Features

ഏറനാട്ടിലെ നടുതലകളുടെ നാടുവാഴി

മലപ്പുറം ജില്ലയില്‍ ഏറനാട് താലൂക്കിലെ മലയോരഗ്രാമമായ വെറ്റിലപ്പാറയിലേക്കായിരുന്നു ഇത്തവണ യാത്ര.
മധ്യതിരുവിതാംകൂറില്‍ നിന്ന് 1960-കളില്‍ കുടിയേറിയ വലിയൊരു ജനവിഭാഗത്തിന്റെ ആശയും ആവേശവുമായ വെറ്റിലപ്പാറ; അന്നോളം യാതൊരു വക ഉദ്പാദനമികവും കാട്ടാതെ കാട്ടുപന്നികളുടെ വിഹാരരംഗമായിരുന്ന വെറ്റിലപ്പാറ; അധ്വാനവും എന്തും നേരിടാനുളള ചങ്കൂറ്റവും കൈമുതലാക്കിയ ക്രിസ്ത്യന്‍ മതവിശ്വാസികളായ കുടിയേറ്റക്കാര്‍ എത്തിച്ചേരുന്നതോടെയാണ് വെറ്റിലപ്പാറയുടെ ചരിത്രം തിരുത്തിക്കുറിയ്ക്കുന്നത്. ഇവിടുത്തെ മണ്ണിലും പൊന്ന് വിളയും എന്ന് തെളിഞ്ഞതോടെ ആദ്യകാല കുടിയേറ്റക്കാരെ പിന്തുടര്‍ന്ന് സമീപപ്രദേശങ്ങളില്‍ നിന്നെല്ലാം വിവിധ ജനവിഭാഗങ്ങള്‍ വെറ്റിപ്പാറയിലേക്ക് എത്തി. 

മലപ്പുറത്തു നിന്ന് 28 കി. മീറ്റര്‍ മാറിയാണ് ഈ മലയോരഗ്രാമം സ്ഥിതിചെയ്യുന്നത്. അരീക്കോട് നിന്നാകട്ടെ 8 കിലോ മീറ്ററും.
വെറ്റിലപ്പാറ അങ്ങാടിയില്‍ നിന്ന് ഓടക്കയം ഭാഗത്തേക്ക്.... കൃത്യം ഒരു കിലോമീറ്റര്‍ ചെന്നാല്‍ റോഡിന്റെ ഇടതുവശം ചേര്‍ന്ന് നിറവിളവുമായി നിരന്നു നില്‍ക്കുന്ന ജാതിമരങ്ങള്‍ കാണാം.... ജാതിമരത്തില്‍ ഇങ്ങനെയും കുലകുത്തികായ് പിടിക്കുമോ എന്ന് ആരും വിസ്മയിച്ചു പോകും. അത്രമാത്രം ഇറുങ്ങു പോലെ കായ്കള്‍ നിറഞ്ഞു നില്‍ക്കുന്ന ജാതിത്തോട്ടം. ഇവിടം മുതല്‍ തുടങ്ങുന്നു കര്‍ഷകപ്രതിഭയായ ടി.വി തോമസിന്റെ കൃഷി സാമ്രാജ്യം.

കഴിഞ്ഞ അരനൂറ്റാണ്ടായി കാര്‍ഷികവൃത്തി എന്ന കഠിനതപസ്യയിലൂടെ ഒരു പ്രദേശത്തിനാകെ മാതൃകയും പ്രചോദനവും ആയി മാറിയ, പുരസ്‌കാരങ്ങളും അംഗീകാരങ്ങളും വാരിക്കൂട്ടിയ തോമസ് ചേട്ടനെ കാണാന്‍ ഞങ്ങള്‍ എത്തുമ്പോള്‍ നടുതലകളുടെ നാടുവാഴിയായ ഈ കുടിയേറ്റ കര്‍ഷകന്‍ നിറചിരിയുമായി കാത്തുനില്‍പുണ്ടായിരുന്നു. 

vetillapara

കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ മരങ്ങാട്ടുപിളളിയില്‍ നിന്ന് 1970- ലായിരുന്നു തോമസ് കേട്ടറിവു മാത്രമുണ്ടായിരുന്ന വെറ്റിലപ്പാറയിലേക്ക് കുടിയേറുന്നത്. വെറ്റിലപ്പാറയുടെ ഭൂമിശാസ്ത്രം തെല്ലുമറിയാതെ ഇദ്ദേഹം ആദ്യം എത്തിയത് പെരിന്തല്‍മണ്ണയിലാണ്. അവിടെ നിന്ന് അരീക്കോട് എത്തി. അക്കാലത്ത് ഇതുപോലെ റോഡുകളോ പാലങ്ങളോ സുലഭമായിരുന്നില്ല. അങ്ങനെ ചാലിയാര്‍ കുറുകെ കടന്ന് 9 കി. മീ. നടന്ന് വെറ്റിലപ്പാറയിലെത്തുകയായിരുന്നു. സാഹസികമായ ഒരു ജീവിതത്തിനു തുടക്കം ചാലിയാറിന്റെ കൈവഴിയോടു ചേര്‍ന്ന് വാങ്ങിയ ഏഴര ഏക്കര്‍ സ്ഥലത്ത് തോമസ് തന്റെ കൃഷി പരീക്ഷണങ്ങള്‍ക്ക് തുടക്കം കുറിച്ചു. അക്കാലത്ത് ഇങ്ങനെ കുടിയേറുന്നവര്‍ക്ക് ഒരു സ്ഥിരം കൃഷി രീതിയുണ്ടായിരുന്നു. കുറെ സ്ഥലത്ത് തെരുവപ്പുല്ല് വയ്ക്കും. കപ്പ നടും. കുറച്ചു പശുക്കളെയും വാങ്ങി വളര്‍ത്തും. മുന്‍ഗാമികളുടെ കൃഷിരീതി എന്തു കൊണ്ടോ തോമസിനു പഥ്യമായി തോന്നിയില്ല. അതുകൊണ്ടു തന്നെ പരാജയപ്പെട്ടതുമില്ല.

' ഈ രീതിയില്‍ കൃഷി ചെയ്ത ആരും അക്കാലത്ത് രക്ഷപ്പെട്ടിരുന്നില്ല. കടം കയറി ദുരിതത്തില്‍പെട്ട് കഷ്ടപ്പെടുകയും ചെയ്തു. ഇതറിയാമായിരുന്നതുകൊണ്ടു ഞാന്‍ ഈ മൂന്നിനും പോയില്ല. പകരം കാടുവെട്ടിത്തെളിച്ച് കരനെല്ല് വിതച്ചു.... കൂടാതെ വാഴയും ഇഞ്ചിയും നട്ടു. കുരുമുളകുവളളി പിടിപ്പിക്കാന്‍ കാല്‍ നട്ടു.'

ഒരര്‍ത്ഥത്തില്‍ വ്യത്യസ്തമായ ഈ വഴിയിലൂടെയുളള സഞ്ചാരമാണ് തോമസിന്റെ വെറ്റിലപ്പാറയിലെ ജീവിതത്തിന് ശക്തമായ അടിത്തറ പാകിയത്. ഇതിനുശേഷം തന്റെ കുടുംബത്തെ ഒന്നാകെ ഇദ്ദേഹം വെറ്റിലപ്പാറയിലേക്ക് കൊണ്ടുവരികയായിരുന്നു. 
5-6 ഏക്കര്‍ സ്ഥലത്തായിട്ടായിരുന്നു കുരുമുളകു കൃഷി. രണ്ടായിരത്തോളം കാലില്‍ കൊടി പിടിപ്പിച്ചു. 

farm


തെങ്ങു നടുന്നതില്‍ തോമസ് പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. എല്ലാം 30 അടി അകലത്തിലാണ് നട്ടത്. കൂട്ടത്തില്‍ റബ്ബറും വച്ചു. പശുക്കളെ വളര്‍ത്താനും തുടങ്ങി. കപ്പയിലും വാഴയിലും നിന്ന് ആദായം കിട്ടാന്‍ തുടങ്ങിയതോടെ തന്റെ ശ്രമങ്ങള്‍ വിജയിക്കുന്നതായി തോമസിനു മനസ്സിലായി. ഇഞ്ചിക്കൃഷിയും വരുമാനം നല്‍കാന്‍ തുടങ്ങി. തോമസ് ഏറെ ശ്രദ്ധ പതിപ്പിച്ചത് കറുത്തപൊന്നായ കുരുമുളക് വളര്‍ത്തുന്നതിലായിരുന്നു. നിരയൊത്ത് നട്ട മുരിക്കിന്‍ കാലുകളിലെല്ലാം കൊടി പടര്‍ത്തി തന്റെ കുടിയേറ്റ ഭൂമി ഒരു മികച്ച കുരുമുളകു തോട്ടമായി ഇദ്ദേഹം മാറ്റിയെടുത്തു. ഈ അവസരത്തിലാണ് കുരുമുളകു കൃഷിയുടെ ശാപമായ വാട്ടരോഗം പിടിപെടുന്നത്. നന്നായി വളര്‍ന്നിരുന്ന കൊടികള്‍ മുച്ചൂടും നശിച്ചു. വിളസമൃദ്ധമായിരുന്ന കൃഷിയിടം പാടെ ഒഴിഞ്ഞു. ഇതുകൊണ്ടൊന്നും അധ്വാനിയായ ഈ കര്‍ഷകന്‍ നിരാശപ്പെട്ടു പിന്‍വാങ്ങാന്‍ ഒരുക്കമായിരുന്നില്ല. തികഞ്ഞ ക്ഷമയോടെ വീണ്ടും കൃഷിയിറക്കി. കുരുമുളക് തോട്ടത്തെ പഴയ പ്രതാപത്തിലേക്കും വിളവിലേക്കും തിരിച്ചു കൊണ്ടു വന്നു. ഒരിക്കല്‍ വാട്ടരോഗം നശിപ്പിച്ച തോട്ടമാണ് ഇന്ന് സമൃദ്ധമായി വളര്‍ന്നു നില്‍ക്കുന്നത് എന്നു പറഞ്ഞാല്‍ നമുക്കു വിശ്വസിക്കാനും കഴിയില്ല. 

ഏഴര ഏക്കറില്‍ നാല് ഏക്കര്‍ റബ്ബറിനായി നീക്കിവയ്ക്കുകയായിരുന്നു. റബ്ബര്‍ ബോര്‍ഡ് അക്കാലത്ത് 105 എന്ന തൈ പുറത്തിറക്കിയ സമയമായിരുന്നു. പോരാത്തതിന് ബോര്‍ഡിന്റെ പ്രോത്സാഹനവും. അങ്ങനെ റബ്ബര്‍കൃഷിയും പച്ചപിടിക്കാന്‍ തുടങ്ങി. അവശേഷിക്കുന്ന രണ്ട ഏക്കറില്‍ സമ്മിശ്ര കൃഷിയായിരുന്നു തോമസ് ചെയ്തത്. പുല്‍കൃഷിയും തൊഴുത്തും നഴ്‌സറിയും പിന്നെ താമസിക്കാന്‍ ഒരു വീടും. ഇതെല്ലാം കൂടി ചേര്‍ന്ന് ഒരു മാതൃകാപരമായ ഉത്തമകൃഷിയിടം വെറ്റിലപ്പാറയില് മലഞ്ചെരിവില്‍ അധ്വാനിയായ ഈ കര്‍ഷകന്‍ ഒരുക്കി.

ചരിഞ്ഞ സ്ഥലമായിരുന്നതിനാല്‍ മണ്ണൊലിപ്പ് ഒരു പ്രശ്‌നമായിരുന്നു. ഇത് നിയന്ത്രിക്കാനാണ് മണ്ണുസംരക്ഷണപദ്ധതിയുടെ ഭാഗമായി മണ്ണ് തട്ടു തിരിച്ചതും കയ്യാലവച്ചതും. ഇതിനും വകുപ്പില്‍ നിന്ന് സഹായം കിട്ടി. ഇടക്കയ്യാലകളും മഴവെളളം താഴാന്‍ നീര്‍ക്കുഴികളും.

' മണ്ണും ജലവും സംരക്ഷിക്കുവാനും ബഹുവിളകൃഷി നടപ്പാക്കുവാനും മാലിന്യസംസ്‌കരണം ഉറപ്പാക്കുവാനുമാണ് അന്നു മുതല്‍ ഇന്നോളം ഞാന്‍ എന്റെ കൃഷിയിടത്തില്‍ ശ്രദ്ധിച്ചിട്ടുളളത്. .....' 

തെങ്ങു വച്ചു പിടിപ്പിച്ചതുപോലെ തന്നെ തോമസ് 10 അടി അകലം നല്‍കി കമുകും നട്ടു വളര്‍ത്തി. ജാതിയും ഗ്രാമ്പുവുമൊക്കെ 30 അടി അകലം നല്‍കിയാണ് നട്ടത്. വിളപ്പൊലിമയുളള ജാതിമരങ്ങള്‍ നട്ടുവളര്‍ത്തിയതിനു പിന്നില്‍ ഒരു കൃഷി ശാസ്ത്രജ്ഞന്റെ അനുഭവസമ്പത്തും പാടവവുമാണ് ഇദ്ദേഹം പ്രകടിപ്പിച്ചത് എന്ന് പറയാതെ വയ്യ.

' ജാതിമരത്തിന്റെ കാര്യത്തില്‍ പുഷ്പിക്കുന്ന ദ്വിതീയ ശിഖരത്തില്‍ നിന്ന് കണ്ണെടുത്ത് ബഡ്ഡു ചെയ്താണ്  ഞാന്‍ പുതിയ തൈകളുണ്ടാക്കിയത്. ഒരര്‍ത്ഥത്തില്‍ ഈ പുതിയ പരീക്ഷണം വലിയ വിജയവുമായിരുന്നു. ഇന്ന് എന്റെ തോട്ടത്തില്‍ വളര്‍ന്നു വരുന്ന ജാതി മരങ്ങളില്‍ ബഹു ഭൂരിപക്ഷവും ഇത് ഞാന്‍ തന്നെ ഉത്പാദിപ്പിച്ചതാണ്'.ചാരിതാര്‍ത്ഥ്യത്തോടെ തോമസ് പറഞ്ഞു. 
ജാതിപത്രി കിലോയ്ക്ക് 1000 രൂപ വരെ കിട്ടുന്നുണ്ട്. കമുക് കാസര്‍ഗോഡന്‍ ഇനം ആണ് നട്ടത്. 1000 കമുകില്‍ നിന്ന് ഏതാണ്ട് 35 ക്വിന്റല്‍ അടയ്ക്ക കിട്ടുക പതിവാണ്. കൊക്കോ കായ്കള്‍ എടുക്കാന്‍ കാഡ്ബറീസ്, നെസ്‌ലെ തുടങ്ങിയ മിഠായി കമ്പനികള്‍ എത്താറുണ്ട്. ഇടക്കാലത്ത് ഇദ്ദേഹം വാനിലയും കൃഷി ചെയ്തിരുന്നു. അതില്‍ നിന്നും കിട്ടി രണ്ട് ക്വിന്റല്‍ വിളവ്. 

തോമസിന്റെ കൃഷിയിടം കണ്ട് മോഹിച്ചെത്തുന്ന ധാരാളം പേരുണ്ട്. ഇവര്‍ക്കെല്ലാം വേണ്ടത് ഈ മാതൃകാകര്‍ഷകന്റെ കയ്യൊപ്പു പതിഞ്ഞ എന്തെങ്കിലും തൈയോ വിത്തോ ആണു താനും. എന്നാല്‍ ഈ കര്‍ഷകനാകട്ടെ തൈകളൊന്നും വില്‍ക്കാറില്ല. കുരുമുളകു വളളി ആളുകള്‍ക്ക് സൗജന്യമായി കൊടുക്കുന്ന പതിവുണ്ട്. 

ബി.വി-3 ഇനത്തില്‍ പെട്ട 50 കോഴി കൃഷിത്തോട്ടത്തിലുണ്ട്. മുട്ടയ്ക്ക് 6 രൂപയാണ് വില. നാല് ആടുകളാണിപ്പോഴുളളത്. കൂടാതെ ഒമ്പത് കുട്ടികളും. ആടിനെ വളര്‍ത്തി പലപ്പോഴും വില്‍ക്കുകയാണ് പതിവ്. കിലോയ്ക്ക് 250 രൂപ നിരക്കില്‍ ഇത് വാങ്ങാനാളുവരും. കറവയുളള നാലു പശുക്കളും ഉണ്ട് ഇപ്പോള്‍. ദിവസവും 45 ലിറ്റര്‍ പാല്‍ കിട്ടുന്നു. കാലികള്‍ക്കു വേണ്ടി ഗിനിപ്പുല്ലും നേപ്പിയര്‍ പുല്ലും വളര്‍ത്തിയിരിക്കുന്നു. 

കൂടാതെ റമ്പൂട്ടാന്‍, മാങ്കോസ്റ്റിന്‍, സപ്പോട്ട തുടങ്ങിയ ഫലവൃക്ഷങ്ങളും വേറെ. 2002-ല്‍ കര്‍ഷക ശ്രീ പുരസ്‌കാരം ലഭിച്ച തോമസിന് നാളികേര വികസനബോര്‍ഡിന്റെ ഏറ്റവും മികച്ച കര്‍ഷകനുളള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബോര്‍ഡ് പ്രതിനിധികള്‍ അവാര്‍ഡ് നിര്‍ണയവുമായി ബന്ധപ്പെട്ട് വെറ്റിലപ്പാറയിലെ തോട്ടത്തിലെത്തി ഇദ്ദേഹത്തെക്കുറിച്ച് രേഖപ്പെടുത്തിയ ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ ഇങ്ങനെവായിക്കാം.

'ജീവിതം തന്നെ കൃഷിയ്ക്കായി ഉഴിഞ്ഞു വച്ച ആളാണ് ശ്രീ. തോമസ്. കൃഷി ഇദ്ദേഹത്തിന് ഒരു തൊഴില്‍ അല്ല, ജീവിതചര്യ ആണ്. മൂന്നര ഏക്കറിലാണ് തെങ്ങ് അധിഷ്ഠിത കൃഷി സമ്പ്രദായം ചെയ്തിരിക്കുന്നത്. 45 വര്‍ഷം പ്രായമുളള 180 പശ്ചിമ തീര നെടിയ ഇനം തെങ്ങുകള്‍, കൂടാതെ കുറച്ച് കുളളന്‍ തെങ്ങുകളും നട്ടിരിക്കുന്ന. ഇതിനു പുറമെയാണ് രണ്ടര ഏക്കറില്‍ 1000 കമുകും 150 ജാതിയും മറ്റും വളര്‍ത്തിയിരിക്കുന്നത്. ജാതിയില്‍ ഗ്രാഫ്റ്റിംഗും ബഡ്ഡിംഗും നടത്തിയാണിദ്ദേഹം കൃഷി തുടരുന്നത്. 

തെങ്ങിന് എല്ലുപൊടിക്ക് പുറമെ മെയ് അവസാനത്തോടെ 3 മുതല്‍ 4 കിലോ വരെ വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നു. കൂടാതെ 45 ദിവസം കൂടുമ്പോള്‍ രാസവളങ്ങളും ചാണകക്കുഴമ്പും. തൊഴുത്തിലെയും കോഴിക്കൂടിലെയും വളം ശേഖരിക്കാന്‍ വേണ്ടി മാത്രം ഇവിടെ 50,000 ലിറ്റര്‍ ശേഷിയുളള ഒരു ടാങ്ക് നിര്‍മ്മിച്ചിട്ടുണ്ട്. ഇതില്‍ നിന്നാണ് വിവിധ ജലസേചന രീതികള്‍ വഴി, ചാണകക്കുഴമ്പ് തോട്ടത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒട്ടും നഷ്ടം വരാതെ എത്തിക്കുന്നത്. 

ശ്രദ്ധാപൂര്‍വ്വമായ പരിചരണം വഴി ഇവിടെ ഒരു തെങ്ങില്‍ നിന്ന് കുറഞ്ഞത് പ്രതിവര്‍ഷം 150 നാളികേരം ഉറപ്പായും കിട്ടുന്നു. കാര്യമായ രോഗ-ബാധ കീടങ്ങളൊന്നും കാണുന്നില്ല. ആവശ്യത്തിനു ഇടയകലം നല്‍കി നട്ടിരിക്കുന്നതിനാല്‍ ഒരേക്കറില്‍ പരമാവധി 50 തെങ്ങ് മാത്രമെ ഉളളൂ. ഇടവിളകൃഷിയും വിജയകരമായി നടപ്പാക്കിയിരിക്കുന്നു. വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന ഒരു ബയോഗ്യാസ് പ്ലാന്റും ഇവിടെയുണ്ട്. 

തോട്ടത്തില്‍ നിന്നും ഒരു വര്‍ഷം പത്തു ലക്ഷം രൂപ അറ്റാദായം ഇദ്ദേഹത്തിനുണ്ടാക്കാന്‍ കഴിയുന്നു'.  ജൈവകൃഷിയിലാണ് തോമസിനു വിശ്വാസം. റബ്ബറിനു മാത്രം രാസവളം നല്‍കുമ്പോള്‍ ബാക്കിയെല്ലാം ജൈവകൃഷിയുടെ മേന്മയിലാണ് ഇവിടെ വളരുന്നത്. ചാണകക്കുഴമ്പും ഗോമൂത്രവുമാണ് ജൈവവളങ്ങളില്‍ പ്രധാനം. ചാണകക്കുഴമ്പ് സംഭരിക്കുന്ന ടാങ്കില്‍ ചാണകത്തിന്റെ മട്ട് അടിയാതിരിക്കാന്‍ തോമസ് തന്നെ ഒരു ഉപകരണം തയ്യാറാക്കിയിട്ടുണ്ട്. 2 എച്ച്.പി ശേഷിയുളള മോട്ടോറിന്റെ സഹായത്തോടെ ഇത് നന്നായി കലക്കി പൈപ്പ് വഴി തോട്ടത്തിന്റെ എല്ലാ ഭാഗത്തും എത്തിക്കാന്‍ ഈ രീതി ധാരാളം. ചാണകം മുഴുവന്‍ വളമാകുന്നു; ചെലവു കുറവ്, പണിക്കാരുടെ സഹായം വേണ്ടിവരുന്നില്ല.
 
ഉന്നത വിദ്യാഭ്യാസം നല്‍കിയാണ് വളര്‍ത്തിയതെങ്കിലും  തോമസിന്റെ മക്കളായ ജെയ്, ജോമണി, ബൈജു എന്നിവര്‍ക്കെല്ലാം കൃഷിയോടൊപ്പമുളള ജീവിതമാണ് താല്‍പര്യം. ഭാര്യ ഏലിക്കുട്ടിയോടൊപ്പം ഇവരും തോമസിന്റെ കൃഷികാര്യങ്ങളില്‍ ഒപ്പമുണ്ട്. മലയോരകര്‍ഷകന്റെ നിശ്ചയദാര്‍ഢ്യത്തിനും കൃഷിയോടുളള അഭിനിവേശത്തിനും ഉത്തമമാതൃകയായ തോമസു ചേട്ടന്‍ നിത്യവും കൃഷിചര്യകളില്‍ മുഴുകി തന്റെ ജീവിതം സഫലമാക്കുന്നു. 

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox