1. Vegetables

പോഷകഗുണത്തിലും സ്വാദിലും മുന്നില്‍ കൂര്‍ക്ക

പാവപ്പെട്ടവന്റെ ഉരുളക്കിഴങ്ങാണ്‌ കൂര്‍ക്ക. എന്നാല്‍ ഉപയോഗം കൂടിവന്നതോടെ വിപണിയില്‍ ഇതിന്‌ വില കയറുകയാണ്‌. കേരളത്തില്‍ അടുത്ത കാലത്ത്‌ പ്രചാരം കൂടുന്ന കിഴങ്ങുവര്‍ഗ വിളയാണ്‌ കൂര്‍ക്ക. മുമ്പ്‌ കരനിലങ്ങളിലായിരുന്നു കൂര്‍ക്ക കൃഷി. തൃശൂര്‍, പാലക്കാട്‌, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഇപ്പോള്‍ കൃഷി പാടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്‌. ചീവക്കഴങ്ങ്‌, ഇന്ത്യന്‍ പൊട്ടറ്റോ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന കൂര്‍ക്കയുടെ ശാസ്‌ത്രനാമം കോളിയസ്‌ പാര്‍വിഫ്‌ളോറസ്‌ എന്നാണ്‌.

KJ Staff

പാവപ്പെട്ടവന്റെ ഉരുളക്കിഴങ്ങാണ്‌ കൂര്‍ക്ക. എന്നാല്‍ ഉപയോഗം കൂടിവന്നതോടെ വിപണിയില്‍ ഇതിന്‌ വില കയറുകയാണ്‌. കേരളത്തില്‍ അടുത്ത കാലത്ത്‌ പ്രചാരം കൂടുന്ന കിഴങ്ങുവര്‍ഗ വിളയാണ്‌ കൂര്‍ക്ക. മുമ്പ്‌ കരനിലങ്ങളിലായിരുന്നു കൂര്‍ക്ക കൃഷി. തൃശൂര്‍, പാലക്കാട്‌, മലപ്പുറം തുടങ്ങിയ ജില്ലകളില്‍ ഇപ്പോള്‍ കൃഷി പാടങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്‌. ചീവക്കഴങ്ങ്‌, ഇന്ത്യന്‍ പൊട്ടറ്റോ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്ന കൂര്‍ക്കയുടെ ശാസ്‌ത്രനാമം കോളിയസ്‌ പാര്‍വിഫ്‌ളോറസ്‌ എന്നാണ്‌.

കേരളത്തില്‍ കൃഷിചെയ്യുന്ന കിഴങ്ങുവര്‍ഗ വിളകളില്‍ ഏറ്റവും ചെറിയ കിഴങ്ങുകള്‍ ഉല്‍പാദിപ്പിക്കുന്ന വിളയാണ്‌ കൂര്‍ക്ക. മറ്റു കിഴങ്ങുവര്‍ഗവിളകള്‍ക്കുള്ള എല്ലാ പോഷകമേന്മയും കൂര്‍ക്കയുടെ കിഴങ്ങുകള്‍ക്കുമുണ്ട്‌. എന്നാല്‍ ആകര്‍ഷകമായ ഗന്ധവും സ്വാദിഷ്‌ടമായ രുചിയും കൂര്‍ക്കയുടെ പ്രത്യേകതയാണ്‌. പോഷകഗുണത്തിനും രുചിക്കും പുറമെ കൂര്‍ക്കയ്‌ക്ക് ഔഷധ ഗുണങ്ങളുമുണ്ട്‌. മികച്ച ആന്റി ഓക്‌സിഡന്റ്‌ ഘടകങ്ങള്‍ അടങ്ങിയിട്ടുണ്ട്‌.

രാജ്യത്ത്‌ തമിഴ്‌നാട്‌, കേരളം തുടങ്ങിയ ദക്ഷിണേന്ത്യന്‍ സംസ്‌ഥാനങ്ങളിലാണ്‌ കൂര്‍ക്ക കൂടുതലായി കൃഷിചെയ്ുയന്നത്‌. കേരളത്തില്‍ മധ്യകേരളത്തിലും ദക്ഷിണ കേരളത്തിലുമാണ്‌ കൂടുതലും കൃഷി. ഉഷ്‌ണകാല പച്ചക്കറി വിളയാണ്‌ കൂര്‍ക്ക. 25 മുതല്‍ 30 ഡിഗ്രി വരെ സെല്‍ഷ്യസ്‌ താപനിലയാണ്‌ വളര്‍ച്ചക്ക്‌ അനുയോജ്യം. 15 ഡിഗ്രി സെല്‍ഷ്യസില്‍ കുറഞ്ഞ താപനില വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. ഏതുതരം മണ്ണിലും വളരും. നല്ല വളക്കൂറും നീര്‍വാര്‍ച്ചയുമുള്ള അല്‍പം മണല്‍ കലര്‍ന്ന പശിമരാശി മണ്ണാണ്‌ വളര്‍ച്ചയ്‌ക്ക് നല്ലത്‌.

തമിഴ്‌നാട്‌ കാര്‍ഷികസര്‍വകലാശാലയില്‍ നിന്നും പുറത്തിറക്കിയ കോ-1, തിരുവനന്തപുരം ശ്രീകാര്യത്തെ കേന്ദ്രകിഴങ്ങുവിള ഗവേഷണകേന്ദ്രം വികസിപ്പിച്ചെടുത്ത ശ്രീധര എന്നിവ കൂര്‍ക്കയുടെ മികച്ച ഇനങ്ങളാണ്‌. അഞ്ചു മാസം മൂപ്പുള്ള ശ്രീധര കേരളത്തില്‍ പുറത്തിറക്കിയ ആദ്യത്തെ കൂര്‍ക്ക ഇനമാണ്‌. ഹെക്‌ടറില്‍ നിന്നും 25 മുതല്‍ 28 ടണ്‍ വരെ വിളവു ലഭിക്കും. മികച്ച പാചകഗുണമുള്ള ഇനമാണിത്‌. കേരള കാര്‍ഷിക സര്‍വകലാശാലയുടെ പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ നിന്നും പുറത്തിറക്കിയ കൂര്‍ക്ക ഇനമാണ്‌ നിധി. നേരത്തെ വിളവെടുക്കാവുന്ന ഈ ഇനത്തിന്റെ മൂപ്പ്‌ 120 ദിവസമാണ്‌. 

നീണ്ടുരുണ്ട കിഴങ്ങുകള്‍ക്ക്‌ ഇടത്തരം വലിപ്പമാണ്‌. കേരളത്തിന്റെ മധ്യമേഖലയില്‍ കൃഷിചെയ്യാന്‍ യോജിച്ച ഇനമാണ്‌ നിധി. ഹെക്‌ടറില്‍ നിന്നും 27.9 ടണ്‍ വിളവു ലഭിക്കും. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും പുറത്തിറക്കിയ മറ്റൊരു കൂര്‍ക്ക ഇനമാണ്‌ സുഫല. ഹെക്‌ടറിന്‌ ശരാശരി 16 ടണ്ണോളം വിളവു ലഭിക്കും. മറ്റ്‌ കൂര്‍ക്ക ഇനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ആണ്ടു മുഴുവന്‍ കൃഷിചെയ്യാന്‍ യോജിച്ച ഇനമാണ്‌ സുഫല. ജൂലൈ മുതല്‍ ഡിസംബര്‍ വരെ മാസങ്ങളില്‍ കൂടുതല്‍ വിളവു ലഭിക്കും. കടും പച്ച നിറത്തിലുള്ള ഇലകളോടെ തഴച്ചുവളരുന്ന ഇനമാണ്‌ സുഫല. മധ്യകേരളത്തിലാണ്‌ കൂടുതല്‍ വിളവു നല്‍കുന്നത്‌. അനുകൂലമായ കാലാവസ്‌ഥയില്‍ ഹെക്‌ടറിന്‌ 33 ടണ്‍ വരെ വിളവു ലഭിക്കും. കിഴങ്ങുകള്‍ക്ക്‌ നല്ല വലിപ്പമുണ്ട്‌. ഇടത്തരം ദൈര്‍ഘ്യമുള്ള സുഫലയുടെ മൂപ്പ്‌ 120 മുതല്‍ 140 ദിവസം വരെയാണ്‌.

തലപ്പുകള്‍ നുള്ളി നട്ടാണ്‌ കൂര്‍ക്കയുടെ കൃഷി. പ്രധാന കൃഷിയിടത്തില്‍ ജൂലൈ മുതല്‍ ഡിസംബര്‍ വരെ മാസങ്ങളില്‍ കൂര്‍ക്ക നടാം. ആവശ്യത്തിനുള്ള തലപ്പുകള്‍ ലഭിക്കുന്നതിന്‌ ഒരുമാസം മുമ്പ്‌ വിത്തു കിഴങ്ങ്‌ തവാരണയില്‍ നട്ട്‌ തലപ്പുകള്‍ വളര്‍ത്തണം. വാരങ്ങളുണ്ടാക്കി 15 സെന്റിമീറ്റര്‍ അകലത്തില്‍ ചെറിയ കുഴികളെടുത്ത്‌ അതില്‍ ചാണകപ്പൊടിയും മണ്ണുമായി കലര്‍ത്തിയശേഷം വിത്തു കിഴങ്ങുകള്‍ നടാം. വിത്തുകിഴങ്ങുകള്‍ നേരിയ കനത്തില്‍ മണ്ണിട്ടു മൂടണം.

നേരിയ കനത്തില്‍ പുതയിടുകയും വേണം. ഒരു സെന്റ്‌ സ്‌ഥലത്തെ കൃഷിക്ക്‌ ഏകദേശം 750 ഗ്രാം വിത്തു കിഴങ്ങ്‌ തവാരണയില്‍ നടേണ്ടിവരും. കിഴങ്ങുകള്‍ മുളച്ച്‌ 8-10 ദിവസമാകുമ്പോള്‍ അല്‍പം യൂറിയ വിതറി നനച്ചുകൊടുത്താല്‍ കൂടുതല്‍ തലപ്പുകള്‍ ഉണ്ടാകും. ഒരുമാസമാകുന്നതോടെ തലപ്പുകള്‍ 15 സെന്റിമീറ്ററോളം നീളത്തില്‍ വളരും. അപ്പോള്‍ പ്രധാന കൃഷിസ്‌ഥലത്ത്‌ നടാം.

പ്രധാന കൃഷിസ്‌ഥലം നന്നായി ഉഴുതോ കിളച്ചോ തയ്യാറാക്കണം. ഒന്ന്‌- ഒന്നര മീറ്റര്‍ വീതിയും 20-25 സെന്റിമീറ്റര്‍ ഉയരവുമുള്ള വാരങ്ങള്‍ തയ്യാറാക്കി തലപ്പുകള്‍ നടണം. 20-30 സെന്റിമീറ്റര്‍ അകലത്തില്‍ തലപ്പുകള്‍ നടാം. അടിവളമായി ജൈവവളം കമ്പോസ്‌റ്റോ കാലിവളമോ ഒരു സെന്റിന്‌ 40 കിലോഗ്രാം എന്ന നിരക്കില്‍ ചേര്‍ക്കണം. തലപ്പുകള്‍ നട്ട്‌ ഒരു മാസം കഴിയുമ്പോള്‍ കളയെടുത്തശേഷം മേല്‍വളമായി ജൈവ വളം വിതറി മണ്ണ്‌ കൂട്ടികൊടുക്കണം. തലപ്പുകള്‍ നട്ട്‌ 45 ദിവസം കഴിയുമ്പോള്‍ കളയെടുപ്പ്‌ നടത്തണം. പിന്നീട്‌ ആവശ്യാനുസരണം ഒന്നോ രണ്ടോ കളയെടുപ്പുകള്‍ കൂടി നടത്തേണ്ടിവരും.

തലപ്പുകള്‍ നട്ട്‌ അഞ്ച്‌-ആറ്‌ മാസത്തോടെ ഇലകള്‍ മഞ്ഞളിച്ചു തുടങ്ങുമ്പോള്‍ കൂര്‍ക്ക വിളവെടുപ്പിന്‌ പാകമാകും. വാരങ്ങള്‍ കിളച്ചശേഷം മണ്ണ്‌ ഇളക്കി കിഴങ്ങുകള്‍ വേര്‍പ്പെടുത്തി എടുക്കണം. കൂര്‍ക്കയെ കീട-രോഗബാധകള്‍ കാര്യമായി ആക്രമിക്കാറില്ല. എന്നാല്‍ ചില പ്രദേശങ്ങളില്‍ നിമാവിരകളുടെ ആക്രമണം കാണാറുണ്ട്‌. നിമാവിരകളുടെ ആക്രമണമുണ്ടായാല്‍ കിഴങ്ങുകള്‍ ഭക്ഷ്യയോഗ്യമല്ലാതാകും. കിഴങ്ങുകളുടെ ഉല്‌പാദനത്തിലും കാര്യമായ കുറവുണ്ടാകും. വേനലില്‍ നന്നായി ആഴത്തില്‍ ഉഴുതുമറിച്ച്‌ മണ്ണ്‌ ഉണങ്ങാന്‍ അനുവദിച്ചാല്‍ നിമാവിരകളുടെ ആക്രമണം പരിധിവരെ തടയാം വേരുകളുടെ അവശിഷ്‌ടങ്ങളും മറ്റ്‌ സസ്യഭാഗങ്ങളും കത്തിച്ചു കളയണം. വിളപരിക്രമണം ഏര്‍പ്പെടുത്തുന്നതും നിമാവിരകളുടെ ആക്രമണമത്തെ തടയാന്‍ സഹായിക്കും.

കേന്ദ്ര കിഴങ്ങുവര്‍ഗ ഗവേഷണകേന്ദ്രത്തില്‍ നിന്നു പുറത്തിറക്കിയ ശ്രീധര എന്ന ഇനത്തിന്‌ നിമാവിരകളുടെ ആക്രമണം താരതമ്യേന കുറവാണ്‌. തലപ്പുകള്‍ എടുക്കാന്‍ നടുന്ന വിത്തുകിഴങ്ങുകളും നിമാവിരകളുടെ ആക്രമണം ഇല്ലാത്തവയായിരിക്കണം. ഒരു ഹെക്‌ടറില്‍നിന്നും ലഭിക്കുന്ന ശരാശരി വിളവ്‌ 10 മുതല്‍ 12 വരെ ടണ്ണാണ്‌. എന്നാല്‍ ഗവേഷണ സ്‌ഥാപനങ്ങളില്‍ നിന്നു പുറത്തിറക്കിയ അത്യുല്‍പാദന ശേഷിയുള്ള ഇനങ്ങള്‍ കൃഷി ചെയ്‌താല്‍ ഇരട്ടി വിളവ്‌ ലഭിക്കും. വിളവെടുത്ത ശേഷം നല്ല കിഴങ്ങുകള്‍ തലപ്പുകള്‍ ഉല്‍പാദിപ്പിക്കാനുള്ള വിത്തിനായി തിരഞ്ഞെടുക്കാം. ഇവ മുറികളില്‍ മണലിലോ ഉമിയിലോ കലര്‍ത്തി ഈര്‍പ്പവും ചൂടും തട്ടാതെ സൂക്ഷിക്കണം. ഉരുളക്കിഴങ്ങിനു പകരമായി വിവധ ഭക്ഷണാവശ്യങ്ങള്‍ക്ക്‌ കൂര്‍ക്ക ഉപയോഗിക്കാം. പോഷകസമൃദ്ധമായതിനാല്‍ ഏറെ ഗുണംചെയ്യും.

ഡോ. ജോസ്‌ ജോസഫ്‌

English Summary: Koorkka a nutritional food

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds