Features

കൃഷിമിത്ര' ജൈവ പച്ചക്കറി വിപണനത്തിൻ്റെ പര്യായം

Krishimitra Balachandran

നാട്ടറിവിന്റേയും കാര്‍ഷിക പഴഞ്ചൊല്ലുകളുടെയും ഞാറ്റുവേല ചിട്ടകളുടെയും പ്രായോഗിക വിളനിലമാണ് പുത്തൂര്‍ പഞ്ചായത്തില്‍ പാങ്ങോട് കൃഷിമിത്ര ബാലചന്ദ്രന്റെ കൃഷിയിടം. നടുന്നതെല്ലാം പൊന്നായി മാറുന്ന ഈ ഹരിതഭൂമി ഇന്ന് കൊല്ലം ജില്ലയിലെ മാതൃകാ കൃഷിത്തോട്ടമാണ്. വിത്ത് ഗുണം പത്ത് ഗുണം, ഇനം പാതി പരിപാലനം പാതി, എന്ന കാര്‍ഷിക സംസ്‌ക്കാരത്തിന്റെ വായ്‌മൊഴികള്‍ പരിപൂര്‍ണ്ണമായും ഇദ്ദേഹത്തിന്റെ ജൈവകൃഷി അനുഭവജ്ഞാനത്തിലൂടെ നിത്യേന നിര്‍വ്വഹിക്കപ്പെടുന്ന കൃഷിനുറുങ്ങുകള്‍ ആണ്. പഴമയോടൊപ്പം പുത്തന്‍ കൃഷി ശാസ്ത്ര രീതികളും, വിളകളും പരീക്ഷിച്ച് പോരുന്നതിന്റെ ഭാഗമായി 2016 -ല്‍ മറുനാടന്‍ പച്ചക്കറിയായി മാത്രം കിട്ടുന്ന അമര(കൊത്തമര, ചീനിഅമര, കുറ്റി അമര) തന്റെ കൃഷിയിടത്തില്‍ പാകിയത്. എല്ലാ നാടന്‍ പച്ചക്കറികളും ഉപഭോക്താവിന് കൃഷിമിത്രയിലുടെ ലഭ്യമാക്കുക എന്നതായിരുന്നു ലക്ഷ്യം. കാലക്രമേണ ഇത് പൊന്‍വിത്തായി മാറിയതാണ് ഇദ്ദേഹത്തിന്റെ അനുഭവ സാക്ഷ്യം.
ഇന്ന് ഏകദേശം 1000 ത്തോളം മൂട് അമരയില്‍ നിന്ന് ഇദ്ദേഹത്തിന് 20 കിലയോളം അമരയ്ക്ക കൊട്ടാരക്കരയിലെ സ്വന്തം ജൈവകലവറയായ 'കൃഷിമിത്ര' ജൈവ പച്ചക്കറി വിപണനകേന്ദ്രത്തില്‍ വിറ്റ് പോകുന്നു. വിലയിലല്ല, ഗുണത്തിലാണ് യഥാര്‍ത്ഥ വസ്തുത എന്ന് തിരിച്ചറിവുള്ള ധാരാളം ഉപഭോക്താക്കള്‍ ഇതു വാങ്ങാന്‍ മാത്രം ഇദ്ദേഹത്തിന്റെ കടയില്‍ വന്നുപോകുന്നു. പ്രമേഹത്തിനും, ശരീരഭാരം കുറയാനുള്ള ആയൂര്‍വേദ ഭക്ഷണപാക്കേജുകളിലെ പ്രധാന ഘടകമാണ് കൊത്തമര. കലോറി കുറഞ്ഞതും പോഷക സമ്പുഷ്ടകവുമായ ഇത് ആയൂര്‍വേദ ചികിത്സയില്‍ ഒരു സുപ്രധാന പങ്ക് വഹിക്കുന്നു.

കൃഷിരീതി :

ഫെബ്രുവരി- മാര്‍ച്ച്, ജൂണ്‍- ജൂലൈ സമയത്താണ് ഇവിടെ കൂടുതലായി അമര കൃഷി ചെയ്യുന്നത്. ജലസേചന സൗകര്യം ഉണ്ടെങ്കില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. വിത്തിട്ട് നാല് മാസം വളര്‍ച്ച എത്തി കഴിഞ്ഞ ശേഷം മറ്റൊരു സ്ഥലത്ത് ഇതേ രീതിയില്‍ 1000 മൂട് അമരയ്ക്ക വിത്ത് പാകുന്നു. അതിനാല്‍ കൃഷിമിത്രയില്‍ ജൈവ കൊത്തമരയ്ക്ക ദൗര്‍ലഭ്യം ഉണ്ടാകുന്നില്ല.
കൃഷിയിടം നന്നായി കിളച്ചൊരുക്കി ഒന്നര മീറ്റര്‍ ഇടവിട്ട് ചാലുകള്‍ എടുത്ത് അതില്‍ 50 സെന്റീമീറ്റര്‍ അകലത്തില്‍ വിത്തിടുകയാണ് ചെയ്യുന്നത്. പ്രധാനമായും വേപ്പിന്‍പിണ്ണാക്ക്, എല്ലുപൊടി, ചാണക കമ്പോസ്റ്റ്, കോഴിവളം എന്നിവയാണ് അടിസ്ഥാന വളം. പിന്നീട് ആഴ്ചതോറും ചാണകസ്‌ളറി ചുവട്ടില്‍ ഒഴിച്ച് കൊടുക്കുകയും ചെയ്യുന്നു. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രധാനമായും കോഴിവളം ചെടിയുടെ രണ്ട് ഭാഗത്തുമായിട്ട് നല്‍കി മണ്ണിട്ട് മൂടുന്നു. ഏകദേശം രണ്ടു മാസം ഇങ്ങനെ ചെയ്യുമ്പോള്‍ തന്നെ ചാലുകള്‍ നല്ലൊരു പണ കോരിയത് പോലെയാകുന്നു. അതത് സമയങ്ങളില്‍ കീടനിയന്ത്രണത്തിന് മിത്രാണുക്കള്‍, പരാദങ്ങള്‍, കെണികള്‍, ജൈവ കീടനാശിനികള്‍, എന്നിവ ഉചിതമായ അളവില്‍ വേണ്ട വിധം ഉപയോഗിക്കാന്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധിക്കുന്നു.
അമരയുടെ ഇലയടുക്കളില്‍ കുലകളായിട്ടാണ് കായ് ഉണ്ടാകുന്നത്. നല്ലരീതിയില്‍ പരിപാലിച്ചാല്‍ വിത്ത് ഇട്ട് 45 -ാം ദിവസം വിളവെടുക്കാന്‍ കഴിയുമെന്നാണ് അദ്ദേഹത്തിന്റെ കൃഷി പരിചയം. 60-ാം ദിവസം ആകുമ്പോഴേയ്ക്കും തഴച്ച് വളര്‍ന്ന സമൃദ്ധമായി കായ്ഫലത്താല്‍ നിറഞ്ഞ് നില്‍ക്കുന്നത് മനോഹരമായ കാഴ്ചയാണ്. ഏകദേശം ആറ്- എട്ട് മാസം വരെ നല്ല രീതിയില്‍ വിളവ് ലഭിക്കും. വളര്‍ച്ച എത്തിയ കുറ്റിഅമരച്ചെടിയ്ക്ക് നീളത്തില്‍ കെട്ടിയ നേര്‍ത്ത പ്ലാസ്റ്റിക് ചരടിനാല്‍ താഴെയും മുകളിലുമായി താങ്ങ് നല്‍കാവുന്നതാണ്. ഇങ്ങനെ മികച്ച രീതിയിലുള്ള പരിപാലനത്താല്‍ ഏതൊരു കര്‍ഷകനും വിജയകരമായി കൊത്ത അമര കൃഷി ചെയ്യാം എന്ന് അദ്ദേഹം മാതൃക കാണിച്ചുതരുന്നു.
കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ വിഷാംശപരിശോധനാ റിപ്പോര്‍ട്ട് പ്രകാരം അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള കൊത്ത അമരയില്‍ 12 ശതമാനം വിഷാംശമുള്ളതായി കണ്ടെത്തിയിരുന്നു. ഇത് ഗുണത്തേക്കാള്‍ ഉപരി മാരകരോഗങ്ങള്‍ക്ക് വഴി തെളിയ്ക്കുന്നു. അപ്പോഴാണ് ഈ കൊച്ചു കേരളത്തില്‍ ബാലചന്ദ്രനെ പോലെയുള്ള കര്‍ഷകര്‍ സാമൂഹിക പ്രതിബദ്ധതയോടെ ജൈവകൃഷി ചെയ്യുന്നതിന്റെ വില സമൂഹം മനസ്സിലാക്കേണ്ടത്. അതോടൊപ്പം തന്റെ കൃഷിയിടങ്ങള്‍ ഉപഭോക്താവിനെ നേരിട്ട് പരിചയപ്പെടുത്തിയും, പുതുമയോടെ വിഷരഹിത ഉത്പന്നങ്ങള്‍ അപ്പപ്പോള്‍ തന്നെ കൃഷിമിത്രയില്‍ എത്തിക്കുകയും ചെയ്യുന്നു. അതിനാല്‍ ഗുണമേന്മയും വിശ്വാസതയും ഉപഭോക്താക്കള്‍ക്ക് വ്യക്തമായി മനസ്സിലാകുന്നു. ഇതാണ് കൃഷിമിത്ര ബാലചന്ദ്രനെ പ്രിയനാക്കുന്നത്.

ഗുണങ്ങള്‍ :
1. പോഷക സമ്പുഷ്ടമാണ് അമരയ്ക്ക. ഇതില്‍ 75 ശതമാനം ഇരുമ്പ്,
10 ശതമാനം കാല്‍സ്യം, 36 ശതമാനം ഫോസ്ഫറസ്, 56 ശതമാനം വിറ്റാമിന്‍ 'സി', 8 ശതമാനം പ്രൊട്ടീന്‍, വിറ്റാമിന്‍ കെ, വിറ്റാമിന്‍ എ, പൊട്ടാസ്യം എന്നിവ ധാരാളം ഉണ്ട്. അതോടൊപ്പം കൊഴുപ്പ് രഹിതവും 75 ശതമാനം ദഹനസുഗമമായ നാരുകളാലും സമ്പന്നമാണ്.
2. കലോറി കുറഞ്ഞ ഭക്ഷണമായതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ഇത് ഉത്തമമാണ്.
3. 36 ശതമാനം ഫോസ്ഫറസ്സും, 10 ശതമാനം കാല്‍സ്യവും ഉള്ളതിനാല്‍ എല്ലുകളുടെ ബലത്തിന് ഇത് സഹായിക്കുന്നു.
4. 75 ശതമാനം ദഹനസുഗമമായ നാരുകളും, ധാരാളം ഫോളിക് ആസിഡും, പൊട്ടാസ്യവും ഉള്ളതിനാല്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കുന്നു.
5. ശരീരത്തിന്റെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയുന്നതിനാല്‍ പ്രമേഹം കൂടുതലാകാതെ നിലനിര്‍ത്താനും ഉത്തമമാണ്.
6. പോഷക സമ്പുഷ്ടവും, ധാരാളം ഫോളിക്കാസിഡും, വിറ്റാമിന്‍ കെ.യും ഉള്ളതിനാല്‍ ഗര്‍ഭിണികളുടെ ആരോഗ്യത്തിനും, ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്ക്കും, പ്രസവത്തിലെ സങ്കീര്‍ണ്ണതകള്‍ കുറയ്ക്കാനും
സഹായിക്കുന്നു.
7. 75 ശതമാനം ഇരുമ്പിന്റെ അംശം ഉണ്ടായതിനാല്‍ രക്തത്തിലെ ഹിമോഗ്ലോബിന്റെ അളവ് കൂട്ടി രക്തയോട്ടം സുഗമമാക്കാനും, രക്തസമ്മര്‍ദ്ദം കുറയ്ക്കാനും, മാനസിക പിരിമുറക്കം കുറച്ച് തലച്ചോറിന്റെ പ്രവര്‍ത്തന ക്ഷമത കൂട്ടാനും സഹായിക്കുന്നു.
8. ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ ഉള്ളതിനാല്‍ ശരീരത്തിലെ ദോഷകരമായ സ്വതന്ത്രമൂലകങ്ങളെ ഇല്ലാതാക്കി ക്യാന്‍സര്‍ വരുന്നത് തടയാനും ചര്‍മ്മസൗന്ദര്യം കൂട്ടാനും സഹായിക്കുന്നു.

മൈബൈല്‍ നമ്പര്‍ - 9744718409

അരുണ്‍ ടി

 


English Summary: Krishimithra a place for organic vegetables

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine