Features

നിരപ്പേല്‍ നഴ്‌സറിയിലെ മള്‍ട്ടിപ്പിള്‍ വിപ്ലവം

Nirappelil

കേരളത്തിലെ കാര്‍ഷിക മേഖലയിലെ നഴ്‌സറികളുടെ തലസ്ഥാനമാണ് തൃശൂര്‍. മണ്ണുത്തി, പട്ടിക്കാട്, നടത്തറ പഞ്ചായത്തുകളിലായി ചെറുതും വലുതുമായ 350 ഓളം നഴ്‌സറികളുണ്ട്. ഈ പ്രദേശത്തെ കുടില്‍ വ്യവസായമാണ് നഴ്‌സറികള്‍. കണ്ണഞ്ചിപ്പിക്കുന്ന വിവിധ പുഷ്പങ്ങളും ഫലവൃക്ഷതൈകളുമാണ് നഴ്‌സറികളുടെ ട്രേഡ് സീക്രട്ട്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും വിവിധ ഇനം ഫല പുഷ്പസസ്യങ്ങളുടെ തൈകള്‍, മണ്ണുത്തി നഴ്‌സറി എന്ന ഒറ്റ പേരില്‍ ചെറുകിട വ്യാപാരികള്‍ എത്തിക്കുന്നു. ഡിമാന്റ് കൂടുന്നതുകൊണ്ട് 80% നഴ്‌സറികളും തൈകള്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുകയാണ്. പല നഴ്‌സറികള്‍ക്കും തൈകള്‍ കൊണ്ടുവരുന്നതിന് ശീതീകരിച്ച ലോറികള്‍ തന്നെയുണ്ട്.

എന്നാല്‍ ഇതില്‍നിന്നും വളരെ വിഭിന്നമാണ് പട്ടിക്കാട് പ്രവര്‍ത്തിക്കുന്ന നിരപ്പേല്‍ നഴ്‌സറി. ഏഴ് ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന ഈ നഴ്‌സറിയുടെ ഉടമ നിരപ്പേല്‍ പോള്‍സണ്‍ ആണ്. 1977-ാമാണ്ടില്‍ ഇടുക്കി ജില്ലയിലെ വെള്ളിയാമറ്റം പ്രദേശത്തുനിന്നും കുടിയേറ്റ കര്‍ഷകനായി തൃശ്ശൂരിലെത്തിയ പിതാവ് കുട്ടിയച്ചനാണ് നഴ്‌സറി രംഗത്ത് പോള്‍സന്റെ വഴികാട്ടി. ജാതി, തെങ്ങ്, കവുങ്ങ്, കൊക്കോ എന്നീ സമ്മിശ്ര വിളകളായിരുന്നു അദ്ദേഹം കൃഷിചെയ്തിരുന്നത്. അദ്ദേഹത്തിന്റെ ഇളയ മകന്‍ പോള്‍സനും ഭാര്യ വിജിതയും നഴ്‌സറി തുടങ്ങിയപ്പോള്‍ ജാതിയിലാണ് വിവിധ പരീക്ഷണ നിരീക്ഷണങ്ങള്‍ ആരംഭിച്ചത്.ജാതിയുടെ വിവിധ ഇനങ്ങളായ ഗോള്‍ഡന്‍, ശ്രീലങ്കന്‍ ജൈന്റ്, വിശ്വശ്രീ, സിന്ദുശ്രീ, മഞ്ഞപത്രി എന്നിവയുടെ ബഡ് വുഡുകള്‍ ശേഖരിച്ച് ബഡ് ചെയ്ത് പിടിപ്പിച്ചു. സിന്ദുശ്രീ, വിശ്വശ്രീ എന്നീ ഇനങ്ങള്‍ കേന്ദ്ര സുഗന്ധവിള ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും വാങ്ങി ഇവയുടെ ബഡ്ഡിങ്ങ് രീതി സൈഡ് ബഡ്ഡിങ്ങില്‍ നിന്നും നേര്‍ ബഡ്ഡിങ്ങ് ആക്കി മാറ്റി കൂടുതല്‍ ഗുണമേന്മയും ഉല്പാദനക്ഷമതയുള്ളതുമാക്കി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നു. വ്യത്യസ്ഥ സ്വഭാവമുള്ളതും വിവിധ അവാര്‍ഡുകള്‍ നേടിയതും നിലവില്‍ പ്രചാരത്തിലുള്ളതുമായ എല്ലാ ഇനം ജാതി തൈകളും മിതമായ വിലയില്‍ ഇവിടെ ലഭിക്കുന്നു.

Nirappelil

നിരപ്പേല്‍ ഗാര്‍ഡന്‍സിന്റെ സ്വന്തം ഇനമാണ് ഗോള്‍ഡന്‍ ജാതി. സാധാരണ ജാതി ഇനങ്ങള്‍ക്ക് 120 മുതല്‍ 140 കായ്കള്‍ വേണം ഒരു കിലോഗ്രാം തൂക്കം ലഭിക്കുന്നതിന്. എന്നാല്‍, ഗോള്‍ഡന്‍ ഇനത്തിന് വെറും 50 കായുണ്ടെങ്കില്‍ ഒരു കിലോഗ്രാം തൂക്കം ലഭിക്കുന്നു. സാധാരണ ഇനങ്ങളുടെ ഒരു കായ്ക്ക് 1.25 രൂപ ലഭിക്കുമ്പോള്‍ ഗോള്‍ഡന്‍ ഇനത്തിന് ശരാശരി 5 രൂപയിലധികം ലഭിക്കുന്നു. കൂടാതെ വിപണിയില്‍ ഏറ്റവും മുന്തിയ ഇനമായി വില്‍ക്കുന്നതിനും സാധിക്കും. ഗോള്‍ഡന്‍ ഇനങ്ങളുടെ ഏറ്റവും പരമപ്രധാനമായ കാര്യം മൂന്നുവര്‍ഷം പ്രായമായ ചെടിക്ക് 10 കിലോ ചാണകം നല്‍കിയാല്‍ തന്നെ വളപ്രയോഗം പൂര്‍ത്തിയായി എന്നതാണ്. രാസവളപ്രയോഗം തീരെ ആവശ്യമില്ല. നൂറുശതമാം ജൈവരീതിയില്‍ കൃഷി ചെയ്യാവുന്ന ഇനമാണ് നിരപ്പേല്‍ ഗോള്‍ഡന്‍.

ജാതികൃഷിക്ക് പ്രതികൂലകാലാവസ്ഥയുള്ള പൊള്ളാച്ചിയിലെ, അത്യുല്പാദനശേഷിയുള്ള ചെടികളില്‍ നിന്നും ബഡ്ഡ് ചെയ്‌തെടുത്ത പുതിയ ഇനവും ഇവിടെ ലഭ്യമാണ്. ഒരു കായയില്‍ നിന്നും നാലു ഗ്രാമും 70 കായ്ക്ക് ഒരു കിലോ എന്ന കണക്കില്‍ പത്രിയും ലഭിക്കുന്നു. പ്രതികൂല കാലാവസ്ഥയിലും മികച്ച ഉല്പാദനക്ഷമതയും രോഗപ്രതിരോധശേഷിയും ഉള്ള ഇനമാണ് ഇത്. ശ്രീലങ്കന്‍ ജൈന്റ് എന്ന ഇനം ജാതിയുടെ പത്രിക്ക് എട്ടു ഗ്രാം വരെ തൂക്കം ലഭിക്കുന്നു. സാധാരണ ഇനങ്ങളുടെ പത്രി ഒരു ഗ്രാമില്‍ കൂടുതല്‍ ലഭിക്കാറില്ല. വിപണിയില്‍ ഇരട്ടി വില ലഭിക്കുന്ന മഞ്ഞപത്രിയുള്ള ജാതി ഇനങ്ങളും കര്‍ഷകര്‍ക്ക് ഏറെ പ്രിയം. മഞ്ഞപത്രിയില്‍ ഒലിയോ റെസിന്‍ (എണ്ണയുടെ അംശം) കൂടുതലായതുകൊണ്ട് വിപണിയില്‍ ആവശ്യക്കാര്‍ ഏറെ.

ജാതി കൂടാതെ പ്ലാവ്, റംമ്പുട്ടാന്‍, മാവ് എന്നിവയുടെ വിവിധ ഇനങ്ങളും നിരപ്പേല്‍ നഴ്‌സറിയില്‍ സുലഭം. 2017 ലാണ് ഒരു ചെടിയില്‍ നിന്നും പല ഇനങ്ങള്‍ ബഡ്ഡ് ചെയ്ത് നല്ല തൈകള്‍ ഉല്പാദിപ്പിക്കുക എന്ന സ്വപ്നപദ്ധതി പോള്‍സണ്‍ സാക്ഷാത്കരിക്കുന്നത്. ഒരു ചെടിയില്‍ തന്നെ വിവിധ ഇനം പഴവര്‍ഗ്ഗങ്ങള്‍ ലഭിക്കുന്ന പുതിയ ഇനങ്ങള്‍ വിജയകരമായി കര്‍ഷകര്‍ക്ക് നല്‍കുന്നതിന് സാധിച്ചു. ഒരു മരത്തില്‍ നിന്നും വിവിധ രുചിയിലും വലുപ്പത്തിലുമുള്ള ഇനങ്ങള്‍ വിവിധ കാലഘട്ടങ്ങളില്‍ ഉല്പാദിപ്പിക്കുന്നതിന് മള്‍ട്ടിപ്പിള്‍ ബഡ്ഡിലൂടെ സാധിക്കുന്നു. പ്ലാവിന്റെ ഇനങ്ങളായ തായ്‌ലന്റ് പിങ്ക്, ചെമ്പരത്തി, വരിക്ക ഗംലസ്, തേന്‍വരിക്ക, ചെമ്പടക്ക്, ഡാംങ്ങ് സൂര്യ എന്നിങ്ങനെയുള്ള വിവിധ ഇനങ്ങളുടെ നാല് ഇനങ്ങള്‍ വരെ ഒരു തൈയില്‍ ബഡ്ഡ് ചെയ്ത് നിരപ്പേല്‍ മള്‍ട്ടിപ്പിള്‍ ജാക്ക് എന്ന പേരില്‍ ലഭിക്കുന്നു. തികച്ചും നൂതന സാങ്കേതികവിദ്യയാണ് പ്രയോഗിക്കുന്നത്.കൂടാതെ മുപ്പതിലധികം മാവിനങ്ങളുടെ മള്‍ട്ടപ്പിള്‍ തൈകളും ഉല്പാദിപ്പിക്കുന്നുണ്ട്. വയനാട്ടിലെ നാട്ടുമാവിന്റെ തൈകളിലാണ് വിവിധ ഇനം മാവിന്റെ ബഡ്ഡിങ്ങ് നടത്തി പുതിയ ഇനം നിരപ്പേല്‍ മള്‍ട്ടിപ്പിള്‍ മാവിന്‍ തൈകള്‍ ഉല്പാദിപ്പിക്കുന്നത്.

Nirappelil

ഇതിനുപുറമെ, കര്‍ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട മലേഷ്യന്‍ റംമ്പുട്ടാന്റെ വിവിധ ഇനങ്ങള്‍ ഒരു ചെടിയില്‍ ബഡ്ഡ് ചെയ്ത് നല്‍കുന്നുണ്ട്. ഇപ്രകാരം വിവിധ വിളകളുടെ മള്‍ട്ടിപ്പിള്‍ തൈകളുടെ വന്‍ ശേഖരമാണ് പോള്‍സണ്‍ തന്റെ നഴ്‌സറിയില്‍ ഒരുക്കിയിരിക്കുന്നത്. മേല്‍പ്പറഞ്ഞ രീതിയിലുള്ള മള്‍ട്ടിപ്പിള്‍ സംവിധാനത്തിലൂടെ സ്ഥലപരിമിതിയുള്ളര്‍ക്കു പോലും എല്ലാ പഴങ്ങളും ഒരുമിച്ച് ലഭിക്കുന്നു. പ്രതിവര്‍ഷം 1.5 ലക്ഷം വിവിധ ഇനത്തിലുള്ള ജാതി തൈകളും ഒരുലക്ഷം റംമ്പുട്ടാന്‍ തൈകളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഴ്‌സറികളിലൂടെയും നേരിട്ടും വിപണനം നടത്തിക്കൊണ്ടിരിക്കുന്നു.

വര്‍ഷം മുഴുവന്‍ തുടര്‍ച്ചയായി നല്ല ചക്കപ്പഴം ലഭിക്കുന്നതും അധികം വളരാത്തതും ഏറ്റവും ഉല്പാദനശേഷിയുള്ളതും അതീവ രുചികരവുമായ ബ്രസീലിയന്‍ ഇനം പ്ലാവ് നിരപ്പേല്‍ ജാക്ക് എന്ന പേരില്‍ ഉടന്‍ വിപണിയില്‍ എത്തിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. കേരളത്തിലെ എല്ലാ പ്രദേശങ്ങള്‍ക്കും അനുയോജ്യമാണെന്ന് തെളിയിക്കപ്പെട്ട പ്ലാവിനമാണ് നിരപ്പേല്‍ ജാക്ക്.

ശാസ്ത്രീയമായി സ്വന്തം രീതിയില്‍ കായിക പ്രജനനം മുഖേന ഏറ്റവും ഗുണമേന്മയുള്ള തൈകള്‍ കുറഞ്ഞ വിലയ്ക്ക് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന് പോള്‍സന്റെ നിരപ്പേല്‍ നഴ്‌സറിക്ക് സാധിക്കുന്നുണ്ട്. കൃഷിവകുപ്പിന്റെ അംഗീകാരം ഉള്ളതുകൊണ്ട് കൃഷിവകുപ്പിന്റെ വിവിധ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഉല്പാദനക്ഷമതയുള്ള തൈകള്‍ നല്‍കുന്നതിന് സാധിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: പോള്‍സണ്‍ നിരപ്പേല്‍: 8086338506.

തയ്യാറാക്കിയത്: ജോസ് വര്‍ഗ്ഗീസ്, റിട്ട. കൃഷി ഓഫീസര്‍


English Summary: Nirappel Nursery

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds