Features

ആസ്വാദ്യകരം കൃഷി

'നൂറേക്കറിലേറെ ഭൂമി സ്വന്തമായുണ്ടായിരുന്ന ജന്മിയാണ് നിലമേല്‍ രാമനുണ്ണിത്താന്‍. അദ്ദേഹവും സഹോദരനും ചേര്‍ന്നാണ് നിലമേല്‍ കോളേജിന് സൗജന്യമായി ഭൂമി നല്‍കിയത്. മാവും പ്ലാവും കശുമാവും തെങ്ങും നെല്‍കൃഷിയും ഉണ്ടായിരുന്ന കാലം. വേടരായിരുന്നു കൃഷിയില്‍ സഹായിച്ചിരുന്നത്. അദ്ദേഹത്തിന്റെ കാലശേഷം ഭൂമി മക്കള്‍ക്കായി വീതിച്ചു. വേടര്‍ക്കായി കുറേ ഭൂമി എഴുതിക്കൊടുത്തു.

1975 ല്‍ രാമനുണ്ണിത്താന്റെ മക്കളാണ് പരമ്പരാഗത കൃഷി ഉപേക്ഷിച്ച് കൂടുതല്‍ സമ്പത്ത് കിട്ടുന്ന റബ്ബറിലേക്ക് കൂറുമാറിയത്. നല്ല വിളവായിരുന്നു . ലാഭവും നന്നായുണ്ടായി. 2014 ല്‍ റബ്ബറിന് വിലയിടിവുണ്ടായി. ടാപ്പിംഗിന് ആളിനെയും കിട്ടാതായി. അതോടെ റബ്ബര്‍കൃഷി കുറച്ച്, പച്ചക്കറിയിലേക്കും മറ്റും ശ്രദ്ധ തിരിച്ചു. തനിക്ക് പൈതൃകമായി കിട്ടിയ ഏകദേശം രണ്ടേക്കര്‍ വരുന്ന ഭൂമിയുടെ പച്ചപ്പില്‍ നിന്നുകൊണ്ട് നിലമേല്‍ ശ്രുതിയില്‍ ബി.ശശിധരന്‍ നായര്‍ പറഞ്ഞു. എന്‍എസ്എസ് കോളേജ് എംസി റോഡിനെ നോക്കി നില്‍ക്കുപോലെ അതിന്റെ എതിര്‍വശത്തെ കുന്നിലാണ്  ശ്രുതി നിലകൊള്ളുത്. അവിടെനിന്നുള്ള പ്രകൃതി കാഴ്ച മനോഹരമാണ്. ഒരു റിസോർട്ടിൽ  എത്തിയമാതിരി.

'വയലുണ്ടായിരുന്നത് നോക്കിനടത്താന്‍ ബുദ്ധിമുട്ടായപ്പോൾ വിറ്റൊഴിഞ്ഞു. ഒരേക്കറില്‍ റബ്ബര്‍ പുതുതായി നട്ടിട്ടുണ്ട് . ബാക്കി എഴുപത് സെന്റിലാണ് മറ്റു കൃഷികള്‍ ചെയ്യുന്നത്. പ്രധാനമായും വീട്ടാവശ്യം ലക്ഷ്യമാക്കിയാണ് കൃഷി. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും കൊടുത്ത് ബാക്കി വന്നാല്‍ വില്‍പ്പന നടത്തും', ഭക്ഷണവസ്തുക്കള്‍ ദാനം ചെയ്യുന്നതിലെ നൈര്‍മ്മല്യം ഉള്‍ക്കൊണ്ട് ശശിധരന്‍ നായര്‍ സംതൃപ്തിയടഞ്ഞു.

ചേന, ചേമ്പ്, കാച്ചില്‍, മരച്ചീനി, കിഴങ്ങ്, വാഴ, പപ്പായ, പൈനാപ്പിള്‍, പയര്‍, വെണ്ട, ചീര, വയലറ്റും മഞ്ഞയും പാഷൻഫ്രൂട്ട് , ആപ്പിള്‍, ചെറി, നോനി, മുള്ളാത്ത, ശീമപ്ലാവ്, നാരകം,ചെറിയ ഓറഞ്ച്, അമ്പഴം, തെങ്ങ്, കവുങ്ങ്, കുരുമുളക്, ഓര്‍ക്കിഡ്, ആന്തൂറിയം, താമര, ചെമ്പരത്തി ഉള്‍പ്പെടെ വിവിധയിനം പൂച്ചെടികള്‍ എന്നിവയും ശ്രുതിയില്‍ കാഴ്ചയ്ക്ക് ഇമ്പമാകുന്നു. നാടന്‍ കോഴിയും നാടന്‍ പശുവും നാടന്‍ പട്ടിയും ഒരു ഗ്രേയ്റ്റ് ഡെയ്ന്‍ നായയുമാകുമ്പോള്‍ കൃഷിയിടത്തിന്റെ പൂര്‍ണ്ണതയായി.

noni

ചില ചെടികള്‍ പറമ്പില്‍ തന്നെ വീണ് കിളിക്കുന്നവയാണെങ്കിലും മിക്ക തൈകളും നിലമേല്‍ തന്നെയുള്ള ദിനേശന്റെ നഴ്‌സറിയില്‍ നിന്നാണ്  വാങ്ങിയിട്ടുള്ളതെന്നും മികച്ച തൈകളാണെന്നും ശശിധരന്‍ നായര്‍ സാക്ഷ്യപ്പെടുത്തുന്നു . കൃഷി വകുപ്പുമായി സഹകരിച്ചാണ് നായര്‍  കൃഷി ചെയ്യുന്നത്. തുള്ളിനന സംവിധാനത്തിന് 35,000 രൂപയും മിനി ടില്ലറിന് 36,000 രൂപയും പുല്ലുവെട്ടിക്ക് 10,000 രൂപയും സബ്‌സിഡിയായി കിട്ടി. പച്ചക്കറി ക്ലസ്റ്റര്‍ യൂണിറ്റില്‍ 15,000 രൂപ പലിശരഹിത വായ്പ കിട്ടിയതും അദ്ദേഹം സ്മരിച്ചു.

രണ്ട് കിണറുകളുണ്ട് ശ്രുതിയില്‍. പമ്പുസെറ്റ് വച്ചാണ് വെള്ളമെടുക്കുന്നത്. കൃഷിജോലികള്‍ക്ക് പുറമെ അതിനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഉണ്ടാക്കാനും നായര്‍ക്ക് പ്രത്യേക താത്പ്പര്യമാണ്. അതുകൊണ്ടുതന്നെ ടെക്‌നോളജികള്‍ യൂട്യൂബില്‍ കണ്ട് മനസിലാക്കി അത് പ്രയോഗവത്ക്കരിക്കാറുണ്ട്. ഇപ്പോള്‍ ഒരു കുളം നിര്‍മ്മിച്ച് അതില്‍ തിലാപ്പിയ വളര്‍ത്താനുള്ള ശ്രമം നടത്തിവരുകയാണെന്ന്  അദ്ദേഹം പറഞ്ഞു.' നേരത്തെ ഏത്തനും പൂവനും പാട്ടത്തിനെടുത്ത് കൃഷി ചെയ്തിരുന്നു.നെല്‍കൃഷി പരീക്ഷിച്ചെങ്കിലും വലിയ നഷ്ടത്തിലാണ് കലാശിച്ചത്.പ്രധാനമായും വില്‍പ്പന നടത്തുന്ന ഇനങ്ങള്‍ റെഡ്‌ലേഡി പപ്പായയും പാഷന്‍ഫ്രൂട്ടുമാണ്. പപ്പായ കിലോ 40 രൂപ നിരക്കിലും പാഷന്‍ ഫ്രൂട്ട് 80 രൂപ നിരക്കിലും വില്‍ക്കും. മരച്ചീനി ഒരുമിച്ച്  വില പറഞ്ഞ് കൊടുക്കുകയാണ് പതിവ്', നായര്‍ പറഞ്ഞു.

വീടിന്റെ അടിസ്ഥാനത്തില്‍ കൂടുവച്ചിരിക്കുന്ന തേനീച്ച കുടുംബത്തെ ഒരു ട്യൂബ് വഴി പുറത്ത് തയ്യാറാക്കിയിട്ടുള്ള തേനീച്ചക്കൂട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ ശശിധരന്‍ നായര്‍. റാണി പുറത്തുവരുകയോ മറ്റൊരു റാണി പുതിയ ഗ്രൂപ്പ് ഉണ്ടാക്കുകയോ ചെയ്താല്‍ അത് വിജയമാകും  എന്നാണ്  പ്രതീക്ഷ. കുരുമുളക് വളര്‍ത്താന്‍ ഒരു പുതിയ സങ്കേതവും ഇതിനിടയില്‍ തയ്യാറാക്കിയിട്ടുണ്ട്. കംബോഡിയന്‍ ടെക്‌നോളജിയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്. ഒരു ജിഐ പൈപ്പിന് ചുറ്റും വെല്‍ഡ്‌മെഷ് ഇറക്കിവച്ച് രണ്ടിനുമിടയിലായി കയര്‍പിത്തും ചാണകവും മണലും മിശ്രിതമാക്കി നിറച്ചാണ് കുരുമുളകിന് വളരാനുള്ള താങ്ങ് തയ്യാറാക്കുന്നത്.

ഇതിന്റെ ചുവട്ടില്‍ 2-3 കുരുമുളക് തൈകള്‍ നട്ടുകൊടുക്കാന്‍ കഴിയും. ഇവയുടെ തണ്ടിലുണ്ടാകുന്ന വേരുകള്‍ വെല്‍ഡ്‌മെഷിലും വളമിശ്രിതത്തിലും പറ്റിപ്പിടിച്ച് വളരുകയും മികച്ച വിളവ് നല്‍കുകയും ചെയ്യും. സാധാരണയായി മുരുക്ക് തുടങ്ങിയ താങ്ങുചെടികള്‍ നട്ട് പുഷ്ടിപ്പെട്ട ശേഷമാണ് കുരുമുളക് നടുക. ഈ കാലതാമസം ഒഴിവാക്കാനും ഇതിലൂടെ കഴിയും അധികം ഉയരത്തിലേക്ക് കുരുമുളക് വളരുന്നതിനെ തടയാനും ഈ സംവിധാനം ഉപകരിക്കും. ഇനിയും കൃഷിമേഖലയില്‍ ഒട്ടെറെ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി നില്‍ക്കുന്ന  ശശിധരന്‍ നായര്‍ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയുടെ നിലമേല്‍ ഏജന്‍സിയുടെ ഉടമയുമാണ്.

ചടയമംഗലം സര്‍ക്കാര്‍ ഹൈസ്‌കൂളിലെ അധ്യാപിക വിനീത.എസ്.നായരാണ് ഭാര്യ. വിനീതയും ഭാര്യാ മാതാവ് പി.ശാന്തമ്മയും കൃഷിയില്‍ പൂര്‍ണ്ണമായ സഹായം നല്‍കുന്നതുകൊണ്ടാണ് ഈ രംഗത്ത് വിജയിക്കാന്‍ കഴിഞ്ഞതെന്നും  ശശിധരന്‍ പറഞ്ഞു. ഈ കുടുംബത്തിന് കൃഷി ഒരു ധനാഗമ മാര്‍ഗ്ഗമല്ല, മറിച്ച് ആനന്ദമേകുന്ന ഒരു വിനോദോപാധിയും അതിഥി സത്ക്കാരത്തിനുള്ള ഒരു കൈത്താങ്ങുമാണ്.

തയ്യാറാക്കിയത്-- വി.ആര്‍. അജിത് കുമാര്‍


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox