Vegetables

രുചിയേറും മധുരക്കിഴങ്ങ്: അത്ഭുതവിള, ആദായവിള

sweet potato (bhu sona)

സൂര്യപ്രകാശം വന്‍ തോതില്‍ ആഗിരണം ചെയ്ത് മികച്ച ഉല്‍പാദനക്ഷമ തയ്ക്കുള്ള ശേഷികൊണ്ടും, കീടങ്ങളെയും, രോഗങ്ങളെയും മാത്രമല്ല, പ്രതികൂല കാലവസ്ഥയേയും ഒരു പരിധിവരെ ചെറുത്തു നില്‍ക്കാനുള്ള കഴിവ് കൊണ്ടും, കിഴങ്ങ് വിളകള്‍ മറ്റ് കാര്‍ഷിക വിളകളേക്കാള്‍ പ്രാധാന്യം അര്‍ഹിക്കുന്നു.കൂട്ടത്തില്‍ 'ഹെല്‍ത്ത് ഫുഡ്' എന്ന് വിശേഷിപ്പിക്കാവുന്ന മധുരക്കിഴങ്ങ്, ഉഷ്ണ മേഖല പ്രദേശങ്ങളിലെ 'ഉരുളക്കിഴങ്ങ്' എന്നറിയപ്പെടുന്നു. ഭക്ഷ്യവിളകളില്‍ മധുരക്കിഴങ്ങിന് ഏഴാം സ്ഥാനമാണ്.
വിസ്തൃതി, ഉല്‍പാദനം, ഉല്‍പാദനക്ഷമത.
ആഗോളതലത്തില്‍ 111 രാജ്യങ്ങളിലായി 8.6 ദശലക്ഷം ഹെക്ടര്‍ സ്ഥലത്തു നിന്ന് 105.19 ദശലക്ഷം ടണ്‍ ആണ് മധുരക്കിഴങ്ങ് ഉല്‍പ്പാദനം. അതായത് ശരാശരി വിളവ് ഹെക്ടറിന് 12.19 ടണ്‍. ഇതില്‍ 95% ഉല്‍പാദനവും വികസ്വരരാജ്യങ്ങളിലാണ്. ഇവയില്‍ വച്ച് 80% ഉല്‍പാദനവും മികച്ച ഉല്‍പാദനക്ഷമതയുമായി (ഹെക്ടറിന് 30 ടണ്‍) ചൈനയാണ് മുന്‍പന്തിയില്‍. ആഗോള ഉല്‍പ്പാദനത്തില്‍ ഇന്ത്യയ്ക്ക് ഒന്‍പതാം സ്ഥാനമാണ്. ഇന്ത്യയില്‍, മധുരക്കിഴങ്ങ് ഉല്‍പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ ഒഡീഷ, പശ്ചിമബംഗാള്‍, ബീഹാര്‍, ഉത്തര്‍പ്രദേശ്, കേരളം, ആസാം, തമിഴ്‌നാട്, മദ്ധ്യപ്രദേശ്, കര്‍ണ്ണാടക എന്നിവയാണ്. അതായത് 1.3 ലക്ഷം ഹെക്ടറില്‍ നിന്ന് 14 ലക്ഷം ആണ് ഉല്‍പാദനം; ശരാശരി വിളവ് ഹെക്ടറിന് 11.32 ടണ്‍.
കേരളത്തില്‍ 279 ഹെക്ടര്‍ സ്ഥലത്ത് മാത്രമേ മധുരക്കിഴങ്ങ് കൃഷി ചെയ്യുന്നുള്ളൂ. പ്രധാനമായും മലപ്പുറം, പാലക്കാട്, കാസര്‍കോട്, തിരുവനന്തപുരം ജില്ലകളിലാണ് മധുരകിഴങ്ങ് കൃഷി; ഉല്‍പാദനം 3922 ടണ്‍ ആണ്. ശരാശരി വിളവ് ഹെക്ടറിന് 14.33 ടണ്‍.

പോഷക ഔഷധമേന്മ


മധുരക്കിഴങ്ങ് ഒരു അത്ഭുതവിളയാണ്-കിഴങ്ങുവിളകളില്‍ വെച്ച് 'സൂപ്പര്‍ ഫുഡ്',''വണ്ടര്‍ ക്രോപ്പ്' എന്നൊക്കെ പറയാം. കിഴങ്ങും, ഇലയും മൃദുവായ തണ്ടും, തികച്ചും പോഷകസമൃദ്ധം.


കിഴങ്ങ് - ഔഷധമേന്മ

ശരാശരി 100 ഗ്രാം കിഴങ്ങില്‍ നിന്ന് 360കിലോ ജൂള്‍ (86കിലോ കലോറി) ഊര്‍ജ്ജം ലഭിക്കും. അതായത് ഒരു ഹെക്ടര്‍ മധുരക്കിഴങ്ങ് വിളയില്‍ നിന്ന് 152മെഗാജൂള്‍ ഊര്‍ജ്ജം പ്രതിദിനം ലഭിക്കുന്നു. ഇത് ധാന്യങ്ങളായ നെല്ല്, ഗോതമ്പ്, ചോളം എന്നിവയുമായി താരതമ്യപ്പെടുത്താം. കൂടാതെ 19.35% ഡ്രൈ മാറ്റര്‍, 18-28% അന്നജം, 1.5.5.0% പഞ്ചസാര,12.5% മാംസ്യം, 3% ഭക്ഷ്യനാര് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ ബീറ്റ കാരോട്ടിന്‍ (8-14മില്ലിഗ്രാം/100ഗ്രാം), ആന്തോസയാനിന്‍, വിറ്റാമിന്‍ ഇ, (1530മില്ലിഗ്രാം/100ഗ്രാം), വിറ്റാമിന്‍ എ (0.010.67മില്ലിഗ്രാം/100ഗ്രാം), വിറ്റാമിന്‍ ഇ എന്നീ നീരോക്‌സികാരികളാല്‍ സമ്പുഷ്ടവും. കാഴ്ചശക്തി വര്‍ദ്ധിപ്പിക്കുന്ന വിറ്റാമിന്‍ എ യുടെ ഉല്‍പാദനത്തിനു വേണ്ട ഒരു ഘടകമാണ് ബീറ്റാ കരോട്ടീന്‍. കൂടാതെ പൊതുവായ ശരീരവളര്‍ച്ചയ്ക്കും, രോഗപ്രതിരോധശേഷിയ്ക്കും, ആരോഗ്യമുള്ള തൊലിയ്ക്കും, ഹൃദയസംബന്ധമായ അസുഖങ്ങളും, ക്യാന്‍സറും മറ്റും വരാതിരിക്കാനും ഇതു സഹായകം. മഞ്ഞ-ഓറഞ്ച് നിറത്തിലുള്ള മാംസളഭാഗമുള്ള മധുരക്കിഴങ്ങുകളിലാണ് ബീറ്റ കരോട്ടീന്‍ ധാരാളം ഉള്ളത്. എന്നാല്‍ വയലറ്റ് മാംസളഭാഗമുള്ള മധുരക്കിഴങ്ങില്‍ ആന്തോസയാനിന്‍ ആണ് കൂടുതല്‍. ഇതിനും ക്യാന്‍സര്‍ തടയാനും, കരള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കാനും, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവ കുറയ്ക്കാനും കഴിയും. ആന്തോസയാനിന്‍ ഭക്ഷണത്തിന് സ്വാഭാവിക നിറം കൊടുക്കുന്ന നാച്ച്യുറല്‍ ഫുഡ് കളറന്റ് ആണ്. കൂടാതെ കിഴങ്ങുകളില്‍ പൊട്ടാഷ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്. അതായത് പൊട്ടാഷ്യം:സോഡിയം അനുപാതം കിഴങ്ങു വര്‍ഗ്ഗങ്ങളില്‍, പ്രത്യേകിച്ച് മധുരക്കിഴങ്ങില്‍ കൂടുതലായതിനാല്‍ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് മധുരക്കിഴങ്ങ് കഴിക്കുന്നത് നല്ലതാണ്. അന്‍പത്തിയഞ്ചില്‍ താഴെ ഗ്ലൈസീമിക്ക് ഇന്‍ഡക്‌സും നാരും അടങ്ങിയിട്ടുള്ളതിനാല്‍ താരതമ്യേന ഡയബറ്റിക്ക് രോഗികള്‍ക്കും ഭക്ഷ്യയോഗ്യവുമാണ്. അതായത് മധുരക്കിഴങ്ങില്‍ വിഘടിക്കാത്ത അന്നജം ഉള്ളതിനാല്‍ രക്തത്തിലേയ്ക്ക് പഞ്ചസാരയുടെ അളവ് കുറഞ്ഞ തോതില്‍ മാത്രമേ പുറത്തുവിടൂ എന്ന് സാരം.

sweet potato (bhu)

മധുരക്കിഴങ്ങിലയും പോഷകപ്രദം
ധാതുക്കള്‍, പ്രോട്ടീന്‍, പോളിഫീനോളിക്‌സ് ആയ 15 ഓളം ഉപയോഗപ്രദമായ ആന്തോസയാനിന്‍, ഫീനോളിക്ക് ആസിഡ് എന്നിവയാല്‍ സമ്പുഷ്ടമാണ് മധുരക്കിഴങ്ങില. മനുഷ്യന്റെ കണ്ണ് സംരക്ഷിക്കുന്ന ഘടകമായ സാന്തോഫില്ലായ ലൂട്ടിന്‍ (29.5മില്ലിഗ്രാം/100ഗ്രാം) ഇതിന്റെ ഇലകളില്‍ സാധാരണ പഴങ്ങളിലും, പച്ചക്കറികളിലും (ഇലക്കറികളിലും) ഉള്ളതിനെക്കാളും അടങ്ങിയിട്ടുണ്ട്. ഇത് തിമിരം തടയും. ഇലകളിലെ ആന്തോസയാനിന്‍മനുഷ്യനിലെ പലതരം അസുഖങ്ങള്‍ പ്രതിരോധിക്കാനും ഉപയോഗപ്രദമാണ്. ചുരുക്കത്തില്‍ മധുരക്കിഴങ്ങില്‍ അന്നജം, പെക്ടിന്‍, ധാതുക്കള്‍ എന്നിവ ഉള്ളതുകാരണം ധാന്യങ്ങളുടെയും, പഴവര്‍ഗ്ഗങ്ങളുടെയും, പച്ചക്കറികളുടെയും സംയുക്തമായ ഗുണമേന്മയുണ്ട്.

കൃഷി വ്യാപിപ്പിക്കേണ്ട ആവശ്യം

ഇത്രയും പോഷകസമൃദ്ധമായ മധുരക്കിഴങ്ങിന്റെ കൃഷി നമ്മുടെ നാട്ടില്‍ വ്യാപിപ്പിക്കേണ്ടത് അത്യാവശ്യമാണ്. വേഗം തഴച്ചുവളരാനുള്ള കഴിവ്, പ്രൂണ്‍ ചെയ്താലും വളര്‍ച്ച വീണ്ടെടെുക്കാനുള്ള ശേഷി, 75100 ദിവസം കൊണ്ട് വിളവെടുക്കാവുന്ന ഹ്രസ്വ കാലദൈര്‍ഘ്യം ഇതൊക്കെയാണ് മധുരകിഴങ്ങ് കൃഷിയിലേയ്ക്ക് നമ്മെ ആകര്‍ഷിക്കേണ്ടതും. ഒരു ഭാവി വിളയായി കാണാവുന്ന, പ്രതികൂല കാലവാസ്ഥയെ ചെറുത്തു നില്‍ക്കാന്‍ ശേഷിയുള്ള മധുരക്കിഴങ്ങ് കര്‍ഷകര്‍ക്കും, വ്യവസായികള്‍ക്കും ഒരുപോലെ ആശ്രയിക്കാം. ഒന്നാം വിള നെല്‍കൃഷി കഴിഞ്ഞോ രണ്ടുവിള നെല്ല് കഴിഞ്ഞോ മധുരക്കിഴങ്ങ് കൃഷിചെയ്യാം.

ഇനങ്ങള്‍

വിവിധ ഉപയോഗങ്ങള്‍ക്കും, ഭൂപ്രകൃതിയ്ക്കും, കൃഷിസമ്പ്രദായങ്ങള്‍ക്കും അനുയോജ്യമായ ഇരുപത്തൊന്നോളം ഇനങ്ങള്‍ ശ്രീകാര്യത്തെ കേന്ദ്ര കിഴങ്ങ് വര്‍ഗ്ഗ ഗവേഷണ സ്ഥാപനത്തിന്റെ സംഭാവനയാണ്. ഇവയില്‍ ഏറ്റവും പ്രചാരത്തിലുള്ള ഇനങ്ങളാണ് ശ്രീ അരുണ്‍, ശ്രീ വരുണ്‍, ശ്രീകനക, ശ്രീഭദ്ര ഭുസോണ, ഭുകൃഷ്ണ എന്നിവ. ശ്രീ അരുണ്‍, ശ്രീവരുണ്‍ എന്നിവ 90100 ദിവസം കൊണ്ട് ഹെക്ടറിന് 20-28 ടണ്‍ വിളവ് തരും. നല്ല പാചകഗുണമുണ്ട്. ശ്രീകനകയ്ക്ക് 100 ഗ്രാം കിഴങ്ങില്‍ 8.8-10 മില്ലിഗ്രാം ബീറ്റ കരോട്ടീന്‍ ഉണ്ട്. കൂടാതെ ഇതിന്റെ ഹ്രസ്വകാല ദൈര്‍ഘ്യം മറ്റൊരു സവിശേഷതയാണ്. ഉദ്ദേശം 75-85 ദിവസം കൊണ്ട് ഹെക്ടറിന് 12-15 ടണ്‍ വിളവ് തരും. മൂന്നുമാസം കൊണ്ട് വിളവെടുക്കാവുന്ന ശ്രീഭദ്രയ്ക്ക് നല്ല പാചകഗുണവും വിളവും ഉണ്ട് (20-27 ടണ്‍ വിളവ് ഹെക്ടറിന്). ഇതു പച്ചക്കറികളിലെയും മറ്റ് വിളകളിലെയും നിമാവിരകള്‍ക്ക് ഒരു കെണിവിള കൂടിയാണ്. അടുത്തിടെ പുറത്തിറക്കിയ ഭുസോണ, ഓറഞ്ച് നിറത്തിലുള്ള മധുരക്കിഴങ്ങാണ.് ഇതില്‍ ബീറ്റകരോട്ടിന്‍ 12.5-14 മില്ലിഗ്രാം/100ഗ്രാം അടങ്ങിയിട്ടുണ്ട്. ഭുകൃഷ്ണയുടെ കിഴങ്ങുകള്‍ വയലറ്റ്‌നിറമാണ്, അതായത് ആന്തോസയാനിന്‍ 85-90മില്ലിഗ്രാം/100 ഗ്രാം ഉണ്ട്. കൂടാതെ നല്ല വിളവും (ഹെക്ടറിന് 1820 ടണ്‍ കിഴങ്ങ്) നല്‍കുന്നു. അന്നജം 19-20% അടങ്ങിയിട്ടുണ്ട്. മണ്ണിലെ ലവണരസം ചെറുത്തു നില്‍ക്കാനും കഴിയും.

കൃഷി രീതി

ഉഷ്ണമേഖല-ഉപോഷ്ണമേഖല പ്രദേശങ്ങളില്‍ വളരെ വ്യാപകമായി കൃഷി ചെയ്യാവുന്ന വിളയാണ് മധുരക്കിഴങ്ങ്. നല്ല നീര്‍വാര്‍ച്ചയുള്ള ഏക്കല്‍ മണ്ണാണ് മധുരക്കിഴങ്ങ് കൃഷിയ്ക്ക് അനുയോജ്യം. മഴയെ ആശ്രയിച്ച് കൃഷി ചെയ്യുമ്പോള്‍ ജൂണ്‍-ജൂലൈ മാസം വള്ളി നടുന്നതാണ് നല്ലത്. ജലസേചന സൗകര്യമുണ്ടെങ്കില്‍,കരപ്രദേശത്ത് ഒക്‌ടോബര്‍-നവംബര്‍ മാസവും, വയലേലകളില്‍ ജനുവരി-ഫെബ്രുവരി മാസവും വേനല്‍ വിളയായും മധുരക്കിഴങ്ങ് കൃഷി ചെയ്യാം.

ഞാറ്റടിയൊരുക്കം
വള്ളികളുടെയും കിഴങ്ങുകളുടെയും ലഭ്യതയനുസരിച്ച് ഇവ രണ്ടും ഞാറ്റടി തയ്യാറാക്കാന്‍ ഉപയോഗിക്കാം. കിഴങ്ങുകളാണ് ഉപയോഗിക്കുന്നതെങ്കില്‍ രണ്ട് ഘട്ടമായി, പ്രാഥമിക ഞാറ്റടിയും ദിത്വീയ ഞാറ്റടിയും തയ്യാറാക്കി വേണം പ്രധാന കൃഷിയിടത്തില്‍ നടാന്‍ വള്ളികള്‍ തയ്യാറാക്കുവാന്‍.

പ്രാഥമിക ഞാറ്റടി : നടുന്നതിന് മൂന്നുമാസം മുമ്പായി ഒരു ഹെക്ടര്‍ കൃഷി സ്ഥലക്കേത്തു 100 ച. മീറ്റര്‍ പ്രാഥമിക ഞാറ്റടി തയ്യാറാക്കണം. 60 സെ.മീ. അകലത്തില്‍ വാരങ്ങള്‍ എടുത്ത് അതില്‍ നല്ല മൂപ്പെത്തിയതും കീടരോഗബാധയില്ലാത്തുതമായ 125150 ഗ്രാം തൂക്കം വരുന്ന കിഴങ്ങുകള്‍ 25 സെ.മീ.അകലത്തില്‍ നടുക. നട്ട് രണ്ടാഴ്ച കഴിഞ്ഞ് 1.5 കിലോ യൂറിയ വളമായി നല്‍കുക, നനച്ചും കൊടുക്കുക. 40-45 ദിവസം പ്രായമാകുമ്പോള്‍ വള്ളികള്‍ 2030 സെ.മീ.നീളത്തില്‍ മുറിച്ചെടുത്ത് രണ്ടാം ഞാറ്റടിയില്‍ നടുക.
ദ്വിതീയ ഞാറ്റടി: 100 ച. മീറ്റര്‍ പ്രാഥമിക ഞാറ്റടിയില്‍ നിന്നും ലഭിച്ച വള്ളികള്‍ നടാന്‍ 500 ചതുരശ്രമീറ്റര്‍ ദ്വിതീയ ഞാറ്റടി സ്ഥലം വേണം. ഇതില്‍ 60 സെ.മീ.അകലത്തില്‍ വാരങ്ങള്‍ എടുത്ത് 25 സെ.മീ.അകലത്തില്‍ വള്ളികള്‍ നടുക. നട്ട് രണ്ടാഴ്ച കഴിഞ്ഞും ഒരു മാസം കഴിഞ്ഞും 2.5 കിലോ വീതം യൂറിയ വിതറി വളമായി പ്രയോഗിക്കാം.നട്ട് ഒന്നരമാസം ആകുമ്പോള്‍ 2030 സെ.മീ. നീളത്തില്‍ വള്ളികള്‍ മുറിച്ചെടുത്ത് പ്രധാന കൃഷിയിടത്തില്‍ നടാം.
വള്ളി തയ്യാറാക്കല്‍
വള്ളിയുടെ മധ്യഭാഗവും, അഗ്രഭാഗവും മാത്രം നടാന്‍ വള്ളികള്‍ കെട്ടുകളാക്കി രണ്ട് ദിവസം തണലില്‍ സൂക്ഷിച്ച ശേഷം നടുന്നതാണ് ഉത്തമം.

നിലം ഒരുക്കലും നടീലും
60 സെ.മീ.അകലത്തില്‍ 2530 സെ.മീ. ഉയരമുള്ള വാരങ്ങള്‍ തയ്യാറാക്കുക.ഈ വാരങ്ങളില്‍ 20 സെ.മീ. അകലത്തില്‍ ഞാറ്റടിയില്‍ നിന്ന് ശേഖരിച്ച വള്ളികള്‍ നടണം. രണ്ടോ മൂന്നോ മുട്ടുകള്‍ മണ്ണിനടിയില്‍ പോകത്തക്ക രീതിയില്‍ മണ്ണില്‍ പാടേ കിടത്തിയോ, ചരിച്ചോ വള്ളികള്‍ നട്ട് മണ്ണ് കൂട്ടികൊടുക്കുക. അഗ്രഭാഗം മണ്ണിനുമുകളിലായിരിക്കാനും ശ്രദ്ധിക്കണം.

വളപ്രയോഗം, ഇടകിളയ്ക്കല്‍:

വാരങ്ങള്‍ തയ്യാറാക്കുന്നതിനു മുന്‍പ് ഒരു ഹെക്ടര്‍ സ്ഥലത്തേക്ക് 5 ടണ്‍ കാലിവളം മണ്ണില്‍ ചേര്‍ക്കണം. കൂടാതെ ഒരു ഹെക്ടറിന് 50:25:50കിലോ എന്‍.പി.കെ കിട്ടത്തക്ക വിധത്തില്‍ രാസവളങ്ങള്‍ കൊടുക്കണം. അടിവളമായി നടുന്നസമയത്ത് 50 കിലോ യൂറിയ, 125 കിലോ റോക്ക് ഫോസ്‌ഫേറ്റ്, 85 കിലോ പൊട്ടാഷ് എന്നിവയും, നട്ട് ഒരു മാസം കഴിഞ്ഞ് 55 കിലോ യൂറിയയും വാരങ്ങളുടെ വശങ്ങളില്‍ ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.
സസ്യസംരക്ഷണം
ചെല്ലിയാണ് മധുരക്കിഴങ്ങിന്റെ പ്രധാന കീടം. ഇത് 5-97% വരെ നഷ്ടം ഉണ്ടാക്കും. വള്ളിയുടെ മണ്ണിനോട് ചേര്‍ന്ന കട ഭാഗം കട്ടി കൂടിയും, വിരൂപമായും കാണാം. രൂപമാറ്റം വന്നും, വിണ്ടുകീറിയും ഉണങ്ങിയും വള്ളികളും കാണപ്പെടും. കിഴങ്ങുകളില്‍ വ്യാപകമായി സുഷിരങ്ങളും അന്തര്‍മാര്‍ഗ്ഗങ്ങളും രൂപപ്പെടുകയും കീടാക്രമണഫലമായി ഉത്പാദനം കുറയുകയും, കിഴങ്ങുകള്‍ തവിട്ട് കലര്‍ന്ന കറുപ്പു നിറത്തോടുകൂടി അഴുകി തുടങ്ങുകയും, അരോചകമായ ഗന്ധത്തോടെയും ചവര്‍പ്പു രുചിയോടെയും ഭക്ഷ്യയോഗ്യമല്ലാതായി തീരുകയും ചെയ്യുന്നു.

സംയോജിത സസ്യസംരക്ഷണ മാര്‍ഗ്ഗങ്ങള്‍ ഇപ്രകാരമാണ്: കൃഷി സ്ഥലം നന്നായി വൃത്തിയാക്കുകയും കീടവിമുക്തമായ ആരോഗ്യമുള്ള വള്ളികള്‍ നടാനായി ഉപയോഗിക്കുകയും ചെയ്യുക. നടും മുമ്പ് 10 മിനിട്ട് നേരം വള്ളികള്‍ 0.02% വീര്യമുള്ള ക്ലോര്‍പൈരിഫോസില്‍ മുക്കി വെയ്ക്കുക. 30 ദിവസം കഴിഞ്ഞും 45 ദിവസം കഴിഞ്ഞും വാരങ്ങളില്‍ മണ്ണ് കൂട്ടി കൊടുക്കുക. ആഴ്ചയില്‍ ഒരിയ്ക്കല്‍ നനയ്ക്കുക. മണ്ണില്‍ ആവശ്യത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ മരച്ചീനി ഇല കൊണ്ട് 15 ദിവസം കഴിഞ്ഞും 30 ദിവസം കഴിഞ്ഞും കട ഭാഗം പുതയിടുക. ഫിറമോണ്‍ കെണി ഹെക്ടറിന് 10 എണ്ണം വീതം വയ്ക്കുക. കളകളെ നശിപ്പിക്കുക. രണ്ട് ആഴ്ചയിലൊരിക്കല്‍ 0.05%വീര്യമുള്ള ഇമിഡാക്ലോപ്രിഡ് കൃഷി സ്ഥലത്ത് തളിയ്ക്കുന്നതും ഈ കീടത്തില്‍ നിന്ന് ഒരു പരിധിവരെ നിയന്ത്രണം നല്‍കും. കാലാവസ്ഥാവ്യതിയാനം നിത്യസംഭവമായി മാറിയ പശ്ചാത്തലത്തില്‍ ആരോഗ്യ ഭക്ഷണം എന്ന നിലയ്ക്ക് ഹ്രസ്വകാല വിളയായ, ആദായകരമായ (ഒന്നര മുതല്‍ രണ്ടുലക്ഷം രൂപ ഹെക്ടറിന്) മധുരക്കിഴങ്ങ് കൃഷി നമുക്കും വ്യാപിപ്പിച്ചേ തീരൂ.

തയ്യാറാക്കിയത്

ഡോ.ജി. സുജ, ഡോ.ഹരീഷ് ഈ. ആര്‍, കേന്ദ്ര കിഴങ്ങ് വര്‍ഗ്ഗ ഗവേഷണ സ്ഥാപനം, ശ്രീകാര്യം, തിരുവനന്തപുരം - 695 017, ഫോണ്‍: 9847248697


Share your comments