Features

ആരോഗ്യഭക്ഷണത്തിന് 'ആദീസ് പത്തായപ്പുര'

Adi's pathayappura

അച്ഛന്റെ ആരോഗ്യം കവര്‍ന്നെടുത്ത ആഹാരപദാര്‍ത്ഥങ്ങളോട് സന്ധി ഇല്ലാത്ത സമരത്തിന് ഇറങ്ങയ ചെറുപ്പരക്കാരനാണ് 'ആദീസ് പത്തായപ്പുര' യുടെ അമരക്കാരനായ സതീഷ്. തിരുവനന്തപുരം ജില്ലയില്‍ ആറ്റിങ്ങലിനു സമീപം വിളയ്മൂലയിലാണ് വേറിട്ട ഈ സംരംഭം. നല്ല ഭക്ഷണം നല്ല ആരോഗ്യവും. നല്ല ആരോഗ്യം നല്ല മനസ്സുകളെയും നല്ല മനസ്സ് നല്ല മനുഷ്യരെയും സൃഷ്ടിക്കുമെന്നാണ് പത്തായ പുരയുടെ പ്രസക്തി.
അര്‍ബുദ ബാധിതനായ അച്ഛന് വിഷമുക്തമായ ഭക്ഷണം തേടിയുളള അന്വേഷണമാണ് കൊമേഴ്‌സ് ബിരുദധാരിയായ സതീഷിനെ നാടന്‍ പച്ചക്കറികളും പഴവും, മുട്ടയും, പാലും, മീനുമൊക്കെ വില്‍ക്കുന്ന മേഖലയില്‍ എത്തിച്ചത്. 12 വര്‍ഷം തുടര്‍ന്ന മെഡിക്കല്‍ റെപ്രസന്റേറ്റീവ് ജോലി ഉപേക്ഷിച്ച് ഈ സ്ഥാപനം ആരംഭിച്ചിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ ഇദ്ദേഹം പൂര്‍ണ സംതൃപ്തനാണ്.

എന്തിനോടും 'ഓര്‍ഗാനിക്' എന്ന പദം കൂട്ടിച്ചേര്‍ത്ത് ഉപഭോക്താവിനെ ചൂഷണം ചെയ്യുന്ന കോര്‍പ്പറേറ്റ് കച്ചവടതന്ത്രങ്ങള്‍ ഒന്നും ഇവിടെയില്ല. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന പച്ചക്കറികളും മറ്റ് ഭക്ഷ്യവസ്തുക്കളും ഉല്‍പാദകന്റെ വിവരങ്ങളോടുകൂടി ' വാട്‌സ് ആപ്' ഗ്രൂപ്പില്‍ പ്രസിദ്ധപ്പെടുത്തും. ആവശ്യക്കാരന്റെ താല്‍പര്യാര്‍ത്ഥം ഉല്‍പാദകനുമായി നേരിട്ട് സംവാദിക്കുന്നതിനും ഗുണമേന്മ ഉറപ്പു വരുത്തുന്നതിനും ഇവിടെ അവസരമുണ്ട്. ഇതിലൂടെ ഉപഭോക്താവിന്റെ പൂര്‍ണ വിശ്വാസവും സംതൃപ്തിയും നേടിയെടുക്കാന്‍ കഴിയും. ഇതു തന്നെയാണ് പത്തായപ്പുരയുടെ പരസ്യമെന്ന് സതീഷ് സാക്ഷ്യപ്പെടുത്തുന്നു.

അഞ്ചുതെങ്ങ് കടപ്പുറത്ത് നിന്നു പിടിക്കുന്ന മീനും, ചെറുകുടുംബങ്ങളുടെ ആവശ്യത്തിന് അനുസരിച്ച് പായ്ക്ക് ചെയ്തിട്ടുളള നാടന്‍ കോഴി ഇറച്ചിയും. വീട്ടിലെ പാലും, ചക്കിലാട്ടിയ വെളിച്ചെണ്ണയും, തവിടുളള അരിയും, കര്‍ഷക കൂട്ടായ്മകള്‍ തയാറാക്കിയ അച്ചാറും, ചമ്മന്തിയും, പലഹാരങ്ങളും, മസാലക്കൂട്ടുകളും ഉള്‍പ്പെടെ നാടന്‍ ഭക്ഷ്യവസ്തുക്കളുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്.

വിവിധ സ്ഥലങ്ങളില്‍ നിന്ന് വിപണനത്തിനാവശ്യമായ സാധനങ്ങള്‍ ശേഖരിക്കുന്നത് സതീഷ് തന്നെയാണ്. ഭാര്യ രേഷ്മയ്ക്ക് പുറമെ മറ്റ് ജീവനക്കാര്‍ ആരും തന്നെ ഈ സ്ഥാപനത്തില്‍ ഇല്ല. നാലു വയസ്സുകാരി ആദിലക്ഷ്മിയും കടയിലെ സജീവ സാന്നിദ്ധ്യം. വിവിധ ഘട്ടങ്ങളിലായി രണ്ടു ലക്ഷം രൂപയോളം ഇതിനകം ചെലവായെന്നും മാന്യമായി ജീവിക്കുവാനുളള വരുമാനം ഇപ്പോള്‍ ലഭിക്കുന്നുവെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇത്തരം സംരംഭങ്ങള്‍ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. ഇവ സംരക്ഷിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും കൃഷിവകുപ്പിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വവും.

കൂടുതല്‍ വിവരങ്ങള്‍ക്ക് :


സതീഷ് കുമാര്‍,

ആദീസ് പത്തായപ്പുര,

വിളയിന്‍ മൂല, ആറ്റിങ്ങല്‍ (നന്ദനം, കടുവായില്‍ , ആറ്റിങ്ങല്‍)

തിരുവനന്തപുരം ജില്ല. ഫോണ്‍: 9895010401

 

 

 


English Summary: 'Aadis pathayappura ' for healthy food

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine