Features

കൃഷി 'ഹൈ- ടെക്' ആയാൽ നൂറുമേനി വിളവെടുക്കാം…

hitech farming
ഹൈ- ടെക് ഫാമിങ്ങിലൂടെ നേട്ടം കൊയ്ത് ശ്രീജിത്

തിരുവനന്തപുരം: കൺസ്ട്രഷൻ മേഖലയില്‍ എട്ട് വര്‍ഷം ജോലി ചെയ്തതിന് ശേഷം പൂർണമായും വ്യത്യസ്തമായ മറ്റൊരു മേഖലയിലേക്ക് ചുവട് മാറ്റി നേട്ടം കൊയ്യാനൊരുങ്ങുകയാണ് തലസ്ഥാന നഗരിയില്‍ ശാസ്തമംഗലത്ത് താമസിക്കുന്ന ശ്രീജിത് എ. കുമാര്‍ എന്ന ചെറുപ്പക്കാരന്‍. കാട്ടാക്കടയിലെ തന്‍റെ ഒരേക്കർ സ്ഥലത്തിൽ ഹൈ- ടെക് കൃഷി പരീക്ഷിച്ചാണ്  ഇയാൾ വ്യത്യസ്തനാകുന്നത്.

കാട്ടാക്കടയിലെ തന്‍റെ കൃഷി ഭൂമിയിൽ ഹൈ- ടെക് പോളി ഹൗസ് നിർമിച്ച് നിയന്ത്രിത പരിസ്ഥിതി കൃഷി അടക്കമുള്ള സംയോജിത കൃഷി രീതിയാണ് ഈ യുവകർഷകൻ നടപ്പിലാക്കുന്നത്.

'പോളി ഹൗസിനുള്ളില്‍ സലാഡ്, കുക്കുമ്പർ, തക്കാളി, പയര്‍, വിവിധയിനം മുളകുകള്‍ എന്നിവയാണ്‌ കൃഷി ചെയ്യുന്നത്. പച്ചക്കറി കൃഷിക്ക് പുറമെ, ഇവിടെ മീന്‍ വളര്‍ത്തലും ഒരു ഹൈ ടെക് കൂണ്‍ കൃഷി യൂണിറ്റും തുടങ്ങുന്നുണ്ട്', കൃഷിയിലേക്ക് താൻ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന പുതിയ പദ്ധതികൾ ശ്രീജിത് കൃഷി ജാഗരണുമായി പങ്കുവച്ചു.

കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുക എന്ന ഉദ്ദേശത്തോടെ സ്റ്റേറ്റ് അഗ്രി ഹോർട്ടികള്‍ച്ചറല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി (SAHS)എന്ന സഹകരണ സ്ഥാപനവും, സസ്‌റ്റൈനബിൾ ഫൗണ്ടേഷൻ എന്ന എൻജിഒയും ചേര്‍ന്ന് നടപ്പിലാക്കുന്ന കൃഷികര്‍ണ എന്ന പദ്ധതിയുടെ കീഴിലാണ് ഈ പ്രോജക്റ്റ് നടന്നു വരുന്നത്. കര്‍ഷകര്‍ക്ക് വേണ്ട പരിശീലനവും സാങ്കേതിക സഹായങ്ങളും നല്‍കുന്ന Qore3 Innovations എന്ന സ്റ്റാര്‍ട്ട് അപ്പ് കമ്പനിക്കാണ് ഇതിന്‍റെ നിർവഹണ ചുമതല.

മഹാമാരിയുടെ കാലത്ത് കൺസ്ട്രഷൻ ജോലിയില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത് കൃഷിയിലേക്ക് എത്തിച്ചേരുകയായിരുന്നു ശ്രീജിത്. കേരളത്തിൽ ഉടനീളമായി കൃഷികര്‍ണ പദ്ധതിയില്‍ ചേര്‍ന്ന നിരവധി കര്‍ഷകരില്‍ ഒരാളാണ് ഇദ്ദേഹം.

20 ലക്ഷം രൂപ മുതൽ മുടക്കി പോളി ഹൗസിൽ കൃഷി തുടങ്ങിയ ശ്രീജിത്, മുടക്കുമുതലിന്‍റെ 25 ശതമാനം സബ്‌സിഡി ഇനത്തില്‍ ഗവണ്‍മെന്‍റിൽ നിന്ന് ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ പൂർത്തിയായ കൃഷി സ്ഥലത്ത്‌ വരും ദിവസങ്ങളില്‍ പച്ചക്കറി കൃഷിക്കായുള്ള ചെടികള്‍ നടാനുള്ള തയ്യാറെടുപ്പിലാണ് ഇയാൾ.

തിരുവനന്തപുരം ജില്ലയിലെ പള്ളിക്കല്‍ പഞ്ചായത്തിലെ നസ്ലി എന്ന കര്‍ഷകയും പോളി ഹൗസ് കൃഷിയിലൂടെ ഗംഭീര ആദായം കൈവരിക്കുകയാണ്. നസ്ലി തന്‍റെ രണ്ട് സെന്‍റ് സ്ഥലത്ത്‌  മിനി പോളിഹൗസുകൾ സ്ഥാപിച്ചു. ഇപ്പോൾ മൂന്ന് മാസമായി ഹൈ-ടെക് കൃഷി രീതികള്‍ ഉപയോഗിച്ചാണ് നസ്ലിയുടെ കൃഷി.

'കൃഷികര്‍ണയുടെ ഭാഗമായി നടത്തിയ ഒരു ശില്‍പശാലയില്‍ പങ്കെടുത്തപ്പോഴാണ് ഈ പദ്ധതിയുടെ ഭാഗമാകാന്‍ ഞാന്‍ തീരുമാനിച്ചത്‌. ഞാന്‍ എടുത്ത തീരുമാനം തീര്‍ത്തും ശരിയായിരുന്നു എന്ന് എന്‍റെ അനുഭവത്തിലൂടെ ബോധ്യമായി. സലാഡും വെള്ളരിക്കയും പയറുമാണ് ഞാന്‍ കൃഷി ചെയ്‌തത്. വെറും 44 ദിവസം കൊണ്ട്‌ എനിക്ക് പയര്‍ വിളവെടുക്കാൻ കഴിഞ്ഞുവെന്ന് മാത്രമല്ല, വിളകള്‍ക്ക് നല്ല വിലയും ലഭിച്ചു,' വിജയം കൊയ്ത കൃഷി അനുഭവങ്ങൾ നസ്ലി വിശദീകരിച്ചു.

സസ്‌റ്റൈനബിൾ ഫൗണ്ടേഷന്‍റെ സ്ഥാപകനും ചീഫ് ഓപ്പറേറ്റിങ് ഓഫിസറുമായ ധനേഷ് എന്‍. രാജ് പറയുന്നു 'കൃഷികര്‍ണ പദ്ധതിയിലൂടെ ഒരു ലക്ഷം രൂപയ്ക്ക് വരെ മട്ടുപ്പാവിൽ ഒരു മിനി പോളി ഹൗസ് നിർമിച്ചു കൊടുക്കാൻ ഞങ്ങൾക്ക് സാധിക്കുന്നുണ്ട്.

കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അറുപതിലധികം പോളി ഹൗസുകൾ ഇതിനോടകം ഞങ്ങൾ നിർമിച്ചു കഴിഞ്ഞു. ഇതു കൂടാതെ ഇടുക്കി പോലെയുള്ള മലയോര മേഖലകളില്‍ കാലങ്ങളായി അയല്‍ സംസ്ഥാനങ്ങളിലെ കച്ചവടക്കാർ നമ്മുടെ കർഷകരെ ചൂഷണം ചെയ്യുന്നുണ്ട്.

അവിടെയുള്ള കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനും അവരുടെ സഹായത്തോടെ ബ്രോക്കോളി കൃഷി ചെയ്യാനും ഞങ്ങൾക്ക് സാധിച്ചു. അവയൊക്കെ ഇപ്പോൾ വിളവെടുപ്പിന് പാകമായി നില്‍ക്കുകയാണ്.'

'കാലാവസ്ഥാ വ്യതിയാനം കൃഷിയെ പല വിധത്തിൽ ബാധിച്ചു കൊണ്ടിരിക്കുന്നു. കര്‍ഷകര്‍ക്ക് ഭീമമായ നഷ്ടം നേരിടുന്നു. കൃഷികര്‍ണ പദ്ധതിയിൽ പോളി ഹൗസ്, അക്വാപോണിക്സ്, ഹൈഡ്രോപോണിക്സ്, ഹൈടെക് കൂണ്‍ കൃഷി യൂണിറ്റ് എന്നിവ വഴി ഏത് കാലാവസ്ഥയിലും കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിക്കുന്നു. വർഷങ്ങൾക്ക് മുമ്പ് തന്നെ പോളി ഹൗസ് കൃഷി രീതി കേരളത്തില്‍ നടപ്പിലാക്കിയെങ്കിലും വ്യക്തമായ പഠനങ്ങളുടെയും പരിശീലനത്തിന്‍റെയും അഭാവത്തില്‍ പലതും പരാജയപ്പെടുകയായിരുന്നു,'

മികച്ച ഹൈടെക് കര്‍ഷകനുള്ള കേരള സംസ്ഥാന അവാര്‍ഡ് ജേതാവും, അമേരിക്ക, നാഷണൽ ബുക്ക് ഓഫ്‌ റെക്കോർഡ് ഹോൾഡറും, അഗ്രോണമിസ്റ്റുമായ അനീഷ് എന്‍. രാജ് വ്യക്തമാക്കി. ഇത്തരത്തിലുള്ള 400ഓളം പോളി ഹൗസുകളുടെ നവീകരണം കൃഷികര്‍ണ ലക്ഷ്യം വക്കുന്നുണ്ടെന്നും അതിന്‍റെ അനുബന്ധ അനുവാദങ്ങൾക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും അനീഷ് കൂട്ടിച്ചേര്‍ത്തു.

പഴം പച്ചക്കറി ഉല്‍പ്പാദനത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത കൈവരിക്കുന്നതിന് വേണ്ടി കൃഷികര്‍ണ പദ്ധതി കേരളം മുഴുവന്‍ വ്യാപിപ്പിക്കാൻ തയ്യാറെടുക്കുകയാണ് SAHS.

'കര്‍ഷകര്‍ക്ക് വേണ്ട സാങ്കേതിക സഹായങ്ങള്‍ ലഭിക്കാതിരിക്കുകയും അശാസ്ത്രീയ രീതിയിലുളള നിർമാണവുമാണ് പോളി ഹൗസ് പ്രോജക്റ്റുകളുടെ പരാജയത്തിന് കാരണം. ഇതുകൂടാതെ പബ്ലിക് പാര്‍ക്കുകളുടെ നവീകരണവും കൂടി SAHS നടത്തി വരുന്നുണ്ട്. 21 പാര്‍ക്കുകളുടെ നവീകരണം പൂര്‍ത്തിയാക്കി. കൃഷിയില്‍ സംരംഭകത്വവും തൊഴിലവസരങ്ങളും ഉണ്ടാക്കുക എന്നതും ഞങ്ങളുടെ ലക്ഷ്യമാണ്.' SAHS മാനേജിങ് ഡയറക്ടര്‍ ബിനു പൈലറ്റ് പറഞ്ഞു.


English Summary: Success story of Kerala farmers by Hi- tech farming

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds