Livestock & Aqua

മുട്ടക്കോഴി വളര്‍ത്താം....(2) ആദായം നേടാം

പ്രതിരോധ കുത്തിവയ്പുകള്‍ (വാക്‌സിനേഷന്‍)

നമ്മുടെ നാട്ടിലെ കോഴികളില്‍ സാധാരണയായി കണ്ടുവരുന്ന രോഗങ്ങളായ മാരക്‌സ്, കോഴിവസന്ത, കോഴി വസൂരി, ഐ.ബി.ഡി എന്നിവയ്‌ക്കെതിരെ നിര്‍ബന്ധമായും കുത്തിവയ്പ് എടുക്കണം. കോഴിക്കുഞ്ഞുങ്ങള്‍ വിരിഞ്ഞിറങ്ങുന്ന ദിവസം തന്നെ ഹാച്ചറികളില്‍ നിന്നും മാരക്‌സ് രോഗത്തിനെതിരെയുളള പ്രതിരോധ മരുന്ന് നല്‍കാറുണ്ട്.


kozhi vacine

കര്‍ഷകര്‍ നിര്‍ബന്ധമായും നല്‍കേണ്ട പ്രതിരോധകുത്തിവയ്പുകള്‍

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അനിമല്‍ ഹെല്‍ത്ത് ആന്റ് വെറ്ററിനറി ബയോളജിക്കല്‍സ് പാലോഡ് എന്ന മൃഗസംരക്ഷണ വകുപ്പ് സ്ഥാപനത്തില്‍ നിന്നും മൃഗാശുപത്രികള്‍ മുഖേനയും, മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്നും പ്രതിരോധ മരുന്നുകള്‍ വാങ്ങാവുന്നതാണ്. വീട്ടു വളപ്പില്‍ വളര്‍ത്തുന്ന കോഴികള്‍ക്കും പ്രതിരോധ കുത്തിവയ്പുകള്‍ ബാധകമാണ്. പ്രതിരോധ കുത്തിവയ്പുകള്‍ അതിരാവിലെ നല്‍കുന്നതാണുത്തമം. പ്രതിരോധ കുത്തിവയ്പു മൂലമുളള ക്ഷീണം ഒഴിവാക്കുന്നതിനായി വിറ്റാമിന്‍ സി പോലുളള മരുന്നുകള്‍ നല്‍കാവുന്നതാണ്. 

വിരയിളക്കല്‍

കോഴിവസന്തയുടെ രണ്ടാമത്തെ കുത്തിവയ്പ് (6-8 ആഴ്ച) എടുക്കുന്നതിന് ഒരാഴ്ച മുമ്പ് വിരയിളക്കണം. അതിനുശേഷം 3 ആഴ്ച ഇടവേളകളില്‍ 3 വിരയിളക്കല്‍ കൂടി നല്‍കണം. വീട്ടുവളപ്പില്‍ വളര്‍ത്തുന്ന കോഴികളെ എല്ലാ മാസവും നിര്‍ബന്ധമായും വിരയിളക്കണം. മരുന്നുകള്‍ കുടിക്കുന്ന വെളളത്തില്‍ ചേര്‍ത്തു നല്‍കുമ്പോള്‍ 4 മണിക്കൂറില്‍ കുടിച്ചു തീര്‍ക്കുന്നത്ര വെളളം മാത്രമെ വയ്ക്കാവൂ. (അതായത് 6 ആഴ്ച പ്രായമുളള 100 എണ്ണത്തിന് ദിവസേന ഏഖദേശം 6 ലിറ്റര്‍ വെളളം വേണം) അത് കുടിച്ച് കഴിഞ്ഞശേഷം മാത്രം കൂടുതല്‍ വെളളം നല്‍കുക.

ചുണ്ടു മുറിക്കല്‍

കാനിബാലിസം തടയുന്നതിനും തീറ്റ ചെക്കി കളയുന്നത് ഒഴിവാക്കുന്നതിനുമാണ് ചുണ്ട് മുറിക്കുന്നത്. കോഴികള്‍ തമ്മില്‍ കൊത്തി മുറിവേല്‍പ്പിക്കുന്ന സ്വഭാവമാണ് കാനിബാലിസം. കൂട്ടില്‍ ആവശ്യത്തിന് സ്ഥലവും, കാറ്റും വെളിച്ചവും വേണ്ടത്ര അളവില്‍ തീറ്റയും ലഭിക്കാതിരിക്കുകയും, തീറ്റയില്‍ പോഷകങ്ങളുടെ കുറവ് അനുഭവപ്പെടുകയും ചെയ്യുമ്പോഴാണ് കോഴികളില്‍ ഈ ദു:സ്വഭാവം ഉണ്ടാകുന്നത്. കാനിബാലിസം തടയുന്നതിനായി മേല്‍ കുറവുകള്‍ പരിഹരിക്കുന്നതോടൊപ്പം ചുണ്ടു മുറിക്കലും പ്രാവര്‍ത്തികമാക്കാം. കുഞ്ഞുങ്ങള്‍ 2 ആഴ്ച പ്രായമാകുമ്പോള്‍ മേല്‍ച്ചുണ്ടിന്റെ മുക്കാല്‍ ഭാഗമാണ് മുറിക്കുന്നത്. പരിശീലനം നേടിയവര്‍ ചുണ്ടു മുറിച്ചില്ലെങ്കില്‍ നാക്ക് മുറിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. വീട്ടു വളപ്പില്‍ വളര്‍ത്തുന്ന കോഴികളെ ചുണ്ടു മുറിക്കാന്‍ പാടില്ല (തീറ്റ പറമ്പില്‍ നിന്ന് ശേഖരിക്കാന്‍ സാധിക്കാതെ വരും).

രോഗങ്ങളും നിവാരണമാര്‍ഗ്ഗങ്ങളും

പ്രകൃതിയിലും കാലാവസ്ഥയിലും ഉണ്ടാകുന്ന, വ്യത്യാസം പോഷകാഹാരക്കുറവ്, വെളളത്തിന്റെ ദൗര്‍ലഭ്യം, മലിനീകരണം, ഈര്‍പ്പം, പരിപാലനത്തിലെ പോരായ്മകള്‍, ഇവയെല്ലാം രോഗങ്ങള്‍ക്ക് കാരണമാകുന്നു. രോഗം മൂലം ഉല്‍പാദനം കുറയുന്നു. മരണം സംഭവിക്കുന്നു. രോഗവിമുക്തരായ കോഴികള്‍ രോഗവാഹകരായി തുടരുന്നു. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോള്‍ തന്നെ അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് തക്ക സമയത്ത് തന്നെ ചികിത്സ തേടേണ്ടതാണ്. വൈറസ്, ബാക്ടീരിയ, പ്രോട്ടോസോവ, വിരകള്‍, ബാഹ്യ പരാദങ്ങള്‍ എന്നിവയാണ് സാധാരണയായി മുട്ടക്കോഴികളില്‍ രോഗങ്ങള്‍ ഉണ്ടാക്കുന്നത്.

വൈറല്‍ രോഗങ്ങള്‍ കോഴിവസന്തരോഗം

കോഴികളെ ബാധിക്കുന്ന ഏറ്റവും മാരകമായ രോഗമാണിത്. ശ്വാസതടസ്സം, മുട്ടയുല്‍പാദനം കുറയുക, പച്ചനിറത്തിലുളള വയറിളക്കം, ചിറകുകള്‍ക്കും കാലിനും തളര്‍ച്ച, കുഴഞ്ഞു വീഴുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ കണ്ടു കഴിഞ്ഞാല്‍ 2-10 ദിവസത്തിനകം മരണം സംഭവിക്കാം. ഈ മാരകമായ രോഗത്തെ പ്രതിരോധിക്കാനാണ് ആദ്യത്തെ ആഴ്ചയില്‍ ആര്‍.ഡി.എഫ് കുത്തിവയ്പും 6-8 ആഴ്ച പ്രായത്തില്‍ ആര്‍.ഡി.കെ യും തുടര്‍ന്ന് 16-ാമത്തെ ആഴ്ചയില്‍ ആര്‍.ഡി.കെ ഒന്നു കൂടിയും നല്‍കുന്നത്. അതിനു ശേഷം വര്‍ഷം തോറും കുത്തിവയ്പ് നടത്താം.

കോഴിവസൂരി/ കോഴിക്കുരുപ്പ്

രോഗം രണ്ടു വിധം:

തൊലിയെ ബാധിക്കുന്നത്:- പൂവ്, ചെവി, കണ്‍പോള എന്നിവിടങ്ങളില്‍ വ്രണങ്ങള്‍ ഉണ്ടാകുന്നു. പല വ്രണങ്ങള്‍ ചേര്‍ന്ന് അരിമ്പാറ പോലെ ആകുന്നു. പൊരിക്ക ആയി കൊഴിയുകയും ചെയ്യുന്നു.ശ്വാസനാളത്തെ ബാധിക്കുന്നത്:- വായ്, നാക്ക്, അണ്ണാക്ക് എന്നീ ഭാഗങ്ങളില്‍ വെളുത്ത പാടയുണ്ടാകുന്നു. തീറ്റ എടുക്കാനോ ശ്വസിക്കാനോ ആകാതെ മരണം സംഭവിക്കുന്നു. മാരകമല്ലാത്ത ഈ രോഗത്തെ പ്രതിരോധിക്കാനാണ് 6-8 ആഴ്ച പ്രായത്തില്‍ കോഴിവസൂരിക്കെതിരെയുളള ഫൗള്‍ പോക്‌സ് വാക്‌സിനേഷന്‍ ചെയ്യുന്നത്. രോഗപ്രതിരോധശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും.

മാരക്‌സ് രോഗം

6-24 ആഴ്ച പ്രായത്തിലുളള കോഴിക്കുഞ്ഞുങ്ങളില്‍ ഈ രോഗം വരാം. നാഡിയെ ബാധിക്കുന്നതിനാല്‍ കാലിനും ചിറകുകള്‍ക്കും തളര്‍ച്ച ഉണ്ടാകുകയും തീറ്റ എടുക്കാന്‍ സാധിക്കാതെ കുഞ്ഞുങ്ങള്‍ പെട്ടെന്ന് ചത്തുപോകുകയും ചെയ്യും. വിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങള്‍ക്ക് ഹാച്ചറികളില്‍ തന്നെ ഈ രോഗത്തിനെതിരായ കുത്തിവയ്പ് നല്‍കിയ ശേഷമാണ് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്. രോഗപ്രതിരോധ ശേഷി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കും.

3-6 ആഴ്ചവരെ പ്രായമായ കോഴിക്കുഞ്ഞുങ്ങളെ ബാധിക്കുന്നു. മന്ദത, തൂവലുകള്‍ എഴുന്നു നില്‍ക്കുക, വളര്‍ച്ചക്കുറവ്, വിറയല്‍, വെളള നിറത്തിലുളള വയറിളക്കം എന്നിവയാണ് രോഗലക്ഷണങ്ങള്‍. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കുന്നതിനാല്‍ മറ്റ് രോഗങ്ങളും പിടിപെടാന്‍ സാധ്യതയുണ്ട്. ഈ രോഗത്തിനെതിരെയാണ് 10-14 ദിവസം പ്രായത്തിലും തുടര്‍ന്ന് 24-28 ദിവസം പ്രായത്തിലുമുളള രണ്ടു പ്രതിരോധ കുത്തിവയ്പുകള്‍ കുടിവെളളത്തില്‍ കലക്കി കൊടുക്കുന്നത്.

കൊറൈസാ രോഗം

ഹീമോഫൈലസ് എന്ന ബാക്ടീരിയയാണ് ഈ രോമുണ്ടാക്കുന്നത്. മുഖത്ത് നീര്‍വീഴ്ച, മൂക്കില്‍ നിന്ന് സ്രവം, കണ്ണില്‍ പീള, ശ്വാസതടസ്സം എന്നിവ പ്രധാന രോഗലക്ഷണങ്ങള്‍. രോഗം വരാതിരിക്കാന്‍ കൂടുകള്‍ അണുനാശിനികള്‍ ഉപയോഗിച്ച് വൃത്തിയാക്കുകയും ശുചിത്വം പാലിക്കുകയും ചെയ്യണം.അസുഖം വന്നാല്‍ മൃഗാശുപത്രിയുമായി ബന്ധപ്പെട്ട് ചികിത്സ തേടുക.

രക്താതിസാരം

ഐമീറിയ എന്ന പ്രോട്ടോസോവാ വിഭാഗം അണുക്കളാണ് രോഗഹേതു. ഈ അണുക്കള്‍ തീറ്റയും വെളളവും മലിനമാക്കുകയും അതുവഴി രോഗം വ്യാപിപ്പിക്കുകയും ചെയ്യുന്നു. രക്തം കലര്‍ന്ന വയറിളക്കമാണ് രോഗലക്ഷണം. ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്. കാരണം മരണനിരക്ക് വളരെ അധികമാണ്. ശുചിത്വം പാലിക്കുകയും കോക്‌സീഡിയോസ്റ്റാറ്റ് ചേര്‍ന്ന തീറ്റ നല്‍കുകയുമാണ് നിവാരണ മാര്‍ഗ്ഗം.

വിരബാധ

അസ്‌കരിഡിയ വിഭാഗത്തില്‍ പെട്ട ഉരുണ്ട വിരകള്‍ കോഴിയുടെ ചെറുകുടലില്‍ കാണുന്നു. തളര്‍ച്ച, ഭാരക്കുറവ്, വയറിളക്കം, മുട്ട ഉല്‍പാദനം കുറയുക തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. വിരകളുടെ മുട്ടകളാല്‍ മലിനമായ തീറ്റയിലൂടെയും വെളളത്തിലൂടെയും വിരബാധ ഉണ്ടാകുന്നു.വിരയിളക്കലാണ് നിവാരണ മാര്‍ഗ്ഗം.

ശ്വാസനാളത്തില്‍ കാണപ്പെടുന്ന ചുവന്ന നിറത്തിലുളള വിരയാണ് സിംഗാമസ് അഥവാ ഗേപ് വേം. ആണ്‍-പെണ്‍ വിരകള്‍ ഇണചേര്‍ന്ന് വൈയുടെ ആകൃതിയില്‍ ശ്വാസനാളത്തില്‍ കാണപ്പെടുന്നു. വീട്ടുവളപ്പില്‍ വളര്‍ത്തുന്ന കോഴികളിലാണ് ഇത് സാധാരണയായി കാണുന്നത്. ഒച്ചുകളില്‍ കൂടിയാണ് ഈ വിരയുടെ ലാര്‍വകള്‍ കോഴികളില്‍ എത്തുന്നത്. ചുമ, തളര്‍ച്ച, മുകളിലേക്ക് കഴുത്ത് നീട്ടി വായ തുറന്ന് ചെറിയ ശബ്ദം പുറപ്പെടുവിക്കുക, തല കുടയുക തുടങ്ങിയവയാണ് സിംഗാമസ് വിരബാധയുടെ ലക്ഷണങ്ങള്‍, വിരയിളക്കല്‍ നിവാരണമാര്‍ഗ്ഗം (താല്ക്കാലിക ശമനത്തിനായി വെളുത്തുളളി വാട്ടി പിഴിഞ്ഞ് നീര് നല്‍കാം).

ബാഹ്യപരാദങ്ങള്‍

ചെളള്, പേന്‍ തുടങ്ങിയവയാണ് ബാഹ്യപരാദങ്ങള്‍. പേനുകള്‍, തൂവലിനടിയിലാണ് കാണുക. പൂവിലും ആടയിലും കണ്ണിന് ചുറ്റും ചെളള് പറ്റിപ്പിടിച്ചിരിക്കുന്നു. ഇവ രണ്ടും രക്തം കുടിക്കുന്നതിനാല്‍ കോഴികള്‍ക്ക് വേദനയും അസ്വസ്ഥതയും ഉണ്ടാകുന്നു. വിളര്‍ച്ച ബാധിക്കുകയും മുട്ടയുല്‍പാദനം കുറയുകയും ചെയ്യുന്നു. രോഗനിയന്ത്രണത്തിനായി കോഴിയുടെ തല ഒഴികെയുളള ഭാഗം നേര്‍പ്പിച്ച കീടനാശിനിയില്‍ മുക്കിവിടണം. കൂട്ടിലും പരിസരത്തും കീടനാശിനികള്‍ തളിക്കണം. അമിത വിഷാംശമുളളതിനാല്‍ കീടനാശിനികള്‍ ശ്രദ്ധയോടെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ഉപയോഗിക്കേണ്ടത്.

ലിറ്റര്‍ പരിപാലനം

10 ല്‍ കൂടുതല്‍ കോഴികളെ കോണ്‍ക്രീറ്റ് തറകളില്‍ അറുക്കപ്പൊടി വിരിച്ച് വളര്‍ത്തുന്നു. കോഴിക്കാഷ്ടത്തിലെ വെളളം വലിച്ചെടുക്കുന്നതിനായാണ് ലിറ്റര്‍ ഉപയോഗിക്കുന്നത്. ആദ്യം തറയില്‍ 5 സെ.മീ. കനത്തില്‍ ലിറ്റര്‍ ഇടുന്നു. ശേഷം ഓരോ ആഴ്ചയിലും 2 സെ.മീ. കനത്തില്‍ ലിറ്റര്‍ ഇടണം. അങ്ങനെ 15 സെ.മീ. കനം എത്തുന്നതുവരെ ലിറ്റര്‍ ഇടാവുന്നതാണ്. ലിറ്റര്‍ രണ്ടാഴ്ച കനത്തില്‍ ഇളക്കിക്കൊടുക്കണം. മഴ സമയമാണെങ്കില്‍ ആഴ്ചയിലൊരിക്കല്‍ ഇളക്കണം. ലിറ്റര്‍ എപ്പോഴും ഉണക്കുളളതായിരിക്കണം. വെളളം വീണ് ലിറ്റര്‍ നനയുകയാണെങ്കില്‍ നനഞ്ഞ ഭാഗത്തെ ലിറ്റര്‍ മാറ്റി പുതിയ ലിറ്റര്‍ ഇട്ടു കൊടുക്കണം. ലിറ്ററിലുളള അണുക്കളെ നശിപ്പിക്കുന്നതിനും ഈര്‍പ്പം പോകാനും 10 ചതുരശ്ര മീറ്ററിന് 10 കിലോ എന്ന നിരക്കില്‍ കുമ്മായമിട്ട് ഇളക്കണം. കോഴിവളം (കോഴിക്കാഷ്ടവുമായി ചേര്‍ന്നു വരുന്ന ലിറ്റര്‍) അമൂല്യ ജൈവവളമാണ്. സസ്യങ്ങള്‍ക്കാവശ്യമായ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാഷ് എന്നിവ കൊണ്ട് സമ്പുഷ്ടമാണ്.

കര്‍ഷകര്‍ അറിയാന്‍

1. മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രങ്ങളില്‍ നിന്നും നിര്‍ബന്ധമായും മുട്ടക്കോഴി വളര്‍ത്തല്‍ പരിശീലനം നേടുക.
2. വിശ്വാസയോഗ്യമായ സര്‍ക്കാര്‍/ അര്‍ദ്ധസര്‍ക്കാര്‍ അംഗീകൃത പ്രൈവറ്റ് ഹാച്ചറികള്‍/ നഴ്‌സറികളില്‍ നിന്നു മാത്രം കോഴിക്കുഞ്ഞുങ്ങളെ വാങ്ങുക.
3. ജനിതക ഗുണമുളള സങ്കരവര്‍ഗ്ഗ കോഴിക്കുഞ്ഞുങ്ങളെ വാങ്ങുക.
4. ശാസ്ത്രീയ പരിപാലന മുറകള്‍ നിര്‍ബന്ധമായും പാലിക്കുക.
5. പ്രതിരോധ കുത്തിവയ്പുകള്‍ വേണ്ട സമയത്ത് നല്‍കുക.
6. കോഴിവളര്‍ത്തലില്‍ 60-70 % തീറ്റയ്ക്കു വേണ്ടിയാണ് ചെലവാകുന്നത്.
7. ഗുണനിലവാരമുളള സമീകൃത തീറ്റ ഉറപ്പാക്കുക.
8. പ്രായത്തിനനുസൃതമായി സ്റ്റാര്‍ട്ടര്‍/ഗ്രോവര്‍/ലേയര്‍ തീറ്റകള്‍ വേണ്ടുന്ന അളവില്‍ നല്‍കുക.
9. തീറ്റ പാഴായി പോകാതിരിക്കാന്‍ ശ്രദ്ധിക്കുക.
10. ഫാമുമായി ബന്ധപ്പെട്ട വരവു ചിലവു കണക്കുകള്‍ എഴുതി സൂക്ഷിക്കുക.
11. ലിറ്റര്‍ പരിപാലനത്തില്‍ ശ്രദ്ധിക്കുക.
12. പൂപ്പല്‍ വിഷബാധ ഒഴിവാക്കാന്‍ തീറ്റ നനയാതെ സൂക്ഷിക്കുക.
13. രോഗബാധ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുക.
14. മരണനിരക്ക് കൂടിയാല്‍ ഫാം നഷ്ടത്തിലേക്ക് പോകും
0-8 ആഴ്ച - 5% ത്തില്‍ മരണനിരക്ക് താഴെ ആയിരിക്കണം
9-19 ആഴ്ച - 4% ത്തില്‍ താഴെ
20 ആഴ്ച - ഒരു മാസം 1% വരെ ആകാം.
15. ചത്ത കോഴികളെ അശ്രദ്ധമായി വലിച്ചെറിയരുത്.
16. കൂടിന്റെ പരിസരത്തു നിന്നും വളരെ അകലത്തില്‍ ആഴത്തില്‍ കുഴി എടുത്ത് മറവു ചെയ്യുക.
17. കോഴിക്കാഷ്ടം അമൂല്യ ജൈവവളം
18. കഴിയുന്നതും ഫാമുകളില്‍ സന്ദര്‍ശകരെ ഒഴിവാക്കുക.
19. നബാര്‍ഡിന്റെ സബ്‌സിഡിയോടുകൂടി ഇടത്തര/ വന്‍കിട കോഴിഫാമുകള്‍ക്ക് ബാങ്ക് വായ്പ ലഭിക്കും.
20. കോഴികളെയും കൂടും ഇന്‍ഷ്വര്‍ ചെയ്യുക.
21. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഫാമുകള്‍ക്ക് നിര്‍ബന്ധമാണ്.
22. പഞ്ചായത്തിന്റെ ലൈസന്‍സ് വേണ്ട സ്ഥലത്ത് എടുക്കുക.
23. സംരംഭ വിജയം കൈവരിക്കാന്‍ വിപണന സാധ്യത ഉറപ്പാക്കുക.

കോഴിക്കുഞ്ഞുങ്ങള്‍ എവിടെ നിന്ന് ലഭിക്കും

ഒരു ദിവസം പ്രായമുളള മുട്ടക്കോഴിക്കുഞ്ഞുങ്ങളെയാണ് എഗ്ഗര്‍ നഴ്‌സറിയ്ക്കായി നമുക്ക് വാങ്ങേണ്ടത്. ഗ്രാമശ്രീ, ഗ്രാമപ്രിയ, ഗ്രാമലക്ഷ്മി തുടങ്ങിയ അടുക്കള മുറ്റത്ത് വളര്‍ത്താന്‍ അനുയോജ്യമായ ഇനങ്ങളാണ് ഇതിനുത്തമം. താഴെപ്പറയുന്ന സര്‍ക്കാര്‍ ഫാമുകളില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ ലഭിക്കും.

ഫാം ജില്ല ഫോണ്‍ നമ്പര്‍

ആര്‍.പി.എഫ് കുടപ്പനക്കുന്ന് തിരുവനന്തപുരം 0471 2730804
ബഫലോ ബ്രീഡിംഗ് ഫാം,
കുര്യോട്ടുമല കൊല്ലം 0475 2227485
സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍ ആലപ്പുഴ 0479 2452277
ആര്‍.പി.എഫ്, മണര്‍ക്കാട് കോട്ടയം
ആര്‍.പി.എഫ്, കുറുപ്പുംപടി എറണാകുളം 0484 2523559
യൂണിവേഴ്‌സിറ്റി പൗള്‍ട്രി ഫാം, മണ്ണുത്തി തൃശൂര്‍ 0487 2370337
ആര്‍.പി.എഫ്, മലമ്പുഴ പാലക്കാട് 0492 4224162
ആര്‍.പി.എഫ്, മുണ്ടയാട് കണ്ണൂര്‍ 0497 2721168

കോഴിവളര്‍ത്തലില്‍ പരിശീലനം നല്‍കുന്ന മൃഗസംരക്ഷണ പരിശീലന കേന്ദ്രങ്ങള്‍ : പരിശീലന കേന്ദ്രം ജില്ല ഫോണ്‍ നമ്പര്‍

എം.എല്‍.റ്റി.സി., കുടപ്പനക്കുന്ന് തിരുവനന്തപുരം   0471 2732918
സെന്‍ട്രല്‍ ഹാച്ചറി, ചെങ്ങന്നൂര്‍ ആലപ്പുഴ                0479 2452277
എം.എല്‍.റ്റി.സി., ആലുവ എറണാകുളം                  0484 2624441
എം.എല്‍.റ്റി.സി., മുണ്ടയാട് കണ്ണൂര്‍                          0497 2721168


Share your comments