Features

'മഹിമ' പുതിയ മാനങ്ങള്‍ തേടുന്നു

mahima

ആലപ്പുഴ ജില്ലയില്‍ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തിലെ സ്ഥിരോത്‌സാഹിയായ കര്‍ഷകനാണ് എസ്. ഉണ്ണികൃഷ്ണന്‍. 7 വര്‍ഷമായി 2000 ചതുരശ്ര മീറ്ററോളം സ്ഥലത്ത് നല്ല രീതിയില്‍ കോഴിഫാം നടത്തിവരുന്നു. എന്നാല്‍ അപ്രതീക്ഷമായി വന്ന കോഴി വിപണിയിലെ മാന്ദ്യവും കോഴിത്തീറ്റയുടെ ചെലവും അദ്ദേഹത്തെ തളര്‍ത്തി. കുടുംബത്തിന്റെ വരുമാനം പെട്ടെന്ന് നിന്നുപോകുമല്ലോ എന്ന ആധി മക്കളുടെ വിദ്യാഭ്യാസം, കുടുംബ ചെലവ് എല്ലാം കൂടി മനസ്സിനെ അലട്ടി. മറ്റൊരു സ്വയം തൊഴില്‍ തേടിയത്.

ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം കൂണ്‍ കൃഷിയില്‍ നടത്തുന്ന പരിശീലന പരിപാടിയെക്കുറിച്ച് അറിഞ്ഞത് വഴിത്തിരിവായി. അഞ്ചു വര്‍ഷം മുമ്പു നടന്ന പരിശീലനത്തില്‍ പങ്കെടുത്തു. കോഴിഫാമിനെ എങ്ങനെ ഒരു കൂണ്‍ശാലയാക്കി മാറ്റിയെടുക്കാമെന്നുള്ള അറിവുകള്‍ സ്വായത്തമാക്കി. അവിടുന്ന് ലഭിച്ച ഉത്പാദനോപാധികള്‍ ഉപയോഗിച്ച് കൂണ്‍ കൃഷിക്ക് തുടക്കവും കുറിച്ചു. ബെഡ്ഡില്‍ തളിര്‍ത്ത കൂണുകള്‍ ഉണ്ണികൃഷ്ണനെ ഈ കൃഷിയില്‍തന്നെ ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചു എന്നതാണ് വാസ്തവം.

കോഴിഫാം കൈമുതലായി ഉണ്ടായിരുന്നതിനാല്‍ അധിക ചെലവില്ലാതെ തന്നെ അദ്ദേഹത്തിന് കൂണ്‍ കൃഷിയില്‍ മുന്നേറാന്‍ സാധിച്ചു. കോഴിഷെഡ്ഡ് വൃത്തിയാക്കി കീടങ്ങള്‍ കയറാത്തവിധം സംവിധാനം ചെയ്തു. തുടര്‍ന്ന് കൂടുതല്‍ കൂണ്‍തടങ്ങള്‍ കൃഷി ചെയ്തു. വൈക്കോലും റബ്ബറിന്റെ അറക്കപൊടിയുമാണ് മാധ്യമങ്ങള്‍. കെ. വി.കെ യിലെ വിദഗ്ധരുടെ കൃഷിയിട സന്ദര്‍ശനത്തിലൂടെ കൃഷിയില്‍ നേരിട്ട പലപ്രശ്‌നങ്ങള്‍ക്കും അപ്പപ്പോള്‍ പരിഹാരം കാണാനായി. വിളവെടുപ്പിന് ശേഷമുള്ള തടങ്ങള്‍ ഇന്ധനമായി ഉപയോഗിച്ചാണ് പുതിയ കൂണ്‍ തടങ്ങള്‍ക്ക് ആവശ്യമായ മാധ്യമം ആവികയറ്റി അണുവിമുക്തമാക്കുന്നത്. ആഴ്ച്ചയില്‍ രണ്ട് ദിവസം തുടര്‍ച്ചയായി 120- 150 തടങ്ങള്‍ തയ്യാറാക്കും.

മാധ്യമം അണുനശീകരിക്കുവാനും തടങ്ങള്‍ തയ്യാറാക്കുവാനും ഭാര്യ ജയയാണ് മിനി സഹായി. എന്നാല്‍ വിളവെടുപ്പിലും പായ്ക്കിങ്ങിലും അച്ഛനും അമ്മയ്ക്കും കൈത്താങ്ങ് മക്കളായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി അഭിഷേകും ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയായ കിരണും സദാ സന്നദ്ധരാണ്.അങ്ങനെ മുഴുവന്‍ കുടുംബാംഗങ്ങളും പങ്കു ചേര്‍ന്നു കൊണ്ട് ഒരു കുടുംബകൃഷിയായി ഈ സംരംഭം വളരുന്നു. 'മഹിമ' എന്ന പേരില്‍ കൂണ്‍ വിറ്റഴിക്കുന്നു. കൃഷി പുരോഗമിച്ചതോടെ ആവശ്യക്കാരുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചു. നേരിട്ടും കടകള്‍ മുനേയുമാണ് വിലിപന.
വേനല്‍ക്കാലത്ത് ചിപ്പികൂണ്‍ വിളവില്‍ കുറവുണ്ടായപ്പോഴും കെ. വി.കെ കാര്യമായി ഇടപെട്ടു. 2016 - 17ല്‍ നടപ്പിലാക്കിയ 'ഭീമ എന്ന പാല്‍കൂണിനത്തെ പരിചയപ്പെടുത്തല്‍'' എന്ന മുന്‍നിര പ്രദര്‍ശന പരിപാടിയില്‍ ഉണ്ണികൃഷ്ണനേയും പങ്കാളിയാക്കി. അതോടെ പാല്‍കൂണ്‍ കൃഷിയിലും പരിചയം നേടിയ ഉണ്ണികൃഷ്ണന്‍ ഇന്ന് പാല്‍കൂണ്‍ കൂടുതലായി കൃഷിചെയ്യുന്നു. കാലാവസ്ഥയ്ക്കനുസൃതമായി ചിപ്പികൂണും പാല്‍കൂണും മാറി മാറി കൃഷിചെയ്ത് കൂണ്‍ശാലയാക്കി മാറ്റിയ കോഴിഫാമില്‍ നിന്നും ദിവസം 10 കിലോയോളം കൂണ്‍ ഉത്പാദിപ്പിച്ച് നല്‌വ വരുമാനം നേുന്നുണ്ട് ഈ മാതൃകാ കര്‍ഷകന്‍.
കൃഷി വിപുലീകരിച്ചതോടെ കൂണ്‍ വിത്തിനും ആവശ്യക്കാരേറി. കെ. വി.കെ. കൂണ്‍ കര്‍ഷകര്‍ക്കായി മാത്രം നടത്തുന്ന 'കൂണ്‍ വിത്തുത്പാദന' പരിശീലനത്തിലും ഉണ്ണികൃഷ്ണന്‍ പങ്കെടുത്തു. ചെലവ് കുറഞ്ഞ, വിത്തുത്പാദന സാങ്കേതിക വിദ്യയിലൂടെ തന്റെ തന്നെ കൃഷിയിടത്തിലെ ആരോഗ്യമുള്ള കൂണുകള്‍ ഉപയോഗിച്ച് വിത്തുത്പാദിപ്പിക്കുവാനുള്ള ആത്മവിശ്വാസം നേടി. അതുകൊണ്ട് തന്നെ കൂടുതല്‍ കൂണ്‍ വിത്തുത്പാദിപ്പിച്ച് കൂടുതല്‍ നേട്ടം കൈവരിക്കുവാനും കഴിയുന്നു.സമീപപ്രദേശങ്ങളിലെ കൂണ്‍ കര്‍ഷകര്‍ക്കും കൂണ്‍ വിത്ത് ലഭ്യമാക്കുവാന്‍ ഉണ്ണികൃഷ്ണന് കഴിയുന്നു. മികച്ച പോഷകഗുണവും പ്രമേഹ രോഗികള്‍ക്ക് ഉത്തമവും കാന്‍സറിനെ പ്രതിരോധിക്കുന്നതും കുറഞ്ഞ കൊഴുപ്പുള്ളതുമായ ഈ ഭക്ഷ്യ വിഭവം പ്രായഭേദമന്യെ ഏതൊരാള്‍ക്കും കഴിക്കാമെന്നത് കൂണിന് വില സ്ഥിരതയുംവിപണിയും ഉറപ്പു വരുത്തുന്നു.

പടിപടിയായുള്ള വിപുലീകരണത്തിലൂടെ ഇത്രയും നാളത്തെ അനുഭവസമ്പത്ത് കൈമുതലായ ഉണ്ണികൃഷ്ണന്റെ ഈ സംരംഭം ഇനിയും തുടരാന്‍ പുതിയ മാനങ്ങള്‍ തേടുന്നു. കൃഷി അവശിഷ്ടം കമ്പോസ്റ്റാക്കി വില്‍ക്കുവാനും തയ്യാറെടുക്കുന്നു. വിജയിച്ചാല്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം.ഒരു സംരംഭത്തില്‍ പരാജയപ്പെട്ടാല്‍ അതില്‍ നിന്നും മാറ്റം ഉള്‍കൊണ്ട് തങ്ങളുടെ അഭിരുചിക്കും സൗകര്യത്തിനുമനുസരിച്ച് പുതിയ മേല കണ്ടെത്തി അതില്‍ നേട്ടം കൈവരിക്കാന്‍ സാധിക്കും എന്നതിന് ദൃഷ്ടാന്തമാണ് ഉണ്ണിക്കൃഷ്ണന്റെ ജീവിതം.

 

ജി.ലേഖ, സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ്, ഐ.സി.എ.ആര്‍- കെ.വി.കെ, ആലപ്പുഴ, ഫോണ്‍: 9447474058
ഡോ. പി.മുരളീധരന്‍, പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റ് & ഹെഡ്, ഐ.സി.എ.ആര്‍- കെ.വി.കെ, ആലപ്പുഴ,


Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox