Features

ചൈനയില്‍ രാജകുടുംബത്തിന് സ്വന്തം; അരിയിനങ്ങളിലെ കേമനെ അറിയാം

രോഗപ്രതിരോധത്തിന്  ഉത്തമമായി ആയുര്‍വ്വേദം കണക്കാക്കുന്ന ഒന്നാണ് കറുത്ത അരി
രോഗപ്രതിരോധത്തിന് ഉത്തമമായി ആയുര്‍വ്വേദം കണക്കാക്കുന്ന ഒന്നാണ് കറുത്ത അരി

ലോകത്തിന്റെ ഏതു കോണില്‍പ്പോയാലും ഒരു പിടി കഞ്ഞിയോ ചോറോ കിട്ടിയാല്‍ സമാധാനമായെന്ന് പറയുന്നവനാണ് ശരാശരി മലയാളിയില്‍ ഭൂരിഭാഗവും. മലയാളിയ്ക്ക് അരിയാഹാരത്തോടുളള താത്പര്യം ചില്ലറയൊന്നുമല്ല.

തനത് നെല്ലിനങ്ങളും നമുക്ക് ധാരാളമായുണ്ട്. നമ്മുടെ നാട്ടില്‍ അത്ര വ്യാപകമായിട്ടില്ലെങ്കിലും രോഗപ്രതിരോധത്തിന് ഏറെ ഉത്തമമായി ആയുര്‍വ്വേദം കണക്കാക്കുന്ന ഒന്നാണ് കറുത്ത അരി. ചൈനയിലും ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലുമാണ് ഇത് കൂടുതലായി കൃഷി ചെയ്യുന്നത്. ആരോഗ്യഗുണങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങിയതോടെ കേരളത്തിലും കറുത്ത അരി കൃഷി ചെയ്തുതുടങ്ങിയിട്ടുണ്ട്.

ഫോര്‍ബിഡണ്‍ റൈസ്, മാജിക് റൈസ് എന്നീ പേരുകളിലും കറുത്ത അരി അറിയപ്പെടുന്നുണ്ട്. പണ്ടുകാലത്ത് ചൈനയില്‍ കറുത്ത അരി രാജകുടുംബത്തിന് മാത്രം കഴിക്കാനുളളതായിരുന്നു. അതിന്റെ പോഷകഗുണങ്ങളും പ്രത്യേക രുചിയും തന്നെയായിരുന്നു ഈ വിലക്കിന് പിന്നില്‍.  സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം അത് വിലക്കപ്പെട്ട വിഭവം മാത്രമായിരുന്നു.

അതുകൊണ്ടാണ് കറുത്ത അരിയ്ക്ക് വിലക്കപ്പെട്ട അരിയെന്ന പേര് വന്നതും. ഇപ്പോള്‍ നമ്മുടെ സൂപ്പര്‍ മാര്‍ക്കറ്റുകളിലും ഓണ്‍ലൈന്‍ വിപണികളിലുമെല്ലാം കറുത്ത അരി വാങ്ങാന്‍ കിട്ടും. 

കറുത്ത അരിയ്ക്ക് നമ്മുടെ മറ്റ് അരികളെക്കാള്‍ പോഷകഗുണങ്ങള്‍ ഏറെയാണ്. പ്രോട്ടീന്‍, ഫൈബര്‍, 23 തരം ആന്റി ഓക്‌സിഡന്റുകള്‍ എന്നിവയെല്ലാം ഇതിലടങ്ങിയിട്ടുണ്ട്. ബ്ലാക്ക് ബെറി, ബ്ലൂബെറി, ഞാവല്‍പ്പഴം, മുന്തിരി എന്നിവയ്‌ക്കെല്ലാം നിറം നല്‍കുന്ന ആന്തോസയാനിനാണ് അരിയുടെ കറുത്ത നിറത്തിന് പിന്നില്‍. ഹൃദയാരോഗ്യത്തിന് ഏറെ മികച്ചതാണിതെന്ന് വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു. കാന്‍സര്‍ പോലുളള രോഗങ്ങള്‍ ചെറുക്കാനും ഇത് ഫലപ്രദമാണെന്ന് പറയപ്പെടുന്നു.

നമ്മുടെ നാട്ടിലുളള മറ്റ് അരിയിനങ്ങളെ അപേക്ഷിച്ച് കടുപ്പം കൂടിയ സ്വഭാവമാണ് കറുത്ത അരിയ്ക്കുളളത്. എന്നാല്‍ രുചിയുടെ കാര്യത്തില്‍ ഏറെ മുന്നിലാണിത്. വിളവെടുക്കുമ്പോള്‍ കറുപ്പ് നിറമാണെങ്കിലും വേവിക്കുമ്പോള്‍ കടും വയലറ്റ് നിറമായി മാറുമെന്നതാണ് ഇതിന്റെ പ്രത്യേകത. വെന്തുവരാന്‍ സാധാരണ അരിയെക്കാള്‍ സമയം കൂടുതലെടുക്കും. ഉപയോഗിക്കുന്നതിന് മുമ്പായി അല്പം കുതിര്‍ത്തുവച്ചാല്‍ പെട്ടെന്ന് വേവിച്ചെടുക്കാന്‍ സാധിക്കും.  ചോറുണ്ടാക്കി കഴിക്കുന്നതിനെക്കാള്‍ ഏറെ വ്യത്യസ്തമായ പായസങ്ങളും പലഹാരങ്ങളും ഉണ്ടാക്കാനാണ്  ഈ അരി കൂടുതല്‍ കേമം.

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചോറുണ്ണും മുമ്പ് അറിയണം ഭൗമസൂചികയുളള സ്വന്തം നെല്ലിനങ്ങള്‍

പട്ടിത്തറയില്‍ ബസുമതി നെല്ല് വിളഞ്ഞു..


English Summary: health benefits of black rice and why is it trending these days

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds