Features

ഉണക്കപ്പുല്ലൊരുക്കാനും യന്ത്രം

hay spreader

കേരളത്തില്‍ നെല്‍കൃഷി കൂടുതലുണ്ടായിരുന്ന കാലത്ത് നെല്ല് വേര്‍തിരിച്ചെടുത്തു കഴിഞ്ഞാല്‍ കറ്റ ഉണക്കി വൈക്കോലാക്കി കാലിത്തീറ്റയ്ക്ക് സൂക്ഷിക്കുകയായിരുന്നു പതിവ്. ഇന്ന് നെല്‍കൃഷി കുറഞ്ഞപ്പോള്‍ തമിഴ്‌നാട്ടില്‍ നിന്ന് വൈയ്‌ക്കോല്‍ ലോറിയിലെത്തുന്നത് പതിവായി. എന്നാല്‍ കന്നുകാലികള്‍ക്കായി സൂക്ഷിച്ചുവയ്ക്കാവുന്ന പശുവാഹാരത്തിന് ഏറ്റവും ഉത്തമം ഉണക്കിയെടുത്ത പുല്ല് അഥവാ ഹേ ആണ്. പച്ചപ്പുല്ല് വെട്ടിയെടുത്ത് സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ പലപ്രാവശ്യം വിതറിയും മറിച്ചിട്ടും വൈകുന്നേരങ്ങളില്‍ കൂട്ടിവച്ചും മൂന്നോ നാലോ ദിവസം കൊണ്ട് ഗുണമേന്മയുള്ള ഹേ ഉണ്ടാക്കാം. ഇപ്രകാരം ഉണക്കിയെടുത്ത പുല്ലിലെ ഈര്‍പ്പം 15 മൂതല്‍ 25 ശതമാനം വരെ ക്രമപ്പെടുത്താം പുല്ല് ഉണക്കലും കൂട്ടിവയ്ക്കലും മനുഷ്യാദ്ധ്വാനം കൂടുതല്‍ വേണ്ട പ്രവൃത്തിയാണ്. ഈ രണ്ടു ജോലികളും ഇന്ന് ചില യന്ത്രങ്ങളുടെ സഹായത്താല്‍ വളരെ വേഗം ചെയ്തുതീര്‍ക്കാം.

20 മുതല്‍ 50 കുതിരശക്തി വരെയുള്ള ട്രാക്ടറില്‍ ഘടിപ്പിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഹേ സ്‌പ്രെഡര്‍ അഥവാ ഹേ റേക്ക് എന്ന യന്ത്രമാണ് പുല്ല് ഇളക്കിമാറ്റാനും കൂട്ടിവയ്ക്കാനും ഉപയോഗിക്കുന്നത്. ഇതിന്റെ പ്രധാന ഭാഗങ്ങള്‍ വൃത്താകൃതിയിലുള്ള ഒരു പ്ലാറ്റ്‌ഫോമും അതില്‍ പിടിപ്പിച്ച ഗിയര്‍ ബോക്‌സും ഗിയര്‍ ബോക്‌സില്‍ നിന്ന് ഏകദേശം 60 ഡിഗ്രിയില്‍ അകലം ക്രമീകരിച്ച് പുറത്തേക്ക് നീണ്ടുനില്‍ക്കുന്ന അഞ്ചോളം സ്റ്റീല്‍ കമ്പികളുമാണ്. ഗിയര്‍ ബോക്‌സില്‍ നിന്ന് ട്രാക്ടറിന്റെ പിറ്റിഒ ഷാഫ്റ്റുമായി ബന്ധിപ്പിക്കുന്നതിന് ഒരു പ്രൊപ്പല്ലര്‍ഷാഫ്റ്റും ഉണ്ട്.

ട്രാക്ടറിന്റെ പിറ്റിഒ പ്രവര്‍ത്തിക്കുമ്പോള്‍ പ്രൊപ്പല്ലര്‍ ഷാഫ്റ്റ് വഴി ഗിയര്‍ ബോക്‌സിലേക്ക് പവര്‍ എത്തും. ഗിയര്‍ ബോക്‌സ് അഞ്ച് കൈകളടങ്ങിയ റോട്ടര്‍ അസംബ്ലിയെ ഭൂമിക്ക് സമാന്തരമായി കറക്കും. ഇതോടൊപ്പം തിരിയുന്ന യന്ത്രക്കൈകളിലെ വിരലുകള്‍ വെട്ടിയിട്ട പുല്ലിനെ ചിതറിത്തെറിപ്പിച്ച് മുന്നോട്ട് നീക്കും. മിനിറ്റില്‍ ഏകദേശം 300 മുതല്‍ 380 പ്രാവശ്യം തിരിയുന്ന റോട്ടറിന്റെ ഒരുവശത്തായി പിടിപ്പിച്ചിരിക്കുന്ന ഷീല്‍ഡ് പുല്ല് പുറത്തേക്ക് തെറിച്ചു വീഴാതെ സംരക്ഷിക്കുന്നു. റോട്ടറിന്റെ മധ്യഭാഗത്തെ ക്രമീകരണ സംവിധാനങ്ങള്‍ വഴി യന്ത്രക്കൈകളുടെ ചരിവ് വ്യത്യാസപ്പെടുത്തി ചിതറിയിട്ട ഉണങ്ങിയ പുല്ല് ആവശ്യാനുസരണം നിരയായി കൂട്ടിവയ്ക്കാനും സാധിക്കും.

ഏകദേശം 250 സെ. മീ. വീതിയില്‍ പുല്ല് ഇളക്കിയിടാനും 160 സെ. മീ. വീതിയില്‍ നിരന്നുകിടക്കുന്ന പുല്ല് കൂട്ടിവയ്ക്കാനും ഈ യന്ത്രം കൊണ്ട് സാധിക്കും.
മണിക്കൂറില്‍ ഏകദേശം ഒരേക്കര്‍ സ്ഥലത്ത് വെട്ടിയിട്ടിരിക്കുന്ന പുല്ല് ഇളക്കിമറിക്കാനും അര ഏക്കറോളം സ്ഥലത്തുനിന്ന് ഉണങ്ങിയപുല്ല് നിരനിരയായി കൂട്ടിവയ്ക്കാനും 160 കിലോഗ്രാം ഭാരം വരുന്ന ഈ യന്ത്രത്തിന് സാധിക്കും. ട്രാക്ടറിന്റെ പിറ്റിഒ ശക്തിയില്‍ കറങ്ങാനും മൂന്നു ലിങ്കുകളുടെ സഹായത്താല്‍ യഥേഷ്ടം ഉയര്‍ത്താനും താഴ്ത്താനും ഡ്രൈവര്‍ക്ക് കഴിയുന്ന ഈ യന്ത്രത്തിന്റെ ഏകദേശവില 2 ലക്ഷം രൂപയാണ്.


English Summary: Hay speader

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine