ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അപ്രതീക്ഷിതമായി മുട്ട കുറയുന്നത് ഒഴിവാക്കാം.
1. സമീകൃത തീറ്റ ഊർജവും മാംസ്യവും തുലനം ചെയ്തുകൊണ്ടുള്ള തീറ്റയാണ് മുട്ട ഉൽപാദനത്തിന് ഏറ്റവും പ്രധാനം. ഉയർന്ന ഉൽപാദനമുള്ള BV 380, ലഗോൺ എന്നീ കോഴികൾക്ക് മുഴുവൻ നേര സാന്ദീകൃത തീറ്റ തന്നെ വേണം. ഒരു ദിവസം ശരാശരി 110 ഗ്രാമാണ് ഒരു മുട്ടക്കോഴിക്ക് ആവശ്യം. എന്നാൽ, തനി നാടൻ കോഴികൾ സ്വന്തമായി തീറ്റ തേടിക്കോളും. ഇടയ്ക്ക് സ്വൽപം കൈത്തീറ്റ, അരി, മീൻ വേസ്റ്റ്, കക്ക പൊടിച്ചത് എന്നിവ കൂടി നൽകിയാൽ മതി.
സങ്കരയിനം കോഴികൾക്ക് ഇത്തരം തീറ്റയ്ക്കു പുറമെ കോഴി ഒന്നിന് 30-40 ഗ്രാം കൈത്തീറ്റ നൽകിയാൽ നല്ല ഉൽപാദനം സാധ്യമാകും. തീറ്റ, തീറ്റയിലെ ഘടകങ്ങൾ, തീറ്റയുടെ അളവ് എന്നിവ ഇടയ്ക്കിടയ്ക്ക് മാറ്റുന്നതു നന്നല്ല. ഒരേ തീറ്റ തന്നെ ശരിയായ അളവിൽ മുട്ടയിടുന്ന പ്രായം മുഴുവൻ നൽകാൻ ശ്രദ്ധിക്കണം.
പഴകിയ തീറ്റയിലെ പൂപ്പൽബാധ മൂലവും മുട്ട കുറയുമെന്നതിനാൽ പഴകിയ തീറ്റ നൽകരുത്.
2. ജനുസ് മുട്ടയുൽപാദനം കോഴികളുടെ ജനുസനുസരിച്ച് വ്യത്യാസപ്പെടും. ശുദ്ധമായ നാടൻ ഇനങ്ങളായ തലശേരി, അസീൽ, കരിങ്കോഴി എന്നിവ ഒരു വർഷം ശരാശരി 100 മുട്ട ഇടുമ്പോൾ, നാടൻ സങ്കരയിനമായ ഗ്രാമശ്രീ പോലുള്ള കോഴികൾ 180 മുട്ടകൾ വരെ ഇടും. മുഴുവൻ സമയ സാന്ദീകൃത തീറ്റ നൽകുന്ന ലഗോൺ, BV380 എന്നിവ വർഷത്തിൽ 300ൽപ്പരം മുട്ടകളിടുന്നവയാണ്.
3. സമ്മർദ്ദം (Stress) ബഹളം, ഉയർന്ന ചൂട് എന്നിവ മൂലമുണ്ടാകുന്ന സമ്മർദ്ദം പെട്ടെന്നു മുട്ട കുറയാൻ കാരണമാകാറുണ്ട്.
കൂടാതെ കൂടുകളിൽ അനാവശ്യമായി ആളുകൾ കയറി ഇറങ്ങുന്നതും, ബഹളം കൂട്ടുന്നതും ഒഴിവാക്കണം. വേനൽക്കാല പരിചരണങ്ങളിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നത് മുട്ട കുറയാതിരിക്കാൻ സഹായകമാകും.
4. പ്രായം ഉയർന്ന ഉൽപാദനക്ഷമതയുള്ള ജനുസുകളിൽ ആദായകരമായ മുട്ടയുൽപാദനം മുട്ടയിട്ടു തുടങ്ങി ഒരു വർഷം വരെയാണ്. അതിനു ശേഷം ആ കോഴികളെ ഇറച്ചിക്കായി ഉപയോഗിക്കുന്നതാണ് അഭികാമ്യം.
എന്നാൽ, തീറ്റയ്ക്ക് വലിയ മുതൽ മുടക്കില്ലാത്ത നാടൻ, സങ്കരയിനം എന്നിവയെ രണ്ടു വർഷം വരെ വളർത്താം.
5. അസുഖങ്ങൾ കോഴികളിൽ കാണുന്ന ഏതൊരു അസുഖത്തിന്റെയും പ്രാരംഭ ലക്ഷണം തീറ്റ എടുക്കാതെ തൂങ്ങി നിൽക്കലാണ്. അത്തരം കോഴികളെ ഉടനടി മാറ്റി ആവശ്യമായ ചികിത്സ നൽകുന്നത് മുട്ടയുൽപാദനം കുറയാതിരിക്കാനും മരണം സംഭവിക്കാതിരിക്കാനും സഹായകമാണ്.
6. മാതൃഗുണം ഉയർന്ന മാതൃഗുണം കാണിക്കുന്ന, അടയിരിക്കുന്ന നാടൻ കോഴികൾക്ക് മുട്ട ഉൽപാദനം കുറവായിരിക്കും. എന്നാൽ, മാതൃഗുണം തീരെ കാണിക്കാത്ത സങ്കരയിനം, ലഗോൺ എന്നീ കോഴികൾക്ക് ഉൽപാദനക്കൂടുതൽ ഉണ്ടാകും. പ്രളയത്തിൽ നഷ്ടം 35 ലക്ഷം, പിന്നെ 5 ലക്ഷം; പക്ഷേ, മുജീബിന്റെ കരുത്ത് മുയലുകൾ തന്നെ
7. മൗൾട്ടിങ് കുറച്ചു കാലം മുട്ടകളിട്ട ശേഷം കോഴികൾ തൂവൽ പൊഴിച്ച് വിശ്രമിക്കുന്ന കാലയളവാണ് മൗൾട്ടിങ്. നാടൻ കോഴികൾക്ക് പെട്ടെന്നു മൗൾട്ടിങ് സംഭവിക്കും. എന്നാൽ, ഉൽപാദനശേഷി കൂടിയവ ഒരു വർഷം വരെ മുട്ടയിട്ട ശേഷമാണ് തൂവൽ പൊഴിക്കുന്നത്. ഈ കാലയളവിൽ ഉൽപാദനമുണ്ടാകില്ല എന്നതിനാൽ കോഴികൾക്ക് മൗൾട്ടിങ് തുടങ്ങിയതിനാലാണോ മുട്ട ഇടൽ നിർത്തിയതെന്നു ശ്രദ്ധിക്കണം.
8. വെളിച്ചം നല്ല രീതിയിൽ മുട്ട ഉൽപാദിപ്പിക്കാൻ ഒരു ദിവസം ശരാശരി 16 മണിക്കൂർ വരെ വെളിച്ചം ആവശ്യമാണ്. ഫാം നടത്തുന്നവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. മുട്ട ഉൽപാദനത്തിന് സഹായിക്കുന്ന ശരീരത്തിലെ ഹോർമോണുകൾ പിറ്റ്യൂറ്ററി ഗ്രന്ധികളിൽനിന്നു ലഭ്യമാകാൻ 16 മണിക്കൂർ വെളിച്ചം ആവശ്യമാണ്. മഴക്കാലത്തൊക്കെ മുട്ട കുറയാൻ ഇതൊരു കാരണമാകുമെന്നതിനാൽ ഫാം നടത്തുന്നവർ അതിരാവിലെയും വൈകിട്ടും കുറച്ചു നേരം ബൾബുകൾ ഓൺ ആക്കി ഇടുന്നത് മുട്ട കൂടാൻ സഹായിക്കും.
9. ദുശീലങ്ങൾ മുട്ട ഒളിപ്പിക്കൽ, മുട്ട കൊത്തിക്കുടിക്കൽ എന്നീ ദുശീലങ്ങൾ കാട്ടുന്ന കോഴികളെ പ്രത്യേകം ശ്രദ്ധിക്കണം. ചില കോഴികൾ പറമ്പിലും, അപ്പുറത്തെ വീടുകളിലുമൊക്കെ പോയി മുട്ടയിടുന്നതായി കാണാം. ഇത് പ്രത്യേകം ശ്രദ്ധിച്ചില്ലെങ്കിൽ കോഴി മുട്ടയിടാത്തതാണെന്നേ നാം കരുതൂ. കൂടുകളിൽ സൗകര്യപ്രദമായി മുട്ടയിടാൻ ഒരു നെസ്റ്റ് ബോക്സ് സെറ്റ് ചെയ്യുന്നതും, മുട്ട കൊത്തി പൊട്ടിക്കാതിരിക്കാൻ ചുണ്ടിന്റെ അഗ്രഭാഗം മുറിച്ച് കൊടുക്കുന്നതുമൊക്കെ ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ സഹായിക്കും.