Flowers

ഡാലിയ - പ്രതിബദ്ധതയുടെ പുഷ്പം

ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രണ്ടാമത്തെ സസ്യ കുടുംബമായ ആസ്റ്ററേഷ്യേയില്‍ മനോഹര പുഷ്പങ്ങള്‍ വിടര്‍ത്തുന്ന ഒരു കുറ്റിച്ചെടിയുണ്ട്. അതാണ് ഡാലിയ. കുറ്റിച്ചെടികള്‍ക്കു പുറമെ ഈ സസ്യകുടുംബത്തിന് വള്ളികളും മരങ്ങളും ഉണ്ട്. ജീവിതത്തില്‍ ഉടനീളം പുഷ്പിക്കുന്ന ഡാലിയയുടെ ആയുസ്സ് രണ്ടു വര്‍ഷമാണ്.മെക്‌സിക്കോയുടെ ദേശീയപുഷ്പമാണ്  ഡാലിയ. ആന്ദ്രേ ഡാലിന്‍ എന്ന സ്വീഡിഷ് സസ്യ ശാസ്ത്രഞ്ജന്റെ ഓര്‍മയ്ക്കായാണ് ഈ പൂച്ചെടിയ്ക്ക് ഡാലിയ എന്ന് പേരിട്ടത്.

ഇനങ്ങള്‍ അനേകം:

daliya

ചട്ടികളിലും തറയിലും ഒരുപോലെ വളര്‍ത്താവുന്ന ഡാലിയ ചെടി ഏഴു വിഭാഗമുണ്ട്.

1) കൂര്‍ത്ത മുനമ്പും രണ്ടോ മൂന്നോ നിര ദളങ്ങളുമുള്ള ചെറിയ നക്ഷത്ര പൂക്കള്‍ . ദളങ്ങളുടെ അരികു പിറകോട്ടു വളഞ്ഞിരിക്കും. ഉള്‍ഭാഗം നേരിയ കുഴിയോടെ കാണപ്പെടും. മധ്യഭാഗത്തു ഡിസ്‌ക്ക് പോലുള്ള ഭാഗമുണ്ട്. വൈറ്റ് സ്റ്റാര്‍ നക്ഷത്ര പൂക്കള്‍ കേരളത്തില്‍ കൂടുതല്‍ പ്രചാരം ഉണ്ട്.    

2) ഒരു പെന്‍കുഷന്റ രൂപഭംഗിയുളള അനിമോണ്‍ പൂക്കള്‍. ചുറ്റുമായി ഒരു നിര ആര പുഷ്പകം കാണുന്നു. അവ മദ്ധ്യഭാഗത്തു കാണുന്ന കുഴല്‍ പോലുള്ള നീളമുള്ള പുഷ്പകങ്ങളുടെ ചുറ്റുമായാണ് കാണുന്നത്. കോമെറ്റ് എന്ന ഇനത്തിനാണ് പ്രചാരം. 

3) മധ്യഭാഗത്തുള്ള ഡിസ്‌കിനു ചുറ്റുമായി ആരപുഷ്പകങ്ങള്‍ ഒരു വളയംപോലെ രൂപം കൊണ്ടിരിക്കുന്ന കോളാറിട്ടെ . പുറത്തുകാണുന്ന പുഷ്പകങ്ങളുടെ പകുതി വലിപ്പമേ അവയ്ക്കുള്ളൂ. സാധാരണയായി ആ ഒരു നിരയുടെ നിറവും വ്യത്യാസമായിരിക്കും. ലേഡിഫ്രണ്ട്, സ്‌കാര്‌ലൈ റ്റ്ക്വീന്‍ എന്നിവയാണു പ്രചാരത്തിലുള്ള ഇനങ്ങള്.

4)  രണ്ടോ മൂന്നോ നിര പുഷ്പകങ്ങള്‍ മദ്ധ്യഭാഗത്തെ ഡിസ്‌കിനു ചുറ്റുമായി  പരന്നു കാണുന്ന പിയോണി. 

5) വളരെയധികം പ്രചാരമുള്ള ഡെക്കറേറ്റീവ് ഇനം പൂര്‍ണ മായും ഡബിള്‍ ഇനങ്ങളാണ്. വിവിധ നിറത്തിലും വലിപ്പത്തിലും ചുരുണ്ടുകാണപ്പെടുന്ന ഈ വിഭാഗത്തില്‍ വലുത്, ചെറുത്, മദ്ധ്യമം,  തീരെ ചെറുത് എന്നും നാലായി തരംതിരിച്ചിട്ടുണ്ട് .ലിബറേറ്റര്‍, പീറ്റര്‍ റാംസേ, പീസ്, ഹൗസ് ഓഫ് ഓറഞ്ച്, ഓറഞ്ച് ബര്‍മാസ്, ചൈനീസ് ലാന്റ്‌റേലണ്‍, മേരി റിച്ചാര്‍ഡു എന്നിവയാണു പ്രധാന ഇനങ്ങള്‍.

6) ഉരുണ്ടു മുഴുവന്‍ പുഷ്പങ്ങള്‍ കൊണ്ട് മൂടിയിരിക്കുന്നു ഡബിള്‍ ഇനമാണ്
പോംപണ്‍. മദ്ധ്യഭാഗത്തെ പുഷ്പകങ്ങള്‍ പുറമേ കാണുന്നവയില്‍ നിന്നും അല്പം ചെറുത്. പുഷ്പകങ്ങളുടെ അരികു അകത്തേയ്ക്കു വളഞ്ഞു കാണുന്നു. 

7) മധ്യഭാഗത്ത് ഡിസ്‌ക് ഇല്ലാത്ത ഒരു ഇനമാണ് കാകറ്റ്‌സ്. ദളങ്ങള്‍ ഉള്ളിലേയ്ക്ക് വളഞ്ഞിരിക്കും. താഴെ നിന്നു മുകളിലേയ്ക്കു ദളങ്ങള്‍ നേര്‍ത്തു വരും. ഇത് പൂവിനു നക്ഷത്രത്തിന്റെ രൂപഭംഗി നല്കുന്നു. ദളങ്ങളുടെ അരിക് ചെറുതായി പിളര്‍ന്നു കാണുന്നു. വലുത്, ചെറുത്, മദ്ധ്യമം, തീരെ ചെറുത് എന്നും നാലായി തിരിച്ചിട്ടുണ്ട്. സില്‍വര്‍ വെഡ്ഡിംഗ്, നിറ്റ, കാപി സ്റ്റാന്റ് മുതലായവ. 

ഡാലിയ വളര്‍ത്താം

കേരളത്തില്‍ സെപ്റ്റംബര്‍- ഒക്ടോബര്‍ മാസം ഡാലിയ നടാം. തണലും വെള്ളക്കെട്ടും ഇല്ലാത്ത വളക്കൂറും നല്ല അയവുമുള്ള ഏതു മണ്ണിലും ഇത് വളരും. ധാരാളം പൂക്കളുമുണ്ടാകും. ചട്ടിയില്‍ മണ്ണും പൊടിഞ്ഞ കാലിവളവും 2.1 എന്ന അനുപാതത്തില്‍ ചേര്‍ക്കണം. 

വിത്ത്, കിഴങ്ങ്, കമ്പ്  എന്നിവയില്‍ നിന്നും ഡാലിയ വളര്‍ത്തിയെടുക്കാം. ഉയരം കുറഞ്ഞ ചട്ടികളില്‍ മണ്ണുനിറച്ച് അതില്‍ നേര്‍മയില്‍ വിത്തു പാകി മണ്ണിനുമുകളിലായി ഉണങ്ങിപ്പൊടിഞ്ഞ കരിയില വിതറി നനച്ചുകൊടുക്കണം. മൂന്നോ നാലോ ആഴ്ച മതി വിത്തു മുളയ്ക്കാന്‍. 
 
ഇനങ്ങളുടെ ഉയരം അനുസരിച്ച് 60 മുതല്‍ 100 സെ.മീ. വരെ അകലത്തില്‍ ഡാലിയ നടാം. ചെടികള്‍ വേരു പിടിച്ചു കഴിഞ്ഞാല്‍ ഒരു ടേബിള്‍ സ്പൂണ്‍ 17.17.17 രാസവളമിശ്രിതം ചേര്‍ക്കാം. തണ്ടില്‍ നിന്ന് അല്പം മാറി വേണം വളം വിതറാന്‍. തുടര്‍ന്ന് മണ്ണ് നന്നായി ഇളക്കി നനച്ചുകൊടുക്കണം. ഒരു ചതുരശ്രമീറ്ററിനു അഞ്ചു കിലോഗ്രാം ചാണകപ്പൊടിയും ഒരു തടത്തിനു ഒരു കൈ എല്ലുപൊടിയും ചേര്‍ക്കാം. ചെടി വളരുന്നതനുസരിച്ച് എല്ലാ മാസവും ചാണകെപ്പാടിയും എല്ലുപൊടിയും ചേര്‍ക്കാം . ചെടി പുഷ്പിക്കാന്‍ ആരംഭിക്കുമ്പോള്‍ ഒരു തവണകൂടി രാസവളമിശ്രിതം നല്‍കണം. 


Related Link: https://malayalam.krishijagran.com/farming/flowers/daliya/
ചെടി ധാരാളം പുഷ്പിക്കാന്‍ പ്രധാനതണ്ടിന്റെി അറ്റംമുറിച്ച് നാലോ അഞ്ചോ ഉപശാഖകള്‍ മാത്രം വളരാന്‍ അനുവദിക്കുക.
നട്ട് അഞ്ചു മാസത്തിനകം ചെടി പുഷ്പിക്കുന്നത് അവസാനിക്കും. വാടിയ പൂക്കളും ഇലകളും അപ്പപ്പോള്‍ നീക്കം ചെയ്യുകയും ചുവട്ടിലെ മണ്ണു ഇളക്കികൊടുക്കുകയും ഉണക്ക ചാണകപ്പൊടി ചുവട്ടില്‍ ഇട്ടുകൊടുക്കുകയും ചെയ്താല്‍ ചെടികള്‍ കുറെനാള്‍ കൂടി പുഷ്പിക്കുന്നത് നിര്‍ബാധം തുടരും. എന്നാല്‍ ക്രമേണ പൂക്കളുടെ വലിപ്പം കുറഞ്ഞുവരും.

ചെടി മറിഞ്ഞു പോകാതിരിക്കാന്‍ താങ്ങുകമ്പു നാട്ടാം. പൂക്കാലം കഴിഞ്ഞാല്‍ ചെടി ഉണങ്ങിത്തുടങ്ങും. അപ്പോള്‍ മണ്‍നിരപ്പില്‍ നിന്നു കുറച്ചു മുകളിലായി തണ്ടു മുറിക്കണം. ശേഷം കുറച്ചു ദിവസം അങ്ങനെ നിര്‍ത്തിയേക്കണം. അതിനുശേഷം കിഴങ്ങിനു കേടുപാടു ഉണ്ടാകാതെ മണ്ണില്‍ നിന്നു ഇളക്കിയെടുക്കണം. അതില്‍ പറ്റിയിരിക്കുന്ന മണ്ണും മറ്റും നീക്കി വൃത്തിയാക്കി മണ്‍പാത്രത്തിലോ പെട്ടിയിലോ മണല്‍ നിറച്ച് അതില്‍ സൂക്ഷിക്കാം. ഈ വിത്തു കിഴങ്ങുകള്‍ അടുത്തവര്‍ഷം നടാന്‍ ഉപയോഗിക്കാം.

മുഞ്ഞ, പുഴുക്കള്‍ തുടങ്ങിയ കീടങ്ങളെ അകറ്റാന്‍ മാലത്തിയോണ്‍ ഒരു മില്ലീലിറ്റര് ഒരു ലിറ്റര്‍ വെള്ളം എന്ന തോതി ലും കുമിള്‍ രോഗങ്ങളെ അകറ്റാന്‍ ബാവിസ്റ്റിനും തളിക്കാം. 


ബിന്ദു വിവേകാദേവി, അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്

Share your comments