Features

ബ്ലാക്ക്‌ബെറി കേരളത്തിലും വിളയും 

കേരളത്തിലെ പഴങ്ങളുടെ പറുദീസയാണ് ഇടുക്കി ജില്ലയിലെ കാന്തല്ലൂര്‍. മൂന്നാര്‍ പോലെതന്നെ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന സ്ഥലംകൂടിയാണിവിടം. ആപ്പിള്‍, ഓറഞ്ച്, സ്‌ട്രോബറി തുടങ്ങി നിരവധി പഴങ്ങള്‍ കാന്തല്ലൂരിനെ സുന്ദരിയാക്കുന്നു. ഇവിടെയാണ് ജോര്‍ജ് ജോസഫിന്റെ തോപ്പന്‍സ് ഫാം. കാന്തല്ലൂരില്‍ എത്തുന്ന വിനോദസഞ്ചാരികള്‍ തോപ്പന്‍സ് ഫാം സന്ദര്‍ശിക്കാതെ മടക്കമില്ല. പറ്റിയാല്‍ മഞ്ഞിന്റെ കുളിര്‍മയില്‍ താമസവും. അഞ്ച് ഏക്കറിലായാണ് പഴങ്ങളുടെ കൃഷി. വിദേശരാജ്യങ്ങളിലേതടക്കം 200 ല്‍ അധികം പഴങ്ങളാണ് തോപ്പന്‍സിലുള്ളത്. മാത്രമല്ല ഇന്ത്യയില്‍ ബ്ലാക്ക്‌ബെറി കൃഷി ചെയ്യുന്ന ഏക കര്‍ഷകനാണ് ജോര്‍ജ് ജോസഫാണ്. 

ഇംഗ്ലണ്ടില്‍ താമസിക്കുന്ന സഹോദരൻ മൂന്നുവര്‍ഷം മുമ്പാണ് ജോര്‍ജിന് ബ്ലാക്ക്‌ബെറി വിത്തുകള്‍ നല്‍കിയത്. കാന്തല്ലൂരിന്റെ മണ്ണില്‍ ബ്ലാക്ക്‌ബെറി കൃഷി എത്രത്തോളം വിജയിക്കുമെന്ന കാര്യത്തില്‍ ജോര്‍ജ് ജോസഫിന് യാതൊരുറപ്പുമുണ്ടായിരുന്നില്ല. 500 തൈകളാണ് ആദ്യം നട്ടത്. ചെടികള്‍ തമ്മില്‍ അടുത്തുപോയതിനാല്‍ ഇടയില്‍നിന്ന് ഓരോ ചെടികള്‍ വീതം പറിച്ചു മാറ്റിനടേണ്ടിവന്നു. 500 ചെടികളില്‍ നിന്ന് ഒരു ദിവസം 20 കിലോ വരെ കായ ലഭിച്ചിട്ടുണ്ട്. 20 സെന്റില്‍ ബ്ലാക്ക്ബറി മാത്രം കൃഷി ചെയ്യുന്നു. ബ്ലാക്ക്‌ബെറി വാങ്ങാന്‍ ധാരാളം കച്ചവടക്കാര്‍ ഇവിടെ എത്തുന്നുണ്ട്. ഒരു കിലോഗ്രാമിന് 1500 രൂപ മുതല്‍ വിലയുണ്ട്. വിത്തിറക്കി ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലാക്ക്‌ബെറി കായ്ച്ചുതുടങ്ങും. ഒരു ചെടി കുറഞ്ഞത് 12 വര്‍ഷം കായ്ക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ആട്ടിന്‍ ചാണകമാണ് ഇതിന് വളമായി നല്‍കുന്നത്. ബ്ലാക്ക് ബെറിക്ക് മാത്രമല്ല, തോപ്പന്‍സിലെ മറ്റെല്ലാ വിളകള്‍ക്കും വളം ചാണകമാണ് വളമായി ഉപയോഗിക്കുന്നത്.  

റെഡ് ഡെലീഷ്യസ്, ഗ്യാനി ഗോള്‍ഡ്, ഗ്യാനിസ്മിത്, പാര്‍ലെ ബട്ടി തുടങ്ങി 45 ഇനത്തില്‍പെട്ട അഞ്ഞൂറിലധികം ആപ്പിള്‍  ചെടികളും ഓറഞ്ച് ചെടികളും ഫാമിലുണ്ട്. ആപ്പിളിന്റെ വിളവെടുപ്പ് സമയം ഓഗസ്റ്റ് സെപ്തംബര്‍ മാസമാണ്. ആ സമയത്താണ് സഞ്ചാരികളുടെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുന്നത്.

blackberry growing

ഇതിനുപുറമെ ബ്രസീലിയയില്‍ നിന്നുള്ള ജബോട്ടിക്കാബ, ബ്രസിലിയന്‍ ചെറി, സ്‌കോട്ട്‌ലന്റില്‍ നിന്നുള്ള ബ്ലാക്ക് സപ്പോട്ട (ചോക്ലേറ്റ് പുഡ്ഡിങ് ഫ്രൂട്ട്) ഓറഞ്ച്, പ്ലം, ചെറിമോയ, മെക്‌സിക്കന്‍ ആത്തച്ചക്ക, ലിച്ചി, അവകാഡോ, റാസ്‌ബെറി, പീച്ചി, ബ്ലാക്ക്ബറി ജാം, ലാക്വിറ്റ്, ചെറിമോയ, ട്രീടൊമാറ്റോ, മാങ്കോപീച്ച്, പിയര്‍, കനേഡിയന്‍ ചെറുനാരങ്ങ, പെഴ്‌സിമന്‍, ഫ്‌ളോറിഡ ഹൈബ്രീഡ് പ്ലം, ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ സപ്പോട്ടയായ യെല്ലോ സപ്പോട്ട, കിവി,  മെക്‌സിക്കന്‍ പാഷന്‍ ഫ്രൂട്ട് തുടങ്ങി നിരവധി പഴവര്‍ഗങ്ങളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. പഴുത്തുകഴിഞ്ഞ് തൊലിയോടെ കഴിച്ചാല്‍ മധുരവും തൊലികളഞ്ഞ് കഴിച്ചാല്‍ പുളിയും അനുഭവപ്പെടുന്ന ഇസ്രയേല്‍ ഓറഞ്ച് കൂടാതെ സ്‌ട്രോബറി, ഗുവ, പൈനാപ്പിള്‍ ഗുവ, മാംഗോ ഗുവ, വള്ളിപ്പേര തുടങ്ങി നാടന്‍ പേരകളടക്കം എട്ടുതരം പേരകളാണുള്ളത്. 

കാന്തല്ലൂര്‍ എസ്എച്ച് ഹൈസ്‌കൂളിലെ അധ്യാപകനാണ് ജോര്‍ജ് ജോസഫ്. മുപ്പത് വര്‍ഷം മുമ്പ് കാന്തല്ലൂരില്‍ എത്തിയ ജോര്‍ജ്, അയല്‍വീടുകളിലെ ആപ്പിള്‍ ചെടികള്‍ കണ്ട് താത്പര്യം തോന്നിയാണ് സ്വന്തമായി ബഡ് ചെയ്ത് ആപ്പിള്‍ ചെടികള്‍ നട്ടത്. അതില്‍ വിജയിച്ചതോടെയാണ് കൃഷിയിലേക്ക് തിരിഞ്ഞത്. ആപ്പിള്‍, ഓറഞ്ച് കൃഷിയുടെ വിജയം കൂടുതല്‍ വ്യത്യസ്തമായ പഴങ്ങള്‍ കൃഷിചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അങ്ങനെയാണ് വിദേശത്തുള്ള ബന്ധുക്കളും സുഹൃത്തുക്കളും വഴി അദ്ദേഹം പുതിയ പഴവര്‍ഗങ്ങളുടെ വിത്തുകള്‍ ശേഖരിച്ചത്. പഴങ്ങള്‍ കൂടാതെ വിവിധതരം പച്ചക്കറികളും പൂക്കളും തോപ്പന്‍സിനെ ഏറെ മനോഹരമാക്കുന്നു.


Share your comments