ഹയ്യ്!! എന്തൊരു കയ്പ്പാണിത്... പാവയ്ക്കയ്ക്ക് സ്ഥിരമായുള്ള ഒരു ചീത്ത പേരാണിത്. നിറയെ പോഷക ഗുണങ്ങളുള്ള പാവയ്ക്കയെ ഭക്ഷണക്രമത്തിൽ നിന്നും ഒഴിവാക്കാൻ പലരും പറയുന്ന ഒരു കാരണവും ഇത് തന്നെയാണ്. എന്നാൽ, കയ്പ്പില്ലാത്ത പാവയ്ക്കയെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ?
ആസാ൦, നാഗാലാൻഡ്, അരുണാചൽ പ്രദേശ്, ത്രിപുര, ആൻഡമാൻ വനങ്ങളിൽ സുലഭമായി കണ്ടുവരുന്ന ഒന്നാണ് കയ്പ്പില്ലാ പാവയ്ക്ക. കന്റോള, കാക്രോൾ തുടങ്ങിയ പേരുകളിലും ഇവ അറിയപ്പെടുന്നു. കന്റോളയുടെ നടൽ രീതി വളരെ വ്യത്യസ്തമാണ്. പാവൽ പോലെ തന്നെ നടാമെങ്കിലും പരാഗണത്തിലൂടെ മാത്രമേ ഇത് കായയാകുകയുള്ളൂ.
പരാഗണ൦ നടത്തണം എന്നത് കൊണ്ട് തന്നെ ആൺ ചെടിയും പെൺ ചെടിയും ഇതിനുണ്ട്.സാധാരണ പാവൽ നടുന്നത് പോലെ തന്നെ മണ്ണ് കിളച്ച് ഉടച്ച് വൃത്തിയാക്കിയാണ് ഇതിന്റെ വിത്ത് നടേണ്ടത്. ശേഷം മണ്ണിലുണ്ടാകുന്ന കിഴങ്ങ് മൂന്നായി മുറിച്ച് പാകി കിളിപ്പിക്കുകയാണ് ചെയ്യുന്നത്.
കിഴങ്ങു നട്ട് 40-50 ദിവസങ്ങൾക്കകം ഇത് കായ്ക്കും. കായ്ക്ക് പൂ വന്ന ഉടൻ തന്നെ ആൺ പൂവ് പ്രത്യേകം വളർത്തുകയും ആൺ പൂ ഉപയോഗിച്ച് പരാഗണം നടത്തുകയും ചെയ്യുക. ഒരു ആൺ പൂവ് ഉപയോഗിച്ച് പത്തെണ്ണത്തിൽ പരാഗണം ചെയ്യാനാകും. പിന്നീട് പതിനഞ്ച് ദിവസം കൊണ്ട് പറിക്കാൻ പാകത്തിൽ ഇത് വളരും.
സാധാരണ പാവൽ കൃഷിയ്ക്കായി പന്തലിടുന്ന പോലെ ഉയരത്തിൽ പന്തലിടാതിരിക്കാൻ ശ്രദ്ധിക്കുക. പരാഗണം ചെയ്യാൻ അത് ബുദ്ധിമുട്ടായേക്കും. അതുകൊണ്ടു ഏകദേശം മൂന്നടി ഉയരത്തിൽ വേണം കന്റോളയ്ക്കായി പന്തലിടാൻ. ചുറ്റും നടന്നു പരാഗണം ചെയ്യാനുള്ള സൗകര്യം കൂടി ഒരുക്കുക.
ഒരുപാട് ഔഷധ ഗുണങ്ങളുള്ള കന്റോള തലച്ചോറിന്റെ പ്രവർത്തനം വർധിപ്പിക്കാൻ, ക്യാൻസർ പ്രതിരോധം എന്നിവയ്ക്ക് വളരെ ഫലപ്രദമാണ്. ഉയർന്ന പോഷക ഗുണവും സ്വാദും നൽകുന്നതിനാൽ വിദേശ രാജ്യങ്ങളിൽ കന്റോളയ്ക്ക് വൻ ഡിമാൻഡാണ്.
സാധാരണ പാവയ്ക്കയെക്കാൾ കാൽഷ്യം, പോസ്പറസ്, അയൺ, വൈറ്റമിൻസ് എല്ലാം കന്റോളയിൽ അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് പ്രമേഹവും കൊളസ്ട്രോളും കുറയ്ക്കുമെന്നാണ് പ്രചാരമെങ്കിലും ശാസ്ത്രീയമായി ഇത് തെളിയിക്കപ്പെട്ടിട്ടില്ല.
ബംഗ്ളാദേശിൽ നിന്നു൦ ആദ്യമായി അറേബ്യൻ രാജ്യങ്ങളിലെത്തിയ കന്റോളയ്ക്ക് അവിടെ കിലോയ്ക്ക് 15 ദിർഹത്തിലധികമാണ് വില. അതായത്, ഏകദേശം 300 രൂപ. പത്ത് വർഷം മുൻപ് കേരളത്തിലെത്തിയ കന്റോള ആലപ്പുഴ, തൃപ്പാപ്പൂണിത്തുറ, തലയോലപറമ്പ്, കൊടുങ്ങല്ലൂർ, വയനാട് എന്നിവിടങ്ങളിൽ ഇപ്പോൾ കൃഷി ചെയ്യുന്നുണ്ട്.
കേരളത്തിലെ മണ്ണും കാലാവസ്ഥയും കന്റോള കൃഷിയ്ക്ക് അനുയോജ്യമാണെങ്കിലും ഇത്തരമൊരു കൃഷി പ്രചാരത്തിലില്ല. കന്റോളയുടെ ഗുണങ്ങളെയും വിൽപ്പന സാധ്യതകളെയും കുറിച്ച് കൂടുതൽ അറിയില്ല എന്നത് തന്നെയാണ് ഇതിനു കാരണം.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
കോക്കോ കൃഷിയിലൂടെ വീട്ടമ്മമാർക്ക് സ്ഥിര വരുമാനം
ചേനകളിൽ മികച്ചത് 'ഗജേന്ദ്ര ചേന' തന്നെ
ശംഖുപുഷ്പം - പ്രകൃതിയിലെ അത്ഭുതമരുന്ന്
രുചി വൈഭവം കൊണ്ടും ആരോഗ്യഗുണങ്ങൾ കൊണ്ടും ആഫ്രിക്കൻ മല്ലി മുൻപന്തിയിൽ തന്നെ
റോസാ പൂക്കൾ കൂടുതൽ ഉണ്ടാവാൻ നിങ്ങളുടെ വീട്ടിലെ ഈ വേസ്റ്റ് മാത്രം മതി
കപ്പ കൃഷി ചെയ്യുന്നവർ ഈ വളക്കൂട്ട് അറിഞ്ഞിരിക്കണം