തട്ടുകടയിലെ ബജി വാങ്ങി കഴിക്കാത്തവരായി പുതു തലമുറക്കാർ ആരും കാണില്ല. മുട്ടബജി, കായബജി, മുളകു ബജി അങ്ങനെ നിരവധി ബജികൾ. എരിവ് ഇഷ്ടപ്പെടുന്നവർ മുളക് ബജിയായിരിക്കും താൽപര്യപ്പെടുക. ബജി തയ്യാറാക്കുന്ന മുളകിന് വലിയ എരിവില്ല എങ്കിൽ കൂടിയും മുളക് എന്നത് ചിലർക്ക് ഇഷ്ടവിഭവമാണ്. അക്കൂട്ടർ മുളകു ബജി വാങ്ങിക്കഴിക്കാൻ ഇനി മെനക്കെടേണ്ട. ബജി മുളക് വീട്ടിൽ വളർത്തി മുളക് ബജി വീട്ടിൽത്തന്നെയുണ്ടാക്കാം.
വലിയ മുളകു കൊണ്ടാണ് ഇതു തയാറാക്കുന്നത്. നമ്മുടെ വീട്ടിലെ അടുക്കളത്തോട്ടത്തിലും മുറ്റത്തും പറമ്പിലും എല്ലാം ബജി മുളക് വളര്‍ത്താവുന്നതേയുള്ളൂ. ഗ്രോബാഗിലും ചട്ടിയിലും കൂടി ബജി മുളക് നന്നായി വളരും.
കൃഷി രീതി
മെയ്- ജൂണ്‍ , ആഗസ്റ്റ് – സെപ്റ്റബര്‍ മാസങ്ങളാണ്് ബജി മുളകു കൃഷി ചെയ്യാന്‍ ഏറ്റവും ഉത്തമം. ബജി മുളക് വിത്ത് പാകി മുളപ്പിച്ചാണ് കൃഷി ചെയ്യുക. വിത്ത് പാകുന്നതിനു മുന്‍പ് അര മണിക്കൂര്‍ സ്യൂഡോമോണോസ് ലായനിയില്‍ ഇട്ടു വെക്കുന്നത് നല്ലതാണ്, വിത്തുകള്‍ വേഗം മുളച്ചു വരാനും രോഗങ്ങളെ പ്രതിരോധിക്കാനുമിതു സഹായിക്കും. സ്യൂഡോമോണോസ് പൊടി രൂപത്തിലും ദ്രാവക രൂപത്തിലും വിപണിയില്‍ ലഭ്യമാണ്. വിത്തില്‍ മുക്കി വെക്കാന്‍ മാത്രമല്ല, തൈകള്‍ പറിച്ചു നടുമ്പോള്‍ വേരുകള്‍ സ്യൂഡോമോണോസ് ലായനിയില്‍ മുക്കി നടുന്നതും നല്ലതാണ്. വിത്തുകള്‍ പാകിയ ശേഷം മിതമായി നനച്ചു കൊടുക്കണം. രണ്ടു മൂന്ന് ആഴ്ച പാകമാകുമ്പോള്‍ പറിച്ചു നടാം. ടെറസ്സിലാകുമ്പോള്‍ ഗ്രോ ബാഗ് ആണ്കൃഷിക്ക് നല്ലത്. മണ്ണും ഉണങ്ങിയ ചാണകപ്പൊടി, ഉണങ്ങിയ ആട്ടിന്‍ കാഷ്ട്ടം, ഉണങ്ങിയ കരിയില ഇവ ഉപയോഗിച്ചു ഗ്രോ ബാഗ് തയ്യാറാക്കാം. മണ്ണ് ലഭിക്കാന്‍ പ്രയാസം ആണെങ്കില്‍ ചകിരിച്ചോര്‍ ഉപയോഗിക്കാം. നടീല്‍ മിശ്രിതത്തില്‍ കുറച്ചു വേപ്പിന്‍ പിണ്ണാക്ക് / കപ്പലണ്ടി പിണ്ണാക്ക് കൂടി ചേര്‍ക്കുന്നത് നല്ലതാണ്.
കീടബാധ
വെള്ള രോഗമാണ് മുളക് ചെടിയെ പ്രധാനമായും ബാധിക്കുന്ന ഒരു കീടം. ശക്തിയായി വെള്ളം പമ്പ് ചെയ്തും ഇലകളില്‍ വെളിച്ചെണ്ണ പുരട്ടിയും ഇതിനെ ഒരു പരിധി വരെ ഇല്ലാതാക്കാം. മൂന്നു മാസത്തിനുള്ളില്‍ വിളവ് എടുക്കാം.
Share your comments