Vegetables

ഇത് എന്റെ "നാഗ നക്ഷത്ര"

പണ്ടൊക്കെ കൃഷിയിടത്തിലെ താരമായിരുന്നു പടവലം. നീണ്ടുനീണ്ട് നിലംകുഴിച്ചു പോകുന്ന തരം പടവലയിനങ്ങള്‍ പച്ചക്കറി കൃഷിക്കാരുടെ അഭിമാനമായിരുന്നു. അവയില്‍ ചിലതെല്ലാം ചിലയിടങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുവെങ്കിലും പല നാടന്‍വിത്തുകളും നമുക്ക് കൈമോശം വന്നിരിക്കുന്നു. അന്യംനിന്നുകൊണ്ടിരിക്കുന്ന പല വിത്തുകളും നന്നായി സംരക്ഷിക്കുന്ന കര്‍ഷകരാകട്ടെ അതിന്റെ പ്രചാരത്തിന് വേണ്ടത്ര പ്രവര്‍ത്തിച്ചുവരുന്നതായി കാണുന്നുമില്ല.

എന്തായാലും ഹൃദ്യമായ മണമുള്ള, ഔഷധഗുണമുള്ള, നമ്മള്‍ നിത്യം ഭക്ഷണത്തില്‍ പണ്ടുമുതലേ ഉള്‍പ്പെടുത്തിവരുന്ന ഈ പച്ചക്കറിയുടെ അപൂര്‍വ നാടന്‍ ഇനങ്ങള്‍ അന്യംനിന്നുപോകാന്‍ അനുവദിച്ചുകൂടാ. പത്തനംതിട്ട ജില്ലയിലെ ഒരു കർഷകൻ സമ്മാനിച്ച 6 അടി നീളമുള്ള ഒരു അപൂർവ ഇനം പടവലത്തിന്റെ വിത്തിനെ പോളിഹൗസിൽ മുളപ്പിച്ചു മറ്റൊരു ഹൈ ബ്രീഡ് ഇനം പടവലവുമായി പോളിനേഷൻ നടത്തി.

അതിൽ ഉണ്ടായതാണ് ഈ അപൂർവ ഇനം. അതിനു നൽകിയ പേരാണ് "നാഗ നക്ഷത്ര". ഇതിനു വിത്തുകൾ കുറവാണെങ്കിലും തോരനായും, മെഴുക്കുപുരട്ടിയായും ഉപയോഗിക്കാൻ വളരെ നല്ലതാണ്.

14 അടി നീളം ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. ഇപ്പോൾ 9 അടി വരെ ഉണ്ട്. മുഴുപ്പെത്തിയ ഒരു പടവലം കുറഞ്ഞത് ഒരു കിലോയോളം മാത്രമേ തൂക്കം ഉണ്ടാകുകയുള്ളൂ. 14 അടിക്കു മുകളിൽ ഉയരമുള്ള പന്തലാണ് ഇട്ടിരിക്കുന്നത്. ഭക്ഷണമായും ആയുര്‍വേദ മരുന്നായും ഉപയോഗിക്കുന്ന വര്‍ഗത്തിൽപെട്ട സസ്യമാണ് പടവലം. തനി ഭാരതീയനാണ്. ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലും വളര്‍ത്തപ്പെടുന്നുണ്ട്. സാധാരണയായി രണ്ടുതരത്തില്‍ കണ്ടുവരുന്നു. നാം ഭക്ഷണത്തിനുപയോഗിക്കുന്ന പച്ചക്കറിയിനമായും കാട്ടുപടവലമായും.

പ്ലാനറ്റേ സാമ്രാജ്യത്തിലെ മാഗനോളിഫ് വിഭാഗത്തിലെ കുക്കുബിറ്റേസി കുടുംബക്കാരനാണ് പടവലം. ട്രിക്കോ സാന്തെസ് കുക്കുമെറിനയെന്നാണ് ശാസ്ത്രനാമം. കാട്ടുപടവലത്തിന്റെ ശാസ്ത്രനാമം ട്രിക്കോ സാന്തെസ് ഡോയിക്ടയെന്നാണ്. ഹിന്ദിയില്‍ പരവല്‍, തമിഴില്‍ പേപ്പൂടാന്‍, സംസ്‌കൃതത്തില്‍ പടോല, രാജിഫല എന്നിങ്ങനെയാണ് പടവലം അറിയപ്പെടുന്നത്. ഇതൊരു വെള്ളരിവര്‍ഗവിളയാണ്. പന്തല്‍കെട്ടി വളര്‍ത്തിക്കൊണ്ടുവരേണ്ട ഇതിന്റെ ഇലകള്‍ വെള്ളരിയിലകളോട് സാമ്യമുള്ളതും കൂടുതല്‍ ഇരുണ്ടതുമായിരിക്കും. പൂക്കള്‍ക്ക് നല്ല വെള്ളനിറമാണ്. ആണ്‍പൂക്കള്‍ കുലകളായും പെണ്‍പൂക്കള്‍ ഒറ്റയ്ക്കുമാണുണ്ടാവുക. കായീച്ചയും, ഇലതീനിപ്പുഴുക്കളും ആണ് പ്രധാന വില്ലന്മാർ.

ഔഷധഗുണങ്ങള്‍

ശീതവീര്യമുള്ള ഇത് ശരീരകലകളെ തണുപ്പിക്കാന്‍ കാരണമാകുന്നു. കാട്ടുപടവലം ആയുര്‍വേദത്തില്‍ വിരശല്യത്തിന്റെ പ്രധാന മരുന്നാണ്. പിത്താശയസംബന്ധിയായ അസുഖങ്ങള്‍ക്കും മൂത്രാശയസംബന്ധമായ അസുഖങ്ങള്‍ക്കും ഔഷധമാണ്. വയറിളക്കം മാറാനും ലൈംഗിക ചർമരോഗമായ സിഫിലിസിനും (ഉഷ്ണപ്പുണ്ണ്) ഇത് ഔഷധമായി ഉപയോഗിച്ചുവരുന്നു. കാല്‍സ്യം, ചെമ്പ്, സള്‍ഫര്‍, പൊട്ടാസ്യം, ഫോസ്ഫറസ്, ഇരുമ്പ്, മഗ്‌നീഷ്യം, എന്നീ മൂലകങ്ങള്‍ പടവലത്തില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ വിറ്റാമിന്‍ എ, തയാമിന്‍, റൈബോഫ്ലാവിന്‍, വിറ്റാമിന്‍ സി, അന്നജം, കൊഴുപ്പ് എന്നിവയും പടവലത്തില്‍ അടങ്ങിയിരിക്കുന്നു. നികോട്ടിനിക് അമ്ലം, ഓക്‌സാലിക് അമ്ലം എന്നിവയും പടവലത്തില്‍ അടങ്ങിയിരിക്കുന്നു.

പോഷകഗുണത്തിലും ഔഷധഗുണത്തിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഈ പച്ചക്കറിയിനത്തിന്റെ ഒരു തടമെങ്കിലും നമുക്ക് വീട്ടിൽ വളര്‍ത്താം. പോളിഹൗസിലെ കൃഷിരീതിയെക്കുറിച്ചും, പടവലം, പാവൽ മറ്റു കൃഷിരീതിയിലെ പോളിനേഷനെക്കുറിച്ചും പഠിപ്പിച്ചത് പച്ചക്കറി കൃഷിയുടെ സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ റാന്നി ബ്ലോക്കിലെ അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ ടോണി ജോൺ ആണ്‌. ഇന്ന് വീടിന്റെ മട്ടുപ്പാവിലും, പുറത്തുമായി രണ്ട് ഹൈടെക് റെയിൻ ഷെൽട്ടറും ഉണ്ട്. അതിൽ പയർ, പാവൽ, കുക്കുമ്പർ, കിവാനോ, ഷമാം, ബ്രോക്കോളി, ക്യാബേജ്, വെണ്ട, വഴുതന, തക്കാളി, മുളക് എന്നിവക്ക് പുറമെ ലീഫ് വെജിറ്റബിൾസ് ആയ സെലറി, ലെറ്റൂസ്, ബോക്ചോയി, പാർസെലി, ബാസിൽ, മല്ലി, പുതിന എന്നിവയും ഉണ്ട്, കൂടാതെ SHM ന്റെ സഹായത്തോടെ 10 സെന്റിൽ (408 M2) ഒരു പോളിഹൗസിന്റെ പണി പൂർത്തിയായിവരുന്നു.


Share your comments