1. Health & Herbs

കണി വെള്ളരി കൃഷിക്കൊരുങ്ങാം

പൊൻ വെള്ളരി അഥവാ കണി വെള്ളരി നമ്മുടെ നാട്ടിൻ പുറങ്ങളിലെല്ലാം സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്ന ഒരു വിളയാണ്. ഏപ്രിൽ മാസത്തിലെ വിഷു വിപണി ലക്ഷ്യമിട്ടുകൊണ്ടാണ് കർഷകർ കണി വെള്ളരി കൃഷിയിലേക്കിറങ്ങുക.

Athira P
കണി വെള്ളരി
കണി വെള്ളരി

പൊൻ വെള്ളരി അഥവാ കണി വെള്ളരി നമ്മുടെ നാട്ടിൻ പുറങ്ങളിലെല്ലാം സമൃദ്ധമായി കൃഷി ചെയ്യപ്പെടുന്ന ഒരു വിളയാണ്. ഏപ്രിൽ മാസത്തിലെ വിഷു വിപണി ലക്ഷ്യമിട്ടുകൊണ്ടാണ് കർഷകർ കണി വെള്ളരി കൃഷിയിലേക്കിറങ്ങുക. ജൈവ രീതിയിലാണ് കണി വെള്ളരി കൃഷി ചെയ്യുന്നത്. വിഷുക്കണിയൊരുക്കുമ്പോൾ ഒഴിവാക്കാനാവാത്ത ഫലമാണ് കണി വെളളരി അതുകൊണ്ടുതന്നെ വിഷുക്കാലമാണ് ഇവയുടെ സീസൺ . ഫെബ്രുവരി മാസത്തോടെ ആരംഭിക്കുന്ന കൃഷി ഏപ്രിലിൽ വിളവെടുക്കാനാവും. വിഷുവിന് ഒന്നോ രണ്ടോ ദിവസം മുൻപേ ആരംഭിക്കുന്ന കണി വെള്ളരി വില്പന പൊതുവിൽ കർഷകർക്ക് നല്ല ലാഭം ഉണ്ടാക്കികൊടുക്കാറുണ്ട്. ജൈവ രീതിയിലുള്ള കൃഷിയായതിനാൽ തന്നെ ഇതിന് ആവശ്യക്കാരും ഒരുപാടാണ്. ഏറെ ദിവസം ഇവ സൂക്ഷിക്കാൻ കഴിയാത്തതിനാൽ കിട്ടുന്ന വിലക്ക് തന്നെ വിറ്റഴിക്കാൻ കർഷകർ പലപ്പോഴും നിർബന്ധിതരാവാറുണ്ട്. ഇവ കേരളത്തിൽ കറികൾ , പച്ചടി, എന്നിവ തയ്യാറാക്കാനാണ് ഉപയോഗിക്കാറുള്ളത്.
വേനൽക്കാലത്ത് ഡയറ്റിലുൾപ്പെടുത്താവുന്ന മികച്ച ഓപ്ഷനുമാണ് വെള്ളരികൾ.

കൃഷിരീതികൾ

നല്ല നീർവാർച്ചയുള്ള മണ്ണാണ് കണി വെള്ളരി കൃഷിക്ക് അനുയോജ്യം. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിലും വയലുകളിലും വെള്ളരിക്ക നടാം. ചാണകവും ചാരവുമാണ് പൊതുവായ വളർച്ചക്ക് ഉപയോഗിക്കുന്ന ജൈവ വളങ്ങൾ. വെള്ളരിയുടെ വിത്ത് ശേഖരിച്ച ശേഷം നടാനുദ്ദേശിക്കുന്ന സ്ഥലം നന്നായി ഉഴുത് പാകപ്പെടുത്തിയെടുക്കണം. രണ്ടടി വലുപ്പവും ഒരടി ആഴവുമുള്ള കുഴികളാണ് ഇതിനായി എടുക്കേണ്ടത്. ഓരോ കുഴിയിലും അഞ്ചു വിത്തുകൾ എന്ന രീതിയിലാണ് നടേണ്ടത്. രണ്ടാഴ്ച്ചകൊണ്ട് വളരുന്ന തൈകളിൽ ക്ഷീണിതരായ തൈകളെ ഒഴിവാക്കി നന്നായി വളരുന്നവയ്ക്ക് വളമിടീൽ നടത്തുക.വിത്ത് പാകുംമുമ്പ് ഒരു സെൻ്റിൽ രണ്ടുകിലോ കുമ്മായം എന്ന കണക്കിൽ ചേര്‍ത്തിളക്കുന്നത് ഗുണം ചെയ്യും. ചെടികൾ തമ്മിൽ ഒന്നര മീറ്റർ അകലമാണ് ഉണ്ടാവേണ്ടത്. വരികൾ തമ്മിലുള്ള അകലം രണ്ടു മീറ്റർ എന്ന രീതിയിലും ആയിരിക്കണം. ഇവയുടെ വളർച്ചാ ഘട്ടങ്ങളിൽ ചാണകവും കടലപ്പിണ്ണാക്കും കലര്‍ത്തി പുളിപ്പിച്ച ലായനി, ബയോഗ്യാസ് സ്ലറി, കോഴിവളം, മണ്ണിര കമ്പോസ്റ്റ് എന്നിവ ലഭ്യതയനുസരിച്ച് ആവശ്യത്തിന് ചേര്‍ത്തുകൊടുക്കാവുന്നതാണ്. ഇവയ്ക്കിടയിൽ വളരുന്ന കളകൾ യഥാസമയം നീക്കം ചെയ്യുകയും ഇടയിളക്കൽ നടത്തുകയുംവേണം. വെള്ളരിക്ക് വള്ളി വരുന്ന സമയത്ത് പടരാനുള്ള സൗകര്യവും ഒരുക്കിനൽകണം. സാധാരണയായി വള്ളികൾ തറയിൽ പടർത്തുന്നത്തിനായി ഓലകൾ നിരത്തി വെക്കുകയാണ് വേണ്ടത്.

വെള്ളരി വള്ളികൾ
വെള്ളരി വള്ളികൾ

മുടിക്കോട് ലോക്കൽ, സൗഭാഗ്യ, അരുണിമ എന്നിവ കാർഷിക സർവകലാശാല മെച്ചപ്പെടുത്തിയ കണി വെള്ളരി ഇനങ്ങളാണ്. 56 ദിവസത്തിനുള്ളിൽ മുടിക്കോട് ലോക്കൽ വിള നൽകും. ഇവയെ നശിപ്പിക്കുന്ന കീടങ്ങളെ നേരിടാനും ജൈവമാർഗങ്ങൾ അവലംബിക്കാവുന്നതാണ്.അപകടകരമായേക്കാവുന്ന കീടങ്ങളെ തന്ത്രപരമായി സ്ഥാപിക്കുന്ന കെണികളിലൂടെ ജൈവ രീതികളിൽ നേരിടാം. ഇലകൾ നശിക്കുന്നത് തടയാൻ 'സുഡോമോണസ്' മിശ്രിതം തളിക്കാവുന്നതാണ്. ഒന്നിടവിട്ട ദിവസങ്ങളിൽ ചെടികൾ നനയ്ക്കുകയും വേരുകൾ പുതയിടുന്നത് ചെടിയെ സംരക്ഷിക്കും. തെങ്ങിൻ തൊണ്ട് നിലത്തു വിരിക്കുന്നത് വള്ളികൾ പടരുന്നതിനെ സഹായിക്കും. കായീച്ച ശല്യം തുരത്താനായി ഫെറമോൺ കെണിയും വണ്ടുകളുടെ ശല്യം നിയന്ത്രിക്കാൻ വേപ്പണ്ണയും ഉപയോഗിക്കാം.

English Summary: Let's prepare for the cultivation of golden cucumbers

Like this article?

Hey! I am Athira P. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds