Livestock & Aqua

തേനീച്ചയെ വിളിക്കൂ, കൊയ്ത്ത് ഇരട്ടിയാക്കൂ

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് ഗുണം എന്നത് പഴമൊഴി. സ്വാദുള്ള പലഹാരമാണ് നെയ്യപ്പം. കഴിച്ചു കഴിഞ്ഞാല്‍ എണ്ണ കൈയ്യില്‍ തേച്ചു പിടിപ്പിക്കുകയും ചെയ്യാം. കണ്ണൂര്‍ അമ്പായത്തോട് മാത്യു തയ്യിലിന്റെ തേന്‍ മിശ്രിതകൂട്ടും ഇത്തരത്തില്‍ രണ്ട് ഗുണം നല്‍കുന്ന വിദ്യയാണ്.
 
എന്‍ഡോസള്‍ഫാന്‍ ഉള്‍പ്പെടെയുള്ള കീടനാശിനികളുടെ പ്രയോഗം കഴിഞ്ഞ് കശുമാവ് കൃഷിയും ഒപ്പം കൃഷിക്കാരും നശിച്ചുകൊണ്ടിരുന്ന കാലത്താണ് മാത്യുവിന് ഒരു തിരിച്ചറിവുണ്ടായത്. കീടനാശിനി പ്രയോഗം മിത്രകീടങ്ങളെയാണ് നശിപ്പിക്കുന്നത്, മറിച്ച് ശത്രുകീടങ്ങളെയല്ല. തേയിലക്കൊതുകുകള്‍ ഉള്‍പ്പെടെയുള്ള ശത്രുകീടങ്ങളെ കശുമാവിന്‍ തോട്ടത്തില്‍ നിന്നും എത്ര ശ്രമിച്ചിട്ടും ഓടിക്കാന്‍ കഴിയുന്നില്ല. തേനീച്ചയുടെ കൂടൊരുക്കി വരുമാനം വര്‍ദ്ധിപ്പിക്കാമെന്ന് കരുതിയെങ്കിലും തേനീച്ചകളെ കാണാനേയില്ല. തോട്ടത്തിലേക്ക് തേനീച്ചകളെ ആകര്‍ഷിക്കാനുള്ള മാര്‍ഗ്ഗങ്ങളായിരുന്നു മാത്യുവിന്റെ ചിന്തകളില്‍ നിറയെ. പല പരീക്ഷണങ്ങളും നടത്തിനോക്കി. പരാജയപ്പെടുന്ന പരീക്ഷണങ്ങള്‍ക്കൊടുവിലാകും ഒരു വെള്ളിരേഖ തെളിയുകയെന്ന് മാത്യുവിനറിയാമായിരുന്നു. അങ്ങിനെ ആ കണ്ടുപിടുത്തം യാഥാര്‍ത്ഥ്യമായി.
 
തേനീച്ചയെ കശുമാവ്, മാവ്, കൊക്കോ,ഏലം, പച്ചക്കറി തുടങ്ങി പൂവില്‍ നിന്നും കായുത്പ്പാദിപ്പിക്കുന്ന ഏതൊരു സസ്യത്തിലേക്കും ആകര്‍ഷിക്കാനുള്ള മിശ്രിതമാണ് മാത്യു തയ്യിലിന്റെ പരീക്ഷണശാലയില്‍ രൂപപ്പെട്ടത്. ചേരുവ ഇങ്ങനെ -- ഒരേക്കര്‍ തോട്ടത്തിന് അഞ്ച് കിലോഗ്രാം ശര്‍ക്കര, രണ്ട് കിലോഗ്രാം തേന്‍, കാട്ടുതേന്‍ കിട്ടുമെങ്കില്‍ ഉത്തമം, അല്ലെങ്കില്‍ നാടന്‍ തേനായാലും മതി. പിന്നെ വെള്ളവും കൂടി കരുതിയാല്‍ മതി. പത്ത് ലിറ്റര്‍ വെള്ളത്തിന് ഒരു കിലോഗ്രാം ശര്‍ക്കര, 400 ഗ്രാം തേന്‍ എന്ന കണക്കില്‍ രണ്ട് തവണയാണ് ചെടികളില്‍ തളിക്കേണ്ടത്. പൂ വിരിയുന്ന സമയത്തും പിന്നീട് 15-20 ദിവസം കഴിഞ്ഞും തളിച്ചു കൊടുക്കണം.
 
ലായനി തളിച്ചു കഴിയുമ്പോള്‍ തേനീച്ചകള്‍ കൂട്ടമായി വന്നു തുടങ്ങും. മറ്റ് കീടങ്ങള്‍ ഒഴിഞ്ഞു പോവുകയും ചെയ്യും . പരാഗണം വര്‍ദ്ധിക്കുന്നതോടെ വിളവും ഇരട്ടിയായി വര്‍ദ്ധിക്കുന്നു. ഏക്കറിന് 1000 കിലോ കശുവണ്ടി കിട്ടിയിരുന്നിടത്ത് അത് 2000 കിലോ ആയതായി മാത്യു സാക്ഷ്യപ്പെടുത്തുന്നു. കേടായ കശുവണ്ടി ഉണ്ടാകുന്നില്ല എന്നതും ശ്രദ്ധേയം. തേനീച്ച കൂടുകള്‍ സ്ഥാപിച്ച് തേനെടുക്കുക വഴി അധിക വരുമാനമുണ്ടാക്കാനും ഇത് ഉപകരിക്കുന്നു. അമ്പായത്തോടുകാര്‍ക്ക് മാത്രമല്ല, കൃഷിയില്‍ താത്പ്പര്യമുള്ള ആര്‍ക്കും ഇത്തരം പൊടിക്കൈകള്‍ ഉപദേശിക്കാന്‍ മാത്യു തയ്യില്‍ തയ്യാറാണ്. തയ്യില്‍ ട്രേഡേഴ്‌സ് എന്ന ജൈവകീടനാശിനി -ജൈവവള വില്പ്പന കേന്ദ്രവും മാത്യുവിന് സ്വന്തമായുണ്ട് .
 
ബന്ധപ്പെടേണ്ട നമ്പര്‍-- 0490- 2430305 / മൊബൈല്‍ - 9961001693

English Summary: Call honey bee to double your harvest

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox

Just in