Updated on: 22 May, 2022 3:44 PM IST

പ്രസവങ്ങള്‍ തമ്മിലുള്ള  ഇടവേള ജനിതകമായും, പരിപാലനത്താലും സ്വാധീനിക്കപ്പെടുന്ന സ്വഭാവമാണ്. പ്രത്യുത്പാദനാവയവങ്ങളുടെ  ജന്മവൈകല്യങ്ങള്‍, ഘടനയിലെ തകരാറുകള്‍, അവയ്ക്കുണ്ടാകുന്ന രോഗങ്ങള്‍, ഹോര്‍മോണുകളുടെ അപര്യാപ്തത, അശാസ്ത്രീയ കൃത്രിമ ബീജാധാനം, പോഷകാഹാരക്കുറവ്, അശാസ്ത്രീയ പരിപാലനം, സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ് എന്നിവ പ്രത്യുത്പാദനാരോഗ്യത്തെ ബാധിക്കുന്നു.

മദികാലത്തു കൃത്യസമയത്തല്ല ബീജാധാനമെങ്കില്‍ ഗര്‍ഭധാരണം നടക്കില്ല. മദിനിര്‍ണ്ണയത്തിലെ പിഴവുകളാണ് ഇതിനു പ്രധാന കാരണം. മദികാലത്ത് പ്രത്യേക തരത്തിലുള്ള കരച്ചില്‍, മറ്റു പശുക്കളുടെയോ മനുഷ്യരുടെയോ പുറത്തു ചാടിക്കയറാന്‍ ശ്രമിക്കല്‍, മറ്റു പശുക്കളെ പുറത്തു കയറാന്‍ അനുവദിക്കല്‍, ഇടവിട്ടുള്ള മൂത്രമൊഴിക്കല്‍, തടിച്ചതും ചുവന്നതുമായ ഈറ്റം, തീറ്റയെടുക്കാനുള്ള വിമുഖത, പാലുത്പാദനത്തിലെ കുറവ്, ഈറ്റത്തില്‍ നിന്നു മുട്ടയുടെ വെള്ളപോലെ  സുതാര്യമായ ദ്രാവകം ഒലിക്കല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ പശുക്കളില്‍ കാണാം. ഈ ലക്ഷണങ്ങളെല്ലാം ഒരുമിച്ചു കാണണമെന്നില്ല. മിക്ക പശുക്കളിലും ഒന്നോ രണ്ടോ ലക്ഷണമേ കാണുകയുള്ളൂ. ഇതൊക്കെയാണെങ്കിലും മദി കാലത്തെ ഏറ്റവും പ്രധാന ലക്ഷണം മറ്റു പശുക്കളെ പുറത്തു കയറാന്‍ അനുവദിക്കുകയും  ആ സമയത്ത് അനങ്ങാതെ നിന്നുകൊടുക്കുകയുമാണ്. എന്നാല്‍ ഈ ലക്ഷണം ഒന്നോ രണ്ടോ പശുക്കള്‍ മാത്രം ഉള്ളിടത്ത് ശ്രദ്ധയിൽ പെടണമെന്നില്ല.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിലെ കന്നുകാലികളിൽ രക്തക്കുറവ് വ്യാപകമാകുന്നതെന്തുകൊണ്ട്?

മദിചക്രത്തിൻ്റെ ഘട്ടങ്ങൾ

പശുക്കളിലെ മദിചക്രത്തെ 'പ്രോഈസ്ട്രസ്' അഥവാ മദിക്ക് തൊട്ടുമുമ്പുള്ള സമയം, 'ഈസ്ട്രസ്' അഥവാ മദികാലം, മദിക്കു ശേഷമുള്ള 'മെറ്റീസ്ട്രസ്, ഡൈയീസ്ട്രസ്' എന്നിങ്ങനെ നാലായി തരംതിരിക്കാം. പ്രോഈസ്ട്രസ് രണ്ടുമൂന്നു ദീവസം  നീണ്ടു നില്‍ക്കും. ഈ സമയത്തുതന്നെ ചില പശുക്കള്‍ മദിലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങും. ഇത്തരം ലക്ഷണങ്ങളുടെ തീവ്രത ക്രമേണ കൂടുകയും ഈസ്ട്രസ് അഥവാ മദികാലമെത്തുമ്പോള്‍ ഉച്ചസ്ഥായിയിലെത്തുകയും ചെയ്യുന്നു. പതിനെട്ടു മുതല്‍ ഇരുപത്തിനാലു മണിക്കൂര്‍ വരെയാണ് പശുക്കളിലെ  മദിദൈര്‍ഘ്യം. സാധാരണയായി മദിലക്ഷണങ്ങള്‍ രാവിലെ കാണുന്ന പശുക്കളെ ഉച്ചതിരിഞ്ഞും, വൈകുന്നേരം കാണിക്കുന്നവയെ പിറ്റേ ദിവസം രാവിലെയുമാണ് കുത്തിവയ്‌ക്കേണ്ടത്. എന്നിരുന്നാലും മദി എപ്പോഴാണ് തുടങ്ങിയതെന്ന് എന്തെങ്കിലും സംശയമുണ്ടെങ്കില്‍ മദിലക്ഷണം കാണുമ്പോള്‍ കുത്തിവയ്ക്കുകയും പിന്നീട് നീണ്ടു പോകുന്നുവെങ്കില്‍ പിറ്റേന്നു കുത്തിവയ്ക്കുന്നതുമാണ് ഉചിതം.

ഹ്രസ്വമദിയുള്ള പശുക്കളില്‍ ഏതാനും മണിക്കൂറുകള്‍ മാത്രമേ മദിലക്ഷണങ്ങളും, ഈസ്ട്രസും നീണ്ടു നില്‍ക്കുകയുള്ളൂ. മിക്ക മദിചക്രങ്ങളിലും പശുക്കള്‍ ഒരേ ലക്ഷണങ്ങളാകും പ്രകടമാക്കുക. ഈറ്റത്തില്‍ നിന്ന് ഒലിക്കുന്ന സ്രവം അഥവാ മാച്ചിന്റെ സ്വഭാവം നോക്കിയും കൃത്യമായി മദി കണക്കാക്കാം. മദിയുടെ ആരംഭത്തിലെ കട്ടി കൂടിയ മാച്ച് മദിയുടെ മധ്യത്തോടു കൂടി നേര്‍ത്തതും സുതാര്യമവുമായി മാറുന്നു. മദിയുടെ അവസാന ഘട്ടത്തില്‍  മീണ്ടും മാച്ചിന് കട്ടി കൂടും. ഈറ്റത്തില്‍ നിന്ന് കണ്ണാടി പോലുള്ള  കൊഴുത്ത ദ്രാവകം വരുന്ന  ഈ സമയത്താണ് പശുവിന് ബീജാധാനം നടത്തേണ്ടത്.

ചില പശുക്കളില്‍ മദി രണ്ടോ, മൂന്നോ ദിവസം (ദീര്‍ഘ മദി) നീണ്ടു നില്‍ക്കാറുണ്ട്.  അങ്ങനെയുള്ളവയെ 24 മണിക്കൂര്‍ ഇടവിട്ട്  രണ്ടു തവണ കുത്തിവയ്ക്കണം.  എന്നാല്‍ അമിതമായി നീണ്ട മദികാലം ഗര്‍ഭാശയ അണുബാധയുടെ  ലക്ഷണവുമാകാമെന്നതിനാല്‍ അവ രണ്ടോ മൂന്നോ കുത്തിവയ്പിനു ശേഷം  ഗര്‍ഭം ധരിച്ചില്ലെങ്കില്‍  വിദഗ്ദ ഡോക്ടറെക്കൊണ്ട്  പരിശോാധിപ്പിച്ച് ചികിത്സ തേടേണ്ടതാണ്.

ചില പശുക്കളില്‍ രണ്ട് മദിചക്രങ്ങള്‍ക്കിടയില്‍ ഇടക്കാല മദി കാണാറുണ്ട്. അണ്ഡാശയത്തിലെ അണ്ഡ വികാസവുമായി  ബന്ധപ്പെട്ടതാണിത്. ഇങ്ങനെയുള്ളവയില്‍ ബീജധാനത്തിനു ശേഷം ഏതാണ്ട് പത്തു ദിവസം കഴിഞ്ഞ് അടുത്ത മദി കാണിക്കും.  ഇതൊരു രോഗാവസ്ഥയല്ലെങ്കിലും യഥാര്‍ത്ഥ മദി ഏതെന്നു മനസ്സിലാക്കാന്‍ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്. ഇടക്കാല മദിയില്‍ കുത്തിവച്ചാല്‍ പശുക്കള്‍ ഗര്‍ഭം ധരിക്കുകയില്ല.

ബന്ധപ്പെട്ട വാർത്തകൾ: കാൻസർ മുതൽ പശുക്കളിൽ കണ്ടു വരുന്ന അകിടുവീക്കം വരെ തടയാം ഈയൊരു ഒറ്റമൂലി കൊണ്ട്

മദിയുടെ തീവ്രത പശുക്കളില്‍ ഏറിയും കുറഞ്ഞുമിരിക്കും. മദിലക്ഷണങ്ങളുടെ തീവ്രത കുറഞ്ഞ പശുക്കളെ ദിവസത്തില്‍ പല പ്രാവശ്യം സൂക്ഷ്മമായി നിരീക്ഷിച്ച് മദി ഉറപ്പാക്കാം.  18 മുതല്‍ 24 ദിവസംവരെയാണ്  മദിചക്രത്തിന്റെ ദൈര്‍ഘ്യം. അതായത് ഏതാണ്ട് മൂന്നാഴ്ച കൂടുമ്പോള്‍ പശുക്കള്‍ മദിലക്ഷണം  കാണിക്കുന്നു.  ഒരു മദി കഴിഞ്ഞ്  പതിനാറാം  ദിവസം  മുതല്‍ അടുത്ത മദി  വരുന്നുണ്ടോയെന്ന്  നിരീക്ഷിക്കണം.

കിടാരികളുടെ ആദ്യത്തെ ഒന്നോ രണ്ടോ മദിയില്‍  ലക്ഷണങ്ങള്‍ പുറത്തു കാണണമെന്നില്ല. ഇതിനെ നിശ്ശബ്ദമദി എന്നു പറയുന്നു. പൂര്‍ണ്ണ ലൈംഗീക വളര്‍ച്ചയെത്തുന്നതോടുകൂടി മാത്രമേ കിടാരികള്‍ ക്രമമായ കാലയളവില്‍ മദി കാണിച്ചു തുടങ്ങുകയുള്ളൂ. അതിനാല്‍ ആദ്യ മദിയില്‍ കുത്തിവയ്‌ക്കേണ്ടതില്ല. മുതിര്‍ന്ന പശുവിന്റെ ശരീര തൂക്കത്തിന്റെ  40 മുതല്‍ 45 വരെ ശതമാനം തൂക്കമെത്തുമ്പോഴാണ് കിടാരികള്‍ മദിലക്ഷണം കാണിച്ചു തുടങ്ങുന്നത്. ഈ സമയത്ത് സങ്കരയിനം പശുക്കളില്‍ ഏകദേശം 150 കിലോ തൂക്കമുണ്ടാകും. കിടാരികള്‍ മുതിര്‍ന്ന പശുവിന്റെ ശരീരതൂക്കത്തിന്റെ  അറുപതു ശതമാനമെങ്കിലും തൂക്കമെത്തുമ്പോഴാണ് അവയ്ക്കു ബീജാധാനം നടത്തേണ്ടത്.

മദികാലം കഴിഞ്ഞ് 40 ശതമാനം പശുക്കളിലെങ്കിലും രക്തം കലര്‍ന്ന മാച്ച് ഒഴുകുന്നതിനു സാധ്യതയുണ്ട്. ഇത് സാധാരണമാണെങ്കിലും അമിത രക്തസ്രാവമുണ്ടെങ്കില്‍  ഡോക്ടറേക്കൊണ്ട് പരിശോധിപ്പിക്കേണ്ടതാണ്. അനവസരത്തില്‍ വിശേഷിച്ച് മദികാലം കഴിഞ്ഞുള്ള സമയത്ത്  കുത്തിവെച്ചാല്‍ ഗര്‍ഭാശയ അണുബാധയുണ്ടാകും. അതുപോലെ വൈദഗ്ദ്യമില്ലാത്തവരെക്കൊണ്ട് കൃത്രിമ ബീജാധാനം നടത്തുമ്പോഴും ഗര്‍ഭാശയത്തില്‍ പഴുപ്പ് ബാധയ്ക്കു സാധ്യതയേറും. ബീജാധാനത്തിനു മുമ്പും പിമ്പും മതിയായ വിശ്രമം നല്‍കണം. ബീജാധാനത്തിനു ശേഷം രണ്ടുമാസമാകുമ്പോള്‍ ഗര്‍ഭ നിര്‍ണ്ണയം നടത്താം.  മൂന്നോ അതില്‍ കൂടുതലോ തവണ ബീജാധാനം നടത്തിയിട്ടും ഗര്‍ഭം ധരിക്കാത്ത പശുക്കള്‍ക്ക് വിദഗ്ദ പരിശോധന ആവശ്യമുണ്ട്.

ബന്ധപ്പെട്ട വാർത്തകൾ: കേരളത്തിൻറെ ചില നാടൻ കന്നുകാലി വർഗ്ഗങ്ങളെക്കുറിച്ചറിയാം

തീറ്റയും പ്രധാനം

ആഹാരത്തിലെ ഊര്‍ജ്ജം, മാംസ്യം, കൊഴുപ്പ്, ധാതുലവണങ്ങള്‍ എന്നിവയുടെ കൃത്യമായ അനുപാതം നിലനിന്നാല്‍ മാത്രമെ  കൃത്യമായ ഇടവേളകളില്‍ കറവപ്പശുക്കള്‍ പ്രസവിക്കുകയും, പാലുത്പാദനം വര്‍ദ്ധിക്കുകയും ചെയ്യുകയുള്ളൂ. പശുക്കള്‍ക്കു കൊടുക്കുന്ന ആഹാരം അതതു  സമയത്ത് അതിന്റെ നിലനില്‍പ്പിനും, വളര്‍ച്ചയ്ക്കും, പാലുത്പാദനത്തിനും, ഗര്‍ഭധാരണത്തിനുമുള്ള ആവശ്യങ്ങള്‍ നിറവേറ്റുന്നതായിരിക്കണം. ഈ ആവശ്യങ്ങള്‍ക്കു ശേഷം ബാക്കി വരുന്ന ഊര്‍ജ്ജം പശുക്കളെ അധിക ഊര്‍ജ്ജാനുപാത്തിലാക്കുകയും അങ്ങനെ ഉയര്‍ന്ന പ്രത്യുത്പാദനക്ഷമത  കൈവരുത്തുകയും ചെയ്യുന്നു.

പ്രത്യുത്പാദനത്തിന് ഏറ്റവും ആവശ്യമായ ഘടകമാണ് ഊര്‍ജ്ജം. അന്നജം കൂടുതല്‍ അടങ്ങിയിട്ടുള്ള ആഹാര പദാര്‍ത്ഥങ്ങളാണ് ഊര്‍ജ്ജം പ്രദാനം ചെയ്യുന്നത്. കൃത്യമായ തോതില്‍ ഊര്‍ജ്ജം ലഭിക്കാത്ത പശുക്കളില്‍  പ്രായപൂര്‍ത്തിയെത്തുന്നതും, ഗര്‍ഭധാരണവും വൈകുന്നു.  കൂടിയ അളവില്‍ ആഹാരത്തില്‍ ഊര്‍ജ്ജം ഉള്‍പ്പെടുത്തുന്നത് മറ്റു ഘടകങ്ങളായ മാംസ്യത്തിന്റെയും, ധാതുലവണങ്ങളുടെയും ആഗിരണം മെച്ചപ്പെടുത്തും. അതുകൊണ്ട് പ്രായപൂര്‍ത്തിയാവുമ്പോഴും  ബീജാധാന സയമത്തും, പ്രസവ സമയത്തും പശുക്കള്‍ ഊര്‍ജ്ജാനുപാതത്തിലായിരിക്കണം.

കിടാരികള്‍ പ്രായപൂര്‍ത്തിയായി മദിലക്ഷണം കാണിച്ചു തുടങ്ങുന്നതിന് ആധാരം അവയുടെ പ്രായമല്ല മറിച്ച് ശരീരതൂക്കമാണ്.  പ്രായപൂര്‍ത്തിയാവേണ്ട സമയത്ത്, അതായത് ഒരു വയസ്സു കഴിഞ്ഞാല്‍  കിടാരികള്‍ക്ക് നന്നായി ആഹാരം കൊടുക്കണം.  അവയ്ക്ക് ഈ സമയത്ത് രണ്ട് കിലോ കാലിത്തീറ്റയും, 15 മുതല്‍ 20 വരെ കിലോ പച്ചപ്പുല്ലും കൊടുക്കണം.  കേരളത്തില്‍ മിക്ക കര്‍ഷകരും നേരിടുന്ന ഒരു പ്രശ്‌നം കിടാരികള്‍ പ്രായപൂര്‍ത്തിയാകല്‍ വൈകുന്നതാണ്. ഇതിനു പ്രധാന കാരണം  തീറ്റയിലെ അപര്യാപ്തത തന്നെ.  മദി കാണിക്കാന്‍ വിഷമം നേരിടുന്ന കിടാരികള്‍ക്ക്  ഈ അളവില്‍ തീറ്റയും  പുല്ലും കൂടെ ധാതുലവണ മിശ്രിതവും നല്‍കണം. എന്നിട്ടും മദി കാണിക്കുന്നില്ലെങ്കില്‍ വെറ്ററിനറി ഡോക്ടറെക്കൊണ്ട് പരിശോാധിപ്പിച്ചു  ചികിത്സിക്കേണ്ടതാണ്. ബീജാധാന സമയത്തും കൃത്യമായ അളവില്‍ തീറ്റ നല്‍കുന്നതോടൊപ്പം ഊര്‍ജ്ജം കൂടുതലടങ്ങിയ ചോളം, പച്ചരി, മറ്റു ധാന്യങ്ങള്‍ എന്നിവയോ, ധാന്യത്തവിടോ അരക്കിലോ മുതല്‍ ഒരു കിലോവരെ നല്‍കുന്നത് നന്ന്.  ഇത് ഗര്‍ഭധാരണത്തെ സഹായിക്കുന്നു.  ധാന്യാഹാരങ്ങള്‍ ഊര്‍ജ്ജം പ്രദാനം ചെയ്യുമെങ്കിലും വളരെ ശ്രദ്ധയോടെ  വേണം നല്‍കാന്‍. തീറ്റയില്‍ പെട്ടെന്നുള്ള മാറ്റങ്ങള്‍ ദഹനക്കേടിന്  ഇടയാക്കും.  കറവപ്പശുക്കള്‍ക്ക് ഇത്തരം ആഹാരം നല്‍കുന്നതു വഴി പാലുത്പാദനം കൂട്ടാം.

ബന്ധപ്പെട്ട വാർത്തകൾ: എരുമ വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗര്‍ഭിണിയായ ഒരു കറവപ്പശുവിന്  നിര്‍ബന്ധമായും പ്രവസത്തിന് മുമ്പ് അറുപതു ദിവസം വറ്റുകാലം നല്‍കണം.   ഈ സമയത്ത് പശു അതിന്റെ അടുത്ത പാലുത്പാദനഘട്ടത്തിലേക്കുള്ള ഊര്‍ജ്ജവും, മറ്റു പോഷകങ്ങളും ശരീരത്തില്‍ ശേഖരിച്ചു വയ്ക്കും.  അപ്പോള്‍ കറക്കുകയാണെങ്കില്‍ ശരീരം വിപരീത ഊര്‍ജ്ജാനുപാതത്തിലായിത്തീരുകയും പ്രവസശേഷം പാലുത്പാദനത്തില്‍ കുറവ്, ആദ്യ മദി കാണിക്കുന്നതില്‍ വൈകല്‍, ഗര്‍ഭധാരണത്തിനു വിഷമം എന്നിവയുണ്ടാകും. പ്രവസശേഷം നിലനില്‍പ്പിനുള്ള ഒന്നര കിലോ തീറ്റയില്‍ കൂടാതെ, ഓരോ രണ്ടര കിലോ പാലിനും ഒരു കിലോ എന്ന കണക്കില്‍ തീറ്റയും, 25 മുതല്‍ 35 കിലോവരെ പച്ചപ്പുല്ലും നല്‍കണം. ഗര്‍ഭിണികള്‍ക്ക് ഇതോടൊപ്പം ആറാം മാസം മുതല്‍ ഗര്‍ഭരക്ഷയ്ക്കായി  ഒന്നു മുതല്‍ രണ്ട് കിലോ വരെ  കൂടുതല്‍ തീറ്റ നല്‍കിത്തുടങ്ങണം. പ്രസവശേഷം രണ്ടു മാസം കഴിഞ്ഞ് അന്‍പതാം ദിവസം മുതല്‍ മദിയ്ക്ക് കുത്തിവയ്ക്കു ന്നതുകൊണ്ട് യാതൊരു കുഴപ്പവുമില്ല. മദി കാണിക്കാന്‍ വിഷമം നേരിടുന്ന പശുക്കള്‍ക്ക് വിദഗ്ദ ചികിത്സ ലഭ്യമാക്കണം. ഇങ്ങനെയുള്ളവയ്ക്ക് ഗുണമേന്മയുള്ള ധാതുലവണ മിശ്രിതം നല്‍കുന്നത് നന്ന്.  പ്രസവശേഷം ഒരാഴ്ചക്കുള്ളില്‍  വിരയിളക്കുന്നത് ഉത്പാദനശേഷിയും പ്രത്യുത്പാദനശേഷിയും വര്‍ദ്ധിപ്പിക്കുന്നു.

പശുക്കള്‍ പ്രായപൂര്‍ത്തിയെത്തുന്നതിലും ഗര്‍ഭം ധരിക്കുന്നതിലും വിറ്റമിനുകളും, ധാതുലവണങ്ങളും വഹിക്കുന്ന പങ്ക് വലുതാണ്. പ്രത്യുത്പാദനവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാന വിറ്റമിനായ വിറ്റമിന്‍-എ പച്ചപ്പുല്ലിലാണ് കൂടുതല്‍. വിറ്റാമിന്‍-എ യുടെ അഭാവം നിശബ്ദമദി, അണ്‌ഡോത്പാദന തകരാറുകള്‍, ഗര്‍ഭം അലസല്‍, ജന്മവൈകല്യങ്ങള്‍ എന്നിവയുണ്ടാക്കുന്നു. അതിനാല്‍  പശുക്കളുടെ വളര്‍ച്ചാ ഘട്ടത്തിലും  ഗര്‍ഭകാലത്തും ധാരാളം  പച്ചപ്പുല്ലു നല്‍കണം. വിറ്റാമിന്‍-ഇ, വിറ്റാമിന്‍-ഡി എന്നിവയും സെലിനിയം, അയഡിന്‍, കോപ്പര്‍, മാംഗനീസ്, ഇരുമ്പ് എന്നീ മൂലകങ്ങളും പ്രത്യുത്പാദനത്തിന്  അത്യാവശ്യമാണ്. നാം നല്‍കുന്ന തീറ്റയില്‍ ഇവ കൃത്യമായ  അളവില്‍ അടങ്ങിയിരിക്കണമെന്നില്ല. അതിനാല്‍ ധാതുലവണ മിശ്രിതം ആവശ്യഘട്ടങ്ങളില്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയാവും ഉചിതം.

ബന്ധപ്പെട്ട വാർത്തകൾ: പശു പരിചരണവും പാലുല്പാദനവും

സമ്മർദാവസ്ഥ ഒഴിവാക്കണം

പ്രത്യുത്പാദനത്തെ ബാധിക്കുന്ന മറ്റൊരു ഘടകമാണ് സമ്മര്‍ദ്ദം അഥവാ സ്‌ട്രെസ്. ഉയര്‍ന്ന അന്തരീക്ഷോഷ്മാവ്, ആര്‍ദ്രത, വൃത്തിഹീനമായ തൊഴുത്തും ചുറ്റുപാടുകളും, ദീര്‍ഘദൂര നടത്തം, ചൂടുകാല യാത്ര, അസുഖങ്ങള്‍, വിരബാധ, ആഹാരവ്യവസ്ഥയിലെ  പെട്ടെന്നുള്ള മാറ്റം എന്നിവ പശുക്കളെ  സമ്മര്‍ദ്ദത്തിലാഴ്ത്തുകയും, അത്  രോഗപ്രതിരോധശേഷി കുറയ്ക്കുകയും, പ്രത്യുത്പാദനത്തെ ബാധിക്കുകയും ചെയ്യും. കന്നുകാലികള്‍ക്ക് യോജ്യമായ അന്തരീക്ഷ താപനില 21-26 ഡിഗ്രി സെല്‍ഷ്യസ് ആണ്. ഉയര്‍ന്ന അന്തരീക്ഷോഷ്മാവ് അണ്ഡം, ബീജം, ബ്രൂണം എന്നിവയെ ബാധിക്കുമെന്നതിനാല്‍  മദികാലയളവിലും  അനുബന്ധ ദിവസങ്ങളിലും  അവയ്ക്ക് ചൂടില്‍ നിന്ന്  സംരക്ഷണമേകണം. വേനല്‍ക്കാലത്ത് പശുക്കള്‍ മദിലക്ഷണങ്ങള്‍ കാണിക്കുന്നത്  കുറയുമെന്നതിനാല്‍ അതിരാവിലെയും സന്ധ്യയ്ക്കും മദി നിരീക്ഷിക്കണം.

ഇക്കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ശാസ്ത്രീയമായി പരിപാലിക്കുകയാണെങ്കില്‍ ആദ്യ പ്രസവം നേരത്തേയാവുകയും രണ്ടു പ്രസവങ്ങള്‍ക്കിടയിലെ ദൈര്‍ഘ്യം കുറയുകയും ക്ഷീരകര്‍ഷകന് കൂടുതല്‍ ആദായം ലഭിക്കുകയും ചെയ്യും.

കര്‍ഷകര്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍

- കറവക്കാലത്തിൻ്റെ ദൈര്‍ഘ്യം 300 ദിവസവും കറവിയില്ലാത്ത വറ്റുകാല വിശ്രമവേള 60 ദിവസവും ആയിരിക്കണം.

- കറവകാലവും വിശ്രമവേളയും കഴിയുന്ന മുറയ്ക്ക് അടുത്ത പ്രസവം നടക്കണം.

- പാലുല്പാദനം ലാഭകരമാക്കുന്നതിന് പശു വര്‍ഷത്തിൽ ഒരോ തവണവീതം പ്രസവിക്കേണ്ടതാണ്. ഇതിനായി  പ്രസവം കഴിഞ്ഞ് 60 ദിവസത്തിനുള്ളിൽ പ്രസവാനന്തരമദി കാണിക്കുകയും പരമാവധി 90 ദിവസം കൊണ്ട് ഗര്‍ഭാധാരണം നടക്കുകയും വേണം.

-  പശുക്കളുടെ ശരാശരി തൂക്കത്തിന്റെ പകുതിയെങ്കിലും തൂക്കമെത്തുമ്പോഴാണ് കിടാരികൾ ആദ്യ മദി കാണിക്കുന്നത്. അതിനാൽ കിടാവായിരിക്കുന്ന സമയം മുതൽ തീറ്റയിലും  ആരോഗ്യപരിപാലനമുറകളിലും പ്രത്യേകം ശ്രദ്ധിച്ച് 15 മാസം കൊണ്ടെങ്കിലും പ്രായപൂര്‍ത്തികൈവരിക്കേണ്ടതാണ്.

- ഗര്‍ഭാധാരണത്തിന് വേണ്ടിവരുന്ന ശരാശരി കുത്തിവയ്പ്പുകളുടെ എണ്ണം രണ്ടില്‍ കൂടരുത്.

- കേരളത്തില്‍ കാണുന്ന സങ്കരഇനം പശുക്കളിൽ വന്ധ്യത ഒരു പ്രധാന പ്രശ്‌നമായി കണ്ടുവരുന്നു.

- നന്നായി പാലിക്കപ്പെടുന്ന കാലികള്‍ 15 മുതല്‍ 18 മാസം വരെ പ്രായമാകുമ്പോള്‍ ആദ്യത്തെ പുളയുടെ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്.  പുളകാണിക്കുന്ന പ്രായത്തില്‍ കന്നിന് 170 മുതല്‍ 210 കി.ഗ്രാം വരെ ശരീരഭാരം ഉണ്ടായിരിക്കണം.

ബന്ധപ്പെട്ട വാർത്തകൾ: തൈലേറിയ രോഗം പശുക്കളിൽ

English Summary: How to take care of cows
Published on: 11 May 2022, 03:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now