Livestock & Aqua

കുളമ്പ് നോക്കി ആടുകളുടെ ആരോഗ്യം മനസിലാക്കാം

നിത്യവും കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയില്‍ ആടുകളുടെ കുളമ്പുകള്‍ക്ക് സ്വാഭാവിക തേയ്മാനം സംഭവിക്കാന്‍ സാധ്യത കുറവാണ്

മേച്ചില്‍പ്പുറങ്ങളില്‍ അഴിച്ചുവിട്ട് മതിയായ വ്യായാമം ഉറപ്പാക്കി വളര്‍ത്തുന്ന ആടുകളാണെങ്കിൽ അധികമായി വളരുന്ന കുളമ്പിന് സ്വാഭാവിക തേയ്മാനം നടക്കും. എന്നാല്‍, കൂട്ടിൽത്തന്നെ നിത്യവും കെട്ടിയിട്ട് വളര്‍ത്തുന്ന രീതിയില്‍ ആടുകളുടെ കുളമ്പുകള്‍ക്ക് സ്വാഭാവിക തേയ്മാനം സംഭവിക്കാന്‍ സാധ്യത കുറവാണ്.

മുകളിലേക്കും ചരിഞ്ഞ് വശങ്ങളിലേക്കും, അധികമായ വളര്‍ന്നിരിക്കുന്ന കുളമ്പുകളും കുളമ്പിനടിയിലെ അധിക വളര്‍ച്ചയുമെല്ലം ക്രമേണ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. കുളമ്പുവീക്കം, വേദന, മുടന്ത്, കുളമ്പുചീയല്‍, കുളമ്പുപൊട്ടല്‍ തുടങ്ങിയ പ്രശ്നങ്ങള്‍ ഇതിൽ ചിലതാണ്. അധികമായി വളർന്ന കുളമ്പിനിടയിൽ അഴുക്ക് അടിഞ്ഞുകൂടി അണുബാധയുണ്ടാവും. ഇതാണ് കുളമ്പു ചീയലിന് കാരണം.

പരുഷാഹാരമായ തീറ്റപ്പുല്ല് മതിയായ അളവില്‍ നല്‍കാതെ പിണ്ണാക്കും ധാന്യങ്ങളും എല്ലാം അടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍  ആവശ്യമായതിലും അധികം അളവിൽ നല്‍കി വളര്‍ത്തുന്ന ആടുകളിൽ കുളമ്പുകളുടെ വശങ്ങള്‍ പൊട്ടാനും ദ്രവിക്കാനും സാധ്യത ഉയര്‍ന്നതാണ്. സാന്ദ്രീകൃതാഹാരങ്ങള്‍ ‌സ്ഥിരമായി അമിതമായി നല്‍കുമ്പോള്‍ ... ആടുകളുടെ ആമാശയത്തിലെ അമ്ലനില ഉയരുന്നതും ഇത് കുളമ്പിലെ മൃദുകോശങ്ങളെ നശിപ്പിക്കുന്നതുമാണു കുളമ്പുനാശത്തിന് കാരണം

ഹൂഫ് ട്രിമ്മിങ്  ആടുകളിൽ 

അധികമായി വളരുന്ന കുളമ്പുകള്‍ ഒത്ത അളവിനും ആകൃതിയിലും വെട്ടിയൊതുക്കേണ്ടതും അടിവശം ചെത്തിയൊതുക്കേണ്ടതും പ്രധാനമാണ്. ഇങ്ങനെ കുളമ്പുകള്‍ വെട്ടിയൊതുക്കുന്നതിനെ ഹൂഫ് ട്രിമ്മിങ് എന്നാണ് വിളിക്കുന്നത്. കുളമ്പുകള്‍ വെട്ടിയൊതുക്കാന്‍ മാത്രമല്ല കുളമ്പിനടിവശം രാകി മിനുക്കാനും  ഹൂഫ് ട്രിമ്മിങ് ഉപകരിക്കും. ഹൂഫ് ട്രിമ്മിങ് കുളമ്പിന്‍റെ സ്വാഭാവിക വളര്‍ച്ചയ്ക്ക് സഹായിക്കുന്നതിനൊപ്പം ശരിയായി ഭാരം താങ്ങാനുള്ള കൈകാലുകളുടെ കഴിവിനെ മെച്ചപ്പെടുത്തുകയും ചെയ്യും. ഒപ്പം കുളമ്പുരോഗങ്ങളെ  ഒരു പരിധിവരെ അകറ്റി നിര്‍ത്താനും ഉല്‍പ്പാദനമികവിനും ഹൂഫ് ട്രിമ്മിങ് ഉപകരിക്കും.  കുളമ്പുകള്‍ ചെത്തിയൊതുക്കാനും, രാകി മിനുക്കാനും പ്രത്യേക ട്രിമ്മറുകളും, കത്തികളും, നിപ്പറുകളും ലഭ്യമാണ്. വിദഗ്ധനായ ഒരു ഡോക്ടറുടെ സഹായത്തോടെ ട്രിമ്മിങ് നടത്താം.

കുളമ്പ് കണ്ടാലറിയാം ആടിന്റെ ആരോഗ്യം ഹൂഫ് ട്രിമ്മിങ് നടത്തുന്നതിനൊപ്പം ആടുകൾക്ക് ശാസ്ത്രീയ ആഹാരക്രമം. പാലിച്ച് തീറ്റ നല്‍കാനും കൂട്ടിൽ കെട്ടിയിട്ട് വളർത്തുന്ന ആടുകളാണെങ്കിൽ നിത്യവും മൂന്നു മണിക്കൂറെങ്കിലും പുറത്തിറക്കി നടത്തി മതിയായ വ്യായാമം നല്‍കാനും തൊഴുത്തില്‍ ശുചിത്വം പാലിക്കാനും കര്‍ഷകര്‍ ശ്രദ്ധ പുലര്‍ത്തണം. പിണ്ണാക്കും ധാന്യങ്ങളും  അടങ്ങിയ സാന്ദ്രീകൃതാഹാരങ്ങള്‍ ആവശ്യമായതിലും അധികം അളവിൽ ആടുകൾക്ക് നൽകുന്നത് ഒഴിവാക്കണം. ആടുകൾ പാർക്കുന്ന കൂടിന്റെ പ്ലാറ്റ്‌ഫോം ഉയർച്ചയും താഴ്ചയും ഇല്ലാതെ ഒരേ നിരപ്പിൽ ക്രമീകരിക്കാൻ ശ്രദ്ധിക്കണം. പ്ലാറ്റ്ഫോമിലെ പല നിരപ്പിലുള്ള പലകകള്‍ ആടിന്റെ കുളമ്പിന്റെ ആരോഗ്യത്തെ  ബാധിക്കും. ധാതുലവണ മിശ്രിതങ്ങള്‍ 10‌-15  ഗ്രാം എങ്കിലും നിത്യവും തീറ്റയില്‍ ഉള്‍പ്പെടുത്തണം. ആടുകളെ അഴിച്ചുവിടാന്‍ മേച്ചില്‍പ്പുറമില്ലെങ്കില്‍ കൂടിനു പുറത്ത് കുറച്ചു സ്ഥലം വളച്ച്കെട്ടി മേയാനുള്ള സ്ഥലമൊരുക്കാം. അതോടൊപ്പം കുളമ്പുകള്‍ നിത്യവും കഴുകി വൃത്തിയായി സൂക്ഷിക്കുന്നതിനായി ഹൂഫ് ബാത്ത് നൽകുകയുമാവാം. ഇതിനായി പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി ഉപയോഗിക്കാം. 5 ശതമാനം വീര്യമുള്ള തുരിശ് ലായനിൽ ദിവസേനെ അഞ്ചോ പത്തോ മിനിറ്റ് കുളമ്പുകൾ മുക്കിവയ്ക്കുന്നതും  കുളമ്പുകളെ കരുത്തുറ്റതാക്കും. 

കുളമ്പുകളുടെ ആരോഗ്യത്തിന് ശാസ്ത്രീയ ആഹാരക്രമം  ആടുകളുടെ കുളമ്പുകളുടെ ആരോഗ്യം സംരക്ഷിക്കുന്നതിൽ ശാസ്ത്രീയ ആഹാരക്രമത്തിനുള്ള പ്രാധാന്യം മുൻപ് സൂചിപ്പിച്ചല്ലോ. ശരീരതൂക്കത്തിന്  ആനുപാതികമായി നോക്കുമ്പോള്‍ പശുക്കളേക്കാള്‍ അധികം തീറ്റ കഴിക്കുന്നവരാണ് ആടുകള്‍.  ശരീരതൂക്കത്തിന്റെ 5 മുതല്‍ 7 ശതമാനം വരെ അളവില്‍ ശുഷ്കാഹാരം (ഡ്രൈമാറ്റര്‍) നിത്യവും ആടുകള്‍ക്ക് വേണ്ടതുണ്ട്. ആവശ്യമായ ശുഷ്കാഹാരത്തിന്‍റെ മുക്കാല്‍ പങ്കും തീറ്റപ്പുല്ലുകള്‍, വൃക്ഷയിലകൾ, പയർവർഗ വിളകൾ, വൈക്കോല്‍ തുടങ്ങിയ പരുഷാഹാരങ്ങളില്‍ നിന്നായിരിക്കേണ്ടതും ആടുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. ശുഷ്കാഹാരത്തിന്‍റെ ഈ കണക്ക് പ്രകാരം മേയാന്‍ വിടാതെ വളര്‍ത്തുന്ന മുതിര്‍ന്ന ആടുകള്‍ക്ക് 4-5 കിലോഗ്രാമെങ്കിലും തീറ്റപ്പുല്ലോ അല്ലെങ്കില്‍ വൃക്ഷയിലകളോ  ദിവസേന  വേണ്ടിവരും.


English Summary: You can understand the health of the goat by looking at the hoof

Share your comments

Stihl India

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine