Livestock & Aqua

കോഴികളില്‍ കേമന്‍ കരിങ്കോഴി തന്നെ

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ ശ്രദ്ധ നേടിയെടുത്ത ഒരു മേഖലയാണ് വളര്‍ത്തുപക്ഷി വ്യവസായം. ഇതിൽ തന്നെ പ്രധാനം കരിങ്കോഴി വളര്‍ത്തുന്നതിലാണ്. 
മധ്യപ്രദേശിലെ ജൗബ, ധാര്‍ തുടങ്ങിയ ഗിരിവര്‍ഗ പ്രദേശങ്ങളില്‍ ഉരുത്തിരിഞ്ഞ ഒരിനം മുട്ടക്കോഴിയിനമാണ് കടക്കനാഥ്. ആ നാട്ടുകാര്‍ ഇതിനെ കാലാമസിയെന്നു വിളിക്കുന്നു. ശരീരമാകെ കറുത്ത നിറമായതിനാല്‍ നമ്മള്‍ കരിങ്കോഴിയെന്നു വിളിച്ചു.

കരിങ്കോഴിയുടെ ഔഷധ ഗുണങ്ങൾ

karinkozhy

വലിയ ഔഷധ ഗുണമാണ് കരിങ്കോഴിയുടെ മുട്ടയ്ക്കുള്ളത്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വര്‍ധിപ്പിക്കാന്‍ കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നതു സഹായിക്കും. പേശികള്‍ക്ക് കൂടുതല്‍ ബലം ലഭിക്കാന്‍ ഇതിന്റെ ഇറച്ചി സഹായിക്കും. ചില ആയുര്‍വേദ മരുന്നുകളില്‍ ഇതിന്റെ മുട്ട ഉപയോഗിക്കുന്നുണ്ട്. ഇളം തവിട്ടുനിറമുള്ള മുട്ടയില്‍ കൊളസ്‌ട്രോളിന്റെ അളവ് നാടന്‍ കോഴികളെ അപേക്ഷിച്ച് കുറവാണ്. ഉയര്‍ന്ന തോതില്‍ മെലാനിന്‍ അടങ്ങിയിട്ടുള്ളതുകൊണ്ട് മാംസത്തിനും ആന്തരിക അവയവങ്ങള്‍ക്കും കറുപ്പു നിറമാണ്. മാംസവും മുട്ടയും പോഷകമൂല്യവും ഔഷധഗുണവുമാണ് കരിങ്കോഴിയ്ക്ക് ആവശ്യക്കാരെ കൂട്ടുന്നത്. 

കരിങ്കോഴിക്കുടെ തീറ്റ

സാധാരണ മുട്ടക്കോഴിക്ക് നല്‍കുന്നതുപോലെ കരിങ്കോഴിക്ക് തീറ്റയായി അരി, ഗോതമ്പ് എന്നിവ നല്‍കാം. ചോളം, സോയ, മീന്‍പൊടി, ചോളപൊടി, കക്ക എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത് നൽകിയാൽ മുട്ട ഉത്പാദനം കുടും. കറിയുപ്പ് കൂടി ചേര്‍ക്കാം.തീറ്റയില്‍ പൂപ്പല്‍ പിടിക്കാതിരിക്കാന്‍ പ്രത്യേകമായി ശ്രദ്ധിക്കണം അല്ലെങ്കില്‍ അഫ്ലാടോക്‌സിന്‍ എന്ന ഫംഗസ് ബാധയുണ്ടാകും. തീറ്റയില്‍ കലര്‍ത്തി നല്‍കുന്ന മീന്‍പൊടിയില്‍ മണ്ണോ (പൂഴി) കടല്‍ കക്കകളുടെ കഷണങ്ങളോ ഉണ്ടാകാന്‍ പാടില്ല.ചോളവും ചോളത്തവിടും ഉണക്കമുള്ളതായിരിക്കണംതീറ്റ കൂടാതെ പച്ചിലകളും പച്ചപ്പുല്ലും പഴങ്ങളും ഭക്ഷണമായിക്കൊടുക്കാം.

വിപണന സാധ്യത

karinkozhy egg

കരിങ്കോഴി മുട്ടയൊന്നിന് 30 മുതല്‍ 40 വരെ വില ലഭിക്കും. ഒരു ദിവസം പ്രായം ഉള്ള കോഴിക്കുഞ്ഞിന് 45 മുതല്‍ 65 വരെയാണ് വില.ഒരുമാസം പ്രായം ഉള്ള കോഴിക്ക് 100 രുപ, രണ്ട് മാസത്തിന് 200, മൂന്ന് മാസത്തിന് 300, ആറു മാസം പ്രായമുള്ളതിന് 600 എന്ന നിരക്കിലും വിലക്കാൻ കഴിയും.1000 മുതല്‍ 1500 രൂപവരെയാണ് ഒരു പൂര്‍ണ വളര്‍ച്ചയെത്തിയ കോഴിയുടെ വില. പൂര്‍ണ വളര്‍ച്ചയെത്തിയ കരിങ്കോഴി പൂവന് ഒന്നര മുതല്‍ രണ്ടര കിലോ വരെ തൂക്കമുണ്ടാകും. 

പരിപാലന മാർഗ്ഗങ്ങൾ

karinkozhy

10 കരിങ്കോഴികളെ വളർത്താൻ ഉദ്ദേശിക്കുന്നു എങ്കിൽ ഒരു പൂവനും ഒമ്പത് പിടയും വാങ്ങി വളര്‍ത്താം. എല്ലാം ഒരേ പ്രായത്തിൽ ഉള്ളത് വാങ്ങുന്നതാണ് ഉചിതം.
കോഴിയിനങ്ങളുടെ കലര്‍ച്ച ഒഴിവാക്കാനായി കരിങ്കോഴികളെ പ്രത്യേകമായി വളര്‍ത്തേണ്ടതാണ്.നഗരത്തിരക്കിലും അല്‍പം സമയവും സ്ഥലവുമുണ്ടെങ്കില്‍ കരിങ്കോഴി വളര്‍ത്താം. പകല്‍ സമയങ്ങളില്‍ കൂട്ടില്‍ നിന്നു പുറത്ത് വിട്ടു വളര്‍ത്തുന്നതാണ് കൂടുതല്‍ നല്ലത്. സ്ഥലപരിമിധി ഉള്ളവര്‍ക്ക് ചെറിയ കൂടുകളിലും തുറന്നു വിടാതെ കരിങ്കോഴിയെ വളര്‍ത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പി ഗ്രില്ലുകള്‍ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 സെന്റിമീറ്റര്‍ വലുപ്പമുള്ള ഒരു കൂട്ടില്‍ നാലു കോഴികളെ വരെ വളര്‍ത്താം. കൂട്ടില്‍ തന്നെ തീറ്റക്കും വെളളത്തിനുമുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണം. സ്വന്തമായി അടയിരിക്കാന്‍ മടിയുള്ളവയാണ് കരിങ്കോഴികള്‍. ഇതിനാല്‍ മറ്റു കോഴികള്‍ക്ക് അടവെച്ചുവേണം കുഞ്ഞുങ്ങളെ വിരിയിക്കാന്‍. ഒരു മാസം 20 മുട്ടയോളം ലഭിക്കും. ഏകദേശം ആറു മാസം പ്രായമാകുമ്പോള്‍ മുട്ടയിടീല്‍ തുടങ്ങും. ആറ് മാസം മുതൽ മുട്ട ലഭിച്ചു തുടങ്ങും.

Share your comments