Features

ചോമ്പാൽ ഹാർബർ കണ്ടതും കേട്ടറിഞ്ഞതും !

ew
-ദിവാകരൻ ചോമ്പാല

ആഘോഷദിനങ്ങൾ ആനന്ദകരമാക്കാൻ ചോമ്പാൽ ഹാർബറിലും പരിസരങ്ങളിലും ദൂരെ സ്ഥലങ്ങളിൽ നിന്നുവരെ കുടുംബസമേതം ആളുകളെത്തിയിരുന്നത്  കുറേക്കാലമായി ഇവിടുത്തെ പതിവ് കാഴ്ച്ച ! .
വ്യാവസായിക പ്രാധാന്യമേറെയുള്ള ഒരിടം എന്നപോലെതന്നെ ഒരിടത്തരം വിനോദസഞ്ചാര കേന്ദ്രം എന്ന നിലയിലുംകൂടിയാണ്  ഈ പ്രദേശത്തിന്റെ സമീപകാല വളർച്ചയും പെരുമയും അംഗീകാരവും .

കടലിൽ വലിയ പാറക്കല്ലുകളിട്ട് ഉയരം കൂട്ടിയെടുത്ത് കൊണ്ട്  നിർമ്മിച്ച ചോമ്പാൽ  ഹാർബറിൻറെ പുലി മൂട്ടിലൂടെ അഥവാ ബ്രേക്ക് വാട്ടറിലൂടെ  നോക്കെത്താദൂരം വരെ  കടലിലേയ്ക്ക് മുന്നോട്ടു നടക്കുമ്പോൾ രണ്ടുവശങ്ങളിലും തിരതല്ലിപ്പിരിയുന്ന കരിമ്പാറക്കെട്ടുകൾ മനുഷ്യപ്രയത്‌നത്തിന്റെ തിരുശേഷിപ്പുകളെന്നപോലെ നില നിൽക്കുന്നു  .
ഇടയിലവിടെവിടെ ഏറുകണ്ണിയുമായി പാറക്കെട്ടുകളിലിരുന്ന്  മീൻ പിടിക്കാനിരിക്കുന്ന ചില നേരമ്പോക്കുകാർ .
നോക്കെത്താദൂരം വരെ കടലിലേയ്ക്ക്  നീണ്ടുപോകുന്ന ഈ പുലിമുട്ട്  റോഡിലൂടെ അൽപ്പം സൂക്ഷ്മതയോടെ  കൊച്ചുകുട്ടികൾക്കുപോലും കടൽക്കാഴ്ചകൾ കണ്ടുകൊണ്ട് കടലിലേയ്‌ക്ക് നടന്നു നീങ്ങാൻ കഴിയും .
കടലിൻറെ അകലങ്ങളിൽ നിന്ന് കരയിലേക്ക് നോക്കുമ്പോൾ നിരനിരയായി നിൽക്കുന്ന ചവോക്ക് മരങ്ങളുടെ ചന്തവും ചാരുതയും ഹരിതകാന്തിയും വർണ്ണനാതീതം .നയനമനോഹരം.തൊട്ടരികിൽത്തന്നെ പ്രകൃതിയുടെ വേറിട്ട ദൃശ്യഭംഗിയായ കാപ്പുഴക്കൽ തീരവും  .
 
മുന്നിലും വശങ്ങളിൽനിന്നുമായി ഉരുണ്ടുരുണ്ട് അമറിക്കൊണ്ടടുക്കുന്ന കൂറ്റൻ തിരമാലകൾ !  കരിമ്പാറക്കെട്ടുകളെ നക്കി നനച്ചുകൊണ്ട് പൊട്ടിച്ചിരിയോടെ വിട്ടകലുന്ന തിരകളിൽ വെറുതെ  നോക്കിയിരിക്കുന്നതും ഒരു സുഖം.
തലങ്ങും വിലങ്ങുമായി കുതിക്കുന്ന മൽസ്യബന്ധനത്തിനായുള്ള യന്ത്രവൽകൃത ഫൈബർ വള്ളങ്ങൾ ,ചെറുതോണിക്കാർ .വട്ടമിട്ട് പറക്കുന്ന വെള്ളക്കൊക്കുകളും കടൽ കാക്കകളും  പരുന്തുകളും ചെറുപക്ഷികൾ വേറെയും.
കടൽക്കോളുള്ള നേരങ്ങളിൽ ബോട്ടുജെട്ടിക്കരികിൽ നൂറുക്കണക്കിന്  ഫൈബർ വള്ളങ്ങൾ  നിശ്ചലമായി നിൽക്കുന്നതും കാണാം .

അഴിയൂർ പഞ്ചായത്തിൻറെ വികസനതീരം കൂടിയാണ് ചോമ്പാലിലെ കടലോരത്തെ ഈ മനോഹരതീരം .
അസ്ഥമയ സൂര്യൻറെ വർണ്ണക്കുടമാറ്റം ആസ്വദിക്കുന്നതോടൊപ്പം അന്തിച്ചുവപ്പിൽ  സെൽഫിയെടുക്കുന്നവരും വീഡിയോ ഷൂട്ട് ചെയ്‌യുന്ന ന്യുജൻ തലമുറക്കാരുടെയും തിരക്കുമാവും ചിലനേരങ്ങളിൽ ഇവിടം .

 മധുവിധു ആഘോഷിക്കാനെത്തുന്നവർ . പ്രണയത്തിൻറെ മധുരം പങ്കുവെക്കാനും                                                                                               കൊച്ചുവാർത്തമാനങ്ങളുമായി പാറമടക്കുകളിൽ കടൽക്കാറ്റേറ്റ്‌വാങ്ങാനുമായി പുസ്തകസഞ്ചികൾ പുറത്തിട്ട്  എവിടെനിന്നൊക്കെയോ എത്തുന്ന കോളേജ് കുമാരന്മാരും കുമാരികളും .
 കോവിഡ് വ്യാപനം കാരണം സമീപകാലങ്ങളിൽ സഞ്ചാരികൾക്ക് അൽപ്പം അയവുണ്ടായി എന്നതും സത്യം .അരനൂറ്റാണ്ടിനും എത്രയോ മുൻപുള്ള ഈ ചോമ്പാൽ കടപ്പുറത്തിൻറെ പഴയകാല ദൃശ്യാനുഭവം കൂടി അറിയാതെ ഓർത്തുപോകുന്നു .പങ്കുവെയ്ക്കുന്നു .
പരമ്പരാഗതമായി മത്സ്യബന്ധനം തൊഴിലാക്കിയ ഒരുകൂട്ടം കുടുംബങ്ങൾ.അവരെ ആശ്രയിച്ചു ജീവിക്കുന്ന മറ്റ്‌ കുടുംബാംഗങ്ങൾ .
 കുടിലുകളിലും ഓലപ്പുരകളിലും പനമ്പ് തട്ടികൾകൊണ്ട് മറച്ചുണ്ടാക്കിയ ചെറിയചെറിയ പാർപ്പിടങ്ങളിലുമായിരുന്നു അക്കാലങ്ങളിൽ  കടപ്പുറങ്ങളിലെ  താമസക്കാർ  ഒട്ടുമുക്കാൽ പേരും .
ചോർന്നൊലിക്കുന്ന വീടകങ്ങൾ .മഞ്ഞും മഴയും കാറ്റും കൊടുങ്കാറ്റും പേമാരിയും ഇടിമിന്നമിലും കടൽക്കോളും കാലവർഷക്കാലങ്ങളിൽ കൊടുമ്പിരിക്കൊള്ളുന്ന ദാരിദ്ര്യവും അനുഭവിച്ച്‌ മെലിഞ്ഞുണങ്ങിപ്പോയവർ .അടുത്തടുത്തായുള്ള കുടി പാർപ്പുകൾ .മണ്ണെണ്ണയിൽ തെളിയുന്ന ''മുട്ടവിളക്ക് '' , കമ്പി റാന്തലുകൾ  .

ഓലകൊണ്ടും ചാക്കുകൊണ്ടും മറച്ച കുളിപ്പുരകൾ,വേനൽക്കാലങ്ങളിൽ മണൽപ്പരപ്പിലാവും ചിലർ അടുപ്പുകൂട്ടി ഭക്ഷണം പാകം ചെയ്യുക .
വേലിയോ മറച്ചുകെട്ടലോ ഇല്ലാത്ത കടപ്പുറത്തെ ഒലപ്പുരകളുടെ ഓരങ്ങളിലൂടെ പൊതുവഴിപോലെ ആർക്കും വഴിനടക്കാം .ഏതു നേരത്തും .അടുക്കളപ്പുറത്തുകൂടെയും മുറ്റങ്ങളിലൂടെയും വരെ .

ചവിട്ടുവലക്കാർ എന്നപേരിലായിരുന്നു കടലിൽ വലയിട്ട് മീൻ പിടിക്കന്ന കഠിനാദ്ധ്വാനികളായ ഇക്കൂട്ടരിൽ പല പുരുഷന്മാരും അറിയപ്പെട്ടത് .ഒഴുക്കുവല ,കോരുവല,വീശുവല  ഇങ്ങിനെ മീൻപിടിത്തത്തിൻറെ  രീതികൾ പലതരത്തിൽ .
അകലെ കാണുന്നത് വെള്ളിയാങ്കല്ല് . തോണിയിൽ കല്ലിന്മേൽ പോയി മീൻപിടിക്കുന്ന ഒരുപാട് വിരുതന്മാർ പ്രദേശത്തിണ്ടായിരുന്നു . വലിയ വലിയ മീനുകളാവും ഇവർക്ക് കിട്ടുക .
ഗൾഫ് പണക്കാരുടെ അതിപ്രസരമില്ലാത്ത കാലത്ത് ഇത്തരം  വലിയ മീനുകൾ കുറിച്ചിക്കര കള്ളുഷാപ്പിലും മറ്റുമായിരിക്കും എത്തുക .
വലനെയ്യാനറിയുന്നവരും തോണിതുഴയാനറിയുന്നവരും കല്ലുമ്മക്കായ പറിക്കാൻ വശമുള്ളവരും എല്ലാം ഇവരുടെ കൂട്ടത്തിൽ തന്നെ കാണും.
തോണിയിൽ കൊണ്ടുപോയി കടലിൽ  വിതിർത്തിട്ട വലയുയുടെ തടിച്ച കമ്പക്കയറുകൾ കരയിൽ നിന്ന് ഒരുകൂട്ടം ആളുകൾ ബലത്തോടെ വലിച്ചുകയറ്റിയാവും  പഴയകാലങ്ങളിൽ മീൻപിടിച്ചിരുന്നത്.
  ഉറിപോലെ കയറുകെട്ടിയുറപ്പിച്ച പനമ്പ്കൊട്ടകളിൽ നിറച്ച വിവിധതരം മീനുകൾ കാവോടി എന്ന ഉപകരണത്തിൽ  ചുമലിലേറ്റിയാവും മുക്കാളിലിയിലെ മീൻ ചാപ്പയിൽ വിൽപ്പനക്കെത്തിച്ചിരുന്നത്  .ഹാർബർ  റോഡ് വരുന്നതിനും മുൻപ് പാതിരിക്കുന്നു എന്ന ഉയരംകൂടിയസ്ഥലത്തുകൂടെ തോളിൽ കാവോ ടിയുമായി നടുവൊടിഞ്ഞനിലയിൽ ഭാരംകയറ്റി മുക്കാളി മീൻചാപ്പയിലെത്തിച്ച കരുത്തരായ പലരുമിന്നില്ല
 . ചോമ്പാൽ കടപ്പുറത്തുനിന്നും മീൻകാവ് തോളിലാക്കി മുക്കാളി, തട്ടോളിക്കര ,കുന്നുമ്മക്കര കാരിയാടും  കടന്ന്  പെരിങ്ങത്തൂർ വരെയൊക്ക നടന്നുപോയി മീൻകച്ചവടം ചെയ്‌ത ആളുകളെ എനിക്കടുത്തറിയാം .അവരിലാരും ഇന്നില്ലെങ്കിലും കഠിനാദ്ധ്വാനികളായ അത്തരക്കാരെ ബഹുമാനത്തോടെയേ ഓർമ്മിക്കാനാവൂ .

എന്റെ അച്ഛന് മുക്കാളിയിൽ ആയുർവ്വേദ ഷോപ്പുള്ള കാലത്ത് ആയുർവ്വേദ എണ്ണകൾ തയ്യാർ ചെയ്യാൻ വെളിച്ചെണ്ണ നൽകിയിരുന്നത് മയ്യന്നൂർ  സ്വദേശി ചോയി എന്നൊരാൾ .
വില്ല്യാപ്പള്ളിയിൽ നിന്നും രണ്ട് വലിയ ടിന്നുകളിൽ നിറച്ച വെളിച്ചെണ്ണ കാവിലേറ്റി വടകരയും കടന്ന് നാദാപുരം റോഡും കണ്ണൂക്കരയും താണ്ടി മുക്കാളിവരെ നടന്നെത്തി  അച്ഛന്റെ ഷോപ്പിൽ സപ്ലൈ ചെയ്യുമായിരുന്നു .മുണ്ടിന്  മുകളിൽ അരപ്പട്ടകെട്ടിയ  ഷർട്ടിടാത്ത ചോയി അച്ഛൻ ഇന്നില്ലെന്നുവേണം കരുതാൻ .

ആഴക്ക് ,ഉഴക്ക് ,ഉരി ,നാഴി  അങ്ങിനെയൊക്കെയായിരുന്നു അന്നത്തെ  അളവുകൾ .
മുക്കാളിയിൽ നിന്നും പിന്നീട് നേരെ മാഹിയിലേക്കായിരിക്കും കാവ് തോളിലാക്കി അയാൾ നടക്കുക .മാഹിയിലെ ചാപ്പൻ നായരുടെ പലചരക്ക് കടയിലും വെളിച്ചെണ്ണ നൽകി തിരിച്ച് ഉച്ച കഴിയുമ്പോഴേയ്ക്കും നടന്നുകൊണ്ട്  മുക്കാളിയിലെത്തും . വിശ്വസിക്കാനാവുമോ പുതിയ തലമുറക്കാർക്ക് ?
മുക്കാളിയിൽ അക്കാലത്തെ പ്രസിദ്ധമായ കാപ്പിക്കടയായിരുന്നു ചെല്ലട്ടാൻ കണ്ണൻ എന്നൊരാളുടേത് .

ആവിക്കര  ഭാഗത്തുനിന്നും മറ്റും വരുന്ന നല്ല നാടൻ  തെങ്ങ് ചക്കരയിട്ട് തിളപ്പിച്ച വയനാടൻ കാപ്പി.
വെളുത്ത പിഞ്ഞാണക്കോപ്പയിലെ ചൂടുള്ള കാപ്പിയിൽ മേൽപ്പൊടിപോലെ കണ്ണേട്ടൻ നല്ല നാടൻ പശുവിൻ നെയ്യിൽ മുക്കിയ ഒരു കമ്പിക്കോലിട്ടിളക്കും .
ആവിപറക്കുന്ന കാപ്പിക്കൊപ്പം 'കണ്ണൻ സ്റ്റൈലിൽ'  പുഴുങ്ങിയ അതീവ രുചിയുള്ള നാടൻ കിഴങ്ങ്.  അതിന്  മുകളിൽ തേങ്ങാ ചുരണ്ടിയതും കാണും.
  ഇനാമൽ പ്ളേറ്റിൽ നിറച്ചും നാടൻ  അവൽ .അവലിന്  മുകളിൽ നാടൻ  ശർക്കര  ചുരണ്ടിയതും നാളികേരം ചിരവിയതും ഒക്കെച്ചേർത്താവും അദ്ധ്വാനിക്കുന്ന പലരും ഇവിടെ നിന്നും കാപ്പി കഴിക്കുക .

ശുദ്ധവും രുചികരവും  മിതമായ നിരക്കും അതിലേറെ ഹൃദ്യമായ പെരുമാറ്റമുള്ള ശാന്ത സ്വാഭാവിയായിരുന്ന ''കാപ്പിക്കാരൻ കണ്ണൻ '' ചോമ്പാലയുടെ ഇമ്പമായിരുന്നു .കണ്ണേട്ടനിന്നില്ല .ഇന്നത്തെ ഫൈവ് സ്റ്റാർ ഹോട്ടലിൽ പോയാൽപ്പോലും ഇത്ര രുചികരമായ ഭക്ഷണം കിട്ടില്ല തീർച്ച .
മയ്യന്നൂരിൽ നിന്നും നടന്നെത്തുന്ന എണ്ണക്കാരൻ ചോയി എന്ന ആൾ  കണ്ണേട്ടന്റെ കടയിൽ നിന്നും ശർക്കരയും നാളികേരവുമിട്ട നാടൻ അവലിനൊപ്പം  നാലഞ്ച് കദളിപ്പഴവും കൂട്ടി ഒരു പിടി പിടിപിടിച്ചാവും തുടർയാത്ര. ഒരുപക്ഷെ അദ്ധേഹത്തിന്റെ ആരോഗ്യരഹസ്യം ഇത്തരം ഭക്ഷണക്രമവും നടത്തവും ഒക്കെത്തന്നെയാവാം   .

മീൻ കാവ്  തോളിലേറ്റി നടക്കുന്നതിന് പകരം മോട്ടോർ സൈക്കിളുകളിലും  ഗുഡ്‌സ് ഓട്ടോകളിലും വ്യാപകമായതോതിൽ മൽസ്യം വിൽപ്പന നടത്തുന്ന  ബർമുഡയിട്ട ചെറുപ്പക്കാരടക്കമുള്ളതാണ്  സമീപകാല കാഴ്ചകൾ .
ജർമ്മൻ പാതിരിമാരുടെ കടന്നുവരവോടെ ഒരു ചെറിയവിഭാഗം കടലോരപ്രദേശത്തെ ആളുകൾ കൃസ്‌തീയ മതവിശ്വാസികളായിമാറിഎന്നതും സത്യം .
ദാരിദ്ര്യവും കഷ്ടപ്പാടുമായി കഴിയുന്നവർക്ക് സുഭിക്ഷമായ തോതിൽ ജർമ്മനിയിൽ നിന്നും പാൽപ്പൊടിയും  ചീസും ഗോതമ്പും പോഷകസമ്പന്നമായ ആഹാരവും വസ്ത്രങ്ങളും  മരുന്നും ഒപ്പം വിദ്യാഭ്യാസ സൗകര്യങ്ങളുമെല്ലാം  സൗജന്യമായി നൽകാനും ഇവിടെയെത്തിയ ജർമ്മൻ മിഷനറിമാർ ഏറെ മുന്നിലായിരുന്നു  .

നാട്ടിൽ ഡോക്ടർമാർ ആരും ഇല്ലാതിരുന്ന ആ കാലത്ത്  നാട്ടുചികിത്സയിൽ കേമനായിരുന്നു ഇവിടുത്തെ ചെറിയ രാമൻ വൈദ്യർ ,കുഞ്ഞുക്കുട്ടി വൈദ്യർ തുടങ്ങിയവർ .പിൽക്കാലങ്ങളിൽ കടൽക്കോടതിയുടെ ചുമതലക്കാരൻ കൂടിയായിരുന്ന കുഞ്ഞുക്കുട്ടി വൈദ്യരുടെ മകനാണ് പ്രമുഖ വോളിബാൾ കോച്ച് സേതുമാധവൻ .
മറപ്പുരകളില്ലാതെ ആളുകൾ പരസ്യമായി കടപ്പുറത്തെ നനഞ്ഞമണലിൽ തിര തൊടാത്ത ദൂരത്തിൽ വിസർജ്ജനത്തിനിരിക്കുന്നതും പഴയ കാലങ്ങളിലെ ചില പതിവ്കാഴ്ച്ചകൾ  .
ഈ കാരണം കൊണ്ടുതന്നെ അക്കാലങ്ങളിൽ കടപ്പുറത്തുകൂടെ ശ്രദ്ധിച്ച്കൊണ്ട് താഴോട്ടു നോക്കി  നടന്നില്ലെങ്കിൽ ഉള്ള സന്തോഷവും സഖവും അതോടെ തീരും .
ഗൃഹനിർമ്മാണാവശ്യങ്ങൾക്കും മറ്റും ആവശ്യമായ മണൽ എത്രവേണമെങ്കിലും ആർക്കും കടപ്പുറത്തുനിന്നും തലച്ചുമടായി എടുക്കുന്നതിനും അക്കാലങ്ങളിൽ വിലക്കുകളുണ്ടായിരുന്നില്ല .

കനത്ത കാറ്റും മഴയും കാലവർഷവുമായാൽ 'കടല് പൊട്ടി' എന്നാണു പറയുക .
മീൻ പിടുത്തമില്ലാതെ വരുമാനം നിലച്ച കുടുംബങ്ങൾ തീരാപ്പട്ടിണിയിൽ .തോണികൾ കരയിൽ കമഴ്ത്തിയിട്ടിരിക്കും .ശ്മശാന മൂകതയായിരിക്കും കടൽത്തീരത്ത് .
ചാകരയുള്ള കാലങ്ങളിൽ സമ്പാദിച്ച വകയിൽ കൈയ്യിലുള്ള  സ്വർണ്ണം വരെ വിൽക്കേണ്ട അവസ്ഥ .
അത്യാവശ്യം കൈയ്യിരിപ്പായുള്ള ഉണക്കമുള്ളനും മറ്റുതരത്തിലുള്ള ഉണക്കമീനുകളുമാവും ചിലരുടെ അപ്പോഴത്തെ  വരുമാനം .

ആണുങ്ങൾ കടപ്പുറത്തെ  തെങ്ങിൻ ചുവട്ടിലും മറ്റും വട്ടംകൂടിയിരുന്ന്  ചീട്ടുകളിച്ചും ബീഡിപുകച്ചും സമയം കളയും .ചിലർ അത്യാവശ്യം നാടൻ  ലഹരിയിൽ  കടപ്പുറത്തെ വലക്കെട്ടിനുമുകളിൽ മയക്കത്തിലായിരിക്കും .

 ചോമ്പാൽ കടപ്പുറത്തെ പഴയകാലങ്ങളിലെ ചായക്കടകൾ കടലോര പ്രദേശത്തെ ആളുകളുടെ കൂട്ടായ്‌മയുടെ ,കൂടിച്ചേരലുകളുടെ  തണലിടങ്ങൾ കൂടിയായിരുന്നു.
 ഒപ്പം പ്രാദേശിക വാർത്താവിനിമയകേന്ദ്രവും കൂടിയായിരുന്നു ചായക്കടകൾ .കടവത്ത് ഗോവിന്ദൻ ,കരേപ്പീടികയിൽ പൊക്കൻ ,കരിപ്പാലിൽ കണാരൻ ,കുളവട്ടത്ത്  കേളപ്പൻ .വി കെ കണ്ണൻ തുടങ്ങിയ ചില ആളുകളായിരുന്ന് അക്കാലങ്ങളിൽ ഇവിടുത്തെ പ്രമുഖ ചായപ്പീടികക്കാർ .

ഇപ്പോഴത്തെ പുരോഗമന വായനശാല അക്കാലത്ത് പ്രവർത്തിച്ചത് കല്ലുവളപ്പിൽ തറവാട്ടുകാരുടെ കടപ്പുറത്തെ പീടികക്ക് മുകളിൽ.

പഴയകാലങ്ങളിൽ മുക്കാളിയിലെ പ്രമുഖ പലചരക്ക് കച്ചവടക്കാരനായിരുന്നു ഒളവിൽ ചോയി എന്ന ആൾ. അദ്ധേഹത്തിൻറെ ഉടമസ്ഥതയിലുള്ള ഭുമിയിലാണ് മുക്കാളിയിൽ സാമാന്യം വലുപ്പവും വിസ്‌തൃതിയിലുമുള്ള മീൻചാപ്പ എന്ന മത്സ്യവിൽപ്പനകേന്ദ്രം അന്ന് പ്രവർത്തിച്ചിരുന്നത് .
മുക്കാളിയിൽ ആദ്യമായി ഗോതമ്പ് പൊടിയാക്കാനുള്ള ഫ്‌ളോർമിൽ  സ്ഥാപിച്ചതും ഒളവിൽ ചോയി എന്നവർ തന്നെ  .

കേരള സംസ്ഥാനം രൂപീകൃതമായിട്ട് 65 വർഷമായി . 1956 നവംബർ ഒന്നിന്‌ തിരുവിതാംകൂർ, കൊച്ചി, മലബാര്‍ എന്നീ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്തുകൊണ്ട് വൈവിധ്യമേറിയ ഭൂപ്രകൃതിയാൽ സമ്പന്നമായ കേരള സംസ്ഥാനം രൂപീകരിച്ചു.
ഈ സമയത്ത് ഇന്ത്യയിലെ 14 സംസ്ഥാനങ്ങളിൽ വെറും അഞ്ച് ജില്ലകള്‍ മാത്രമുള്ള കൊച്ചു സംസ്ഥാനമായിരുന്നു കേരളം.
ആദ്യത്തെ കേരളപ്പിറവി ദിനത്തിൽ മുക്കാളിയിലെ കച്ചവടക്കാർ കുരുത്തോലയും കമാനങ്ങളുമായി ഗംഭീര അലങ്കാരങ്ങളോടെയായിരുന്നു കേരളപ്പിറവി ദിനം ആഘോഷിച്ചത് .തികച്ചും മത്സരബുദ്ധിയോടെ .
പ്രസ്തുത മത്സരത്തിൽ ഒന്നാം സ്ഥാനത്തെത്തിയതും ഒളവിൽ ചോയി എന്ന പീടികക്കാരൻതന്നെ .

മുക്കാളി  സ്‌കൂളിൽ നിന്നും ചന്തൻ വൈദ്യരുടെ വക അന്നേദിവസം അതിവിപുലമായ പായസ ദാനം വേറെയും .മുല്ലപ്പള്ളി ഗോപാലൻ , മുണ്ടിയാട്ട്  കുഞ്ഞിരാമൻ, താടിക്കാരൻ കേളപ്പൻ മാസ്റ്റർ തുടങ്ങിയ ചിലരൊക്കെയായിരുന്നു അന്ന് പായസം വിളമ്പിയത് .
രാവിലെയും വൈകുന്നേരങ്ങളിലും മുക്കാളി ചാപ്പയിൽ നല്ലതിരക്കായിരിക്കും .ചുരുങ്ങിയത് അമ്പത് പേരെങ്കിലും ഏതുനേരവും ഈ ചുറ്റുപാടിലുണ്ടാവും.

വടക്കേ മുക്കാളിയിൽ കാര്യമായ പീടികകളൊന്നുംതന്നെയന്നില്ല.കുഞ്ഞിപ്പള്ളിയിൽ ഒരൊറ്റ കട പോലുമില്ല.തികച്ചും വിജനമായ സ്ഥലം .കണ്ണൂക്കരയിലും വിപുലമായ മാർക്കറ്റിങ്ങ് സംവിധമില്ലാത്ത കാലം .
ചുറ്റുപാടിലുള്ള ഒട്ടുമുക്കാൽ പ്രദേശങ്ങളിലുമുള്ള ആളുകൾ മൽസ്യം വാങ്ങാനും പലചരക്ക്  സാധനങ്ങൾ  വാങ്ങാനും മറ്റും എത്തുന്നത്  മുക്കാളി അങ്ങാടിയിൽ . മീൻ ചാപ്പയോട് ചേർന്ന് കോളിയാടൻ കിഴങ്ങ് തൂക്കി വിൽക്കാൻ   സ്ഥിരമായി ഒരുകട .
ചേമ്പ് ,കാച്ചിൽ ,ചേന ,നനക്കിഴങ്ങ് ,കണ്ടിക്കിഴങ്ങ് ,വെള്ളരി ,മത്തൻ ,ബിലാത്തിച്ചക്ക തുടങ്ങിയവ പതിവായി വിൽക്കാൻ ചിലർ .

കല്ലാമലഭാഗത്തുനിന്നും നെയ്തെടുത്ത പായവിൽക്കാൻ ചില സ്ത്രീകൾ പതിവായെത്തും  .
ചാപ്പയോട് ചേർന്ന് മുൻവശത്തെ റോഡരികിൽ പച്ച ഓലകീറി ചെറിയ ചെറിയ ഓലക്കൊട്ടകൾ മട ഞ്ഞുവിക്കുന്ന വയസ്സായ ഒരാൾ  സ്ഥിരമായി ഇവിടെ കാണുമായിരുന്നു .
ഇദ്ദേഹത്തിൻറെ കയ്യിൽനിന്നും ഒരു ഒട്ടുമുക്കാൽ കൊടുത്ത് വാങ്ങിയ പച്ചക്കൊട്ടയിൽ ഒരണ കൊടുത്തുവാങ്ങിയ നൂറോളം വലിയമത്തി കുട്ടിയായ ഞാൻ വീട്ടിലേയ്ക്ക് വാങ്ങിക്കൊണ്ടുപോയ ഓർമ്മയെനിക്കുണ്ട് .

ഏകദേശം അറുപത്തിയഞ്ചിലേറെ വർഷങ്ങൾക്ക് മുൻപ് . മീൻചാപ്പയുടെ മുന്നിലെ റോഡിൽ വൈകുന്നേരമായാൽ ഒരു പട്ടികക്കഷണത്തിലുറപ്പിച്ച വ്യുമാസ്റ്റർ എന്നഉപകരണവുമായി ഒരാളെത്തും.ഒരണകൊടുത്താൽ പല നാടും കാണിച്ചതരും .അമേരിക്ക കാണാം ,ടാജ് മഹൽ കാണാം ,ഐസൻഹോവറെ  കാണാം എന്നൊക്കെയാവും അയാൾ വിളിച്ചുപറയുക .
ആകാലങ്ങളിൽ എന്റെ അച്ഛൻറെ  സുഹൃത്തായിരുന്ന വെങ്ങാട്ട് ഗോപാലക്കുറുപ്പ് എന്ന സിങ്കപ്പുർക്കാരൻ നാട്ടിൽ വന്നപ്പോൾ എനിയ്ക്ക് കളിക്കാനായി കൊണ്ടുവന്നുതന്നതും വ്യൂമാസ്റ്റർ എന്ന ഈ ഉപകരണം തന്നെ .ചുറ്റുപാടിലുള്ള കുട്ടികൾക്കെല്ലാം വലിയ അത്ഭുതമായിരുന്നു ഇതിലൂടെ നോക്കിക്കാണുന്നത് .

ചോമ്പാൽ കടപ്പുറത്തുനിന്നും ആവിക്കര ഭാഗത്തുനിന്നും മറ്റും  കാവോടിയിൽ ചുമന്നുകൊണ്ടുവരുന്ന മീൻകൊട്ട ചാപ്പയിലെ തറയിൽ കമഴ്ത്തിയാൽ ജീവനുള്ള വലിയ ഞണ്ടുകൾ ചാപ്പയുടെ തറയിലൂടെ നാലുപാടും ഇഴഞ്ഞോടുന്ന കാഴ്ച്ച കുട്ടികളായ ഞങ്ങൾക്ക് അന്ന് കൗതുകക്കാഴ്ചയായിരുന്നു .
ചില കാലങ്ങളിൽ കടലാമകൾ കടപ്പുറത്തെ കരയിൽ മുട്ടയിടാനെത്തും .രാത്രികാലങ്ങളിൽ കടപ്പുറത്തുള്ളവർ ആമ മുട്ടശേഖരിക്കും .എണ്ണമറ്റ ആമ മുട്ടകളാവും മുക്കാളി ചാപ്പയിൽ അടുത്ത ദിവസം വിൽപ്പനക്കായി ഓഹരികളായി നിരത്തുക .

കാൽ ഉറുപ്പിക കൊടുത്താൽ ഒരു ചെറിയ ഓലക്കൊട്ട നിറയെ ആമ മുട്ട കിട്ടുമായിരുന്നു.
ഏട്ടമുട്ടകളും ഇതുപോലെ വിൽപ്പനക്കെത്തുമായിരുന്നു .
വലിയ സ്രാവിൻറെ കുടൽ കീറിയെടുത്ത ഇണർ അഥവാ നെയ്യ് ചിലർ വാങ്ങുന്നതും കണ്ടിട്ടുണ്ട് .കിഴങ്ങിലിട്ട് പുഴുങ്ങാനാണെന്നും കേട്ടിട്ടുണ്ട് ,
വലിയ ഇനം മീനുകൾ വെട്ടിമുറിച്ച് കഷണങ്ങളാക്കിയായിരിക്കും ഓഹരി വെക്കുക .ഒരണ ,രണ്ടണ ,കാലുറുപ്പിക അങ്ങിനെപോകുന്നു ഓഹരി വിലകൾ .
അഞ്ചോ പത്തോ ആളുകളുള്ള  ഒരു കൂട്ടുകുടുംബത്തിൽ രണ്ടണയുടെ ഒരു ഓഹരി മീൻ വാങ്ങിയാൽ സാമാന്യം ഭേധപ്പെട്ട സമൃദ്ധമായ മീൻ കറിക്ക് അത് മതിയാകുമായിരുന്നു .
ഒരണക്ക് പത്തോളം അയലമീൻ ഞാൻ അക്കാലങ്ങളിൽ ഇവിടെ നിന്നും വാങ്ങിയിട്ടുണ്ട് .കല്ലുമ്മക്കായ പോലുള്ളതൊന്നും എണ്ണി വാങ്ങുന്ന പതിവ് അന്ന് നന്നേകുറവ് .

പ്ലാസ്റ്റിക്ക് സഞ്ചികൾ പ്രചാരത്തിലില്ലാത്ത കാലത്ത് ഉപ്പില മരത്തിന്റെ ഇല ,തേക്കിന്റെ ഇല ,ചേമ്പില .ഉണങ്ങിയ വാഴയില ,കൂവയുടെ ഇല തുടങ്ങിയവയിലൊക്കെയാണ് മീൻ പൊതിഞ്ഞുകിട്ടിയിരുന്നത് .നാട്ടിടവഴികളിലൂടെ കാവോടി ചുമലിലേറ്റി മീൻവിൽക്കുന്നതും അക്കാലത്തെ പതിവ്
.രണ്ടു കണ്ണിനും അശേഷം കാഴ്ച്ചയില്ലാത്ത ഒരാൾ അക്കാലങ്ങളിൽ സ്ഥിരമായി ഇടവഴികളിലൂടെ ഒരുപാട് ദൂരം നടന്ന് മീൻവിൽക്കുമായിരുന്നു .ഓരോ വീട്ടുകാരെയും ശബ്‌ദത്തിലൂടെ അദ്ദേഹം തിരിച്ചറിയുമായിരുന്നു ,ഓരോ ഇടവഴികളിലെയും കല്ലും കുണ്ടും കുഴികളും മനക്കണ്ണുകൊണ്ടെന്നപോലെ സൂക്ഷിച്ചുകൊണ്ടാവും അയാൾ കാവോടിയുമായി യാത്ര തുടരുക .

 ഈ കടപ്പുറത്തെ ജനങ്ങളെ ,ചുറ്റുപാടിലുമുള്ള ജനവിഭാഗങ്ങളെ ഇല്ലായ്‌മയുടെ പരിമിതികളിൽ നിന്നും സമൃദ്ധിയുടെ പടവുകളിലേയ്ക്ക് , ഉയർന്നജീവിതനിലവാരത്തിലേയ്ക്ക്  കൈപിടിച്ചുയർത്താൻ ചോമ്പാൽ കടപ്പുറത്തെത്തിയ മനുഷ്യസ്നേഹിയായിരുന്നു  മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന നാട്ടുകാരൻ ,രാഷ്ട്രീയപ്രവർത്തകൻ.
 ചോമ്പാൽ മത്സ്യബന്ധന തുറമുഖം എന്ന ബൃഹത്കർമ്മപദ്ധതിയിലൂടെ ചോമ്പാലിൻറെ  മുഖഛായമാറ്റാൻ അദ്ധേഹം ഊണു മുറക്കവുമില്ലാതെ പ്രവർത്തിച്ച കാലഘട്ടം ചോമ്പാലക്കാർ മറക്കാനിടയില്ല.

മുല്ലപ്പള്ളി രാമചന്ദ്രൻ സുഹൃത്തുക്കളോടൊപ്പം ചോമ്പാൽ കടപ്പുറത്തെ പൂഴിമണലിൽ കടൽക്കാറ്റേറ്റ് നേരമ്പോക്ക് പറയുന്നതിനിടയിൽ മനസ്സിൽ തോന്നിയ  സ്വപ്നപദ്ധതിയുടെ സാക്ഷാത്ക്കാരം കൂടിയാണ്  ഇന്ന് കാണുന്ന ചോമ്പാൽ ഹാർബർ .
 അക്കാലത്തെ പ്രാദേശിക സാമൂഹികപ്രവർത്തകരിൽ കേമന്മാരായ കുഞ്ഞാരൻ സർക്കിൾ ഇൻസ്‌പെക്ടർ ,കുഞ്ഞിക്കുട്ടി വൈദ്യർ,വി .സി .കൃഷ്‌ണൻ ,കല്ലുവളപ്പിൽ ബാലൻ ,കെ .കുഞ്ഞിക്കണാരൻ,
 മുണ്ടിയാട്ട് കുഞ്ഞിരാമൻ പാറേമ്മൽ ദാമോദരൻ ,വളപ്പിൽ  മോഹനൻ  തുടങ്ങിയ എത്രയോ സാമൂഹ്യപ്രവർത്തകരുടെ  ആഗ്രഹ പൂർത്തീകരണം കൂടിയായിരുന്നു ചോമ്പാൽ കടപ്പുറത്തിൻറെ വികസനം .

ചോമ്പാൽ ഹാർബ്ബർ നിർമ്മാണപദ്ധതി ഉദ്ഘാടനം ചെയ്‌തത് അന്നത്തെ മുഖ്യമന്ത്രിയും സമുന്നത രാഷ്ട്രീയ നേതാവുമായിരുന്ന ശ്രീ .കെ .കരുണാകരൻ ആയിരുന്നു  .
ഉദ്ഘാടകൻറെ സാന്നിദ്ധ്യത്തോളമോ അതിലേറെയോ ശ്രദ്ധിക്കപ്പെട്ടതായിരുന്നു നാട്ടുകാരൻ കൂടിയായ മുല്ലപ്പള്ളി രാമചന്ദ്രൻറെ അന്നത്തെ അസാന്നിദ്ധ്യം .
ചടങ്ങിൽ അദ്ദേഹത്തെ പങ്കെടുപ്പിക്കാതിരുന്നത് നാട്ടിൽ വൻ പ്രതിഷേധത്തിനിടയാക്കുകയുമുണ്ടായി

''കാട് വീടാകുമ്പോൾ ആശാരി പുറത്ത് '' -എന്ന അവസ്ഥക്കെതിരെ നാട്ടുകാരിൽ അതിശക്തമായ  ജനരോഷമുയർന്നതും വടക്കേ മുക്കാളിയിൽ റോഡരികിൽ കെട്ടിയുയർത്തിയ പന്തലിൽ പ്രതിഷേധത്തിൻറെ മാറ്റൊലി ഉയർന്നതും കാലം മറക്കാതെ സൂക്ഷിക്കുന്ന ചോമ്പാലയുടെ  ചില ചരിത്ര സത്യങ്ങൾ !

ഏകദേശം അറുപത്‌ അറുപത്തിയഞ്ച് വർഷങ്ങൾക്ക് മുൻപ് പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ചോമ്പാൽ കുഞ്ഞിപ്പള്ളിമൈതാനത്ത് പൊതുപരിപാടിയിൽ പ്രസംഗിക്കുന്നത് കാണാൻ പലപ്രദേശങ്ങളിൽ നിന്നുമായെത്തിയ പതിനായിരങ്ങൾ .
ചോമ്പാലയുടെ ചരിത്രസംഭവമായിരുന്ന ആ പരിപാടിയുടെ മുഖ്യ അമരക്കാരൻ ചോമ്പാല എന്ന ഉൾനാടൻ ഗ്രാമത്തിലെ നാട്ടുകാരനായ മുല്ലപ്പള്ളി ഗോപാലൻ എന്ന കോൺഗ്രസ്സുകാരൻ ,സ്വാതന്ത്ര്യ സമരസേനാനി.

പാർട്ടിക്കുവേണ്ടി ,പ്രസ്ഥാനത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച കറകളഞ്ഞ ഈ കോൺഗ്രസ്സുകാരൻറെ മകനാണ് പിൽക്കാലത്ത് ചോമ്പാലയിലെ പരമോന്നതവ്യക്തിത്വമായി രൂപാന്തരം പ്രാപിച്ച  ശ്രീ .മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ദേശീയനേതാവ് .ജനപ്രിയൻ .
ശ്രീ .മുല്ലപ്പള്ളി ഗോപാലൻറെ അത്യുത്സാഹവും മികച്ച സംഘടനാവൈഭവവും ഇച്ഛാശക്തിയുടെയും പരിണിതഫലമാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്റു ചോമ്പാൽ കുഞ്ഞിപ്പള്ളി മൈതാനത്തെത്തിയതെന്ന് പറഞ്ഞാൽ തെറ്റാവില്ലെന്നുറപ്പ് .

ചോമ്പാലക്കാരൻ കണ്ണൻ ഡ്രൈവർ എന്നൊരാളായിരുന്നു കോഴിക്കോട്ടുനിന്നും ചോമ്പാലവരെ നെഹ്രുവിന്റെ യാത്രക്കായി തുറന്ന കാർ ഓടിച്ചിരുന്നത് .അക്കാലത്തെ സി സി ആൻഡ് കെ പി യിലെ ഡ്രൈവറായിരുന്ന ചോമ്പാലക്കാരൻ കണ്ണൻ ഡ്രൈവർ .
 മികച്ച  ഡ്രൈവിംഗിന് കണ്ണൻ ഡ്രൈവർക്ക് നെഹ്‌റു സർട്ടിഫിക്കറ്റും നൽകിയതായാണറിവ് .
കയ്യിൽ റസീറ്റുബുക്കുമായി പതിവ്പടി ആരുടെ മുൻപിലും കൈനീട്ടിക്കൊണ്ടായിരുന്നില്ല  ശ്രീ.മുല്ലപ്പള്ളി ഗോപാലൻ കുഞ്ഞിപ്പള്ളിയിലെ ഈ പരിപാടി സംഘടിപ്പിച്ചത് .
ഉയരത്തിലുള്ള കൽമണ്ഡപവും കോവണിപ്പടികളുമുള്ള പ്രസംഗവേദിയിലായിരുന്നു നെഹ്‌റു അന്ന് പ്രസംഗിച്ചത് .

ഒരർത്ഥത്തിൽ പറഞ്ഞാൽ പിൽക്കാലങ്ങളിൽആ കൽമണ്ഡപം ഒരു  സ്‌മാരകമായി നിലനിർത്തേണ്ടതായിരുന്നു  ,ആരുടെയോ വകതിരിവില്ലായമ കൊണ്ട്  ആ കൽമണ്ഡപം ഇന്നില്ലാതെ പോയി എന്നത് മറ്റൊരു  ദുഃഖസത്യം .
ആഘോഷങ്ങളും ആരവങ്ങളും കഴിഞ്ഞശേഷം പ്രസ്തുത പരിപാടി സംഘടിപ്പിച്ച നിലയിൽ ഭീമമായ തുകക്ക് കടക്കാരനായ ശ്രീ .മുല്ലപ്പള്ളി ഗോപാലൻ എന്നപഴയകാല കോൺഗ്രസുകാരന് സ്വന്തം കിടപ്പാടം
കിട്ടിയ വിലയ്‌ക്ക് വിൽക്കേണ്ടിവന്നുവെന്നതും അക്കാലത്തെ നാട്ടുകാർക്കെല്ലാം അറിയാവുന്ന പരമാർത്ഥം.

പ്രശസ്‌ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്‌ദുള്ള
പ്രശസ്‌ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്‌ദുള്ള

പ്രശസ്‌ത എഴുത്തുകാരൻ പുനത്തിൽ കുഞ്ഞബ്‌ദുള്ള നഷ്ടജാതകം  എന്ന തന്റെ പുസ്തകത്തിൽ ''ഇന്ത്യയെ കണ്ടെത്തൽ '' എന്ന തലക്കെട്ടോടെ ഈ വിഷയം ഏറെ പ്രാധാന്യത്തോടെ അവതരിപ്പിച്ചിരിക്കുന്നതായും കാണുന്നു .

രാഷ്ട്രീയ നിറഭേദങ്ങളോ, സ്വന്തം ചുറ്റുപാടെന്ന പ്രത്യേക പരിഗണനകളോ അശേഷമില്ലാതെ എം പി ഫണ്ടിൻറെ സുതാര്യവും ഫലപ്രദവുമായ വിനിയോഗത്തിലൂടെ വടകര നിയോജകമണ്ഡലത്തിൻറെ സമാനതകളില്ലാത്ത വികസനപദ്ധതികൾക്ക് നേതൃത്വം നൽകിയ ദേശീയ നേതാവ്‌ എൻറെ നാട്ടിലെ പരമോന്നത വ്യക്തിത്വമാണെന്ന് നെഞ്ചുവിരിച്ച് പറയുന്ന എണ്ണമറ്റ ചോമ്പാലക്കാരിൽ ഒരാളാണ് ഞാനുമെന്നു   അഭിമാനപൂർവ്വം പറയട്ടെ  .
നാദാപുരത്തെ ബി എസ്സ് എഫ് കേന്ദ്രം ,സി ആർ പി എഫ് പരിശീലന കേന്ദ്രം ,സൈക്ളോൺ ഷെൽട്ടർ സുരക്ഷാകേന്ദ്രം ,തീരദേശ പോലീസ് സ്റ്റേഷൻ ,ദുരന്തനിവാരണ സേനാസമിതി .തുടങ്ങി ആഭ്യന്തര മന്ത്രാലയത്തിൻറെ കീഴിലുള്ള അഞ്ച് ദേശീയ പ്രസ്ഥാനങ്ങൾ വടകരയിൽ !.

കൂടാതെ പാസ്‌പ്പോർട്ട് സേവാകേന്ദ്രം ,വടകരമാഹി കനാൽ ,കേന്ദ്രീയ വിദ്യാലയം .മലബാറിൻറെ വിദ്യാഭ്യാസമേഖലയിൽ ഏറെ ശ്രദ്ധേയമായ  ഇന്ദിരാ ഗാന്ധി നേഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി റീജിയണൽ സെൻറർ വടകരയിൽ ,കേന്ദ്രീയ വിദ്യാലയം തലശ്ശേരിയിൽ .
 കലയും സംസ്ക്കാരവും സമന്വയിപ്പിച്ചുകൊണ്ട് കടത്തനാട് മഹോത്സവം ,ഒഞ്ചിയം അണ്ടർബ്രിഡ്‌ജ് .
27 കോടി രൂപ നിർമ്മാണച്ചിലവിൽ വടകര നിയോജകമണ്ഡലത്തിലെ റെയിവേ വികസനം .
കടത്തനാടിൻ്റെ ചരിത്ര പാരമ്പര്യവുമായി ഇഴചേർത്ത് നെയ്തെടുത്തതും ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയതുമായ വികസനപ്രവർത്തങ്ങളുടെ നീണ്ടനിരയിൽ അക്കമിട്ടുനിരത്താൻ ഇനിയുമേറെ.

ഒരു പ്രത്യേക രാഷ്ട്രീയ വീക്ഷണത്തിലോ വ്യക്തിബന്ധത്തിൻറെ  അടിസ്ഥാനത്തിലോ അല്ല ഞാനിത്  വ്യക്തമാക്കുന്നത് .
നന്മയുടെ നേരെ  മുഖം തിരിക്കാൻ മനസ്സനുവദിക്കാത്ത ചോമ്പാലയിലെ ഒരു നാട്ടുകാരൻ  എന്ന നിലയിൽ മാത്രം .അതും ഒരു സാക്ഷീഭാവത്തിൽ നിന്നുകൊണ്ട്‌ തികച്ചും നിഷ്‌പക്ഷവും സത്യസന്ധവുമായ വിലയിരുത്തലുകളിലൂടെ ,ശരിയെന്ന കണ്ടെത്തലുകളിലൂടെ മാത്രം  .

KSU വിലൂടെ പൊതുരംഗത്ത് ചുവടുറപ്പിച്ച മുല്ലപ്പള്ളി രാമചന്ദ്രൻ എന്ന ചോമ്പാലക്കാരൻ പൊതുപ്രവർത്തനങ്ങൾക്കൊപ്പം സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിലും സജീവപങ്കാളിത്വമുറപ്പാക്കി.
മടപ്പള്ളി കോളേജിൽ ആദ്യമായി കെ എസ് യു യൂണിറ്റ് രൂപീകരിച്ച മുല്ലപ്പള്ളി ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി .ലോകോളേജിലും പഠനം നടത്തി .
ക്യൂബയിലെ ഹവാനയിൽ നടന്ന ലോക യുവജന സമ്മേളനത്തിൽ  പങ്കെടുക്കാൻ ഭാഗ്യമുണ്ടായ ചോമ്പാലക്കാരനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നയുവാവ് !.

നെഹ്‌റു കുടുംബവുമായി സുദൃഢമായ ബന്ധം പുലർത്തിയിരുന്ന മുല്ലപ്പള്ളി എന്ന ചോമ്പാലക്കാരൻ ഇന്ദിരാഗാന്ധിക്കും രാജീവ് ഗാന്ധിക്കും സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമൊപ്പം വരെ ദേശീയതലത്തിൽ പ്രവർത്തിക്കാനുള്ള അസുലഭസന്ദർഭം ലഭിച്ച അപൂർവ്വം വ്യക്തികളിൽ ഏറെ ശ്രദ്ധേയനുമായിരുന്നുവെന്ന് ആർക്കാണറിഞ്ഞുകൂടാത്തത് ?.

സമീപകാലങ്ങളിൽ കേരളപ്രദേശ്‌ കോൺഗ്രസ് കമ്മറ്റിയുടെ പ്രസിഡണ്ട് പദവിയിലും അദ്ദേഹം ശോഭിച്ചിട്ടുണ്ട്. ഏറെ വർഷങ്ങൾക്ക് മുൻപ് കോഴിക്കോട്ടുനിന്നും പ്രസിദ്ധീകരിച്ചിരുന്ന വിപ്ളവം പത്രത്തിൻറെ ചീഫ് സബ്ബ് എഡിറ്റർ പദവിയിലും മുല്ലപ്പള്ളി പ്രവർത്തിച്ചിരുന്നതായോർക്കുന്നു .
കോഴിക്കോട് ഇഗ്ളീഷ് പള്ളിക്ക് എതിർ ഭാഗത്തുള്ള കെട്ടിടത്തിലായിരുന്നു വിപ്ലവത്തിൻറെ ഓഫീസ് അക്കാലങ്ങളിൽ പ്രവർത്തിച്ചിരുന്നത്  .
ഏഴ് തവണ ലോക് സഭഅംഗം ,കേന്ദ്രത്തിലെ മുൻ ആഭ്യന്തര സഹ മന്ത്രി ,കൃഷി മന്ത്രി തുടങ്ങിയ എത്രയോ പദവികൾ അദ്ദേഹത്തെ തേടിയെത്തിയെന്നതിൽ ചോമ്പാലക്കാർക്ക് അഭിമാനിക്കാതിരിക്കാനാവുമോ ?
1980 ൽ മുല്ലപ്പള്ളി രാമചന്ദ്രൻറെ തിരഞ്ഞെടുപ്പ് പ്രചരാണർത്ഥം  ശ്രീമതി.ഇന്ദിരാഗാന്ധി ഹെലിക്കോപ്റ്ററിൽ  പറന്നിറങ്ങിയത് ചോമ്പാലയിലെ കുഞ്ഞിപ്പള്ളി മൈതാനത്ത് .
ഈ മൈതാനത്തിൻറെ ഉടമസ്ഥാവകാശ വിഷയവുമായി ബന്ധപ്പെട്ട് നാട്ടുകാരും കുഞ്ഞിപ്പള്ളി പരിപാലനകമ്മറ്റിയും തമ്മിൽ ആഭിപ്രായഭിന്നതകളും തർക്കങ്ങളും നടന്നുകൊണ്ടിരുന്നകാലം .

പ്രസ്‌തുത വിഷയത്തിലും മുല്ലപ്പള്ളിയുടെ നയപരമായ ഇടപെടൽ ഏറെ ശ്രദ്ധേയം .ജനപങ്കാളിത്വത്തോടെയുള്ള മദ്ധ്യസ്ഥശ്രമത്തിൻറെ ഫലമായി കുഞ്ഞിപ്പള്ളി മൈതാനത്തിൻറെ പകുതി സ്ഥലം പള്ളിക്കമ്മറ്റിക്ക് വിട്ടുകൊടുക്കുകയാണുണ്ടായത് .
മറുപകുതിയിലാണ് ഇന്ന് കാണുന്ന ചോമ്പാൽ മിനി സ്റ്റേഡിയം നിലകൊള്ളുന്നത്  ,മുല്ലപ്പള്ളിയുടെ എം പി ഫണ്ടുപയോഗിച്ചാണ് ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചത് .

ചോമ്പാൽ ഹാർബ്ബർ  നിർമ്മാണം (Chombal Harbour Construction)

ഹാർബർ റോഡ് മേലെ  മുക്കാളിയിൽ ദേശീയ പാത 66 ൽ നിന്ന് തുടങ്ങി പാതിരിക്കുന്ന് കയറിയിറങ്ങി  അധികം വളവു തിരിവുകളില്ലാതെ ഏറെക്കുറെ ഒരു നേർരേഖയിൽ പടിഞ്ഞാറുള്ള ചോമ്പാൽ കടപ്പുറത്തേക്ക് നീണ്ടു കിടക്കുന്നു.
സി. എസ്. ഐ. പള്ളി കഴിഞ്ഞ് അല്പം മുൻപോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞ് വളവും തിരിവുമുള്ള, വീതി കുറഞ്ഞ പഴയ ബീച്ച് റോഡ് ഇപ്പോഴുമുണ്ട്.
ജെ സി ബി യോ മറ്റ് വൻമണ്ണ് മാന്തിയന്ത്രങ്ങളോ ഇല്ലാതിരുന്ന കാലത്ത്  മനുഷ്യ പ്രയത്നത്തോടൊപ്പം പരമ്പരാഗത ഉപകരണങ്ങൾ മാത്രമായിരുന്നു വളവു തിരിവുകളൊഴിവാക്കി
കുന്നിടിച്ച് നിരപ്പാക്കി ഇന്നത്തെ രൂപത്തിലുള്ള ഹാർബർ റോഡ് നിർമ്മാണത്തിന് ആശ്രയം.
റോഡിൻ്റെ അലൈൻ്റ്മെൻ്റ് നിർണയ ഘട്ടത്തിലും തുടർന്ന് സർവ്വേ, ഭൂമി ഏറ്റെടുക്കൽ മുതലായ ഘട്ടങ്ങളിലും ചുമതലക്കാരായ എഞ്ചിനീയർമാർക്ക് ഒരു പാട് സമ്മർദ്ദങ്ങളെ അതിജീവിക്കേണ്ടി വന്നിരുന്നു.
റോഡിനു വേണ്ടി സ്ഥലം വിട്ടുകൊടുക്കുന്നതിലും കയറ്റിറക്കങ്ങൾ കുറക്കുന്നതിനു വേണ്ടി ഭൂനിരപ്പ് താഴ്ത്തുമ്പോൾ വീടും റോഡും തമ്മിൽ വലിയ ലവൽ വ്യത്യാസം വരുന്നതിലും മറ്റും പരിസരവാസികൾക്ക് പ്രയാസവും പ്രതിഷേധവും ഉണ്ടാവുന്നത് സ്വാഭാവികം. അത് പലപ്പോഴും ചുമതലക്കാരായ എഞ്ചിനീയർമാരോടുള്ള അമർഷമായി മാറുകയാണുണ്ടായത് .
 ചിലർ പ്രലോഭനവുമായി എഞ്ചിനീയർമാരെ സമീപിച്ചു. ഇവയെ എല്ലാം അതിജീവിച്ച് റോഡിൻ്റെ രൂപരേഖ ഇന്നത്തെ നിലയിൽ നിലനിർത്തിയ എഞ്ചിനീയർ പത്മനാഭനോട്  തീരദേശ വാസികളും നാട്ടുകാരും ഹാർബർ റോഡിൻ്റെ ഉപയോക്താക്കളും ഒരുപോലെ കടപ്പെട്ടിരിക്കുന്നുവെന്ന് പറയാതെ വയ്യ .

എൻജിനീയർ പത്മനാഭൻ കരിയാട്
എൻജിനീയർ പത്മനാഭൻ കരിയാട്

ഹാർബർ നിർമാണത്തിൻ്റെ പ്രാരംഭ ചുമതലകൾ നിർവ്വഹിച്ചിരുന്ന എഞ്ചിനീയർ കരിയാട് സ്വദേശി ശ്രീ. പത്മനാഭൻ്റെ പേര് പ്രത്യേകം പ്രസ്താവ്യമാണ്.
ഹാർബറിൻറെപുലിമുട്ടിനായി കടലിൽ കല്ലിടാൻ ആയിരക്കണക്കിന് ലോറികളിൽ വലിയ പാറക്കല്ലുകൾ കൊണ്ടുവന്നത് കൈവേലിക്കടുത്ത് ഇരിമ്പന്തടം പോലുള്ള സ്ഥങ്ങളിൽ നിന്നൊക്കെ .കൂറ്റൻ പാറക്കല്ലുകൾ ഒന്നും രണ്ടും ചിലപ്പോൾ മൂന്നും കല്ലുകളാവും ഒരുതവണ ലോറിയിലെത്തുക .

കുട്ടിക്കാലം മുതൽ മുക്കാളിയുമായി ബന്ധമുണ്ടായിരുന്ന  പത്മനാഭൻ  സ്വദേശമായ കരിയാടിനടുത്തുള്ള ചോമ്പാൽ ഹാർബറിൻ്റെ നിർമാണച്ചുമതലയുള്ള തസ്‌തിക  ഏറ്റെടുത്തത് സന്തോഷപൂർവ്വമായിരുന്നു. ഓഫീസ് പ്രവർത്തിപ്പിക്കാൻ കെട്ടിടം കിട്ടാതിരുന്നതിനാൽ ഹാർബർ പരിസരത്തിലുള്ള വീട്ടു വരാന്ത ഓഫീസാക്കി അദ്ദേഹത്തിന് കാര്യങ്ങൾ നിർവ്വഹിക്കേണ്ടി വന്നിരുന്നു.

ഹാർബറിനും റോഡിനും ആവശ്യമുള്ള ഏക്കർ കണക്കിന് ഭൂമി അൻപതിലധികം ഉടമകളിൽ നിന്ന് മുൻകൂറായി വിട്ടു കിട്ടുന്നതിന് എഞ്ചിനീയർ പത്മനാഭനും ഓവർസീയർ അജിത്തും അടങ്ങിയ ഉദ്യോഗസ്ഥർ രേഖകൾ പരിശോധിച്ച് ഒപ്പിട്ട് വാങ്ങിയത് കല്ലുവളപ്പിൽ തറവാട്ടിൻ്റെ വരാന്തയിൽ വെച്ചായിരുന്നു എന്ന ഓർമ്മ പാതിരിക്കുന്നിലെ വിനോദ് വിൻസെൻ്റ് പങ്ക് വെക്കുന്നു.

ഹാർബറിൻ്റെ നിർമ്മാണ പ്രവൃത്തികൾ ആരംഭിച്ച ശേഷം പ്രമോഷനോടെ  സ്ഥലം മാറിപ്പോയ എഞ്ചിനീയർ ശ്രീ. പത്മനാഭൻ ഉദ്യോഗത്തിൽ നിന്ന് വിരമിച്ച ശേഷം കക്കട്ടിലുള്ള സ്വവസതിയിൽ വിശ്രമജീവിതം നയിക്കുകയാണെന്നാണറിവ്.
ശ്രീ. അജിത്ത് പില്ക്കാലത്ത് ചോമ്പാൽ ഹാർബറിൻ്റെ ചുമതലയുള്ള അസി.എൻജിനീയറായി പ്രവർത്തിച്ച ശേഷം തലായി ഫിഷിംഗ് ഹാർബറിൻ്റെ ചുമതലയിലാണെന്നുമറിയുന്നു .
നാടിൻറെ നാനാഭാഗത്തുനിന്നുമുള്ള ആയിരങ്ങൾ  ഉപജീവനത്തിനായി ആശ്രയിക്കുന്ന കേരളത്തിലെ സുപ്രധാന മത്സ്യ ബന്ധന തുറമുഖമാണ് ഏറെക്കാലമായി ചോമ്പാൽ ഹാർബർ 

മത്സ്യലഭ്യതക്കുറവിനൊപ്പം കോവിഡ് വ്യാപനത്തെ മുൻ നിർത്തിയുള്ള ലോക്ക് ഡൗൺ പോലുള്ള ക്രമീകരണങ്ങളും കർശന നിയന്ത്രണങ്ങളും കാരണം മത്സ്യ വ്യവസായവുമായി ബന്ധപ്പെട്ട് ജീവിക്കുന്ന ഇവിടുത്തെ എണ്ണമറ്റ കുടുംബങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സമീപകാലങ്ങളിൽ കടന്നുപോകുന്നത് .(   ചോമ്പാലയുടെ നാട്ടുപുരാണം തുടരും )

With Pranams,

Divakaran Chombala.

Mob: 9895745432


English Summary: Chombal harbour known and seen

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds