ്പ്രദായങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയുളളവയാണ്. എന്നാല്‍ ഇത്തരം സമ്പ്രദായങ്ങള്‍ കൃഷി ഭൂമിയിലെമ്പാടും വെളളം ചിതറിത്തെറിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുന്നവയാകയാല്‍ സാന്ദ്രത കൂടിയ കൃഷി സമ്പ്രദായങ്ങള്‍ക്കും ഇടവിള, മിശ്രിത കൃഷിരീതികള്‍ക്കുമാണ് ഏറെ അനുയോജ്യം.

തേകി ഒഴിക്കല്‍

ജലസേചന-ജലനിര്‍ഗമന ചാലുകളില്‍ വെളളം സംഭരിച്ച് മണ്ണിലേക്ക് ഊര്‍ന്നിറങ്ങാന്‍ അനുവദിച്ചുകൊണ്ടാണ് പരമ്പരാഗത രീതിയില്‍ കമുകിന്‍ തോട്ടങ്ങളില്‍ ജലസേചനം നടത്തിയിരുന്നത്. ചാലുകളില്‍ നിന്ന് ജലം തോട്ടങ്ങളിലേക്ക് തേകി വിടുന്ന സമ്പ്രദായവും സാധാരണയായിരുന്നു. അടുത്ത കാലത്തായി സ്പ്രിംഗ്‌ളര്‍ ജലസേചന സമ്പ്രദായമാണ് കൂടുതല്‍ കര്‍ഷകരും അനുവര്‍ത്തിക്കുന്നതായി കണ്ടുവരുന്നത്. പക്ഷെ ഇത്തരം ജലസേചന സമ്പ്രദായങ്ങളിലെല്ലാം30 മുതല്‍ 50 ശതമാനം വരെ ജലം വൃക്ഷത്തിന്റെ വേരു പടലത്തിലേക്ക് എത്തിച്ചേരാതെ നഷ്ടമാകുന്നതായി കണ്ടിട്ടുണ്ട്.

കണിക ജലം (തുളളി നന)

ഒറ്റവിളയായി തെങ്ങോ കമുകോ കൃഷിചെയ്യുന്ന തോട്ടങ്ങളില്‍ അനുവര്‍ത്തിക്കാന്‍ ഉതകുന്ന ഏറ്റവും കാര്യക്ഷമമായ ജലസേചന സമ്പ്രദായമാണ് ഡ്രിപ് ഇറിഗേഷന്‍ അഥവാ കണിക ജലസേചന മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ കാര്യക്ഷമവും ചെലവു കുറഞ്ഞതുമാണ്. ഇതുവഴി 30 മുതല്‍ 75 ശതമാനം വരെ വെളളം ലാഭിക്കാന്‍ കഴിയുന്നു. കൂടാതെ ഏതുതരം കാലാവസ്ഥയ്ക്കും മണ്ണിനും വെളളത്തിനും പരിസ്ഥിതിയ്ക്കും യോജിക്കുകയും ചെയ്യും. കണിക ജലസേചന സമ്പ്രദായം വഴിയായി കൃഷിഭൂമിയിലെ എല്ലാ സസ്യങ്ങള്‍ക്കും ഒരേ പോലെ ആവശ്യമായ കൃത്യമായ അളവിലുളള വെളളം നല്‍കാനും കഴിയുന്നു. ഇവിടെ കളകളുടെ വളര്‍ച്ചയും കുറവായിരിക്കും. പൂഴിമണല്‍ പ്രദേശങ്ങള്‍, കൂടുതല്‍ നീര്‍വാര്‍ച്ചയുളള സ്ഥലങ്ങള്‍, കുന്നും കുഴികളുമുളള ഭൂപ്രദേശങ്ങള്‍എന്നിവിടങ്ങളില്‍ ഇത്തരം സമ്പ്രദായം ഏറെ യോജിച്ചതാണ്. തെങ്ങിന് ഉപ്പുവെളളം പോലും കണിക ജലസേചനം വഴി ഉപയോഗപ്പെടുത്താമെന്ന് പഠനങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ജലത്തിലലിയുന്ന വളങ്ങള്‍ കാര്യക്ഷമമായി സസ്യങ്ങളുടെ വേരുപടലത്തിലേക്ക് എത്തിക്കുകയുമാവാം. തെങ്ങിന് ദിനം പ്രതി 40 മുതല്‍ 50 ലിറ്രര്‍ വെളളവും കമുകിന് 15 മുതല്‍ 20 ലിറ്റര്‍ ആണ് കണിക ജലസേചന സമ്പ്രദായം നല്‍കേണ്ടത്.

ഫെര്‍ട്ടിഗേഷനും ഓട്ടോമേഷനും

വെളളത്തില്‍ ലയിക്കുന്ന വളങ്ങള്‍ കണിക ജലസേചന സമ്പ്രദായത്തിലൂടെ ചെടികളുടെ വേരു പടലത്തിലേക്ക് നേരിട്ടെത്തിക്കുന്ന രീതിയാണ് ഫെര്‍ട്ടിഗേഷന്‍. കൂടുതല്‍ കാര്യക്ഷമമായും ഫലപ്രദമായും വളം നല്‍കാന്‍ ഈ രീതി സഹായകമാണ്. ഇതില്‍ വളത്തിന്റെ അളവ് 40 മുതല്‍ 60 ശതമാനം വരെ കുറവ് മതിയാകുമെന്ന് പഠനങ്ങള്‍ തെളിയിടച്ചിട്ടുണ്ട്. കണിക ജലസേചനവും മറ്റു സൂക്ഷ്മ ജലസേചന രീതികളും സ്പ്രിംഗ്‌ളറുകളും മറ്റും പൂര്‍ണമായും ഓട്ടോമാറ്റിക്കായി മാറ്റാനുളള സാങ്കേതക വിദ്യയും ഇന്ന് ലഭ്യമാണ്. മണ്ണിലെ ഈര്‍പ്പത്തിന്റെ തോത് സെന്‍സറുകളിലൂടെ അറിഞ്ഞ് ജലസേചന സംവിധാനം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കാനും നിര്‍ത്തുവാനും ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ച് സാധിക്കും. ജി.പി.എസ്, ജി. ഐ.എസ്, ജി.ഐ.എസ്, ഹൈപ്പര്‍ സ്‌പെക്ടറല്‍ ഇമേജിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളുപയോഗിച്ച് ഓരോ ചെറു തുണ്ടു ഭൂമിക്കും അതിലെ വിളകള്‍ക്കും ആവശ്യമായ വെളളവും വളവും കാര്യക്ഷമതയോടെ നല്‍കാന്‍ കഴിയുന്ന പ്രസിഷന്‍ അഗ്രിക്കള്‍ച്ചര്‍ രീതി കൂടുതല്‍ പ്രദേശങ്ങളില്‍ വ്യാപകമായി വരുന്നു.

പുതയിടീല്‍

ജലസേചനത്തോടൊപ്പം തന്നെ മണ്ണിലെ ഈര്‍പ്പം നില നിറുത്തുന്നതിനായി വിവിധ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണെങ്കില്‍ വരള്‍ച്ചയുടെ കാഠിന്യത്തില്‍ നിന്ന് വിളകളെ പൂര്‍ണമായും സംരക്ഷിക്കാനാകും. തെങ്ങിന്‍ തടത്തില്‍ ഉണങ്ങിയ തെങ്ങോല, തോല്, ചപ്പു ചവറ്, ചകിരിച്ചോറ്, തൊണ്ട് തുടങ്ങിയവ കൊണ്ട് പുതയിടുന്നത് ഏറെ നല്ലതാണ്. തെങ്ങൊന്നിന് 50 കിലോഗ്രാമോളം ജൈവവളമോ തോലോ മറ്റോ ഇടുന്നത് തെങ്ങിന്‍ തടത്തിലെ ജലസംഭരണശേഷി വര്‍ദ്ധിപ്പിക്കും.

തൊണ്ടടുക്കല്‍

തെങ്ങിന്‍ തടത്തിലോ തെങ്ങിന്‍നിരകള്‍ക്കിടയില്‍ കിടങ്ങുകീറിയോ തൊണ്ടടുക്കുന്നത് മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഒരു തടത്തില്‍ 1000 തൊണ്ടുവരെ മലര്‍ത്തി വച്ച് അടുക്കാവുന്നതാണ്. തൊണ്ടിന് അതിന്റെ ഭാരത്തിന്റെ ആറിരട്ടി വരെ ജലം ശേഖരിച്ചു വയ്ക്കാന്‍ കഴിയും. ഇടയ്ക്കു കിട്ടുന്ന മഴയോ ജലസേചനമോ വഴിയുളള ഈര്‍പ്പം പിടിച്ചു വച്ച് ക്രമേണ തെങ്ങിന് ഉപയോഗപ്പെടുത്താന്‍ ഇവ സഹായകമാകുന്നു. ഏഴെട്ടു വര്‍ഷം വരെ ഇതിന്റെ പ്രയോജനം കിട്ടുകയും ചെയ്യും.

ഇടവിളകൃഷി

ഇടവിളകൃഷി സമ്പ്രദായവും ആവരണ വിളകള്‍ കൃഷി ചെയ്യുന്നതും മണ്ണിന്റെ ഊഷ്മാവ് കുറയ്ക്കുകയും മഴവെളളം മണ്ണില്‍ത്തന്നെ പിടിച്ചു നിര്‍ത്തുകയും ചെയ്യുന്നു. ചരിഞ്ഞ പ്രദേശത്താണ് കൃഷി ചെയ്യുന്നതെങ്കില്‍ ചരിവിനു കുറുകെ കയ്യാലകള്‍ കെട്ടുന്നതും വരമ്പുകളും കിടങ്ങുകളുമുണ്ടാക്കുന്നതും നീരൊഴുക്കിന്റെ വേഗത കുറയ്ക്കുകയും കൂടുതല്‍ വെളളം മണ്ണിലേക്കിറങ്ങുകയും ചെയ്യുന്നു. വരമ്പുകളില്‍ രാമച്ചമോ മറ്റു പുല്ലിനങ്ങളോ വെച്ചു പിടിപ്പിക്കുന്നതും തെങ്ങിനിടയില്‍ കോണ്ടൂര്‍ അടിസ്ഥാനത്തില്‍ കൈതച്ചക്ക കൃഷിചെയ്യുന്നതും തല്‍സ്ഥല ജലപരിപാലനത്തിന് ഏറെ നല്ലതാണ്. ചെറിയ കഷ്ണങ്ങളായി മുറിച്ച കമുകിന്‍ പാള, ഓല, ചപ്പു ചവറ്, തോല് തുടങ്ങിയവകൊണ്ട് പുതയിടുന്നത് കമുകിന്‍ തോട്ടങ്ങളില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ ഏറെ സഹായകരമാണ്. മണ്ണിരക്കമ്പോസ്റ്റ്, ചകിരിച്ചോറ്, കമ്പോസ്റ്റ് തുടങ്ങി വിവിധ തരത്തിലുളള കമ്പോസ്റ്റ് വളങ്ങള്‍ കൃഷി ഭൂമിയില്‍ നല്‍കുന്നത് മണ്ണിന്റെ ഘടന നന്നാക്കുകയും ജലാഗിരണശേഷിയും സംഭരണശേഷിയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ഡോ. മനോജ് പി. സാമുവല്‍

CommentsMore from Technical

വരള്‍ച്ചയെ പ്രതിരോധിക്കാന്‍

വരള്‍ച്ചയെ പ്രതിരോധിക്കാന്‍ കേരളത്തിന്റെ കാര്‍ഷിക സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് തോട്ടവിളകള്‍. പ്രത്യേകിച്ചും തെങ്ങും, കമുകും. മണ്ണിന്റെ ഘടന, കാലാവസ്ഥ എന്നിവയ്ക്കനുസൃതമായി 1000 മില്ലി മീറ്റര്‍ മുതല്‍ 4500 മില്ലി മീറ്റര്‍ വരെ വാര്‍ഷിക വര്‍…

September 19, 2018

ഇനി കിണര്‍ റീചാര്‍ജ് ചെയ്യാം

ഇനി കിണര്‍ റീചാര്‍ജ് ചെയ്യാം വീട്ടുമുറ്റത്ത് എന്നും ഇളനീരുപോലുള്ള തെളിനീര് ചുരത്തുന്ന കിണര്‍ ഒരു ശരാശരി മലയാളിയുടെ മനോജ്ഞ സങ്കല്പമാണ്. അതുകൊണ്ടാണല്ലോ വീടിന് സ്ഥലം വാങ്ങുമ്പോള്‍ ജലലഭ്യതയുള്ള സ്ഥലം തന്നെ തെരഞ്ഞെടുക്കുന്നത്.

June 19, 2018

എന്താണ് കിണര്‍ റീച്ചാര്‍ജിംഗ് ?

എന്താണ് കിണര്‍ റീച്ചാര്‍ജിംഗ് ? മഴയുള്ള സമയത്ത് മേല്‍ക്കൂരയില്‍ നിന്നും മഴവെള്ളം പാത്തികളില്‍ക്കൂടി ശേഖരിച്ചു കിണറിനു മുകള്‍വശത്തായി എടുത്ത കുഴികളിലേക്കോ അല്ലെങ്കില്‍ ഫില്‍റ്റര്‍ വഴി നേരിട്ട് കിണറുകളിലേക്കോ ഇറക്കുന്ന രീതിയാണ്‌ ഇത്.

May 17, 2018


FARM TIPS

കൊമ്പൻചെല്ലിയെ തുരത്താൻ

November 03, 2018

തെങ്ങിനെ ബാധിക്കുന്ന നിരവധികീടങ്ങളിൽ പ്രധാനപ്പെട്ടതാണ് കൊമ്പൻ ചെല്ലി തെങ്ങുകളെ ആക്രമിക്കുന്ന ഇവ വണ്ട് വർഗത്തിൽപ്പെട്ട പറക്കാൻ കഴിവുള്ള ഒരു .ഷഡ്പദമാണിത…

ചേമ്പിനു വിത്തായി തള്ളച്ചേമ്പും പിള്ളച്ചേമ്പും ഉപയോഗിക്കാം.

October 22, 2018

ചെറു ചേമ്പിന്റെ വിളവെടുപ്പിന് ഒരു മാസം മുന്‍പ് ചെടിയുടെ ഇലകള്‍ കൂട്ടിക്കെട്ടി ചുവട്ടില്‍ വളച്ച് മണ്ണിടുകയും നന നിര്‍ത്തുകയും ചെയ്താല്‍ കിഴങ്ങുകള്‍ കൂട…

പച്ചക്കറി കൃഷിക്ക് ചില നാടൻ നുറുങ്ങുകൾ

October 22, 2018

മുളകു വിത്തു പാകമാകുമ്പോള്‍ അതോടൊപ്പം കുറച്ച് അരിപ്പൊടി കൂടി വിതറിയാല്‍ വിത്തു നഷ്ടം ഒഴിവാക്കാവുന്നതാണ്. മുളകിന്റെ കുരുടിപ്പ് മാറ്റുവാന്‍ റബര്‍ ഷീറ…


CopyRight - 2018 Krishi Jagran Media Group. All Rights Reserved.