1. Flowers

Marigold Farming: ചെണ്ടുമല്ലി വിളവെടുപ്പും കേരളത്തിലെ കൃഷി സാധ്യതകളും

KJ Staff
Marigold Farming: ചെണ്ടുമല്ലി വിളവെടുപ്പും കേരളത്തിലെ കൃഷി സാധ്യതകളും
Marigold Farming: ചെണ്ടുമല്ലി വിളവെടുപ്പും കേരളത്തിലെ കൃഷി സാധ്യതകളും

കേരളത്തിൽ ചെണ്ടുമല്ലി കൃഷിയ്ക്ക് സാധ്യതകൾ ഏറെയാണ്. കേരളത്തിലെ ആരാധനാലയങ്ങളിലും വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും ചെണ്ടുമല്ലി പൂക്കളുടെ സ്ഥാനം വളരെ വലുതാണ്. ഉത്സവ സീസണിൽ ലക്ഷങ്ങൾ ചെലവിട്ടാണ് തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് പൂക്കൾ ഇറക്കുമതി ചെയ്യുന്നത്. ഇത്തരം സാഹചര്യങ്ങളിലൂടെ കേരളത്തിന്റെ ആഭ്യന്തര വരുമാനത്തിന്റെ ഒരു ഭാഗം മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുകയാണ്. വാണിജ്യ അടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന വിളയാണ് മാരിഗോൾഡ് (Marigold). ചെണ്ടുമല്ലിയുടെ ജന്മദേശം മെക്സിക്കോയാണെങ്കിലും ഇന്ത്യയിൽ മാരിഗോൾഡ് ആദ്യം കൊണ്ടുവന്നത് പോർച്ചുഗീസുകാരാണ്.

ബന്ധപ്പെട്ട വാർത്തകൾ: Farming tips: വീട്ടുമുറ്റത്ത് അനായാസം വിളയിക്കാം, കാബേജും കോളിഫ്ലവറും

ചെണ്ടുമല്ലിയുടെ സാധ്യതകൾ

ആഘോഷങ്ങൾക്ക് മാത്രമല്ല, ഭക്ഷണത്തിൽ ചേർക്കുന്ന സ്വാഭാവിക കളർ ഉണ്ടാക്കുന്നതിനും മാരിഗോൾഡ് ഉപയോഗിക്കുന്നു. ചെണ്ടുമല്ലി കൂടുതലും കൃഷി ചെയ്യുന്നത് തമിഴ്നാട് പോലുള്ള ഇതര സംസ്ഥാനങ്ങളിലാണ്. എന്നാൽ ചെണ്ടുമല്ലി കേരളത്തിൽ സുലഭമായി വിളയിച്ചെടുക്കാൻ സാധിക്കുന്ന ഒന്നാണ്. കേരളത്തിൽ പ്രധാനമായും രണ്ട് സീസണുകളിൽ ആണ് മാരിഗോൾഡ് കൃഷി നടക്കുന്നത്, ഓണക്കാലത്തും മണ്ഡലകാല കാലത്തും. ഓണം സീസൺ ലക്ഷ്യമാക്കിയാണ് ചെണ്ടുമല്ലി കൃഷി ചെയ്യുന്നതെങ്കിൽ, തിരുവോണത്തിന് 80 ദിവസം മുമ്പ് തൈ പറിച്ചു നടണം. എങ്കിൽ മാത്രമേ കൃത്യസമയത്ത് വിളവെടുക്കാൻ സാധിക്കുകയുള്ളൂ. മണ്ഡലകാലത്ത് വിളവെടുക്കാൻ സെപ്റ്റംബർ അവസാനം വിത്തിടണം. എന്നാൽ ഒക്ടോബർ അവസാനം പറിച്ചു നടാനും കൃത്യസമയത്ത് വിളവെടുക്കാനും സാധിക്കും. വിത്ത് നടുന്നത് മുതൽ കൃത്യമായ വിപണന സാധ്യത ലക്ഷ്യം വച്ചുള്ള കൃഷി വേണം അവലംബിക്കാൻ. ഇതുവഴി കർഷകന് മികച്ച വരുമാനം നേടാൻ ഉറപ്പായും സാധിക്കും.

മാരിഗോൾഡ് കൃഷിക്ക് നല്ല വെളിച്ചം അത്യാവശ്യമാണ്. പശിമരാശി മണ്ണാണ് കൃഷിക്ക് ഏറ്റവും അനുയോജ്യം. കൂടാതെ നീർവാർച്ച ഉണ്ടായിരിക്കണം. വിത്ത് ട്രേകളില്‍ പാകി തൈകൾ ഉണ്ടാക്കി പറിച്ചു നടുകയാണ് ചെയ്യേണ്ടത്. ഒരു സെന്റിൽ രണ്ട് ഗ്രാമുതൽ മൂന്ന് ഗ്രാം വരെ വിത്ത് ആവശ്യമാണ്. മണ്ണില്ലാത്ത മാധ്യമത്തിലാകണം വിത്ത് നട്ട് തൈ ഉൽപാദിപ്പിക്കാൻ. കൊക്കോ പീറ്റ്, വെർമിക്കുലൈറ്റ്, പെർലൈറ്റ് എന്നിവ 3:1:1 എന്ന അനുപാതത്തിൽ പോട്ടിംങ് മിക്സർ തയ്യാറാക്കണം. രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ വിത്ത് 20 മിനിറ്റ് സ്യൂഡോമോണാസിൽ ഇടുന്നത് നല്ലതാണ്.

ചെണ്ടുമല്ലി കൃഷി - കൃഷിരീതി

വിത്ത് എത്ര അളവിലാണോ അത്ര അളവിലാണ് സ്യൂഡോമോണാസ് ചേർക്കേണ്ടത്. വിത്തിന് മുകളിൽ നിൽക്കുന്ന അളവിൽ വെള്ളം കൂടി ചേർത്ത് 20 മിനിറ്റ് വയ്ക്കുക. ശേഷം നടന്ന വിത്തുകൾക്ക് രോഗപ്രതിരോധശേഷി കൂടുതലാണ്. 4 ആഴ്ചയാകുമ്പോൾ ട്രേയിൽ നിന്ന് തൈ പറിച്ചു നടാം. മഴക്കാലത്ത് വാരങ്ങൾ കോരിയും, വേനൽക്കാലത്ത് ചാലുകൾ ആയിട്ട് നിലമൊരുക്കിയുമാണ് കൃഷി ചെയ്യുന്നത്. തൈകൾ പറിച്ചു നടുമ്പോൾ വാരങ്ങൾ തമ്മിൽ 60 സെൻറീമീറ്ററും, ഒരു വാരത്തിൽ ചെടികൾ തമ്മിൽ 40 സെന്റീമീറ്റർ അകലവും ഉണ്ടായിരിക്കണം. തൈകൾ പറിച്ചുനടുന്നതിന് മുമ്പ് സ്യൂഡോമോണോസിൽ മുക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കുകയും ബാക്ടീരിയ മൂലമുള്ള വാട്ടം തടയുകയും ചെയ്യുന്നു.

രണ്ടാഴ്ച ഇടവിട്ട് സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ചുവട്ടിലും തണ്ടുകളിലും മറ്റും തളിക്കണം. എല്ലാ ആഴ്ചയും KAU സമ്പൂർണ മൾട്ടി മിക്സർ 5 ഗ്രാം വീതം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നത് കൂടുതൽ പൂക്കൾ ഉണ്ടാകുന്നതിനും ഇലകൾക്ക് സുരക്ഷയും നൽകുന്നു. നട്ട് മൂന്നാഴ്ച കഴിയുമ്പോൾ തൈകളുടെ അഗ്രഭാഗം മുറിച്ചു കളയണം. ധാരാളം ശാഖകൾ ഉണ്ടാകാനാണ് ഇങ്ങനെ ചെയ്യുന്നത്. നട്ട് 45 ദിവസത്തിനുള്ളിൽ മൊട്ട് ഉണ്ടാകും. മൊട്ട് വിരിഞ്ഞശേഷം ഒന്നരമാസത്തോളം വിളവെടുക്കാൻ സാധിക്കും. ഒരു ചെടിയിൽ നിന്ന് 6 മുതൽ 7 തവണ വരെ വിളവെടുക്കാം. ഒരു ചെടിയിൽ 750 ഗ്രാം മുതൽ ഒരു കിലോ വരെ പൂക്കൾ ലഭിക്കും. നാടൻ ഇനങ്ങൾ ആണെങ്കിൽ ഒരു ചെടിയിൽ നിന്ന് 500 ഗ്രാമാണ് ലഭിക്കുന്നത്. 10 സെന്റിൽ അടിവളമായി 20 കിലോ കുമ്മായം, 750 കിലോ ജൈവവളം, 15 കിലോ യൂറിയ എന്നിവ നൽകണം.

മാരിഗോൾഡ് കൃഷിക്ക് കൃത്യമായ നന ആവശ്യമാണ്. എന്നാൽ വെള്ളം കെട്ടി നിൽക്കാനും പാടില്ല. ചിലർ തെങ്ങിൻ തോട്ടങ്ങളിലും വാഴത്തോട്ടങ്ങളിലും പച്ചക്കറികൾക്കിടയിലും ഇടവിളയായും ചെണ്ടുമല്ലി കൃഷി ചെയ്യാറുണ്ട്. വാണിജ്യ അടിസ്ഥാനത്തിൽ പാടശേഖരങ്ങളിൽ മാരിഗോൾഡ് കൃഷി ചെയ്യുന്നവരുമുണ്ട് . ഇത്തരം കർഷകർക്ക് കൃഷി വകുപ്പ് അവർക്ക് ആവശ്യമായ പ്രോത്സാഹനങ്ങളും നൽകാറുണ്ട്. കൃത്യമായ ഇടവേളകളിൽ കളനീക്കം ചെയ്യണം. മഴയുള്ളപ്പോൾ വിളവെടുക്കാൻ പാടില്ല. വിളവെടുപ്പ് കഴിഞ്ഞ് ഓരോ ആഴ്ചയിലും 5 ഗ്രാം 19:19: 19 ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിക്കണം. ശാസ്ത്രീയ പരിചരണത്തിലൂടെ ഒരു ഏക്കറിൽ നിന്ന് 5 ടൺ മുതൽ 8 ടൺ വരെ കിട്ടും എന്നാണ് വിദഗ്ധരുടെ അഭിപ്രായം.

ആഷിക് ദത്ത് സി.എസ്
ഫാർമർ ദി ജേർണലിസ്റ്റ്
കൃഷി ജാഗരൺ

English Summary: Marigold Farming Marigold Harvesting and Cultivation Prospects in Kerala

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds