Flowers

ഉദ്യാത്തിലെ നക്ഷത്രപ്പൂക്കള്‍

ഉദ്യാനത്തില്‍ വര്‍ണ്ണക്കുപ്പായമിട്ട ചിത്രശലഭങ്ങള്‍ വരിവച്ചെത്തുന്നുണ്ടോ? എങ്കില്‍ ഒരു കാര്യം തീര്‍ച്ച. അവിടെ എവിടെയോ നക്ഷത്രപ്പൂക്കള്‍ എന്ന് ഓമനപ്പേരുളള പെന്റാസ് പുഷ്പങ്ങള്‍ കൂട്ടത്തോടെ വിടര്‍ന്നു വിലസി നില്‍പുണ്ട്. കടും പച്ചനിറത്തിമുളള ഇലകളും വര്‍ണ്ണാഭമായ പൂങ്കുലകളും ചേര്‍ന്ന ഒരു കുറ്റിച്ചെടി. അതാണ് പെന്റാസ് ലാന്‍സിയോലേറ്റ എന്ന സസ്യനാമത്തില്‍ അറിയപ്പെടുന്ന ഈ ഉദ്യാന പുഷ്പിണി. സ്റ്റാര്‍ ഫ്‌ളവര്‍, ഈജിപ്ഷ്യന്‍ സ്റ്റാര്‍ ക്ലസ്റ്റര്‍ എന്നും ഇതിന് വിളിപ്പേരുകളുണ്ട്. നമുക്ക് സുപരിചിതമായ തെറ്റിയുടെ കുടുംബാംഗമാണ് ഇതും. കുടുംബപ്പേര് 'റൂബിയേസിയേ'. നക്ഷത്രപ്പകിട്ടുളള കൊച്ചുപൂക്കളുടെ കൂട്ടം വിടര്‍ത്തുന്നതിലാവാം പെന്റാസിന് സ്റ്റാര്‍ ഫ്‌ളവര്‍ എന്ന് പേര് കിട്ടിയത്.

പൂന്തോട്ടത്തില്‍ അതിരുകള്‍ തീര്‍ക്കാനും പൂത്തടങ്ങളൊരുക്കാനും ചട്ടികളില്‍ വളര്‍ത്താനും അത്യാവശ്യം ഗൃഹാന്തര്‍ സസ്യങ്ങളാക്കി മാറ്റാനുമൊക്കെ പെന്റാസ് തീര്‍ത്തും അനുയോജ്യമാണ്.ആഫ്രിക്കക്കാരിയാണ് ഈ സുമസുന്ദരി. എങ്കിലും കേരളത്തിലെ ഉഷ്ണമേഖലാ കാലാവസ്ഥയില്‍ ഇത് നന്നായി വളര്‍ന്ന് പൂക്കള്‍ വിടര്‍ത്തുന്നതായാണ് അനുഭവം. പൂവിന് അഞ്ച് ഇതളുണ്ട്. അഞ്ചിതള്‍ പൂക്കളുടെ സഞ്ചയത്തിന് ക്യാന്‍വാസായിത്തീരുന്നത് കടും പച്ചനിറത്തില്‍ അഗ്രം കൂര്‍ത്ത്, ഞരമ്പുകള്‍ തെളിഞ്ഞ ഇലച്ചാര്‍ത്താണ്. പൂക്കള്‍ക്ക് പര്‍പ്പിള്‍, പാടലം, ചുവപ്പ്, വെളള, പിങ്ക്, വയലറ്റ് എന്നിങ്ങനെയുളള നിറങ്ങളോ ഇവയുടെ ഇടയ്ക്കുളള ഷെയ്ഡുകളോ ആകാം. ശിഖരത്തിന്റെ അഗ്രഭാഗത്തായാണ് പൂങ്കുലകള്‍ വിടരുക. 

 നട്ട ഇനത്തിന്റെ സ്വഭാവത്തെ ആശ്രയിച്ച് കുറ്റിച്ചെടി മുതല്‍ മൂന്നടിവരെ ഉയരത്തില്‍ ഇത് വളരാം. വിത്തും തണ്ടും ആണ് നടീല്‍ വസ്തുക്കള്‍. തണ്ടുമുറിച്ച് നട്ടുതന്നെ പുതിയ തൈ തയ്യാറാക്കാം. പോളിത്തീന്‍ കവറില്‍ മണലും ചാണകപ്പൊടിയും തുല്യ അളവില്‍ കലര്‍ത്തിയ പോട്ടിംഗ് മിശ്രിതം നിറച്ച് അതില്‍ ഇളം തണ്ടുകള്‍ മുറിച്ചു നടുക. എന്നിട്ട് തണലത്തു വച്ച് വേരു പിടിപ്പിക്കുക. ചെടി വളര്‍ന്ന് നാലാഴ്ച കഴിയുമ്പോള്‍ വേണ്ടത്ര കരുത്തോടെ വളര്‍ന്നുകഴിഞ്ഞാല്‍ ശിഖരങ്ങള്‍ ചിലത് കോതിയൊരുക്കണം. ചാണകപ്പൊടി, ഇലപ്പൊടി തുടങ്ങിയവ പെന്റാസിന് അനുയോജ്യമായ ജൈവവളങ്ങളാണ്.
   
മറ്റ് ഏതുതരം പൂച്ചെടികളുമായി ഇണങ്ങിപ്പോകും എന്നതാണ് പെന്റാസിന്റെ വേറൊരു പ്രത്യേകത. പുല്‍ത്തകിടികളോട് ചേര്‍ന്ന് ഇവ നട്ടുവളര്‍ത്തുന്നത് അത്യാകര്‍ഷകരമാണ്.പെന്റാസില്‍ നിരവധി സങ്കരയിനങ്ങള്‍ നിലവിലുണ്ട്. 'റെഡ് പെന്റാസ്' എന്നു പേരുളള കടും ചുവപ്പുനിറത്തില്‍ നക്ഷത്രപ്പൂക്കള്‍ വിടര്‍ത്തുന്ന ഇനം പണ്ടേ പ്രസിദ്ധമാണ്. ഇവയ്ക്ക് 'കട്ട് ഫ്‌ളവര്‍' എന്ന നിലയ്ക്കും ഡിമാന്റുമുണ്ട്. വളരെ വേഗം വളരുന്ന ഒരിനം കൂടിയാണിത്. ചട്ടിയിലായാലും തടത്തില്‍ അതിരുകളിലായാലും 'റെഡ് പെന്റാസ്' വേഗം നിറഞ്ഞു വളരും. മറ്റൊരു മികച്ച ഇനമാണ് 'നോവ'.

Share your comments