മാലിന്യ സംസ്കരണം നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ വെല്ലുവിളിയാണ് . മാലിന്യ സംസ്കരണത്തിനു പല രീതികൾ നിലവിലുണ്ടെങ്കിലും ഹാനികരമായ വാതകങ്ങൾ പുറത്തുവിടാത്തതും, വളരെ വേഗത്തിൽ മാലിന്യങ്ങളെ വളമാക്കുകയും ചെയ്യുന്ന മാലിന്യ സംസ്കരണ രീതികൾക്കു വേണ്ടിയുള്ള അന്വേഷങ്ങൾ നടന്നുകൊണ്ടേയിരിക്കുന്നു. കേരളത്തിൽ പ്രചാരമാർജ്ജിച്ചുകൊണ്ടിരിക്കുന്ന ഒരു കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി മാലിന്യസംസ്കരണ മാതൃക. കേരള വെറ്ററിനറി സർവ്വകലാശാലയിലെ അദ്ദ്യാപകനായ ഡോ. ഫ്രാൻസിസ് സേവ്യറുടെ നേതൃത്വത്തിലാണ് ഈ എയ്റോബിക്ക് കമ്പോസ്റ്റിങ്ങ് മാതൃക പരീക്ഷണനിരീക്ഷണങ്ങൾ നടത്തി വികസിപ്പിച്ചത്.
വായു കടത്തിവിടുന്ന ചുറ്റുമതിലുകളോടെ നിർമ്മിക്കുന്ന ടാങ്കുകളിൽ അടുക്കുകളായി നിക്ഷേപിക്കുന്ന ജൈവ മാലിന്യങ്ങൾ 40 മുതൽ 90 ദിവസത്തിനകം വളമായി മാറുന്നു. യദേഷ്ടം കടന്നുപോകുന്ന വായുവിന്റെയും മാലിന്യങ്ങളുടെ മുകളിലെ അടുക്കായി നിക്ഷേപിക്കുന്ന ചാണകത്തിലെ സൂക്ഷമജീവികളുടേയും സഹായത്തോടെ മൃഗങ്ങളുടെ മൃതശരീരം വരെ ദ്രവിപ്പിച്ച് വളമാക്കാനുതകുന്ന കമ്പോസ്റ്റിങ്ങ് രീതിയാണ് തുമ്പൂർമുഴി . ഈ രീതിയിൽ ഹരിത വാതകങ്ങൾ ഏറ്റവും കുറവ് ബഹിർഗമിപ്പിക്കുന്നു. 70 ഡിഗ്രി വരെ ഉയരുന്ന താപനില രോഗകാരികളായ സൂക്ഷ്മ ജീവികളെയും പരാദങ്ങളേയും നശിപ്പിക്കുന്നു. പരിസ്ഥിതി സൗഹൃദപരവും ദുർഗന്ധം തീരെ ഇല്ലാത്തതുമാണ് ഈ കമ്പോസ്റ്റിംഗ് രീതി . സൗകര്യമായ രീതിയിൽ ലഭ്യമായ വസ്തുക്കൾ കൊണ്ട് ടാങ്ക് നിർമിക്കാമെന്നതും വളരെ കുറച്ചു സ്ഥലമേ ഇതിനു വേണ്ടിവരുന്നുള്ളൂ എന്നതും തുമ്പൂർമുഴി കമ്പോസ്റ്റിംഗ്ൻറെ പ്രത്യേകതയാണ്.
Share your comments