Features

ടെക്‌നിക്കല്‍ വിദ്യാര്‍ഥികളുടെ ഹൈടെക് കൃഷി

hi tech farmers

 

കാര്‍ഷികമേഖലയുടെ സാധ്യതകള്‍ തങ്ങളുടെ കൈകളിലും ഭദ്രമാണെന്ന് തെളിയിക്കുകയാണ് കൊടുങ്ങല്ലൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും. കാര്‍ഷികരംഗത്ത് പുതിയ പരീക്ഷണങ്ങള്‍ക്ക് വേദിയാകുന്ന ഹൈടെക് കൃഷിരീതിയാണ് സ്‌കൂളിലെ കൃഷിയ്ക്കായി ഇവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. കാര്‍ഷിക കേരളത്തിന്റെ ഭാവി ഹൈടെക് കൃഷിയിലാണെന്ന സന്ദേശമാണ് ഇവര്‍ നല്‍കുന്നത്. പ്രിസിഷന്‍ ഫാമിംഗ്, മഴമറകൃഷി, ഗ്രോബാഗ്, കൃത്യതാ കൃഷി, സ്‌കൂള്‍ തന്നെ സ്വന്തമായി വികസിപ്പിച്ചെടുത്ത അക്വാപോണിക്‌സ് തുടങ്ങി നിരവധി ഹൈടെക് രീതികള്‍ കൃഷിയില്‍ പരീക്ഷിക്കുകയാണിവര്‍. 

അഞ്ച് വര്‍ഷമായി സ്‌കൂളില്‍ ഹൈടെക്ക് കൃഷി ആരംഭിച്ചിട്ട്. സ്‌കൂള്‍ വളപ്പിലെ രണ്ട് ഏക്കറില്‍ ചെയ്യുന്ന കൃഷിയോടൊപ്പം വിദ്യാര്‍ഥികള്‍ സ്‌കൂളിന്റെ ടെറസിലും ഗ്രോബാഗുകളില്‍ ജൈവ ഹൈടെക് പച്ചക്കറിത്തോട്ടം ഒരുക്കി. ശീതകാലവിളകള്‍ ഉള്‍പ്പെടെയുള്ള എല്ലാവിധ പച്ചക്കറികളും ഉല്‍പ്പാദിപ്പിച്ചു. ആധുനിക ഫെര്‍ട്ടിഗേഷന്‍ സംവിധാനവും ടവര്‍ ഫാമിങ്ങും അക്വഫോണിക്‌സും ചെറുതേനീച്ച വളര്‍ത്തലും സമന്വയിപ്പിച്ചാണ് കൃഷി നടത്തിയത്. കൃഷിക്കാവശ്യമായ ജൈവവളങ്ങള്‍, മണ്ണിര കമ്പോസ്റ്റ്, പൈപ്പ് കമ്പോസ്റ്റ്, ജീവാമൃതം, ഫിഷ് അമിനോ ആസിഡ് എന്നിവയെല്ലാം സ്‌കൂളില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ചാണ് വിദ്യാര്‍ഥികള്‍ നിര്‍മിച്ചത്. കൂടാതെ ജൈവ കീടനാശിനികളും വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ ഉണ്ടാക്കിയെടുത്തു. സ്‌കൂള്‍ വിട്ടശേഷം വൈകുന്നേരങ്ങളിലെ ഒരുമണിക്കൂറും ഞായറാഴ്ച ഒഴികെയുള്ള അവധി ദിവസങ്ങളും പൂര്‍ണ്ണ മനസ്സോടെ തന്നെ വിദ്യാര്‍ഥികള്‍ കൃഷിയ്ക്കായി നീക്കിവെച്ചു. ഓണത്തിനോട് അനുബന്ധിച്ച് ടെറസിന്റെ മുകളില്‍ 1500 ഗ്രോബാഗിലാണ് ഇവര്‍ പച്ചക്കറികള്‍ വിളയിച്ചെടുത്തത്. ഈ വിദ്യാലയത്തിലെ ഉച്ചഭക്ഷണത്തില്‍ ഒരുഭാഗം ഇവിടെ വിളയുന്ന പച്ചക്കറികളാണ്. 

കൃഷിനടത്തിപ്പിന് ആവശ്യമായ ഫണ്ട് ഗവണ്‍മെന്റില്‍ നിന്ന് കിട്ടുന്നത് കുറവാണ്. അതുകൊണ്ടുതന്നെ ചെലവിനാവശ്യമായ പണം കണ്ടെത്താന്‍ ഇവര്‍ മറ്റൊരു വഴി തെരഞ്ഞെടുത്തു. വിത്തുകള്‍ മുളപ്പിച്ച് ചെടികളാക്കി കൊടുക്കുന്ന ഒരു യൂണിറ്റ് സ്‌കൂളില്‍ തുടങ്ങി. സ്‌കൂളിലെ ഗ്രീന്‍ഹൗസ് ഇപ്പോള്‍ ചെടികള്‍ മുളപ്പിക്കാനുള്ള സ്ഥലമായി ഇവര്‍ ഉപയോഗിക്കുന്നു. കഴിഞ്ഞ കര്‍ഷകദിനത്തില്‍ രണ്ട് കൃഷിഭവനുകള്‍ക്ക് വിതരണത്തിനാവശ്യമായ പച്ചക്കറിതൈകളും ഗാന്ധിജയന്തി ദിനത്തില്‍ വീട്ടമ്മമാരുടെ കൂട്ടായ്മയായ തളിക്കുളം ഗാന്ധി ഹരിതസ്മൃതിക്ക് വിതരണത്തിനായി പതിനെട്ടായിരം തൈകളും ഇവര്‍ മുളപ്പിച്ചെടുത്തു. കാബേജ്, കോളിഫ്‌ളവര്‍ എന്നിവയുടെ തൈകളും വില്പനയ്ക്കായി ഇവര്‍ തയ്യാറാക്കിയിട്ടുണ്ട്. 


ഹൈടെക് കൃഷിരംഗത്ത് ചെലവുകുറഞ്ഞ രീതിയിലുള്ള നിരവധി പരീക്ഷണങ്ങളും വിദ്യാര്‍ത്ഥികള്‍ നടത്തുന്നുണ്ട്. അതിലൊന്നാണ് ടവര്‍ ഫാമിംഗ്. ഒരു പരീക്ഷണം എന്ന നിലയിലാണ് ഉപയോഗശൂന്യമായ മിനറല്‍ വാട്ടര്‍ കുപ്പികള്‍ ഉപയോഗിച്ച് പ്രോജക്ടായി ടവര്‍ ഫാമിംഗ് ചെയ്തത്. പക്ഷേ, ഈ പരീക്ഷണത്തിന് ഇവരെ തേടിയെത്തിയത് നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളുമാണ്. ബാല കൃഷി ശാസ്ത്ര കോണ്‍ഗ്രസ്സ് പ്രോഗ്രാമില്‍ വിജ്ഞാനപ്രദമായ ഏറ്റവും നല്ല പ്രോജക്ട് ആയി ഇത് തിരഞ്ഞെടുക്കപ്പെട്ടു. നാലുവര്‍ഷം തുടര്‍ച്ചയായി ബാലകൃഷി ശാസ്ത്ര കോണ്‍ഗ്രസ്സ് തിരഞ്ഞെടുത്ത മികച്ച സ്‌കൂളും ഇതുതന്നെയായിരുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് 2015 ല്‍ കൃഷിക്ക് പ്രാധാന്യം കൊടുത്ത് സംഘടിപ്പിച്ച പരിപാടിയിലും നിലവിലുള്ള ഒന്നാംനിര കര്‍ഷകരെ പിന്തള്ളി ഈ ടവര്‍ ഫാമിംഗ് പ്രോജക്ടിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ എക്‌സിബിഷന്റെ ഭാഗമായും ഈ പ്രോജക്ട് പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. തൃശ്ശൂര്‍ പൂരം എക്‌സിബിഷനിലും ഈ കൃഷിരീതിയുടെ മാതൃക പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ നാഷണല്‍ റൂറല്‍ ടെക്‌നോളജി മിഷന്‍ ടീം ഇതിനെക്കുറിച്ച് ഡോക്യുമെന്ററി തയ്യാറാക്കുകയും ചെയ്തു. കഴിഞ്ഞകൊല്ലം ജില്ലയിലെ മികച്ച സര്‍ക്കാര്‍ കര്‍ഷക സ്‌കൂളിനുള്ള അവാര്‍ഡും ടെക്‌നിക്കല്‍ സ്‌കൂള്‍ സ്വന്തമാക്കി. 

ട്രേഡ് ഇന്‍സ്ട്രക്ടര്‍ എസ്. മനോജാണ് കുട്ടികള്‍ക്കു വേണ്ട കൃഷിപാഠങ്ങള്‍ പകര്‍ന്നുകൊടുക്കുന്നത്. എങ്ങനെ നല്ല കട്ടിംഗ്‌സ് ഉണ്ടാക്കാം, ബഡ്ഡിംഗ് എങ്ങനെ ചെയ്യാം, വിത്ത് ട്രീറ്റ് ചെയ്ത് മുളപ്പിക്കുന്നത് തുടങ്ങി കൃഷിക്ക് മണ്ണ് ഒരുക്കുന്നതു മുതലുള്ള പരിശീലനം ഇദ്ദേഹം വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കുന്നു. വിദ്യാലയത്തെ മികച്ച കൃഷിയിടമാക്കിയ ഈ അധ്യാപകനെ തേടി ഇപ്പോള്‍ സംസ്ഥാനതല അംഗീകാരവുമെത്തിയിരിക്കുന്നു. ഈ വര്‍ഷത്തെ മികച്ച രണ്ടാമത്തെ കര്‍ഷക അദ്ധ്യാപകനായി സംസ്ഥാനസര്‍ക്കാര്‍ തിരഞ്ഞെടുത്തത് എസ്. മനോജിനെയാണ്. 

സംസ്ഥാനത്തെ 39 ടെക്‌നിക്കല്‍ ഹൈസ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി കൃഷി പഠനവിഷയമായ ഏക ടെക്‌നിക്കല്‍ സ്‌കൂളാണ് കൊടുങ്ങല്ലൂരിലേത്. വിദ്യാര്‍ത്ഥികളുടെ പങ്കാളിത്തത്തില്‍ ഹരിതസേന രൂപീകരിച്ചാണ് കൃഷിയില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. എട്ട്, ഒന്‍പത് ക്ലാസ്സുകളിലെ 60 കുട്ടികള്‍ ഉള്‍പ്പെടുന്ന യൂണിറ്റാണ് ഹരിതസേന. സ്‌കൂളിന് പുറത്ത് കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ടു നടത്തുന്ന എക്‌സിബിഷന്‍ പോലുള്ള പരിപാടികളിലും ഹരിതസേനയിലെ അംഗങ്ങള്‍ സജീവമാണ്. ഇതിലെ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് പത്താംതരം പൂര്‍ത്തിയാക്കുമ്പോള്‍ ഹരിതസേനയുടെയും കാര്‍ഷിക ക്ലബ്ബിന്റെയും സര്‍ട്ടിഫിക്കറ്റും നല്‍കാറുണ്ട്. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഹരിതസേനാംഗങ്ങള്‍ക്ക് ഹരിതസേനയുടെ പേരില്‍ പ്രത്യേക പുരസ്‌കാരവും നല്‍കി വരുന്നു. കുട്ടികളുടെ പഠനത്തിന് മുടക്കം വരുത്താതെ കൃഷിയും പഠനവും ഏകോപിപ്പിച്ച് എല്ലാത്തിനും നേതൃത്വം നല്‍കി സ്‌കൂള്‍ സൂപ്രണ്ട് പി കെ സജീഷും ഇവര്‍ക്കൊപ്പമുണ്ട്. 

ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പ്രോത്സാഹന സമ്മാനമായി സര്‍ക്കാര്‍ ഒരു ട്രാക്ടര്‍ കൊടുത്തിട്ടുണ്ട്. ഇത് ഇപ്പോള്‍ കൃഷിക്ക് ഉപയോഗിക്കുന്നു. കൃഷിയില്‍ പുതിയ രീതിയിലുള്ള പദ്ധതികള്‍ പരീക്ഷിക്കാനുള്ളതിന്റെ ഒരുക്കത്തിലാണ് സ്‌കൂള്‍. കേരളം പോലെയുള്ള ഒരു സ്ഥലത്ത് നിലവിലുള്ള സൗകര്യങ്ങള്‍ ഉപയോഗിച്ച് എങ്ങനെ ഹൈടെക് രീതില്‍ കൃഷിചെയ്യാം എന്ന് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ഇവരുടെ ലക്ഷ്യം.

ഒരു തുണ്ട് ഭൂമിയില്‍ നിന്നു പോലും ഉയര്‍ന്ന ഗുണനിലവാരമുള്ള കാര്‍ഷിക വിളകള്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കാനാകും എന്നതാണ് ഹൈടെക് കൃഷിയുടെ ഏറ്റവും വലിയ സാധ്യത. തിരുവനന്തപുരത്തെ പ്രൊവിന്‍സ് അഗ്രി സിസ്റ്റത്തിന്റെ എക്‌സിക്യുട്ടീവ് ഡയക്റ്റര്‍ കെ.ജി. ഗിരീഷ് കുമാര്‍ പറയുന്നു, ''ഭക്ഷ്യ ആവശ്യങ്ങള്‍ വര്‍ദ്ധിക്കുന്നതിനാല്‍ പരമ്പരാഗത കൃഷിയുമായി ഇനി മുന്നോട്ട് പോകാനാകില്ല. ദേശീയതലത്തില്‍ തന്നെ വന്‍കിട കമ്പനികള്‍ ഹൈടെക് കൃഷിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തുന്നതിനാല്‍ കേരളത്തിലെ കര്‍ഷകരും ഈ പുതിയ പാത സ്വീകരിച്ചില്ലെങ്കില്‍ കാര്‍ഷികരംഗത്ത് നിന്നും അവര്‍ തൂത്തെറിയപ്പെടും'' 
കൃഷിയിലേക്ക് പുതിയ തലമുറയെ കൂടുതലായി ആകര്‍ഷിക്കുന്നതിന് വിദ്യാലയങ്ങളില്‍ ചെയ്യുന്ന കൃഷിക്ക് കഴിയുന്നുണ്ട്. ഇതിലൂടെ ഒരു പുതിയ കാര്‍ഷിക സംസ്‌കാരമാണ് ഉടലെടുക്കുന്നത്. കൊടുങ്ങല്ലൂര്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി വെറുമൊരു പാഠ്യപദ്ധതി മാത്രമല്ല. ഭാവിയിലേക്ക് കരുതലോടെയുള്ള ഒരു ചുവടുവെയ്പ് കൂടിയാണ്.

(തയ്യാറാക്കിയത് ധന്യ. എം.ടി)


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox