Flowers

ആദായപ്പൂക്കള്‍

Gerbara flowers

നീളന്‍ പൂത്തണ്ടിന്റെ അറ്റത്ത് വിവിധ വര്‍ണങ്ങളില്‍ നിറയെ ഇതളുകളുമായി ഉദയസൂര്യനെപ്പോലെ വിടര്‍ന്നു നില്‍ക്കുന്ന ജര്‍ബറ പൂക്കള്‍ നിഷ്‌കളങ്കതയുടെയും പരിശുദ്ധിയുടെയും പ്രതീകമാണ്. സൂര്യകാന്തി വര്‍ഗ്ഗത്തില്‍പ്പെട്ട ജര്‍ബറ ആഫ്രിക്കന്‍ ഡെയ്‌സി, ബാര്‍ബെര്‍റ്റോന്‍ ഡെയ്‌സി എന്നും അറിയപ്പെടുന്നു. ആഫ്രിക്കന്‍ സ്വദേശിയാണ്. ജര്‍മ്മന്‍ സസ്യശാസ്ത്രഞ്ജനായ ട്രൗഗോട്ട് ജര്‍ബറിന്റെ ഓര്‍മയ്ക്കായാണ് ഈ ചെടിക്ക് ജര്‍ബറ എന്നു പേരിട്ടത്. ദക്ഷിണഫ്രിക്കന്‍ സ്വദേശിയാണിത്. ലോകത്ത് ഇന്ന് പ്രചാരത്തിലുളള അഞ്ചാമത്തെ പ്രധാന പൂവാണ് ജര്‍ബറ. ചുവപ്പു നിറത്തിലുള്ള റൂബി റെഡ്, സാന്‍ഗ്രിയ, മഞ്ഞ നിറത്തിലുള്ള ഡോണി, സൂപ്പര്‍നോവ, മാമ്മത്, ടാലസ, റോസ് നിറത്തിലുള്ള റൊസാലിന്‍, സാല്‍വഡോര്‍, പിങ്ക് നിറത്തിലുള്ള പിങ്ക് എലഗന്‍സ്, മര്‍മറ, എസ്മര, ഓറഞ്ച് നിറത്തിലുള്ള കരേറാ, ഗോലിയാത്, മാരസോള്‍, ക്രീം നിറത്തിലുള്ള ഫരീദ, ദല്‍മാ, സ്‌നോഫ്‌ളേക്ക്, വിന്റര്‍ ക്വീന്‍ എന്നിവ ജര്‍ബറ ഇനങ്ങളാണ് .


വിത്തുപാകിയും ചുവടു മുറിച്ചു നട്ടും ജര്‍ബറ വളര്‍ത്താം. വിത്തുകള്‍ മുളച്ച് ഒന്നൊന്നര മാസമായാല്‍ പറിച്ചു നടാം. ചുവടു മുറിച്ചുനടീലാണ് എളുപ്പം. ടിഷ്യുകള്‍ച്ചര്‍ തൈ നട്ടും വാണിജ്യാടിസ്ഥാനത്തില്‍ ധാരാളം ജര്‍ബറ കൃഷി ചെയ്തുവരുന്നു.
നല്ല സൂര്യപ്രകാശം ലഭിക്കുന്ന നീര്‍വാര്‍ചയും വായു സഞ്ചാരവും വളക്കൂറുമുള്ള മണ്ണാണ് ജര്‍ബറക്ക് ഉത്തമം. എന്നാല്‍ കടുത്ത വേനല്‍ കാലത്തു ഷെയിഡ് നെറ്റുകള്‍ ഉപയോഗിക്കണം. ഉച്ചവരെ വെയില്‍ കിട്ടുന്ന ഉദ്യാനഭാഗങ്ങളില്‍ സങ്കര ഇനങ്ങള്‍ ചട്ടികളില്‍ വളര്‍ത്താം. മണ്ണ് നന്നായി കിളച്ച് 6-8 ആഴ്ച വരെ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടു മൂടി അണു വിമുക്തമാക്കിയ ശേഷവും തൈകള്‍ നടാം.

Gerbera flowers

ഏതു സീസണിലും ജര്‍ബറ നടാം. സെന്റിന് 10 കിലോ വേപ്പിന്‍ പിണ്ണാക്ക് മണ്ണുമായി കലര്‍ത്തി 1-2 മീറ്റര്‍ വീതിയില്‍ ഉയര്‍ന്ന തടങ്ങള്‍ എടുത്തു 30 സെ. മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാം. തടങ്ങള്‍ തമ്മിലും 30 സെ. മീറ്റര്‍ അകലം വേണം . 20:20:20 കൂട്ടുവളം 1.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഒന്നിരാടവും പൂവിട്ടു തുടങ്ങിയാല്‍ ദിവസേനയും നല്‍കണം. ഇതിനു പുറമെ ഒരു ചതുരശ്ര അടിക്ക് അര കിലോ സുല്‍ഫറ്റ് നല്‍കേണ്ടതുണ്ട്.
ജര്‍ബറക്ക് നന നിര്‍ബന്ധം. കൂടുതല്‍ വെള്ളം ചുവട്ടില്‍ തങ്ങാതെ പൂവാളി കൊണ്ട് കുറേശ്ശെ നനയ്ക്കുകയോ തുള്ളിനന രീതി ഏര്‍പ്പെടുത്തുകയോ ചെയ്യാം .
വായു സഞ്ചാരം സുഗമമാക്കാന്‍ മണ്ണിളക്കണം. ആദ്യ രണ്ടു മാസം വരെ ഉണ്ടാകുന്ന മൊട്ടുകള്‍ അടര്‍ത്തി മാറ്റാം. തുടര്‍ന്നു വിടരുന്ന മൊട്ടുകള്‍ മാത്രം വളരാന്‍ അനുവദിക്കുക. ഉണങ്ങിയ ഇലകള്‍ യഥാസമയം മാറ്റി തടം വൃത്തിയായി സൂക്ഷിക്കണം. നട്ട് മൂന്നാം മാസം മുതല്‍ വലിയ പൂക്കള്‍ കിട്ടും.

gerbera

നീരൂറ്റി കുടിക്കുന്ന പ്രാണികളെയകറ്റാന്‍ വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം ഇലയിലും തണ്ടിലും തളിക്കണം. പൂപ്പല്‍ രോഗം നിയന്ത്രിക്കാന്‍ ഒരു ഗ്രാം ബാവിസ്റ്റിന്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കാം. ജൈവവളങ്ങള്‍ ദ്രവരൂപത്തില്‍ നല്‍കുന്നതും ചെടിയെ ചെറുപ്രാണികളുടെ ആക്രമണത്തില്‍നിന്നു രക്ഷിക്കും.
പൂത്തണ്ട് ചെടിയില്‍നിന്നു മുറിച്ചെടുക്കുന്നതിനു പകരം രണ്ടു വശങ്ങളിലേക്ക് ചരിച്ചു പൊട്ടിച്ചെടുക്കണം. ആഴ്ചയില്‍ രണ്ടുതവണ വിളവെടുക്കാം. നന്നായി പരിപാലിച്ചാല്‍ ഒരു ചെടിയില്‍ നിന്ന് ഒരുവര്‍ഷം 50 പൂക്കള്‍ വരെ കിട്ടും. പൂവൊന്നിന് ശരാശരി 3 രൂപ. ഒരു ചെടിയില്‍ നിന്ന് 150 രൂപ. ആയിരം ചതുരശ്ര കിലോമീറ്ററില്‍ 10,000 ചെടി നട്ടാല്‍ വര്‍ഷം 15 ലക്ഷം രൂപ വരുമാനം. സുദീര്‍ഘമായ സൂക്ഷിപ്പു കാലമുളളതിനാല്‍ കട്ട്ഫ്‌ളവര്‍ വ്യവസായത്തില്‍ ജര്‍ബറ നിര്‍ബന്ധം ചേരുവയാണ്. ഏതു മുറിക്കും ഉദ്യാനത്തിനും വര്‍ണ്ണപ്രഭ ചൊരിയാന്‍ ജര്‍ബറ പൂക്കള്‍ക്ക് കഴിഞ്ഞു. ടേബിള്‍ അറേജ്‌മെന്റില്‍ കട്ട്ഫ്‌ളവര്‍ ആയും ലാന്‍ഡ്‌സ്‌കേപ്പിങ്ങില്‍ ബെഡ്ഡിങ് പ്‌ളാന്റ് ആയും വളര്‍ത്താം. മഹാരാഷ്ട്ര, മധ്യപ്രദേശ്, ആന്ധ്രാപ്രദേശ്, ഒറീസ, കര്‍ണാടക എന്നിവിടങ്ങളില്‍ വാണിജ്യ ജര്‍ബറക്കൃഷിയ്ക്കുണ്ട്. ഇതുപോലെ വയനാട് ജില്ലയിലെ കാന്തല്ലൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ജര്‍ബറ വാണിജ്യകൃഷിയുണ്ട്.

 

ബിന്ദു വിവേക ദേവി,
അസിസ്റ്റന്റ് ഡയറക്ടര്‍, കൃഷി വകുപ്പ്


English Summary: Gerbara

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox