Features

സമുദ്രനിരപ്പ് ഉയരുന്നതിനാൽ ലോകത്തിലെ പകുതി മണൽ ബീച്ചുകളും അപ്രത്യക്ഷമാകുന്നു

തയ്യാറാക്കിയത്-പ്രവീണ.കെ.കെ.അസിസ്റ്റന്‍റ് പ്രൊഫസര്‍(കോണ്‍ട്രാക്ട്),കെസിഎടി,തവനൂര്‍,ഇമെയില്‍- kkpraveena20@gmail.com

ആഗോളതാപനം(Global warming) മൂലം നേരിടാൻ പോകുന്ന വലിയ വിപത്തുകളിൽ ഒന്നാണ് അപ്രത്യക്ഷമാകുന്ന കടൽ തീരങ്ങൾ. 2100 ഓടെ സമുദ്രനിരപ്പ് ഉയരുന്നതിനാൽ ലോകത്തിലെ പകുതി മണൽ ബീച്ചുകളും (sand beaches)അപ്രത്യക്ഷമാകും എന്നാണ് നിലവിലുള്ള പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൂടാതെ കടൽത്തീര വ്യാപന പ്രക്രിയകൾ പ്രതിവർഷം 0.5 മീറ്ററിൽ കൂടുതൽ എന്ന നിരക്കിൽ ഇല്ലാതാകുന്നതായും  ഭൂമി 28,000 ചതുരശ്ര കിലോമീറ്റർ എന്ന തോതിൽ കടലിലേക്ക് സംയോജിക്കുന്നതായും കണക്കാക്കുന്നു. സമുദ്രനിരപ്പ് ഉയരുന്ന നിരക്ക് ഓരോ വർഷവും ഏകദേശം 0.1 മില്ലിമീറ്റർ വേഗത്തിലാകുന്നു.

സമുദ്രോപരിതലത്തിൽ ഉണ്ടാകുന്ന കൊടുങ്കാറ്റിന്‍റെയും വേലിയേറ്റത്തിന്‍റെയും ഫലമായി സമുദ്രനിരപ്പ് ഉയരുന്നത് തീരവും തീരപ്രദേശവും തമ്മിലുള്ള അതിർത്തിയെ തള്ളിമാറ്റി കടൽത്തീരത്തെ വ്യാപിപ്പിക്കുന്നു. ഈ പ്രക്രിയ തീരദേശ സ്ഥാനമാറ്റം(Coastal retreat) എന്നറിയപ്പെടുന്നു.വ്യവസായം,പാർപ്പിടം,ടൂറിസ്റ്റ് റിസോർട്ടുകൾ എന്നിവയ്ക്കായി നിരവധി മനുഷ്യ നിർമ്മിത തീരപ്രദേശങ്ങൾ ഇന്ന് സജീവമാണ്. കടൽത്തീരങ്ങളുടെ കരയിൽ കോൺക്രീറ്റ്  സൗധങ്ങൾ കെട്ടിപ്പടുക്കുന്നത് തീരപ്രദേശത്തിന്‍റെ വ്യാപനത്തിന് തടസ്സം സൃഷ്ടിക്കുകയും  സമുദ്രനിരപ്പ് ഉയരുമ്പോൾ കടൽത്തീരങ്ങൾ ഉൾനാടുകളിലേക്ക് നീങ്ങുന്നത് തടയുകയും ചെയ്യുന്നു. പകരം, തീരപ്രദേശത്തെ മണൽത്തീരങ്ങൾ ഇല്ലാതാകുകയും പൂർണ്ണമായും കഴുകി കളയുകയും ചെയ്യും.

സമുദ്രോപരിതലത്തിലെ ഊഷ്മാവിന്‍റെ തീക്ഷ്ണത  കൂടുംതോറും ഉണ്ടാകുന്ന കൊടുങ്കാറ്റിന്‍റെ  തീവ്രതയും വർധിക്കുന്നു, അവ ഒറ്റരാത്രികൊണ്ട് മുഴുവൻ ബീച്ചുകളും ചലിപ്പിക്കാൻ പ്രാപ്തമാണ്. മൃദുവായ മണൽ നിറഞ്ഞ ബീച്ചുകൾ തിരമാലകളിലൂടെയും പ്രവാഹങ്ങളിലൂടെയും തുടർച്ചയായി നീങ്ങിപോകുകയും  അവ ഒരു സ്ഥലത്തു നിന്ന് വേർപെട്ടു മറ്റൊരിടത്തു നിക്ഷേപിക്കുകയും ചെയ്യുന്നു. മണലിന്‍റെ ഈ ഗതാഗതം സാധാരണമാണ്, പക്ഷേ ഉയർന്ന സമുദ്രനിരപ്പിന്‍റെയും ശക്തമായ കൊടുങ്കാറ്റിന്‍റെയും സംയോജിത ശക്തി പല ബീച്ചുകളിലും വംശനാശത്തിന് കാരണമാകുന്നു.

ലോകത്തിലെ മണൽ നിറഞ്ഞ തീരപ്രദേശങ്ങൾ ഭൂരിഭാഗവും ജനസാന്ദ്രതയുള്ളവയാണ്, അതിനാൽത്തന്നെ മണൽത്തീരങ്ങളുടെ ഇന്ന് കാണുന്ന തീരാനഷ്ടത്തിന് മാനവരാശിക്ക് വലിയ പങ്കുണ്ട്. മണൽത്തരികളുടെ പുനരുത്പാദന നിരക്കിന്‍റെ പതിന്മടങ്ങു വേഗത്തിലാണ് ബീച്ചുകളിൽ നിന്നും നദികളിൽ നിന്നും കെട്ടിട നിര്‍മ്മാണത്തിനും മറ്റുമായി  മണൽ  നീക്കംചെയ്തുകൊണ്ടിരിക്കുന്നത്. വരും കാലങ്ങളിൽ 0.8 മീറ്റർ എന്ന നിരക്കിൽ സമുദ്രനിരപ്പിൽ ഉയർച്ചയുണ്ടായാൽ ഭൂമിയുടെ 17,000 ചതുരശ്ര കിലോമീറ്ററോളം  മായ്ഞ്ഞു പോകുകയും ആഗോളതലത്തിൽ ദശലക്ഷക്കണക്കിനു ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടി വരുകയും ചെയ്യും.

മണ്ണൊലിപ്പ് തടയാനും മണ്ണിനെ താങ്ങി നിർത്താനും കൊടുങ്കാറ്റിനെതിരെ ഫലപ്രദമായി പ്രവർത്തിക്കാനും കണ്ടൽകാടുകളുടെ വളർച്ച വളരെ സഹായകമാണ്. എന്നാൽ തീരദേശങ്ങളുടെ നിരന്തരമായ കയ്യേറ്റ ഫലമായി കണ്ടൽ ചതുപ്പുകളും ഇന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അതേസമയം, അണക്കെട്ടുകളുടെയും  ജലസേചന സംവിധാനങ്ങളുടെയും നിർമ്മാണം തീരത്തേക്കുള്ള മൺതരികളുടെ വിതരണത്തെ സാരമായി ബാധിക്കുന്നു.

വംശനാശഭീഷണി നേരിടുന്ന ബീച്ചുകളിലേക്ക് മണൽ പമ്പ് ചെയ്തുകൊണ്ട് അവ നികത്തുന്ന പ്രക്രിയ “തീരദേശ പോഷണം” എന്ന് അറിയപ്പെടുന്നു. ഭൂമി നഷ്ടം 14 ശതമാനം വരെ കുറയ്ക്കാനും കുടിയേറാൻ നിർബന്ധിതരാകുന്ന ആളുകളുടെ എണ്ണം 68 ശതമാനം വരെ കുറയ്ക്കാനും നിർബന്ധിത കുടിയേറ്റത്തിന്‍റെ ചെലവ് 85 ശതമാനം വരെ കുറയ്ക്കാനും ഈ പ്രക്രിയ വഴി സാധിക്കുന്നു.

ലോകത്തിലെ കടൽത്തീരങ്ങൾ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങളിൽ ഭൂരിഭാഗവും നമ്മുടെ കൈ പിടിയിലാണ്. മണൽ, ഫോസിൽ ഇന്ധനങ്ങൾ എന്നിവയുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിലൂടെയും തീരദേശ ആവാസ വ്യവസ്ഥകൾ വികസിപ്പിക്കുന്നതിലൂടെയും പരിരക്ഷിക്കുന്നതിലൂടെയും ഏറെക്കുറെ നമുക്കു നിലവിലുള്ള കടൽത്തീരങ്ങളുടെ നഷ്ടത്തിന് പരിഹാരം കണ്ടെത്താൻ സാധിക്കും


English Summary: World losses land beaches due to rising sea level , samudra nirapp uyarunnathinal lokathilae pakuthi manal beachukalum aprathyakshamaakunnu

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds