Grains & Pulses

വയനാടൻ ചെന്നെല്ല് 

കേരളത്തിൻ്റെ  നാടന്‍നെല്ലിനങ്ങളില്‍ നവരയോളം തന്നെ പ്രാധാന്യമുള്ളതാണ് വയനാടന്‍ ഇനമായ 'ചെന്നെല്ല്'. തിളക്കമുള്ള ധാന്യമായതുകൊണ്ടാണ് ഈ നെല്ലിനത്തിന് ഈ പേരുവന്നത്. കണ്ണൂർ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഈയിനം കൃഷിചെയ്തുവരുന്നത്.

വയനാട്ടിലെ കുറിച്യ,കുറുമ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ ഇന്നും ഈയിനത്തെ നെല്ലിനങ്ങളുടെ രാജാവായി കരുതുന്നു. കേരളത്തില്‍ പ്രചാരമുള്ള   ചെന്നെല്ല്, കുഞ്ഞിനെല്ല്, എരുമക്കാരി, കറുത്തചമ്പാവ് എന്നിവയ്ക്ക്  ഔഷധഗുണമുള്ളതായി വിശ്വസിക്കുന്നു. ചെന്നെല്ല് വയറിളക്കത്തിനും ഛർദ്ദിക്കുമുള്ള ചികിത്സക്ക് ഉപയോഗിക്കുന്ന ഒന്നാണ്. വയനാട്ടിലെ കുറിച്യ,കുറുമ വിഭാഗത്തില്‍പ്പെട്ട കര്‍ഷകര്‍ ഇന്നും ഈയിനത്തെ നെല്ലിനങ്ങളുടെ രാജാവായി കരുതുന്നു.
ചെന്നെല്ല് 120 മുതല്‍ 150 ദിവസം വരെ മൂപ്പുള്ള ഇനമാണ്.

നെല്‍ച്ചെടികള്‍ക്ക് 50 സെന്റീമീറ്റര്‍ വരെ ഉയരമുണ്ട്. നീണ്ട് ഉരുളന്‍ ആകൃതിയിലുള്ള നെല്ലരിക്ക് ചുവന്ന നിറമാണ്. മൂപ്പുകൂടിയ ഇനമായതിനാല്‍ 'നഞ്ച' സീസണില്‍ മാത്രമേ (ഇടവപ്പാതിയെ ആശ്രയിച്ചുള്ള കൃഷി) ഇതു കൃഷി ചെയ്യാറുള്ളു. ഒരേക്കറില്‍ നിന്ന് ആയിരം കിലോഗ്രാമോളം വിളവ് ലഭിക്കുമെന്ന് നല്ല കീടരോഗപ്രതിരോധശേഷിയുള്ള ഇനമാണിതെന്നും കണ്ടിട്ടുണ്ട്.

ചെന്നെല്ല് ത്രിദോഷങ്ങളെയും ശമിപ്പിക്കുന്നതുകൊണ്ടാണ് ഉത്തമമെന്നു പറഞ്ഞിരിക്കുന്നത്. കുറിച്യര്‍ ആരാധനാമൂര്‍ത്തികള്‍ക്ക് ഇതുപയോഗിച്ചുണ്ടാക്കിയ അപ്പവും പായസവും പുത്തരിയുമൊക്കെ സമര്‍പ്പിക്കുന്നു. ശ്വാസനാളത്തില്‍ പുണ്ണുണ്ടായി മരണത്തിനുവരെ കാരണമാകുന്ന 'അടപ്പന്‍  രോഗത്തിന്' ചെന്നെല്ല് ഒറ്റമൂലി യായി കരുതുന്നു ഇത് പച്ചമരുന്നു ചേര്‍ത്തരച്ച് രോഗിയുടെ നാക്കില്‍ തൊടുകയും നെഞ്ചില്‍ പുരട്ടുകയും ചെയ്യുന്നു. ഛര്‍ദ്ദി,വയറുകടി എന്നിവയ്ക്കും ചെന്നെല്ല് ഔഷധമായി ഉപയോഗിക്കുന്നുണ്ട്. 

ചെന്നെല്ലിൻ്റെ ഗുണത്തെ സംബന്ധിച്ച് ഗവേഷണങ്ങളും നടന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ 'നൂറുള്‍ ഇസ്ലാം സെന്റര്‍ ഓഫ് നാനോ ടെക്‌നോളജിയും' , 'അണ്ണാമലൈ യൂണിവേഴ്‌സിറ്റിയും' നടത്തിയ പഠനത്തില്‍ ചെന്നെല്ലില്‍ ഔഷധ ഫീനോളുകള്‍, ഫ്‌ളവനോയ്ഡുകള്‍,പ്രോട്ടീന്‍,കാര്‍ബോഹൈഡ്രേറ്റ് എന്നിവ നല്ലതോതിലുണ്ടെന്ന് തെളിഞ്ഞു.

ഫ്‌ളവനോയ്ഡുകള്‍,ഹൃദ്രോഗം,അള്‍സര്‍, വാതരോഗങ്ങള്‍ എന്നിവയ്‌ക്കെതിരെ പ്രതിരോധശേഷി ഉണ്ടാക്കാന്‍ കാരണമാകുന്നു. ചെന്നെല്ലിൻ്റെ  വകഭേദമായ 'കുഞ്ഞിനെല്ല്' മഞ്ഞപ്പിത്തില്‍ നിന്ന് മുക്തി നേടാന്‍ രോഗികള്‍ക്ക് നല്‍കുന്നുണ്ട്.മനുഷ്യരിലും കന്നുകാലികളിലും കണ്ടുവരുന്ന ദഹനസംബന്ധമായ പല രോഗങ്ങള്‍ക്കും ഇതു മരുന്നാണ്. 

'നവര'യെപ്പോലെ ചെന്നെല്ലിൻ്റെ  ഔഷധഗുണങ്ങളെക്കുറിച്ച് വേണ്ടത്ര പഠനങ്ങള്‍ നടന്നിട്ടില്ലെന്നതാണ് വാസ്തവം. ഈയിനം ഉള്‍പ്പെടെ 21 വയനാടന്‍ നെല്ലിനങ്ങള്‍ക്ക് കേന്ദ്ര ആക്ടിനുകീഴില്‍ രജിസ്‌ട്രേഷന്‍ ലഭിച്ചിട്ടുണ്ട്. വയനാട്ടിലെ ചില പ്രദേശങ്ങളില്‍ മാത്രമായി അവശേഷിക്കുന്ന ചെന്നെല്ലിൻ്റെ  കൃഷിക്ക് മുന്തിയ പരിഗണന ലഭിക്കേണ്ടിയിരിക്കുന്നു. വിത്തിന് ജീവനക്ഷമത വളരെ കുറവായതിനാല്‍ വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം കൃഷി ചെയ്താണ് ഈ ഇനം നിലനിര്‍ത്തുന്നത് 

Share your comments