ആലപ്പുഴ: ആലപ്പുഴയിൽ കോവിഡിന് പിന്നാലെ കുളമ്പു രോഗവും വ്യാപകമായതോടെ മിൽമ പ്രതിസന്ധിയിൽ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പ്രതിദിനം നിരവധി പശുക്കളാണ് ചാകുന്നത്. നിലവിൽ ചമ്പക്കുളം, വെളിയനാട്, അമ്പലപ്പുഴ ബ്ലോക്കുകളിൽ കുളമ്പു രോഗം വ്യാപകമായി. കൂടാതെ മാവേലിക്കര ബ്ലോക്കിന്റെ ചില ഭാഗങ്ങളിലും കുളമ്പു രോഗം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ജില്ലയിൽ 232 സംഘങ്ങളിൽ നിന്നാണ് പാൽ, പുന്നപ്ര മിൽമ ഡയറിയിൽ സംഭരിക്കുന്നത്. ലോക് ഡൗണിനു മുൻപ് 91000 ലിറ്റർ പാൽ സംഭരിച്ചിരുന്നത് ഇപ്പോൾ 86000 ലിറ്ററായി കുറഞ്ഞിട്ടുണ്ട്.പാൽ സംഭരണത്തിൽ നാല്പത് ശതമാനത്തോളംകുറവാണ് വന്നിരിക്കുന്നതെന്ന് മിൽമ പറഞ്ഞു.
1.05 ലക്ഷം ലിറ്റർ പാലാണ് മിൽമയിൽ നിന്ന് പ്രതിദിനം വിറ്റഴിക്കുന്നത്.കുളമ്പു രോഗം വ്യാപകമായതോടെ സംഭരണം ശരാശരി 1000 ലിറ്റർ കുറഞ്ഞതുമൂലം എറണാകുളം , മലബാർ മേഖലകളിൽ നിന്ന് അധികം പാൽ ശേഖരിച്ചാണ് മിൽമ പ്രതിസന്ധിയെ നേരിടുന്നത്.ഭരണിക്കാവ് ബ്ലോക്കിൽ നിന്നാണ് പുന്നപ്ര മിൽമ ഡയറിയിൽ ഏറ്റവും കൂടുതൽ പാൽ മിൽമ സംഭരിക്കുന്നത്. ഈ ബ്ലോക്കിൽ കുളമ്പു രോഗം പടർന്നിട്ടില്ല. ഇവിടെയും കൂടി കുളമ്പു രോഗം പടർന്നാൽ പാൽ സംഭരണവും വിതരണവും കൂടുതൽ പ്രതിസന്ധിയിലാകും. 42 ക്ഷീരസംഘങ്ങളെയാണ് ഇപ്പോൾ കുളമ്പുരോഗം ബാധിച്ചിരിക്കുന്നത്.
കന്നുകാലികൾക്കുള്ള വാക്സിനേഷൻ മുടങ്ങിയതാണ് ഇപ്പോൾ വീണ്ടും കുളമ്പുരോഗം വരാനുള്ള കാരണം. രണ്ടു തവണയാണ് വാക്സിനേഷൻ നടത്തേണ്ടത്. കഴിഞ്ഞ വർഷം ഓഗസ്റ്റിലെ വാക്സിനേഷന് ശേഷം കോവിഡ് മൂലം പിന്നീട് വാക്സിനേഷൻ നടന്നിട്ടില്ല. പശുക്കൾക്ക് പ്രതിരോധ ശേഷി കുറഞ്ഞു, ഇവ ചാകുന്നത് മൂലം പ്രദേശങ്ങളിലെ പാൽ ഉത്പാദനവും ഗണ്യമായി കുറയുകയാണ്.