Features

സോജന്റെ ആടുജീവിതം

Sojan

കേരള സര്‍ക്കാരിന്റെ 2016-17 ലെ ഏറ്റവും മികച്ച യുവ കര്‍ഷക അവാര്‍ഡ് സോജന്‍ ജോര്‍ജ് എന്ന കര്‍ഷകനായിരുന്നു മുണ്ടക്കയം പുലിക്കുന്നേല്‍ 'ഗോട്ട്‌സ് വില്ലയില്‍' സോജന്‍ ജോര്‍ജ്ജ് ഈ അടുത്തകാലം വരെ അറിയപ്പെട്ടിരുന്നത്. കീ - ബോര്‍ഡ് പ്ലെയറായിട്ടായിരുന്നു. മലയാളത്തിലെ ഒട്ടു മിക്ക ഗാനമേള ട്രൂപ്പുകളിലും, പുതുതലമുറ പിന്നണി ഗായകര്‍ക്കൊപ്പവും സംഗീതവുമായി നാടുനീളെ സഞ്ചരിച്ച സോജന്‍ ഒരു ഉള്‍വിളി പോലെ വളരെ പെട്ടെന്നു കര്‍ഷകനായതല്ല, കര്‍ഷക കുടുംബം തന്നെയായിരുന്നു സോജന്റേത്. അറര ഏക്കര്‍ വരുന്ന കൃഷിഭൂമിയില്‍ ഇല്ലാത്ത വിളകളില്ല.മുണ്ടക്കയത്തിന്റെ പുരാതന വിളയായ റബ്ബര്‍ രണ്ടര ഏക്കറില്‍ ഇപ്പോഴുമുണ്ട്. കൂടാതെ കുരുമുളക്, അടയ്ക്ക, കൊക്കോ, ഇഞ്ചി, മഞ്ഞള്‍, വാഴ, കപ്പ, പലതരം പച്ചക്കറികള്‍, നടുതലകള്‍, ഒട്ടുമിക്ക നാടന്‍ മറുനാടന്‍ ഫലവൃക്ഷങ്ങള്‍ എന്നിങ്ങനെ നീളുന്നു വിളകള്‍.

കൃഷിക്കാരനായി നിന്നു കൊണ്ടു തന്നെയാണ് സംഗീതത്തെ കൂടെ കൂട്ടിയത്. പറമ്പുകൃഷിയ്‌ക്കൊപ്പം കന്നുകാലിവളര്‍ത്തലും ആടുകൃഷിയും കോഴിവളര്‍ത്തലും പരമ്പരാഗതമായി തുടര്‍ന്നിരുന്നു. സോജന്‍ വിജയഗാഥ കുറിച്ചത് ആടു കൃഷിയിലാണ്. ആട്ടിന്‍പാല്‍ കുടിച്ചു വളര്‍ന്ന ബാല്യമാണ് സോജന്റേത്. അഞ്ചു പത്ത് ആടുകളെ എന്നും വളര്‍ത്തിയിരുന്നു. അതൊന്ന് വിപുലപ്പെടുത്താന്‍ സോജന്‍ തീരുമാനിച്ചു.

ആട്ടിന്‍കുട്ടികളെ ആവശ്യത്തിന് കിട്ടാനില്ലാത്ത അവസ്ഥ സോജന്‍ മനസിലാക്കിയിരുന്നു. ആടിനെ വളര്‍ത്താന്‍ ഒരുപാടു സാധാരണക്കാര്‍ മുന്നോട്ടു വരുന്നുണ്ട്. അവര്‍ക്കു നല്ലയിനം ആട്ടിന്‍കുഞ്ഞുങ്ങളെ ലഭ്യമാക്കുന്നതിനുളള ഒരു പ്രജനനയൂണിറ്റ് തുടങ്ങാന്‍ സോജന്‍ തീരുമാനമെടുത്തു.
നാടന്‍ മലബാറി ആടുകളുടെ 150 എണ്ണത്തെ വിവിധ ഫാമുകളില്‍ നിന്ന് സംഘടിപ്പിച്ചു. സര്‍ക്കാരിന്റെ ഗോട്ട് സാറ്റലൈറ്റ് പദ്ധതിപ്രകാരം അഞ്ച് പെണ്ണാടിനെയും, ഒരു മുട്ടനാടിനെയും നല്‍കുന്നുണ്ട്. ഈ പദ്ധതി വഴിയും ലക്ഷ്യമിടുന്നത് നല്ലയിനം ആട്ടിന്‍ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുക എന്നതു തന്നെ.
ആയിരം ചതുരശ്ര അടി വലിപ്പമുളള കൂട്ടില്‍ 100 യൂണിറ്റുളള (പെണ്ണാടുകള്‍) ആടുകളെ വളര്‍ത്താം. നിലത്തു നിന്ന് ആറടി പൊക്കത്തില്‍ തട്ടടിച്ച് വശങ്ങള്‍ വലക്കണ്ണിയുളള മറയും, ഓടുകള്‍ മേഞ്ഞ മേല്‍ക്കൂരയുമാണ് കൂടിന്. ഒരാടിന് 10 ചതുരശ്ര അടി എന്ന ക്രമത്തില്‍ നിര്‍മിച്ച കൂട്ടില്‍ ആവശ്യത്തിനുളള കുടിവെളളപാത്രവും, തീറ്റപ്പാത്രവും ക്രമീകരിച്ചിരിക്കുന്നു. കുടിവെളളം ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിക്കും. മൂക്കമര്‍ത്തിയാല്‍ വെളളം വരുന്ന തരം ബൗള്‍. സ്‌പെയിനില്‍ നിന്ന് ഇറക്കുമതി ചെയ്ത പ്ലാസ്റ്റിക് സ്ലാറ്റഡ് ടൈല്‍ ആണ് തറയ്ക്ക് (തട്ടിന്) ഉപയോഗിച്ചിരിക്കുന്നത്.

ആട്ടിന്‍ കൂട്ടില്‍ പ്രത്യേകം പ്രത്യേകം അറകളുണ്ട്. ഗര്‍ഭിണികളെ പ്രത്യേകം പാര്‍പ്പിക്കുന്നു. ആണാടുകളെയും കൂട്ടത്തില്‍ നിന്നും മാറ്റിയിടുന്നു. ഒരേ പ്രായമുളള കുഞ്ഞുങ്ങള ഒരുമിച്ചു നിര്‍ത്തും. അമ്മയും കുഞ്ഞും മൂന്നു മാസം വരെ പ്രായമെത്തും വരെ ഒരുമിച്ചായിരിക്കും.
ആറുമാസം പ്രായമായ ആട്ടിന്‍ കുട്ടികളെയാണ് വില്ക്കുന്നത്. അപ്പോഴേയ്ക്കും ശരാശരി -18 കിലോ തൂക്കമെത്തും. തൂക്കമനുസരിച്ചാണ് വില ഇപ്പോള്‍ കിലോക്ക് 350-370 എന്ന നിരക്കില്‍ വില്പന നടത്തുന്നു.

മലബാറി ആടുകള്‍ക്ക് ഒറ്റപ്രസവത്തില്‍ രണ്ടു മുതല്‍ മൂന്നു വരെ കുഞ്ഞുങ്ങള്‍ ഉണ്ടാകും. രണ്ടു വര്‍ഷത്തില്‍ മൂന്നു പ്രസവം. ഏതാണ്ട് 500 കുഞ്ഞുങ്ങളെ ഇത്തരത്തില്‍ ലഭിക്കും. പ്രസവകാലം അഞ്ചുമാസമാണ്. മലബാറി എന്ന നാടന്‍ ആടുകള്‍ക്ക് നല്ല പ്രതിരോധശക്തിയുണ്ട്. ഒരു വിധം രോഗങ്ങളൊന്നും വരാറില്ല. എന്നിരുന്നാലും ചില കരുതലുകള്‍ ഉണ്ടാവണം. വിര മരുന്ന് മാസത്തില്‍ ഒന്ന് എന്ന കണക്കില്‍ ആറുമാസം വരെ കൃത്യമായി നല്‍കണം. ആറുമാസം കഴിഞ്ഞാല്‍ മൂന്നു മാസത്തിലൊരിക്കല്‍ വിരമരുന്നു കൊടുക്കണം. വര്‍ഷത്തില്‍ ഒരു തവണ ആടുവസന്തയ്‌ക്കെതിരെയുളള വാക്‌സിനേഷന്‍ നിര്‍ബന്ധമായും ചെയ്തിരിക്കണം.

ആട്ടിന്‍കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയ്ക്ക് തീറ്റക്രമം കൃത്യമായി പാലിക്കേണ്ടതുണ്ട്. ഖര ആഹാരമായി 400 ഗ്രാമില്‍ കുറയാത്ത വിധം ഒരാടിന് ഒരു ദിവസം കടലപ്പിണ്ണാക്ക് / തേങ്ങാപ്പിണ്ണാക്ക് / പയറുപൊടി നല്‍കുന്നു. നാരുകള്‍ അടങ്ങിയ ഭക്ഷണമായി അരിത്തവിട്, കടലത്തോട് ഗ്രീന്‍പീസ് തോട് (പൊടിച്ചത്) നല്‍കുന്നു. ഊര്‍ജദായകഭക്ഷണമെന്ന നിലയില്‍ ധാന്യപ്പൊടികള്‍, ചോളം എന്നിവയും, ധാതുലഭ്യതയ്ക്കായി മിനറല്‍ മിക്ചറുകളും നല്‍കേണ്ടതാണ്. കൂടാതെ 3 മുതല്‍ 6 കിലോ വരെ പച്ചപ്പുല്ല് അരിഞ്ഞു നല്‍കുകയും ചെയ്യും.സോജന്‍ ആടുകളെ മേയാന്‍ വിടാറുണ്ട്. ശബരിമല ഉള്‍പ്പെടുന്ന വനമേഖലാ അതിര്‍ത്തി പങ്കിടുന്നതാണ് സോജന്റെ കൃഷിയിടം. അതിനാല്‍ മേച്ചലിന് സൗകര്യമുണ്ട്. മേയാന്‍ വിടുന്നവയ്ക്ക് അധിക തീറ്റ നല്‍കാറില്ല. മുട്ടനാടുകളെയും കുഞ്ഞാടുകളെയും മേയാന്‍ വിടില്ല. മഴക്കാലത്തും മേച്ചിലിനും വിടാറില്ല.ആടിനു തീറ്റിയ്ക്ക് മറ്റു കൃഷികള്‍ ഇത്തിരി കുറച്ചിട്ടുണ്ട്. സ്ലോട്ടര്‍ ആയ റബ്ബര്‍ മാറ്റുക വഴി അവിടെയും ചേര്‍ത്ത് മൂന്നേക്കറില്‍ കൃഷിചെയ്തുവരുന്നു. CO-3, CO - 5 എന്നയിനം പുല്‍കൃഷിയാണുളളത്. ക്ഷീരവികസന  വകുപ്പില്‍ നിന്നോ മൃഗസംരക്ഷണ വകുപ്പില്‍ നിന്നോ ആത്മ വഴിയോ പതിവായി പുല്‍കൃഷിയ്ക്ക് വിത്തും മറ്റു സഹായങ്ങളും ലഭിക്കുന്നു.

പുല്ലരിഞ്ഞു കൊടുക്കാനും മേയ്ക്കാനും സ്ഥിരമായി ഒരാള്‍ ജോലിയ്ക്കുണ്ട്.ആട്ടിന്‍ കൂട്ടില്‍ നിന്ന് കാഷ്ഠവും മൂത്രവും പ്രത്യേകം സംഭരിക്കുന്നു. കാഷ്ഠവും മൂത്രവും വില്പന നടത്തുന്നുണ്ട്. ഒരു ചാക്ക് ആട്ടിന്‍ കാഷ്ഠം 250 രൂപയ്ക്കാണ് വില്പന. അതോടൊപ്പം ആട്ടിന്‍ കാഷ്ഠവും മൂത്രവും കൊണ്ട് ഒരു ബയോഗ്യാസ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നു. വീട്ടാവശ്യത്തിനുളള പാചകവാതകം യഥേഷ്ടം ലഭിക്കുന്നതിന് പുറമെ സ്ലറി കൃഷിയ്ക്ക് പ്രയോജനകരമായിത്തീരുകയും ചെയ്യുന്നു. മുഴുവന്‍ കൃഷിക്കും ഇത് വളമായി ഉപയോഗിക്കുന്നു. പച്ചക്കറികൃഷിയ്ക്കാണ് കൂടുതല്‍ പ്രയോജനം. ആട്ടിന്‍പാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കിയതിന്റെ ബാക്കി 4-5 ലിറ്റര്‍ കറന്ന് സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നു. ഭാര്യ സിസി അധ്യാപികയാണ്. നാലു പെണ്‍മക്കള്‍, രണ്ടു പേര്‍ ഇരട്ടകളാണ് അമ്മയും വിദ്യാര്‍ത്ഥിയായ സഹോദരനും സോജന് കൃഷി സഹായികളായി ഒപ്പമുണ്ട്.

ഇക്കഴിഞ്ഞ അഞ്ചു വര്‍ഷമായി തീരെ കീ-ബോര്‍ഡ് വായിക്കാന്‍ പോകാറില്ല. സമയം ഒത്തു വരുന്നില്ല എന്നതാണ് കാരണം. എന്നിരുന്നാലും സംഗീതത്തിന്റെ തിരത്തളളല്‍ മനസ്സിലുയരുമ്പോള്‍ ആട്ടിന്‍ കൂട്ടിനുളളില്‍ തന്നെയുളള ഓഫീസുമുറിയിലിരുന്ന് കീ - ബോര്‍ഡ് വായിക്കും. ആ വായന കേള്‍ക്കാന്‍ ആടുകള്‍ നിശബ്ദരായി നില്‍ക്കുന്നത് സംഗീതത്തിന്റെ മാസ്മരികതയിലാവണം.

രണ്ടു വര്‍ഷം കൊണ്ട് 500 ല്‍ അധികം ആട്ടിന്‍ കുട്ടികളെ വില്‍ക്കാന്‍ കഴിയുന്നത് കൊണ്ടുളള ഭേദപ്പെട്ട വരുമാനവും, അതിലുപരി മാനസിക സന്തോഷവും സോജനെ ആടുകൃഷിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു.നിരവധി അവാര്‍ഡുകളും, അംഗീകാരങ്ങളും സോജനെ തേടി ഇതിനകം എത്തിക്കഴിഞ്ഞു. അതിലുപരി ഒരുപാടു യുവസംരംഭകര്‍ക്കു പ്രചോദനമായും സോജന്‍ മാറിക്കഴിഞ്ഞു. നിത്യേന വളരെ ദൂരെ നിന്നു പോലും സോജന്റെ ആടുഫാം സന്ദര്‍ശിക്കാന്‍ നിരവധി കര്‍ഷകരും എത്തിക്കൊണ്ടിരിക്കുന്നു. അവര്‍ക്കു മുമ്പില്‍ സുസ്‌മേരവദനനായി തന്റെ കൃഷിയറിവുകളും, അജ പാലന രീതികളും പങ്കിട്ടുകൊണ്ടേയിരിക്കുന്നു സോജന്‍.

സോജന്‍ ജോര്‍ജ്ജ് - ഫോണ്‍: 9447257569


English Summary: Sojan's goat farm

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox