1. Features

വിളയ്ക്കും വിളവിനും കൃത്രിമ ജലസേചനം

ഏത് പ്രവൃത്തിയുടേയും വിജയത്തിന് സമയം വിലപ്പെട്ടതാണ്. ജലസേചനത്തിന്റെ കാര്യത്തിലും ഇത് വിഭിന്നമല്ല. കാര്‍ഷിക വിളകള്‍ക്ക് കൃത്യ സമയത്ത് - കൃത്യമായ അളവില്‍ ജലസേചനം നടത്തിയാല്‍ വിളവില്‍ പ്രതിഫലിക്കും. എന്നാല്‍ തിരക്കു പിടിച്ച ജീവിതത്തില്‍ ഇത് പലര്‍ക്കും കഴിയാറില്ല

KJ Staff
water

ഏത് പ്രവൃത്തിയുടേയും വിജയത്തിന് സമയം വിലപ്പെട്ടതാണ്. ജലസേചനത്തിന്റെ കാര്യത്തിലും ഇത് വിഭിന്നമല്ല. കാര്‍ഷിക വിളകള്‍ക്ക് കൃത്യ സമയത്ത് - കൃത്യമായ അളവില്‍ ജലസേചനം നടത്തിയാല്‍ വിളവില്‍ പ്രതിഫലിക്കും. എന്നാല്‍ തിരക്കു പിടിച്ച ജീവിതത്തില്‍ ഇത് പലര്‍ക്കും കഴിയാറില്ല. ഇതിന് പരിഹാരമാണ് സ്വയം നിയന്ത്രിത ജലസേചന സംവിധാനം. കാര്‍ഷിക വിളകള്‍ക്ക് കൃത്യമായ അളവില്‍ വേണ്ടപ്പോള്‍ നിയന്ത്രിത മാര്‍ഗ്ഗങ്ങളിലൂടെ ജലസേചനം സാദ്ധ്യമാക്കാന്‍ ഇലക്‌ട്രോണിക് നിയന്ത്രിത ജലസേചന മാര്‍ഗ്ഗങ്ങള്‍ ഇന്ന് ലഭ്യമാണ്. വീട്ടുവളപ്പിലെ ചെറിയ കൃഷിസ്ഥലങ്ങള്‍ മുതല്‍ വിശാലമായ കൃഷിയിടങ്ങളില്‍ വരെ ആവശ്യമായ ജലം മുന്‍കൂട്ടി നിശ്ചയിച്ച് പ്രത്യേക ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വഴി പ്രോഗ്രാം ചെയ്ത് ജലവിതരണം കാര്യക്ഷമമാക്കാം. ഇതിനു വേണ്ടി പ്രത്യേക ഇലക്‌ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റ് ഒരു സോളിനോയ്ഡ് വാല്‍വുമായി ഘടിപ്പിച്ച് ജലസേചന നിയന്ത്രണം നടത്താം.

ഒരു സോളിനോയിഡ് വാല്‍വ്, വാല്‍വിനെ ക്രമീകരിക്കുന്ന ഒരു കണ്‍ട്രോള്‍ യൂണിറ്റ്, പമ്പിംഗ് യൂണിറ്റ് - എന്നിവ ചേര്‍ത്താല്‍ കൃത്രിമ ജലനിയന്ത്രണ സംവിധാനമായി. ടാങ്കില്‍ നിന്ന് നേരിട്ടോ, പമ്പിന്റെ സഹായത്താലോ പുറത്തു വരുന്ന ജലം ഒരു ദ്വിമാന ഫില്‍റ്റര്‍ സംവിധാനത്തിലൂടെ ശുദ്ധീകരിച്ച് സോളിനോയ്ഡ് വാല്‍വിന്റെ സഹായത്താല്‍ ആവശ്യാധിഷ്ഠിത ജലനിയന്ത്രണം സാധ്യമാക്കും. കൃത്യമായ ജല മര്‍ദ്ദം ക്രമീകരിച്ചുകൊണ്ട് തന്നെ ജലസേചനം ഉറപ്പു വരുത്താനാകുന്നതു കൊണ്ട് ചെടികള്‍ക്കു വേണ്ട ജലലഭ്യത ഉറപ്പു വരുത്തി ജലസേചനത്തിന്റെ കാര്യക്ഷമത ഉറപ്പു വരുത്താനാകും. സോളിനോയിഡ് വാല്‍വുകളിലെ ഡയഫ്രം EPDM റബ്ബര്‍ (Ethylene Propylene Diene Monomer Rubber) അഥവാ ഹൈ ഡെന്‍സിറ്റി സിന്തറ്റിക് റബ്ബര്‍ നിര്‍മ്മിതമായതു കൊണ്ട് കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുവാനും ശേഷി ഉണ്ട്. ഇവയില്‍ ജലനഷ്ടം ഒട്ടും തന്നെയില്ലാത്ത പി.ജി.എ വാല്‍വ് (Plastic Globe Angle Valve) ഘടിപ്പിച്ച സോളിനോയ്ഡ് വാല്‍വുകളും, പിച്ചള വാല്‍വുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. കൃഷി ചെയ്യുന്ന കാര്‍ഷിക വിളകളുടെ സ്വഭാവം, ഓരോ വിളകള്‍ക്കും ആവശ്യമായ ജലത്തിന്റെ അളവ്, മണ്ണിന്റെ ഘടന, ആ പ്രദേശത്തെ ബാഷ്പീകരണ തോത്, മണ്ണിന്റെ നീര്‍വാര്‍ച്ചാ സൗകര്യം - എന്നീ ഘടകങ്ങള്‍ അടിസ്ഥാനപ്പെടുത്തിയാണ് കണ്‍ട്രോള്‍ യൂണിറ്റ് പ്രോഗ്രാം ചെയ്യേണ്ടത്.

ഇലക്‌ട്രോണിക് കണ്‍ട്രോള്‍ യൂണിറ്റിലെ 240 വോള്‍ട്ട് ഡി.സി വൈദ്യുതിയെ ഒരു റിലെയുടെ സഹായത്താല്‍ 230 വോള്‍ട്ടായോ, 440 വോള്‍ട്ടായോ വ്യത്യാസപ്പെടുത്തി ഏതുതരം പമ്പുകളെയും പ്രവര്‍ത്തന സജ്ജമാക്കാം. ടാങ്കില്‍ നിന്നാണ് ജലസേചനം നടത്തുന്നതെങ്കില്‍ പമ്പിംഗ് യൂണിറ്റ് ഒഴിവാക്കാവുന്നതാണ്.

കൃത്യമായ ഇടവേളകളില്‍ മനുഷ്യാദ്ധ്വാനം പരമാവധി കുറച്ച് കാര്യക്ഷമതയോടെ ഏത് തരം വിളകള്‍ക്കും ജലസേചനം നടത്തുവാന്‍ ഇലക്‌ട്രോണിക് കണ്‍ട്രോള്‍ ജലസേചനമാര്‍ഗ്ഗം ഉപകാരപ്രദമാണ്. രണ്ടോ മൂന്നോ ദിവസം വീട് വിട്ട് പോകേണ്ടി വന്നാല്‍ പോലും ചെടികള്‍ ഉണങ്ങി പോകുമെന്ന പേടി ഇങ്ങനെ ഒഴിവാക്കാം. പമ്പുസെറ്റില്ലാതെ ഒരു ചെറിയ കൃഷിത്തോട്ടത്തില്‍ കൃത്രിമ ജലസേചന സൗകര്യമൊരുക്കാന്‍ ഏകദേശം പതിനായിരം രൂപയില്‍ താഴെ മാത്രമേ ചെലവു വരൂ. അല്പം മുതല്‍മുടക്കിന് തയ്യാറാണെങ്കില്‍ പുല്‍ത്തകിടിയിലും, പൂന്തോട്ടത്തിലും, അടുക്കളത്തോട്ടങ്ങളിലും ഇനി മുതല്‍ നമുക്കും കൃത്രിമ ജലസേചന സംവിധാനം നടപ്പാക്കാം.

കെ.എസ് ഉദയകുമാര്‍,

കെ.എല്‍.ഡി.ബോര്‍ഡ്

English Summary: Artificial watery for crops

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds