ഇറച്ചിക്കും മുട്ടയുൽപ്പാദനത്തിനും പ്രത്യേക താറാവു വർഗങ്ങൾ ഉള്ളതിനാൽ, ഏതിനാണ് പ്രാമുഖ്യം കൽപ്പിക്കേണ്ടതെന്ന് ആദ്യം തീരുമാനിക്കണം. മികച്ച ഉൽപ്പാദനശേഷിക്ക് പ്രസിദ്ധമായ ഫാമുകളിൽനിന്നും തെരഞ്ഞെടുക്കുകയായിരിക്കും ഉത്തമം.
താറാവിൻ കുഞ്ഞുങ്ങളെയാണ് വാങ്ങുന്നതെങ്കിൽ, ആറോ ഏഴോ ആഴ്ച പ്രായമുള്ളവയാണ് നല്ലത്. ഈ പ്രായത്തിൽ പൂവനും പിടയും പുറപ്പെടുവിക്കുന്ന ശബ്ദവ്യത്യാസം മനസ്സിലാക്കി തരംതിരിക്കാവുന്നതേയുള്ളു.
പിടകൾ "ഹോങ്ക്' “ഹോങ്ക്' എന്നു ശബ്ദിക്കുമ്പോൾ (ഉറക്കെ, കൂടുതൽ ഘനഗംഭീരമായ ശബ്ദം), പൂവന്മാർ “ബെൽച്ച്' “ബെൽച്ച് (മൃദുവായതും തൊണ്ടയിൽ തങ്ങിനിൽക്കുന്നതുമായ ശബ്ദം) എന്നുള്ള ശബ്ദമാണ് പുറപ്പെടുവിക്കുന്നത്. നിറമുള്ള വർഗങ്ങളിൽ പൂവൻ വർണവൈവിധ്യംകൊണ്ട് അനുഗ്രഹീതരുമാണ്. ഉടലിന്റെയും, തലയുടെയും വലിപ്പത്തിൽ പൂവനാണ് മുന്നിൽ. ആറു പിടയ്ക്ക് ഒരു പൂവൻ എന്ന അനുപാതമാണ് പൊതുവേ അംഗീകരിക്കപ്പെട്ടിട്ടുള്ളത്.
ആവശ്യമുള്ളതിൽ കവിഞ്ഞ് ഏതാനും എണ്ണത്തെക്കൂടി (പൂവനും പിടയും) വാങ്ങണം. രോഗബാധയിൽ മരണമടയുകയോ രണ്ടാമതൊരു നിർധാരണത്തിന് സൗകര്യപ്പെടുത്തുമാറോ ആണ്, ഇങ്ങനെ അധികം വാങ്ങുന്നത് പൂവന്മാർ, പിടകളേക്കാൾ മുമ്പേ വിരിയിച്ചിറക്കിയവ ആയിരിക്കണം. എന്നാൽ മാത്രമേ ഇണചേരൽ ഫലപ്രദമാവുകയുള്ളൂ. നല്ല ചുറുചുറുക്ക്, മുഴുപ്പ്, ശാരീരികഘടന, തൂവൽവിന്യാസം എന്നീ കാര്യങ്ങൾ പരിഗണിച്ചായിരിക്കണം തെരഞ്ഞെടുക്കേണ്ടത്.
നല്ല വർഗഗുണമുള്ളവ 6 ആഴ്ച പ്രായമുള്ളപ്പോൾ 2.5 കി.ഗ്രാം ഭാരമുള്ള പൂവന്മാർ 8 ആഴ്ചയിൽ, 3.5 കി.ഗ്രാം ഭാരം വയ്ക്കുന്നു. അതേ സമയം 2.5 കി.ഗ്രാം ഭാരം ഉള്ള പിടകൾ 8 ആഴ്ചയിൽ 3.25 കി.ഗ്രാം ഭാരം വയ്ക്കും. ഉയർന്ന ഉർവരത, വിരിയൽ നിരക്ക്, മുട്ട ഉൽപാദനം എന്നിവയുള്ള താറാവുകളുടെ സന്തതികളെ ടാപ്പ് നെസ്റ്റ് പരിപാടി, "ഫാമിലി പ്രോജനി ടെസ്റ്റിങ്ങ്' കുടുംബസന്തതീയ ഗുണപരിശോധന എന്നിവയിലൂടെ അഭിവൃദ്ധിപ്പെടുത്തി എടുക്കാം.