Flowers

സുന്ദരി, സുഗന്ധി യൂക്കാരിസ്

ചുവട്ടിലെ ഉളളിക്കുടങ്ങളില്‍ നിന്ന് നീണ്ടു വളരുന്ന തണ്ടുകള്‍, തണ്ടില്‍ പറ്റിപ്പിടിച്ചിരിക്കുന്ന തിളങ്ങുന്ന കടും പച്ചനിറമുളള നീണ്ട വലിയ ഇലകള്‍, ഇലകള്‍ക്കിടയില്‍ നിന്നുയര്‍ന്ന പൂത്തണ്ടില്‍ മെഴുക് പുരട്ടി മിനുസപ്പെടുത്തിയതുപോലെ ഇതലുകളുളള തൂവെളള പൂക്കള്‍, ഇതൊക്കെയാണ് യൂക്കാരിസ് എന്ന ഉദ്യാന പുഷ്പിണിയുടെ പ്രത്യേകതകള്‍. അമാരില്ലിഡേസി എന്ന സസ്യകുലത്തിലെ അംഗമായ ഈ പൂച്ചെടി ബള്‍ബസ് പ്ലാന്റ്‌സ് എന്ന വിഭാഗത്തില്‍ പെടുന്നു. 

ആന്‍ഡിസ്, കൊളംബിയ എന്നീ രാജ്യങ്ങളിലെ നൈസര്‍ഗ്ഗിക വനപ്രദേശങ്ങളാണ് യൂക്കാരിസിന്റെ ജന്മദേശം. ആമസോണ്‍ ലില്ലി എന്നും ഇതിന് ഓമനപ്പേരുണ്ട്. ഈ ചെടി പരമാവധി 30-40 സെന്രീ മീറ്റര്‍ ഉയരത്തില്‍ വളരും. ഇലകള്‍ക്ക് ഏതാണ്ട 45 സെന്റീ മീറ്ററോളം നീളവുമുണ്ട്. നീണ്ട പൂത്തണ്ടില്‍ ഏകദേശം 5 മുതല്‍ ഏഴുവരെ പൂക്കള്‍ ഉണ്ടാകും. പൂക്കള്‍ പോലെ തന്നെ ഇതിന്റെ ഇലകളും ആകര്‍ഷകമാണ്. 

ഭാഗികമായ തണലെങ്കിലും ലഭിച്ചെങ്കിലേ യൂക്കാരിസ് യഥീസമയം പുഷ്പിക്കുകയുളളൂ എന്നോര്‍ക്കുക. പൂക്കള്‍ താരതമ്യേന ചെറുതാണെങ്കിലും അവയുടെ തൂവെളള നിറവും സുഗന്ധവും ആരുടെയും ശ്രദ്ധ പിടിച്ചു പറ്റും. തറയിലും ചട്ടിയിലും വളര്‍ത്താം. ചട്ടിയില്‍ വളര്‍ത്താന്‍ തയ്യാറാക്കുന്ന പോട്ടിംഗ് മിശ്രിതത്തില്‍ കഴിവതും കാലിവളം ഒഴിവാക്കുന്നതാണ് നല്ലത്. അല്‍പം മേല്‍മണ്ണും ഇലപ്പൊടിയും മണലും കലര്‍ത്തിയ മിശ്രിതമാണ് നടാന്‍ ഉപയോഗിക്കേണ്ടത്. ചട്ടിക്കു പുറമെ തറയില്‍ തടമൊരുക്കിയും യൂക്കാരിസ് നടാം. ചെടികള്‍ക്ക് നനയ്ക്കുന്നതും വളരെ ശ്രദ്ധാപൂര്‍വ്വം വേണം. നന അല്‍പം ഏറി എന്നു തോന്നിയാലുടന്‍ തന്നെ മണ്ണില്‍ അഥവാ ചട്ടിയില്‍ മണല്‍ ചേര്‍ക്കുക. ചെടിയുടെ ചുവട്ടിലെ ഉളളിക്കുടങ്ങളില്‍ നിന്ന് പൊട്ടിവളരുന്ന കന്നുകള്‍ (കുഞ്ഞുതൈകള്‍) ഇളക്കി നട്ടും യൂക്കാരിസ് വളര്‍ത്താം. 

യൂക്കാരിസിന്റെ പ്രധാന ഇനങ്ങള്‍ നിലവിലുണ്ട്. 'യൂക്കാരിസ് സാന്‍ഡെരി' ആണ് ഇതിലൊന്ന്. ഇത് കൊളംബിയ, ഇക്വഡോര്‍ എന്നീ സ്ഥലങ്ങളിലാണ് ജന്മം കൊണ്ടത്. വനത്തിലെ ആവാസവ്യവസ്ഥയില്‍ വളരുന്ന ഇത് ഉഷ്ണമേഖലാ കാലാവസ്ഥയിലും സസുഖം വളരും.

മറ്റൊരു പ്രധാന ഇനമാണ് യൂക്കാരിസ് ഗ്രാന്ഡിഫ്‌ളോറ. ക്രീം വെളളപ്പൂക്കളാണ് ഇതിന്റെ പ്രത്യേകത. നക്ഷത്രരൂപിയായ ഈ പൂവിന് ആറ് ഇതളും ഇതളുകളുടെ മധ്യഭാഗത്തായി പച്ചനിറമുളള കപ്പിന്റെ ആകൃതിയുമാണ്.യൂക്കാരിസ് പൂക്കളുടെ സുഗന്ധം അതിനെ അത്തര്‍നിര്‍മ്മാണത്തിലെ മുഖ്യഘടകമാക്കിയും മാറ്റിയിരിക്കുന്നു.

English Summary: Eucharis flower

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox