Features

ഹരിത സാമ്രാജ്യത്തിന് 'പൂര്‍ണ്ണിമ' ടച്ച് 

poorna

ഇന്‍ഫോസിസിന്റെ തിരുവനന്തപുരത്തെ ഓഫീസില്‍ എച്ച്.ആര്‍.എക്‌സിക്യൂട്ടീവായി ജോലി നോക്കി, ദുബായ് ജോലിക്കാരനായ ഭര്‍ത്താവ് പരേഷിന്റെയൊപ്പം ഇടയ്ക്കിടെ ദുബായ് ട്രിപ്പും നടത്തി ചേര്‍ത്തല വയലാറിലെ വീട്ടില്‍ അവധി ദിനങ്ങളില്‍  വന്ന് അച്ഛന്‍ ടി.പി.നടരാജനേയും അമ്മ ഉഷയേയും കണ്ട്  ജീവിതം സന്തോഷപൂര്‍വ്വം നയിക്കാമായിരുന്നു പൂര്‍ണ്ണിമ എന്ന എം.ബി.എ ബിരുദധാരിക്ക്. എന്നാല്‍ അച്ഛന്‍ നടരാജനിലൂടെ പകര്‍ന്നു കിട്ടിയ കൃഷിയോടുള്ള സ്‌നേഹം പൂര്‍ണ്ണിമയെ ജോലി രാജിവച്ച്  നാട്ടിലെത്താന്‍ പ്രേരിപ്പിച്ചു.1973 മുതല്‍ അച്ഛന്‍ പരിപാലിച്ചു പോന്ന സൗത്ത് ഇന്ത്യന്‍ അഗ്രി ഫാം എന്ന നഴ്‌സറി നോക്കി നടത്തുക  എന്ന ദൗത്യവും ഒപ്പം കാലഘട്ടത്തിന്റെ മാറ്റത്തിനനുസരിച്ച് തങ്ങളുടെ കൃഷിയും വിപണനവും പ്രചരണവും രൂപപ്പെടുത്തുക എന്ന ന്യൂ ജെന്‍  ചിന്തകൂടിയുണ്ടായിരുന്നു ജോലി രാജിവച്ച് മുഴുവന്‍ സമയ കൃഷിക്കാരിയാകുമ്പോള്‍ പൂര്‍ണ്ണിമയ്ക്ക്. ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിക്കുമ്പോള്‍ കൂട്ടുകാര്‍ ആരും പിന്തിരിപ്പിച്ചില്ല. അച്ഛന്‍ ആവശ്യപ്പെട്ടതുമില്ല തന്റൊപ്പം വന്ന് കൃഷി കാര്യങ്ങള്‍ നോക്കി നടത്താന്‍. കൃഷിയില്‍ വ്യാപൃതയാകാനുള്ള  പൂര്‍ണ്ണിമയുടെ ആഗ്രഹത്തെ അച്ഛനുള്‍പ്പെടെ ആരും തടഞ്ഞില്ല എന്നതും വലിയൊരനുഗ്രഹമായി.

ഹൈടെക്ക് കൃഷി.

ചേര്‍ത്തലക്കാരനായ നടരാജന്‍ നടത്തുന്ന തൃശൂര്‍ മണ്ണുത്തിയിലെ സൗത്ത് ഇന്ത്യന്‍ അഗ്രി.ഫാം എന്ന വിപുലമായ നഴ്‌സറി കേവലം ചെടിയും വിത്തും വളങ്ങളും കൃഷിയുപകരണങ്ങളും സാങ്കേതിക സഹായങ്ങളും  ലഭിക്കുന്ന സ്ഥലമാക്കി നിലനിര്‍ത്താന്‍ പൂര്‍ണ്ണിമ തുനിഞ്ഞില്ല. തന്റെയും ഭര്‍ത്താവിന്റേയും പഠനവും അന്വേഷങ്ങളും കൊണ്ട് പുതു തലമുറയുടെ എല്ലാ സൗകര്യങ്ങളും കൃഷിയുടെ അഭിവൃദ്ധിക്കായി ഉപയോഗിക്കാന്‍ ഉള്ള ശ്രമമായിരുന്നു 6 വര്‍ഷം മുന്‍പ് അച്ഛന്റെയൊപ്പം വന്ന് കൃഷിയില്‍ ഏര്‍പ്പെടുമ്പോള്‍. അച്ഛന്‍ നടരാജന്റെ മണ്ണിനോടുള്ള സ്‌നേഹം 22 വര്‍ഷം മുന്‍പ്  ബയോഫെര്‍ എന്ന ജൈവവളത്തിന്റെ കണ്ടുപിടുത്തത്തില്‍ എത്തിച്ചിരുന്നു.


അദ്ദേഹം നിയോഗിച്ച സാങ്കേതിക വിദഗ്ധരുടെ നിര്‍ദ്ദേശവും ബയോ ഫെറിന്റെ കണ്ടുപിടുത്തത്തിനു പിന്നിലുണ്ട്. നൂപുര്‍ മാന്യൂര്‍ എന്ന കമ്പനിയുടെ കീഴില്‍  ബയോഫെറിന്റെ വിപണനം കേരളമെമ്പാടുമുള്ള പ്രവര്‍ത്തകരെക്കൊണ്ടാണ് നടത്തിയിരുന്നത്.  6 വര്‍ഷം മുന്‍പ് പൂര്‍ണ്ണിമ ജോലിയുപേക്ഷിച്ച് പൂര്‍ണ്ണമായും കൃഷിയിലേക്ക് തിരിഞ്ഞപ്പോഴാണ് ബയോ ഫെറിന്റെ വിപണനം വിപുലപ്പെടുത്താന്‍ തീരുമാനിച്ചത്. ഇതിന് സങ്കേതിക വിദഗ്ധരുടെ സഹായത്തോടെ മാറ്റങ്ങള്‍ വരുത്തി ബയോടെക്ക് എന്ന പുതിയ പേരില്‍ ജൈവവളം വിതരണം ചെയ്തു.  ഈ കാലഘട്ടം ആവശ്യപ്പെടുന്ന ഹൈടെക്ക് സംവിധാനങ്ങളുടെ ഉപയോഗം ഇവിടെ തങ്ങളുടെ കൃഷിയിടത്തിലും ഉണ്ടായാല്‍ നന്നായിരിക്കും എന്ന് പൂര്‍ണ്ണിമയ്ക്കും ഭര്‍ത്താവ് പരേഷിനും തോന്നി. ബയോടെക്ക് ഹൈ യീല്‍ഡ് ഫെര്‍ട്ടിലൈസര്‍ വിപണനത്തിനും പ്രചാരത്തിനും കൃഷിക്കാര്‍ക്ക് ഉപയോഗപ്രദമാക്കാനുമായി  നൂപുറിന്റെ പേരില്‍ തുടങ്ങിയ പോര്‍ട്ടലും വെബ് സൈറ്റുമൊക്കെ കൊണ്ട്  ബയോടെക്കിന് ഒരു  ഇന്ത്യന്‍ മാര്‍ക്കറ്റ് തന്നെ ഉണ്ടാക്കിയെടുത്തു.


ഓണ്‍ലൈന്‍ വിപണനം

ആധുനിക യുഗത്തില്‍ എക്‌സിക്യൂട്ടീവുകളെ നിയോഗിച്ചുകൊണ്ടു മാത്രം വിപണനം മതിയാകില്ല എന്ന് പൂര്‍ണിമയിലെ  യുവ ബിസിനസുകാരിക്കറിയാം. പോര്‍ട്ടലും വെബ് പേജും കൂടാതെ ആമസോണ്‍ പോലുള്ള സൈറ്റുകളിലും ലിസ്റ്റു ചെയ്തിട്ടുള്ളതിനാല്‍ നൂപുറിന് ഇന്ത്യന്‍ മാര്‍ക്കറ്റിലും ഇന്ന്  നല്ല പേരുണ്ട്. 
WWW.nupurmanures.com എന്ന വെബ് സൈറ്റിലും ഇതേ പേരില്‍ ഫെയ്‌സ് ബുക്ക് പേജിലും വിവരങ്ങള്‍ ലഭിക്കും.

കുടുംബം

ചേര്‍ത്തല വയലാറുള്ള കെ.പി.നടരാജന്‍ എന്ന കര്‍ഷകന്റെ ഏക മകള്‍. എം.ബി.എ ബിരുദം. ഭര്‍ത്താവ് പരേഷ് ബി-ടെക്ക് ബിരുദധാരി. ദുബായിലെ ജോലി ഉപേക്ഷിച്ച്  നാട്ടിലെത്തി ഭാര്യയ്ക്ക് പിന്തുണയായി കൃഷിയില്‍ മുഴുവന്‍ സമയ പ്രവര്‍ത്തനം. ഏക മകള്‍ രണ്ടു വയസുകാരി നിഹാരിക. അമ്മ ഉഷ. തൃശൂര്‍ കുര്യച്ചിറയില്‍ ഭര്‍ത്താവിനും മകള്‍ക്കുമൊപ്പമാണ് താമസം.

ഇന്‍ഫോസിസില്‍ എച്ച്.ആര്‍ മാനേജരായി ജോലി നോക്കുമ്പോള്‍ ഹൈടെക്ക് ഉദ്യോഗസ്ഥരുമായാണ് ഇടപെട്ടിരുന്നത്. ഇപ്പോള്‍ കൃഷിക്കാരായുള്ള തൊഴിലാളികളുമായി  നിരന്തര സമ്പര്‍ക്കം. ഹൈടെക്ക് ആയാലും പാരമ്പര്യ തൊഴിലാളികള്‍ ആയാലും  മനുഷ്യന്‍ എന്ന  സങ്കല്പത്തിലൂന്നിയാണ് പ്രവര്‍ത്തിക്കുന്നത്. വേര്‍തിരിവില്ലാതെ മനുഷ്യനെ മനുഷ്യനായിക്കാണാനുള്ള പാഠം, ചരിത്രം ഉറങ്ങുന്ന വയലാര്‍ എന്ന തൊഴിലാളി ഗ്രാമത്തില്‍ ജനിച്ച ഒരു കര്‍ഷക സ്‌നേഹിയുടെ  ഈ മകള്‍ക്ക് ആരും പറഞ്ഞു കൊടുക്കേണ്ടതില്ല.

കെ.ബി ബൈന്ദ, ബ്യൂറോ ചീഫ് ആലപ്പുഴ, ഫോണ്‍: 99952195229


Share your comments